2013, സെപ്റ്റംബർ 1, ഞായറാഴ്‌ച

അലാവുദ്ദീന്റെ അത്ഭുതലോകം - മൂന്ന്

ഒന്നാം ഭാഗം, രണ്ടാം ഭാഗം

ഗൾഫ് പ്രദേശത്തെ പട്ടണങ്ങൾ താരതമ്യേന വളരെ പുതിയവകളാണ്. പലതിനും വ്യതിരക്തമായ അസ്തിത്വം ഉണ്ടായിവന്നിരിക്കുന്നത് കഴിഞ്ഞ അരനൂറ്റാണ്ടിന് ശേഷം മാത്രമാണ്. ഇന്നും അവ വളർച്ചയുടെ ഗതിയിലാണ്. ഒരു പ്രത്യേക കാലഘട്ടത്തിനു ശേഷം പല പട്ടണങ്ങളും എത്തിച്ചേരുന്ന സാന്ദ്രനിശ്ചലതയിലേയ്ക്ക് നീങ്ങാൻ ഗൾഫ് മേഖലയിലെ നഗരങ്ങൾ ഇനിയും ഏറെക്കാലം എടുക്കുമെന്നുറപ്പ്.

'ദുബായ് മാളി'ന്റെ മുറ്റം 
ഗൾഫ് മേഖലയിൽ ഒരുപാട് പട്ടണങ്ങൾ ഉണ്ടെങ്കിലും ആദ്യം ഓർമ്മയിലും നാവിലും വരുന്ന പേര് ദുബായിയുടെ തന്നെയാണ്. കാണാനായ മറ്റേത് ഗൾഫ്നഗരവും പ്രാദേശികതയുടെ ഗുണഗണങ്ങൾ ഉൾപ്പേറുന്നതായി അനുഭവപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ദുബായ് നിസ്സംശയം പൂർണ്ണാർത്ഥത്തിലുള്ള ഒരു മെട്രോപോളിസാണ്. ആധുനികത നിർമ്മിച്ചെടുത്ത മുഖരഹിത നാഗരികതയുടെ കൃത്യമായ ഉദാഹരണം.

ദുബായ് മാളിന്റെ ഉൾഭാഗം
ദുബായ് എന്ന യഥാർത്ഥ മെട്രോനഗരത്തിന്റെ നെടുകേയുള്ള പരിചേദമാണ്‌ 'ദുബായ് മാൾ' എന്ന ലോകത്തിലെ ഏറ്റവും കൂടുതൽ സ്ഥലവിസ്താരമുള്ള കച്ചവടസമുച്ചയം. 'ദി അഡ്രസ്‌' എന്ന പഞ്ചനക്ഷത്ര ഹോട്ടലിനും അതിപ്രശസ്തമായ, ലോകത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമ്മിതിയായ 'ബുർജ് ഖലീഫ'യ്ക്കും നടുവിലായി ഏതാണ്ട് ഒരു കോടി ഇരുപതു ലക്ഷം ചതുരശ്ര അടിയിൽ ഈ നക്ഷത്രലോകം പരന്നുകിടക്കുന്നു.

'ദി അഡ്രസ്' ഹോട്ടൽ
മെട്രോകളുടെ പ്രാഥമികമായ സവിശേഷത ജനക്കൂട്ടത്തിന്റെ സ്വത്വാതീതമായ പ്രത്യക്ഷപെടലും ഇടപെടലുകളുമാവും. പ്രാദേശികമായ സ്വത്വത്തെക്കുറിച്ചുള്ള ആരായലും വ്യാകുലതകളും ഇവിടെ ഏറെക്കൂറെ മുഴുവനായും റദ്ദായിരിക്കുന്നു. ജനക്കൂട്ടത്തിനു നടുവിൽ തുരുത്തുകളായി ഓരോ വ്യക്തിയും അല്ലെങ്കിൽ വേണ്ടപ്പെട്ടവരുടെ ചെറുസംഘങ്ങൾ അവരവരുടെ ഉല്ലാസങ്ങളിലോ സന്താപങ്ങളിലോ അഭിരമിക്കുന്നു - ചുറ്റും നടക്കുന്നതിനെ കുറിച്ചുള്ള ആയാസരഹിതമായ ഉദാസീനതയോടെ.

ദുബായ് മാളിനകത്തെ അലങ്കാരമത്സ്യങ്ങളുടെ ചുമർ       
സാധനങ്ങൾ വാങ്ങാൻ എത്തുന്നരെക്കാൾ എത്രയോ അധികം സഞ്ചാരികൾ മാളിനകത്തെ കാഴ്ചകൾ കാണാനായി മാത്രം വരുന്നു. ആ തിരക്കിൽ നിന്നും ഒരല്പം ഓരംമാറി നിന്ന് വീക്ഷിച്ചാൽ മനസ്സിലാവും - ലോകം ഇവിടെ സമ്മേളിക്കുന്നു! കറുത്തവരും മഞ്ഞനിറത്തിലെ തൊലിയുള്ളവരും വെളുത്തവരും തവിട്ട് നിറമുള്ളവരും വേർതിരിച്ചെടുക്കാനാവാത്തവിധം ഇടകലർന്ന് മുഴുകുന്നു. വിവിധ ഭാഷകൾ, വൈവിധ്യമാർന്ന വേഷങ്ങൾ, വിചിത്രമായ കേശാലങ്കാരങ്ങൾ... നെടുകേ മുറിച്ചുവച്ചൊരു ലോകം ഇവിടെ ഒഴുകുന്നു.

ദുബായ് മാളിനകത്തെ മറ്റൊരു കാഴ്ച
കടകളെ കൂടാതെ അക്വേറിയവും ജലപാതവും അനേകം തിയറ്ററുകളും ഐസ്റിങ്കും ഒക്കെയായി വലിയ ഉത്സവമേളമാണ് മാളിനകത്ത് സന്ദർശകരെ കാത്തിരിക്കുന്നത്. അവിടവിടെ പ്രദർശിപ്പിച്ചിരിക്കുന്ന മാപ്പ് നോക്കിയിട്ടാണെങ്കിൽ കൂടി ഒരു പ്രത്യേക കട അന്വേഷിച്ച് നടന്നാൽ കണ്ടെത്താൻ കുറച്ച് ബുദ്ധിമുട്ടും. ദുബായ് മാളിനകത്ത് കിട്ടാത്ത ഒരു സാധനം മറ്റെവിടെയെങ്കിലും കിട്ടാനുള്ള സാധ്യത കുറവാണ്.

ദുബായ് മാളിന്റെ മുറ്റത്ത് നിന്നും ദുബായ് പട്ടണം കാണുമ്പോൾ
ദുബായ് മാളിനോട് ചേർന്നുള്ള അനുബന്ധ നിർമ്മിതിയാണ്‌, ഇക്കാലത്തെ വാസ്തു വിസ്മയങ്ങളിൽ ഒന്നായി മാറികഴിഞ്ഞ ലോകത്തിലെ ഏറ്റവും ഉയരമുള്ള ബുർജ് ഖലീഫ എന്ന കെട്ടിടം. ദുബായുടെ ഏതുഭാഗത്ത് നിന്നാലും ബുർജ് ഖലീഫ ഏറെക്കൂറെ കാണാനാവും. മനുഷ്യമോഹങ്ങളുടെ, അവന്റെ കെട്ടിടനിർമ്മാണ വൈദഗ്ധ്യത്തിന്റെ പരമോദാഹരണമായി ദുബായിലായിരിക്കുന്ന സമയത്തൊക്കെയും ഈ കെട്ടിടം കാഴ്ചയിൽ ഉടക്കികിടക്കും.

ബുർജ് ഖലീഫ
ബുർജ് ദുബായ് എന്ന് തുടക്കത്തിൽ പേരിട്ടിരുന്ന ഈ കെട്ടിടം പിന്നീട് ബുർജ് ഖലീഫ എന്ന് പുനർനാമകരണം ചെയ്യാനുള്ള കാരണം ഇതിന്റെ നിർമ്മാണമദ്ധ്യേ ദുബായിയെ ആസകലം പ്രശ്നഭരിതമാക്കിയ സാമ്പത്തികമാന്ദ്യം നിർമ്മാണത്തെ ബാധിച്ചതിനെ തുടർന്നുണ്ടായ ചില സംഭവങ്ങളത്രേ. അന്ന് പകുതിവഴിക്ക്‌ നിന്നുപോയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം നല്കിയത് അബുദാബിയായിരുന്നു. ആ സഹായത്തിനുള്ള ബഹുമാനസൂചകമായത്രേ അബുദാബിയുടെ ഭരണാധികാരിയായ ഷെയ്ഖ് ഖലിഫയുടെ പേരുകൂടി ഉൾപ്പെടുത്തിയത്.

പ്രവേശന ഭാഗത്ത് പ്രദർശിപ്പിച്ചിരിക്കുന്ന ബുർജ് ഖലിഫയുടെ മിനിയേച്ചർ രൂപം.
സമീപത്തെ മറ്റു കെട്ടിടങ്ങളുമായുള്ള താരതമ്യം സാധ്യമാവും   
ബുർജ് ഖലിഫ, അപ്പാർട്ട്മെന്റുകളുടെ ഒരു സമുച്ചയമാണ്‌ . സിനിമാനടൻ മോഹൻലാൽ ഉൾപ്പെടെ പല ധനിക മലയാളികളും ഇവിടെ താമസസ്ഥലം സ്വന്തമാക്കിയിട്ടുണ്ടത്രേ. ഇത്തരത്തിൽ സ്വകാര്യ താമസസ്ഥലങ്ങളിലേയ്ക്ക് പ്രവേശിക്കുന്നിടത്തു കൂടിയല്ല സന്ദർശകർക്കുള്ള കവാടം. ആ മുഖ്യപ്രവേശനഭാഗം അവിടുത്തെ താമസക്കാർക്ക് വേണ്ടി മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ദുബായ് മാളിന്റെ ഒരു ഭാഗത്തുകൂടിയാണ് സന്ദർശകർ മുകളിലേയ്ക്ക് പോകാനുള്ള ലിഫ്റ്റിലേയ്ക്ക് കടക്കേണ്ടത്.

ദുബായ് മാളിൽ നിന്നും ബുർജ് ഖലിഫയുടെ ലിഫ്റ്റിലേയ്ക്കുള്ള ഇടനാഴി 
ദുബായിൽ എത്തുന്നതിന് ദിവങ്ങൾക്ക് മുൻപ് തന്നെ ബുർജ് ഖലിഫയുടെ മുകളിലേയ്ക്ക് കയറാനുള്ള ടിക്കറ്റ് ഓണ്‍ - ലൈൻ വഴി വാങ്ങിയിരുന്നു. നേരിട്ട് അവിടെ ചെന്ന് വാങ്ങുന്നതിനേക്കാൾ വിലയിൽ നല്ല ഇളവ് ലഭിക്കും അങ്ങിനെ ചെയ്യുമ്പോൾ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിർമ്മിതിയുടെ മുകളിലേയ്ക്ക് സന്ദർശകരെ കൊണ്ടുപോകുന്ന ഈ പരിപാടിക്ക് 'അറ്റ്‌ ദ ടോപ്‌' എന്നാണ് സംഘാടകർ ശീർഷകം നൽകിയിരിക്കുന്നത്.

ബുർജ് ഖലിഫയുടെ മുകളിലേയ്ക്ക് സന്ദർശകരെ കൊണ്ടുപോകുന്ന പരിപാടിക്ക് 'അറ്റ്‌ ദ ടോപ്പ്' എന്നാണ് പേര് നൽകിയിരിക്കുന്നത്
2004 - ൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ ആറ് വർഷങ്ങൾക്കു ശേഷം 2010 - ൽ പൂർത്തീകരിച്ചു. ബൈബിളിലെ ബാബേൽഗോപുരത്തിന്റെ നിർമ്മാണസമയത്ത് സംഭവിച്ചതായി പറയുന്ന ദുരന്തം പോലെ ബുർജ് ഖലിഫയുടെ നിർമ്മാണം അതിന്റെ പാരമ്യത്തിൽ നടക്കുന്ന സമയത്താണ് ദുബായിൽ സാമ്പത്തികമാന്ദ്യം കലുഷിതപ്രശനമാവുന്നത്. എങ്കിലും എണ്ണസമൃദ്ധമായ അബുദാബിയുടെ സഹായത്താൽ വെറും ആറ് വർഷങ്ങൾ കൊണ്ട് ഈ വാസ്തുവിസ്മയം അവർക്ക് സക്ഷാത്കരിക്കനായി. ദുബായ് ഭരണാധികാരിയുടെ ഇച്ഛാശക്തിയുടെ പ്രത്യക്ഷമായ ഉദാഹരണമായി ഇത് എന്നും ഓർമ്മിക്കപ്പെടും.

'ഭൂമിയിൽ നിന്നും ആകാശത്തിലേയ്ക്ക്'
രാത്രിയാണ് ഞങ്ങൾ ബുർജ് ഖലിഫയുടെ മുകളിലേയ്ക്ക് കയറിയത്. സന്ദർശകർക്ക് കുറവൊന്നുമില്ല. നിറഞ്ഞാണ് ലിഫ്റ്റ്‌ മുകളിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നത്. ഭൂമിയിൽ നിർമ്മിക്കപ്പെട്ട ഏറ്റവും ഉയരമുള്ള സ്ഥലത്തേയ്ക്കാണ് കയറിക്കൊണ്ടിരിക്കുന്നത്. പുരാതനകാലത്ത് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു ഈജിപ്തിലെ പിരമിഡുകൾ. നിർമ്മാണത്തിന് ശേഷം ഏതാണ്ട് നാലായിരം വർഷത്തോളം പിരമിഡ് ഈ റിക്കോർഡ് നിലനിർത്തി. പിന്നീട് മദ്ധ്യകാലത്തിന്റെ രണ്ടാം പകുതിയിൽ സാമ്പത്തികവും സാംസ്കാരികവുമായ ഉണർവ്വിന്റെ ചായ്‌വ് യൂറോപ്പിന്റെ ഭാഗത്തേയ്ക്കായി. അവിടെ ഒന്നിനു പിറകേ ഒന്നായി വലിയ വാസ്തുനിർമ്മിതികൾ ഉയർന്നുവന്നു. വൃത്തം പൂർത്തിയാക്കി മധ്യ-പൂർവ്വ പ്രദേശങ്ങളിലേയ്ക്ക് വീണ്ടും വരുന്ന സമ്പത്തിന്റെ ഗതിമാറ്റസൂചനയായി ബുർജ് ഖലിഫയെ കാണാനാവുമോ?

ബുർജ് ഖലിഫയുടെ മുകളിൽ നിന്നുള്ള ദുബായുടെ പാർശ്വവീക്ഷണം
താഴെ സാന്ദ്രതാരകങ്ങളുടെ വിന്യാസം പോലെ ദുബായ് പട്ടണം വിസ്ത്രിതമാവുന്നു. രാത്രിയുടേയും നക്ഷത്രങ്ങളുടേയും ലഹരി കാല്പനികകിനാവുകളുടെ ഉന്മാദമാണ്‌ . അഭൗമമായ മനോതലത്തിലേയ്ക്ക് ഉയർത്തിനിർത്താൻ പര്യാപ്തമായ വശ്യതയുണ്ട് താരകചാലിത രാവുകൾക്ക്. ഭൂമിയിലെ നക്ഷത്രങ്ങളെ മുകളിൽ നിന്ന് താഴേയ്ക്ക്‌ നോക്കികാണുമ്പോൾ അത് വ്യതിരക്തമായ മറ്റൊരനുഭവം. പക്ഷെ ഇതൊരു ക്ഷണികവിഭ്രമം മാത്രമാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ മുകളിലാണ് നിൽക്കുന്നത് എന്ന മുന്നറിവ് തരുന്ന വയക്തികമായ മനോസുഖം മാത്രമാണ് ഒടുവിൽ ബാക്കിയാവുക.

'ദി അഡ്രസ്സ്' ഹോട്ടൽ മുകളിൽ നിന്നും കാണുമ്പോൾ
വിമാനയാത്ര ചെയ്യുന്നവർക്ക് മുകളിൽ നിന്ന് താഴേയ്ക്കുള്ള കാഴ്ച പുതിയ അനുഭവമാവില്ല. ഞാൻ സ്ഥിരതാമസമാക്കിയിരിക്കുന്ന ഗൾഫ്‌ പട്ടണത്തിലും പ്രശസ്തമായ രണ്ട് ടവറുകളുണ്ട്. അവയിൽ കയറേണ്ടി വന്നപ്പോൾ ഒക്കെയും കാഴ്ച ഇങ്ങിനെയൊക്കെ തന്നെയായിരുന്നു. മാത്രവുമല്ല ഒരു കെട്ടിടത്തിന്റെ ഇരുപത്തിയഞ്ചാമത്തെ നിലയിലിരുന്നാണ് വർഷങ്ങളായി ഞാൻ ജോലിചെയ്യുന്നത്. മുഖംതിരിച്ചൊന്നു നോക്കിയാൽ കാണുന്നത് വെള്ളാരംകല്ലുകൾ വാരിയെറിഞ്ഞതുപോലെ മറ്റൊരു അറബ് ദേശത്തിന്റെ വിസ്തൃതിയും, വേറൊരു ഭാഗത്ത്, ഏതോ വിദൂരദേശങ്ങളിലേയ്ക്ക് നിർമ്മമമായി യാത്രപോകുന്ന ചരക്കുകപ്പലുകളുമായി നീണ്ടുനിവർന്ന് കിടക്കുന്ന ഉൾക്കടലുമാണ്. ഉയരത്തിന്റെ ഏറ്റകുറച്ചിലുകൾ കാഴ്ചയിൽ വലിയ അന്തരം ഉണ്ടാക്കുന്നില്ല എന്നതാണ് വാസ്തവം.

താഴത്തെ നിരത്തുകൾ
തിരിച്ചിറങ്ങുന്ന ഇടനാഴിയിൽ ഒരുഭാഗത്ത്, ഈ അത്ഭുതനിർമ്മിതിയിൽ ഭാഗഭാക്കായ നിർമ്മാണ സംഘങ്ങളുടെ ചിത്രങ്ങളും പേരുകളും ആലേഖനം ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ മലയാളികളുടേയും മറ്റ് ഇന്ത്യാക്കാരുടേയും വിവരങ്ങൾ അനവധി കാണാനായി. മടക്കയാത്രയിൽ നിയോണ്‍നിലാവ് ഒഴുകിപരക്കുന്ന നിരത്തിലൂടെ ഒരു സ്വപ്നാടനത്തിലെന്നോണം വാഹനം ഓടുമ്പോൾ, പഴയ മലയാള സിനിമാഗാനങ്ങളുടെ ആരാധകനായ ബന്ധുവിന്റെ വാഹനത്തിനുള്ളിൽ നേർത്ത ശബ്ദത്തിൽ ഉയരുന്ന പാട്ടും കൂടിയായപ്പോൾ ആ സറിയലിസ്റ്റിക് പരിസരം പൂർത്തിയായി.
"നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്, ഒരു ..............."

- തുടരും -

10 അഭിപ്രായങ്ങൾ:

  1. ഇതു വരെ പോകാന്‍ കഴിഞ്ഞിട്ടില്ല ഇവിടെ, ഈ ബക്രീദിന് പോകണം.. നല്ല വിവരണം. ആദ്യമായാണ് ഇവിടെ , വന്നത് വെറുതെയായില്ല

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുനി,
      സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി. നല്ല ബക്രീദ് യാത്ര ആശംസിക്കുന്നു!

      ഇല്ലാതാക്കൂ
  2. വളരെ രസകരമായിട്ടുണ്ട്
    ഇന്‍ഫോര്‍മേറ്റിവും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി, അജിത്‌.

      ഇല്ലാതാക്കൂ
  3. ലാസര്‍ ഭായ് ബുര്‍ജ് ഖലീഫയെ കുറിച്ചു വായിച്ചിട്ടുണ്ട് എന്നല്ലാതെ ഒരു യാത്രാ വിവരണത്തോടു കൂടി വായിക്കുന്നത് ഇതാദ്യമായാണ് ... അഭിനന്ദനങ്ങള്‍

    ഇതിന്‍റെ തുടര്‍ച്ചക്കായി കാത്തിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ റിയാസ്,
      സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി,

      ഇല്ലാതാക്കൂ
  4. ദുബൈയിൽപലതവണ വന്നു താമസിചിട്ടുണ്ടെങ്കിലും ബുർജ് ഖലീഫ യിൽ കയറണം എന്ന് തോന്നിയില്ല; വിമാനത്തിൽനിന്ന് കാണുന്നതിൽ കൂടുതൽ എന്ത് കാണാൻ എന്നാണു ചിന്തിച്ചത്.പകരം ഐസിൽ യാത്ര ചെയ്യാനും അക്വേറിയം കണ്ടിരിക്കാനും ആണ് കൂടുതൽ ഇഷ്ടം തോന്നിയത്. മുകളിലേക്ക് നോക്കിയാൽ ആകാശത്ത് കാണുന്നതിനേക്കാൾ മനോഹരമായി നക്ഷത്രങ്ങളെ മാളിൽ കാണാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ നളിനകുമാരി,
      സന്ദർശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി!

      ഇല്ലാതാക്കൂ