2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

അലാവുദ്ദീന്റെ അത്ഭുതലോകം - അഞ്ച്

ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം, നാലാം ഭാഗം 

പ്രഭാപൂരിതമായ അവസ്ഥകൾക്ക് പലപ്പോഴും ഒരു മറുപുറം ഉണ്ടാവും. ഗൾഫ് പട്ടണങ്ങളുടെ ഓരങ്ങളിലായി അത്രയൊന്നും തിളക്കമില്ലാത്ത സ്ഥലങ്ങളും ജീവിതങ്ങളും കാണാനാവും. ദുബായ് പട്ടണം വിട്ട് സഞ്ചരിച്ച് തുടങ്ങുമ്പോൾ റോഡരികിൽ പകിട്ടൊന്നുമില്ലാത്ത കടകളും മറ്റും പ്രത്യക്ഷപ്പെടാൻ തുടങ്ങും. അവയൊക്കെ ബുർജ് ഖലിഫയുടെയോ പാം ജുമൈറയുടെയോ നിഴലുപോലും വീഴാത്ത പ്രദേശങ്ങളാണ്. ഇത്തരം സാമൂഹ്യതലങ്ങളെ വളരെ കാല്പനികമായി സമീപിക്കുന്ന ഒരു പൊതുബോധം മലയാളഭാവുകത്വത്തിൽ നിലനിൽക്കുന്നുണ്ടെന്ന് തോന്നും. 'ആടുജീവിത'ത്തിന് ലഭിച്ച അഭൂതപൂർവ്വമായ സ്വീകാര്യത ഇതിന് തെളിവുതരും, പണ്ട് 'ഓടയിൽനിന്നി'ന് ലഭിച്ചപോലെ...

ദുബായ് പട്ടണം വിട്ട് സഞ്ചരിച്ച് തുടങ്ങുമ്പോൾ റോഡരികിൽ പകിട്ടൊന്നുമില്ലാത്ത കടകളും മറ്റും കാണാൻ തുടങ്ങും
ഞങ്ങൾ കിഴക്കൻ പ്രദേശങ്ങളിലേയ്ക്കുള്ള യാത്രയിലായിരുന്നു. യു. എ. യിയുടെ വടക്കുകിഴക്ക് അറ്റം ഫുജൈറ എമിറേറ്റിൽപ്പെട്ട ഡിബ്ബ എന്ന സ്ഥലമാണ്. അതിനപ്പുറം ഒമാന്റെ ഭാഗമായ മുസന്റമാണ്. മുഖ്യ ഒമാനിൽ നിന്നും വിട്ടുമാറികിടക്കുന്ന ഒരു പ്രദേശമാണ് മുസന്റം. ഒമാനും മുസന്റത്തിനും ഇടയിലായാണ് യു. എ. യിയുടെ കിഴക്കൻ എമിറേറ്റുകൾ സ്ഥിതിചെയ്യുന്നത്. രാഷ്ട്രീയമായി നോക്കുമ്പോൾ മുസന്റം ഗൾഫ് മേഖലയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് - ഇവിടെയാണ്‌ ഹോർമുസ് കടലിടുക്ക്. മറുഭാഗത്ത് ഇറാനും ഇപ്പുറത്ത് മുസന്റവും. ദുബായ്, അബുദാബി, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഇറാഖ് തുടങ്ങിയ, മേഖലയിലെ പല പ്രമുഖ സ്ഥലങ്ങളിലേയ്ക്കും കപ്പലുകൾള്ള ഏക പ്രവേശനകവാടമാണ് ഹോർമുസ് കടലിടുക്ക്.

കിഴക്കൻ എമിറേറ്റുകളിലേയ്ക്കുള്ള പാത
ഗൾഫിലുള്ളവർക്ക് 'മസാഫി' എന്ന പേരിലുള്ള കുപ്പിവെള്ളം സുപരിചിതമാണ്. ഇവിടങ്ങളിലെ  ഏത് പീടികയിലും അത് ലഭ്യമാണ്. പക്ഷേ മസാഫി എന്നത് ഒരു സ്ഥലമാണെന്ന കാര്യം യു. എ. യിക്ക് പുറത്തുള്ള അധികംപേർക്ക് അറിയാമെന്ന് തോന്നുന്നില്ല. ദുബായ്, ഷാർജ ഭാഗത്ത് നിന്നും കിഴക്കൻ എമിറേറ്റുകളിലേയ്ക്ക് യാത്രചെയ്യുമ്പോൾ മദ്ധ്യത്തിലായുള്ള ഒരിടത്താവളമാണ് മസാഫി പ്രദേശം.

'മസാഫി' കുപ്പിവെള്ളം പ്ലാന്റ് 
റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലായി കിടക്കുന്ന മസാഫി എല്ലാക്കാലത്തും യാത്രികരുടെ ഒരു വിശ്രമതാവളമായിരുന്നു. നീരുറവകളുള്ളതുകൊണ്ടുതന്നെ, വടക്കുകിഴക്കൻ ഗൾഫ് പെനിൻസുലയിലേയ്ക്കുള്ള യാത്രയിൽ,  ഇന്നത്തെ വലിയ പാതകൾ വരുന്നതിനു മുൻപ്, ഒട്ടകങ്ങൾക്കും വാഹനങ്ങൾക്കുമൊക്കെ ഇടത്താവളമൊരുക്കിയിരുന്ന പ്രദേശമാണ് മസാഫി. അതിന്റെ പ്രത്യക്ഷമായ ഉദാഹരണമെന്ന നിലയ്ക്കാണല്ലോ ഈ ആധുനിക ജല സംസ്കരണ/വിതരണ സ്ഥാപനത്തെയും കാണാനാവുക. എന്നാൽ അത് മാത്രമല്ല മസാഫിയുടെ പ്രത്യേകത - ഇവിടുത്തെ വഴിയോര പഴം, പച്ചക്കറി ചന്തയും പ്രശസ്തമാണ്.

മസാഫിയിലെ വഴിയോര ചന്ത 
ഇതുവഴി കടന്നുപോകുന്നവരാരും ഈ വാണിഭതെരുവിൽ വണ്ടി നിർത്താതിരിക്കുന്നില്ല. സമീപപ്രദേശങ്ങളിലെ തോട്ടങ്ങളിൽ നിന്നും വരുന്ന പച്ചകറികളും പഴങ്ങളും മാത്രമല്ല പലവിധ അലങ്കാരസസ്യങ്ങളുടെ നേഴ്സറികളും ഇവിടെ കാണുകയുണ്ടായി. ഞങ്ങളും ഇറങ്ങി. ഒപ്പമുണ്ടായിരുന്ന ദുബായ് നിവാസികളായ ബന്ധുക്കൾ പഴങ്ങളും പച്ചക്കറികളും മാത്രമല്ല ഫ്ലാറ്റിലേയ്ക്ക് ആവശ്യമായതും സമ്മാനങ്ങൾ നൽകാനുള്ളതുമായ കുറേ ചെടികളും വാങ്ങി വണ്ടികളുടെ ബൂട്ടുകളിൽ നിറച്ചു.

മസാഫി ചന്ത - മറ്റൊരു കാഴ്ച
മസാഫിയിൽ നിന്നും ഡിബ്ബയിലേയ്ക്ക് യാത്ര തുടർന്നു. ഇനിയുള്ള സഞ്ചാരം മുഴുവൻ, ഗൾഫ്‌ മേഖലയിലെ വ്യതിരക്തമായ ഒരു ഭൂപ്രദേശത്തുകൂടിയാണ്. ഈ വ്യത്യസ്ഥതയ്ക്ക് നിദാനം ഹജാർ മലനിരകളാണ്‌. പച്ചമലകളുടെ വൈവിധ്യഭാവങ്ങൾ പരിചിതമായ മലയാളിക്ക് ഈ കൽമലകൾ തികച്ചും പുതിയ കാഴ്ചാനുഭവമാണ് നൽകുക. പീതനിമ്നോന്നമായ മലനിരകൾ നീലാകാശത്തിന് താഴെ വിശാലമായ ക്യാൻവാസിൽ വരയപ്പെട്ട, വാഹനം ഓടുന്നതിനനുസരിച്ച് വിവിധരൂപങ്ങൾ ആവാഹിക്കുന്ന, അപൂർവ്വചിത്രം പോലെ കാണാം.

ഹജാർ മലയുടെ ഭാഗം
അറേബ്യൻ പെനിൻസുലയുടെ വടക്കൻ അറ്റമായ മുസന്റം മുതൽ യു. എ. യിയുടെ ഈ ഭാഗത്തുകൂടി കടന്ന് ഒമാന്റെ കിഴക്കൻ മുനമ്പുവരെ നീണ്ടു കിടക്കുന്ന ചുണ്ണാമ്പുകൽ മലനിരയാണ് ഹജാർ. മഴകൾക്ക് ശേഷം ഉണ്ടായിവരുന്ന വാഡി എന്ന പേരിലറിയപ്പെടുന്ന നദികൾ ഈ മലകളുടെ പ്രത്യേകതയാണ്. പ്രശസ്തമായ ഒരുപാട് വാഡികൾ ഹജാർ മലനിരകളെ സമ്പുഷ്ടമാക്കുന്നു.

ഹജാർ മലനിര - മറ്റൊരു കാഴ്ച
സസ്യ, പക്ഷി, മൃഗാദികളുടെ വലിയ വൈവിധ്യങ്ങൾ സാധാരണ നിലയ്ക്ക് ദൃശ്യമല്ലാത്ത അറേബ്യൻ മരുഭൂമിക്ക് വ്യത്യസ്തമായി ഉദാഹരിക്കാനാവുന്ന ഒരു ഭൂപ്രദേശം കൂടിയാണ് ഈ മലനിര. അനേകം വർഗ്ഗങ്ങളിൽപ്പെട്ട ജീവജാലങ്ങളുടെ ആവാസസ്ഥലമാണെങ്കിലും അറേബ്യൻ വരയാടുകളെ (Arabian Tahr) കുറിച്ച് പറയാൻ നമുക്ക് താല്പര്യം കൂടുതലുണ്ടാവും, ഇരവികുളത്തെയും അഗസ്ത്യകൂടത്തിലെയും നമ്മുടെ സ്വന്തം നീലഗിരി വരയാടുകളെ (Nilgiri Tahr) കുറിച്ച് ഓർക്കുമ്പോൾ. ഒരുകാലത്ത് അറേബ്യൻ മലനിരകളിൽ വിഹരിച്ചിരുന്ന അറേബ്യൻ പുള്ളിപുലികൾക്ക് (Arabian Leopard) വന്യതയിൽ വംശനാശം സംഭവിച്ചുകഴിഞ്ഞു എന്നാണ് അനുമാനിക്കുന്നത്. എന്നാൽ മുസന്റം മേഖലയിലെ ഹജാർ മലനിരകളിൽ എതാനുമെണ്ണത്തെ ഈയടുത്ത് വീണ്ടും കണ്ടതായി ഒമാൻ സർക്കാർ അവകാശപ്പെടുന്നുണ്ട്.

ഹജാർ മലനിര - മറ്റൊരു ഭാഗം 
ഡിബ്ബയിലെത്തുമ്പോൾ അറേബ്യൻ പെനിൻസുലയുടെ കിഴക്കൻ തീരത്തേയ്ക്ക് കടക്കുകയാണ് നമ്മൾ. ഈ കടൽത്തീരം പേർഷ്യൻ ഉൾക്കടലിന്റെ ഭാഗമല്ല. ഹോർമുസ് കടലിടുക്കിനിപ്പുറം, അറബിക്കടലിലേയ്ക്ക്‌ തുറക്കുന്ന വിശാലവാതായനമാണിവിടം. അധികം ആൾത്തിരക്കില്ലാത്ത ഡിബ്ബയിലേയ്ക്കു പ്രവേശിക്കുമ്പോൾ എതിരേൽക്കുന്നത് നിരത്തോരത്ത് കാണുന്ന ചില ശില്പനിർമ്മിതികളാണ്.

ഡിബ്ബയുടെ നിരത്തോരങ്ങളിൽ ഇത്തരം ശില്പങ്ങൾ കാണാം
ഫുജൈറ എമിറേറ്റിന്റെ ഭാഗമാണ് ഡിബ്ബ. ഫുജൈറ രണ്ടായിട്ട് ചിതറിയാണ് കിടക്കുന്നത് - ഡിബ്ബ ഭാഗവും ഫുജൈറ ഭാഗവും. ഇതിന് രണ്ടിനും ഇടയിലായി ഷാർജ എമിറേറ്റിൽപ്പെടുന്ന ഖോർഫക്കാൻ സ്ഥിതിചെയ്യുന്നു. ഡിബ്ബയുടെ തീരത്തേയ്ക്ക് കടന്നതിനു ശേഷം തീരദേശ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ അപൂർവ്വമായ ഒരു കാഴ്ചാവിസ്മയത്തിലേയ്ക്ക് നമ്മൾ കണ്ണുതുറക്കുന്നു. ഒരു ഭാഗത്ത് കടലും മറുഭാഗത്ത് ഉയർന്നുപോകുന്ന ഹജാർ മലനിരകളും. അതിനിടയിലൂടെ സ്വപ്നാടനത്തിലെന്നോണം ഒഴുകിനീങ്ങുന്ന വാഹനങ്ങൾ. അറേബ്യൻ ഭൂപ്രദേശത്ത് ലഭിക്കാനാവുന്ന അസുലഭമായ ഒരു കാഴ്ചാനുഭവം തന്നെയാണത്.

തീരത്തുകൂടിയുള്ള യാത്ര
ഇതേ ഭൂപ്രകൃതിയാണ് ഒമാനിലും (നേരിട്ട് കണ്ടിട്ടില്ല). ഇതേ മലനിരകൾ തന്നെയാണ് അവിടേയ്ക്കും നീളുന്നത്. കടലിനും മലയ്ക്കുമിടയിലൂടെയുള്ള നിരത്തിലൂടെ സഞ്ചരിക്കുമ്പോൾ എൻ. ടി. ബാലചന്ദ്രൻ എന്ന എഴുത്തുകാരനേയും അദ്ദേഹത്തിന്റെ 'വിസ്കി' എന്ന ചെറുനോവലിനേയും ഓർത്തു ('ചിലമ്പ്' എന്ന അദ്ദേഹത്തിന്റെ നോവലിനേയും അതിനെ അധികരിച്ച് ഭരതൻ ചെയ്ത സിനിമയേയും കൂടുതൽ ആളുകൾ ഓർക്കുന്നുണ്ടാവും). ഒമാന്റെ പശ്ചാത്തലത്തിലുള്ള ആ കഥയിൽ, കൗമാരകാലത്തെ വായനയുടെ ഓർമ്മയിൽ നിന്നും മായാതെ കിടക്കുന്ന ഒരു കാർയാത്രയുടെ വിവരണമുണ്ട്. മലഞ്ചരുവിലൂടെയുള്ള യാത്ര. എയർകണ്ടിഷൻ ചെയ്ത മെഴ്സിഡസ്, റോഡിലേയ്ക്ക് വീഴുന്ന മലയുടെ നിഴൽ, കാറിനുള്ളിലെ തണുപ്പിലിരുന്ന് കാണുമ്പോൾ വെയിൽ നിലാവുപോലെ പരക്കുന്നു. ഞാനുമിപ്പോൾ ആ യാത്ര ചെയ്യുകയാണ്, കാർ മെഴ്സിഡസ് അല്ലെങ്കിലും.

കടലിന്റേയും മലയുടേയും നിഴൽവീണ പാത
ഒരു റോഡിന് പോകാനുള്ള അകലം വിട്ട് കടലിന് സമാന്തരമായാണ്‌ മലയും നീളുന്നത്. എന്നാൽ ചിലയിടങ്ങളിൽ മല കടലിലേയ്ക്ക് ഇറങ്ങിനിൽക്കുന്നു. അതോ ഏതോ പ്രണയകാലത്ത് കടൽ കരയെ കരവലയത്തിലാക്കിയതോ...! അങ്ങിനെ കടലിലേയ്ക്ക് ഇറങ്ങി നിൽക്കുന്ന ഒരു പാറക്കുന്നിന്റെ തുരുത്താണ് സ്നൂപ്പി ദ്വീപ്. കാർട്ടൂണ്‍ കഥാപാത്രമായ സ്നൂപ്പിയുടെ ആകൃതിയുള്ളതിനാലത്രേ ഈ പേര് ലഭിച്ചത്.

സ്നൂപ്പി ദ്വീപ്
ഇതിനടുത്തായി കടൽത്തീരത്ത് ഏതാനും ചില ഹോട്ടലുകളുണ്ട്. ഇവിടെനിന്നും സ്നൂപ്പി ദ്വീപിലേയ്ക്ക് പോകാൻ തുഴവഞ്ചികളും മുങ്ങലുപകരണങ്ങളും മറ്റും വടയക്യ്ക്ക് ലഭിക്കുമത്രേ. ദ്വീപിന് ചുറ്റോടുമുള്ള കടലാഴങ്ങൾ വളരെ വൈവിധ്യമാർന്ന ജലജീവിതങ്ങളുടെ കേന്ദ്രംകൂടിയത്രേ. ഖോർഫക്കാൻ പോലെ അടുത്തുകിടക്കുന്ന തുറമുഖങ്ങളിൽ നിന്നുള്ള ജലമാലിന്യങ്ങളെ കുറിച്ച് ചിലയിടങ്ങളിൽ നിന്നും പരിസ്ഥിതിസംബന്ധമായ വിചാരങ്ങൾ ഈയടുത്തായി ഉയരുന്നുമുണ്ട്.

സ്നൂപ്പി ദ്വീപ് - മറ്റൊരു കാഴ്ച
കടലിലൂടെ വഞ്ചിതുഴയൽ, ഡൈവിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്കുള്ള ധൈര്യമോ സന്നാഹമോ ഒരിക്കലും കരുതാറില്ല. അതുകൊണ്ട് ആവഴിക്ക് ആലോചിക്കാതെ, ദൂരെനിന്ന് സ്നൂപ്പി ദ്വീപ് കണ്ട്, അതിറങ്ങിപ്പോകുന്ന നീലജലാശയത്തിലെ കടൽപ്രകൃതിയെ വിഭാവനചെയ്ത് ഞങ്ങൾ തെക്കോട്ടെയ്ക്ക് യാത്ര തുടർന്നു...

- തുടരും - 

4 അഭിപ്രായങ്ങൾ:

 1. അതോ ഏതോ പ്രണയകാലത്ത് കടൽ കരയെ കരവലയത്തിലാക്കിയതോ...!

  യാത്രാവിവരണത്തില്‍ കവിഭാവനയുംകൂടിച്ചേരുന്നു.
  ഞാന്‍ മുമ്പൊരിയ്ക്കല്‍ പറഞ്ഞതുപോലെ എഴുത്തുശൈലി ആകര്‍ഷകം

  മറുപടിഇല്ലാതാക്കൂ
 2. Lazar bhai valare nannaayirikkunnu ...thudarchakkaayi veendum kaathirikkunnu

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ റിയാസ്,
   സന്ദർശനത്തിനും അഭിപ്രായത്തിനും സന്തോഷം!

   ഇല്ലാതാക്കൂ