2012, ഡിസംബർ 2, ഞായറാഴ്‌ച

അശോകവനം - അഞ്ച്

ഒന്നാം ഭാഗം
രണ്ടാം ഭാഗം
മൂന്നാം ഭാഗം 
നാലാം ഭാഗം 

കത്തുന്ന വെയിലില്‍ അനുരാധപുരത്തിലൂടെ ഞങ്ങള്‍ അലഞ്ഞു. ഒന്നിന് പിറകെ ഒന്നായി സ്തൂപങ്ങള്‍ . ചെറുതും വലുതുമായവ. വലിയൊരു പ്രാചീനനഗരത്തിന്റെ ഓര്‍മ്മകള്‍ പേറിനില്‍ക്കുന്ന കരിങ്കല്‍തൂണുകള്‍ , അസ്ഥിവാരങ്ങള്‍ , ബാക്കിയായ കല്‍ച്ചുമരുകള്‍ ... അതിനിടയ്ക്ക് ശുഭ്രവസ്ത്രധാരിണികളായ പുതുക്കിപണിത സ്തൂപങ്ങളും.

ലങ്കാരമയ
വലഗംബ രാജാവിന്റെ (1) കാലത്ത് നിര്‍മ്മിച്ച താരതമ്യേന ചെറുതായ ഒരു സ്തൂപമാണ് ലങ്കാരമയ. അതിനു ചുറ്റും കാണുന്ന കല്‍ത്തൂണുകളില്‍ നിന്നും, ഈ സ്തൂപത്തിന് അക്കാലത്ത് വളരെ വിപുലമായ ഒരു മേല്‍ക്കൂര ഉണ്ടായിരുന്നതായി അനുമാനിക്കാം. ഈ സ്തൂപത്തെ കുറിച്ച് മറ്റു വിവരങ്ങളൊന്നും വ്യക്തമല്ല.

ലങ്കാരമയ

ലങ്കാരമയ
സമീപപ്രദേശത്തു തന്നെയുള്ള വലിപ്പത്തില്‍ അഗ്രഗണ്യനല്ലാത്ത മറ്റൊരു സ്തൂപമാണ് തൂപാരമയ. ശ്രീലങ്കയില്‍ ബുദ്ധിസം വന്ന കാലത്ത്, അതായത് ദേവനംപിയതിസ രാജാവിന്റെ (2) കാലത്തുതന്നെ നിര്‍മ്മിക്കപെട്ട, ശ്രീലങ്കയിലെ ആദ്യത്തെ സ്തൂപമത്രേ ഇത്. ശ്രീബുദ്ധന്റെ തോളെല്ല് ഇതിനകത്തുണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഇത് കാലാകാലങ്ങളില്‍ തകര്‍ക്കപ്പെടുകയും പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ലങ്കാരമയിലെന്നപോലെ ഇതിനുചുറ്റും കരിങ്കല്‍തൂണുകള്‍ കാണാം. അനുരാധപുരസാമ്രാജ്യത്തിന്റെ ഏതോ ഒരു കാലഘട്ടത്തില്‍ വലിപ്പംകുറഞ്ഞ സ്തൂപങ്ങള്‍ മേല്‍ക്കൂരകെട്ടിയോ ഉയര്‍ന്ന ചുറ്റുമതിലുകള്‍ നിര്‍മ്മിച്ചോ സംരക്ഷിച്ചിരുന്നതായി ഇതില്‍നിന്നും കരുതാം.

തൂപാരമയ 

തൂപാരമയ 
ചോള ദേശത്തുനിന്നും വന്ന് അനുരാധപുരം കീഴടക്കി ഏതാണ്ട് 44 വര്‍ഷത്തോളം ഭരിച്ച രാജാവാണ് എലാറ (മനുനീധി ചോളന്‍ ). ബി. സി 235 മുതല്‍ ബി. സി 161 വരെയാണ് എലാറയുടെ ജീവിതകാലമായി കണക്കാക്കപ്പെടുന്നത്. തമിഴനാണെങ്കിലും എലാറ ജനപ്രിയനായ ധര്‍മ്മരാജാവായിരുന്നു എന്ന് 'മഹാവംശ' വ്യക്തമാക്കുന്നു. തമിഴ് ഹൈന്ദവപാരമ്പര്യമുള്ള എലാറ, സിംഹളരെ തമിഴരെ പോലെ തന്നെ സ്വന്തം ജനതയായി കരുതുകയും അവരുടെ മതപരമായ എല്ലാ ആവശ്യങ്ങളും നിറവേറ്റികൊടുക്കുകയും ചെയ്തിരുന്നു.

രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷം, നമ്മുടെ കാലത്ത്, തമിഴ്ജനത തങ്ങളുടെ ചരിത്രപരമായ അസ്തിത്വം ശ്രീലങ്കയില്‍ ഉറപ്പിക്കാന്‍ ശ്രമിച്ചതും എലാറയിലാണ്. വളരെ അടുത്ത ഭൂതകാലത്ത് വന്നെത്തിയ ഒരു ജനതയോ, ഒരു ബാഹ്യജനത തന്നെയോ അല്ല എന്ന് സ്ഥാപിക്കാനാണ് എലാറയുടെ ചരിത്രം അവരുപയോഗിക്കുക. സിംഹളവംശസ്ഥാപകനായ വിജയരാജവ് ശ്രീലങ്കയിലെത്തി അധികകാലം കഴിയുന്നതിന് മുന്‍പുതന്നെ അതിശക്തനായ ഒരു തമിഴ്രാജാവും ശ്രീലങ്ക ഭരിച്ചിരുന്നു എന്നാവുമ്പോള്‍ ഒന്നിന് മറ്റൊന്നിനുമേലുള്ള അധികാരരീതി അപ്രസക്തവും നീതിരഹിതവും എന്നാണ് ആ തമിഴ്വാദം.

എലാറ രാജാവ് (മനുനീധി ചോളന്‍ ) - റുവണ്‍മാലി സ്തൂപത്തിന് സമീപത്തുള്ള ശില്‍പം
ഏതു ധര്‍മ്മത്തേയും കവച്ച് പ്രത്യക്ഷപ്പെടുന്ന ഒരു മനുഷ്യഗുണമത്രേ വംശീയത. അതുകൊണ്ട് തന്നെയാവും വളരെ നീതിപൂര്‍വ്വം ഭരണം നടത്തിയ എലാറയ്ക്കെതിരെയും സിംഹളസമൂഹത്തിന്റെ പ്രതിരോധം പതുക്കെ വളര്‍ന്നുവരാന്‍ തുടങ്ങിയത്. ഇതിന് നേതൃത്വംകൊടുത്തത് ഡുട്ടുഗമുനു എന്ന സിംഹളരാജകുമാരനാണ്.

സിംഹളചരിത്രത്തിലെ വളരെ വര്‍ണ്ണാഭവും അഭിമാനപൂര്‍വ്വവുമായ ഒരു ഏടാണ്‌ ഡുട്ടുഗമുനുവിന്റെ ജീവിതം. 'മഹാവംശ'യില്‍ ഏറ്റവും കൂടുതല്‍ അദ്ധ്യായങ്ങള്‍ നീക്കിവച്ചിരിക്കുന്നത് ഈ രാജാവിനു വേണ്ടിയാണ്. അനുരാധപുരത്തു നിന്നും വളരെ അകലെയുള്ള ഒരു ചെറിയ നാട്ടുരാജ്യത്തിലെ രാജകുമാരനായിരുന്ന ഡുട്ടുഗമുനു, ആദ്യം മുതല്‍ തന്നെ ചോളദേശത്തിന്റെ അധിനിവേശത്തെ അയാള്‍ എതിര്‍ത്തിരുന്നു. അച്ഛനോട് എലാറയ്ക്കെതിരെ യുദ്ധംചെയ്യാന്‍ ഡുട്ടുഗമുനു പല തവണ ആവശ്യപ്പെട്ടെങ്കിലും, തന്റെ സൈന്യബലത്തെ കുറിച്ച് അറിയാവുന്ന രാജാവ് ഒരു ചോളരാജാവിനെതിരെ യുദ്ധംനയിക്കാന്‍ തയ്യാറായില്ല. എന്നാല്‍ സമൃദ്ധമായ തന്റെ ചെറിയ രാജ്യത്തിന്റെ സമ്പത്ത് ഉപയോഗിച്ച് ഒരു നല്ല സൈന്യത്തെ പതുക്കെ പതുക്കെ നിര്‍മ്മിച്ചെടുക്കാന്‍ അദ്ദേഹത്തിനായി. ഇത് പില്‍ക്കാലത്ത് ഡുട്ടുഗമുനുവിന് ഉപയുക്തമായി.

ഡുട്ടുഗമുനു രാജാവ് - റുവണ്‍മാലി സ്തൂപത്തിന് സമീപത്തുള്ള ശില്‍പം 
അച്ഛന്റെ മരണശേഷം ഡുട്ടുഗമുനുവിനു കുറച്ചുകാലം തന്റെ രാജസ്ഥാനം ഉറപ്പിക്കാന്‍ വേണ്ടി സഹോദരനുമായി നിരന്തരം പോരടിക്കേണ്ടി വന്നിരുന്നു. എന്തായാലും അവസാനം രാജാധികാരം കയ്യിലെത്തി കഴിഞ്ഞപ്പോള്‍ അദ്ദേഹം തന്റെ ചിരസ്വപ്നമായ അനുരാധപുരത്തേയ്ക്ക് പടനയിച്ചു. അങ്ങിനെ എലാറയുടെ ഭരണത്തിന്റെ നാല്‍പ്പത്തിനാലാം വര്‍ഷം, അനുരാധപുരപട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് വച്ചുനടന്ന യുദ്ധത്തില്‍ എലാറയും ഡുട്ടുഗമുനുവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. അവരവരുടെ ആനകളുടെ പുറത്തിരുന്ന് ആ രണ്ട് രാജാക്കന്മാര്‍ ചെയ്ത യുദ്ധം ശ്രീലങ്കാചരിത്രത്തിന്റെ ഗതിനിര്‍ണ്ണായകമായ സംഭവമായിരുന്നു. വൃദ്ധനായ എലാറയെ യുവാവായ ഡുട്ടുഗമുനു കുന്തമെറിഞ്ഞ് കൊലപ്പെടുത്തി. ചരിത്രസന്ധികളെ സാങ്കല്‍പ്പികമായ വസ്തുതകളുടെ പുറത്ത് ആലോചിച്ച് നോക്കുന്നതില്‍ സാംഗത്യമില്ലെങ്കിലും, അന്നത്തെ യുദ്ധം ചോളരാജാവ് വിജയിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ ഇന്ന് ശ്രീലങ്ക തമിഴ്നാടിനോളം വലിപ്പമില്ലാത്ത ഇന്ത്യയുടെ മറ്റൊരു സംസ്ഥാനമായി മാറിയിരുന്നിരിക്കാം.

റുവണ്‍മാലി സ്തൂപം
യുദ്ധാനന്തരം പക്ഷെ ഒരു ശത്രുവിനെ എന്നപോലെയല്ല ഡുട്ടുഗമുനു എലാറയെ നോക്കികണ്ടത്. മറിച്ച് തന്റെ മുന്‍ഗാമിയായ രാജാവ് എന്ന നിലയ്ക്ക് വളരെ വീരോചിതമായ ഒരു ശവസംസ്കാരമാണ് എലാറയ്ക്ക് വേണ്ടി അദ്ദേഹം ഒരുക്കിയത്. മാത്രമല്ല സംസ്കാരം നടന്നിടത്ത് ഉയര്‍ത്തിയ സ്മാരകത്തില്‍ , അതുവഴി കടന്നുപോകുന്ന യാത്രികരൊക്കെ ബഹുമാനസൂചകങ്ങള്‍ പ്രകടിപ്പിക്കണമെന്നും നിയമമുണ്ടാക്കി. എന്നാല്‍ ഇപ്പോഴും എലാറയെ അടക്കിയ സ്മാരകം കണ്ടെത്താനായിട്ടില്ല. കുറച്ചുകാലം അങ്ങിനെ കരുതിയിരുന്ന ഒരു നിര്‍മ്മിതി പക്ഷെ ഇപ്പോള്‍ മറ്റെന്തോ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടത്രേ. എലാറയുടെ സ്മാരകം കണ്ടെത്തി പ്രദര്‍ശിപ്പിക്കുന്നതിനെ മുടക്കുന്ന ഒരുതരം സ്യൂഡോവംശീയബോധം സിംഹളര്‍ക്കുണ്ട് എന്നുതന്നെയാണ് എനിക്ക് തോന്നുക. തങ്ങളുടെ പൈതൃകസംസ്കൃതിയുടെ മധ്യത്തില്‍ തമിഴ്വംശീയതയുടെ പാരമ്പര്യസ്മാരകം ഉയരുന്നതിലെ രാഷ്ട്രീയവിവക്ഷകളും അവര്‍ തിരിച്ചറിഞ്ഞിരിക്കണം.

റുവണ്‍മാലി സ്തൂപം
ശ്രീലങ്കയെ ഒരേകകമായി കണ്ടു ഭരിക്കാന്‍ ശ്രമിച്ച ആദ്യരാജാവ് ഡുട്ടുഗമുനു അണെന്നുപറയാം. സിംഹളന്റെ സ്വത്വബോധത്തെ വിഭ്രംജിതനിലയിലേക്ക് ഇന്നും ഉയര്‍ത്തിനിര്‍ത്തുന്നത് ആ രാജാവിന്റെ ചരിത്രസാന്നിധ്യമാണ്. ഡുട്ടുഗമുനു തന്റെ പ്രശസ്തമായ ഭരണകാലത്തെ അനശ്വരമാക്കാന്‍ നിര്‍മ്മിച്ചുതുടങ്ങിയ റുവണ്‍മാലി സ്തൂപത്തിനു കീഴെ നില്‍ക്കുമ്പോള്‍ തീര്‍ച്ചയായും അദ്ദേഹം അവശേഷിപ്പിച്ചുപോയ ആ വസ്തുപ്രതിരൂപത്തിന്റെ ഗാംഭീര്യം അനുഭവവേദ്യമാവും - ആകാശത്തെ മറച്ചുനില്‍ക്കുന്ന ഒരു വന്‍വാസ്തുവിസ്മയം!

റുവണ്‍മാലി സ്തൂപത്തിന്റെ പരിസരത്ത് എകാന്തമഗ്നമായി ഒരു കിളി
ഡുട്ടുഗമുനുവിന്റെ മരണത്തിനുമുന്‍പ് അദ്ദേഹത്തിനു പക്ഷെ തന്റെ വലിയ ആഗ്രഹമായ ഈ മഹാസ്തൂപത്തിന്റെ നിര്‍മ്മാണം തീര്‍ക്കാനായില്ല. മരണകിടക്കയില്‍ വച്ചും അദ്ദേഹം ഈ സ്തൂപത്തെ കുറിച്ച് തിരക്കുകയും, പരിവാരങ്ങള്‍ സ്തൂപത്തിന്റെ നിര്‍മ്മാണം കഴിഞ്ഞു എന്ന് കള്ളംപറയുകയും ചെയ്തു. പ്രതീക്ഷിക്കാതെ രാജാവ് സ്തൂപം കാണണമെന്ന് വാശിപിടിച്ചു. വെള്ളതുണികൊണ്ട് പൊതിഞ്ഞ് വെള്ളപൂശിയെന്ന് തോന്നത്തക്കരീതിയിലാക്കി, അവര്‍ രാജാവിനെ കൊണ്ടുവന്ന് സ്തൂപം കാണിച്ചു. അപ്പോഴേക്കും കാഴ്ച നന്നേ കുറഞ്ഞിരുന്ന അദ്ദേഹം അത് വിശ്വസിച്ച് മന:സ്സമാധാനത്തോടെ മരിച്ചുവത്രേ.

അനുരാധപുരത്തെ പൈതൃകകേന്ദ്രങ്ങള്‍ ഒക്കെയും ആവുംവിധം മരങ്ങള്‍ വളര്‍ത്തിയും മറ്റും വൃത്തിയോടെ സൂക്ഷിച്ചിട്ടുണ്ട് - റുവണ്‍മാലിയുടെ പരിസരത്ത് നിന്നുള്ള ചിത്രം 
റുവണ്‍മാലിയുടെ മതില്‍കെട്ടിനകത്ത് ഒരുപാട് അനുബന്ധനിര്‍മ്മിതികള്‍ കാണാം - ചെറിയ സ്തൂപങ്ങളും രാജാക്കന്മാരുടെ രൂപങ്ങളും നേര്‍ച്ചയായി ഭക്തര്‍ കെട്ടുന്ന വര്‍ണ്ണശീലകളും ഒക്കെ. ഒരിക്കലും കെടാതെ സൂക്ഷിക്കുന്ന ഒരു വിളക്കുമുണ്ട്.

ഭക്തര്‍ നേര്‍ച്ചയായി സമര്‍പ്പിക്കുന്ന വര്‍ണ്ണതുണികള്‍ 
ചുറ്റുമതിലിന്റെ പുറംചുമരില്‍ ആനയുടെ സാമ്യരൂപങ്ങള്‍ നിവര്‍ത്തി നിര്‍മ്മിച്ചിട്ടുണ്ട്. തീര്‍ച്ചയായും ഇതൊരു സമകാലനിര്‍മ്മിതിയാണ്‌ . അതില്‍ പരാതിക്കിടയില്ല. എന്നാല്‍ മറ്റൊരു ഭാഗത്തെത്തിയപ്പോള്‍ ആണ് പഴയ ശിലകളെ എടുത്തുമാറ്റിയിട്ടാണ് ഈ പുത്തന്‍ രൂപങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളതെന്ന് മനസ്സിലായത് - പഴയ ആനശില്പങ്ങളുടെ അവശിഷ്ടങ്ങള്‍ ഒരിടത്ത് കൂട്ടിവച്ചിട്ടുണ്ട്. അവയെ തന്നെ ഏതെങ്കിലും തരത്തില്‍ നിലനിര്‍ത്തി പരിസരത്തിന്റെ പൌരാണികത സൂക്ഷിച്ചിരുന്നെങ്കില്‍ എന്ന് തോന്നി.

പുതിയ ആനശില്പങ്ങള്‍

പഴയ ആനശില്പങ്ങള്‍
റുവണ്‍മാലിയില്‍ നിന്നും നടന്നുപോകാവുന്ന ദൂരത്തിലാണ് ശ്രീമഹാബോധി എന്ന ബുദ്ധമതക്കാരുടെ വളരെ പവിത്രമായ മറ്റൊരു ആരാധനാസ്ഥലം. അശോകന്റെ മകളും മഹിന്തയുടെ സഹോദരിയുമായ സംഘമിത്ര, ബോധ്ഗയയില്‍ നിന്നും കൊണ്ടുവന്ന ബോധിവൃക്ഷത്തിന്റെ ഒരു ശിഖരം മരമായി വളര്‍ന്നുനില്‍ക്കുന്നിടമാണവിടം. ബുദ്ധന് ജ്ഞാനോദയമുണ്ടായ ഇടത്തില്‍ നിന്നുള്ള മരം എന്ന നിലയ്ക്ക് ഇതിന്റെ പ്രാധാന്യം ഊഹിക്കാവുന്നതേയുള്ളൂ.

ശ്രീമഹാബോധി മരം
സ്വര്‍ണ്ണംപൂശിയ തൂണുകള്‍കൊണ്ട് താങ്ങിയാണ് ഈ മരത്തെ സംരക്ഷിച്ചിരിക്കുന്നത്. കാലാകാലങ്ങളില്‍ പ്രകൃതിയുടെ രൂക്ഷതകള്‍ക്ക് വശംവദമായ മരത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍ വളരെ കരുതലോടെയാണ് സംരക്ഷിച്ചുവരുന്നത്.

ശ്രീമഹാബോധി മരം - സ്വര്‍ണ്ണംപൂശിയ തൂണുകള്‍കൊണ്ട് കൊമ്പുകള്‍ സംരക്ഷിച്ചിരിക്കുന്നു  
മനുഷ്യന്‍ നട്ടുവളര്‍ത്തിയതിലേക്കുംവച്ച് ഏറ്റവും പഴക്കമുള്ള മരം എന്നാണ് ശ്രീമഹാബോധിയെ കുറിച്ചുള്ള അവകാശവാദം. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതത്രേ. ഏതാണ്ട് 2300 വര്‍ഷങ്ങള്‍ക്ക്മുന്‍പ് പിറവിയുടെ തുടിപ്പുകളേറ്റ ഒരു ജീവജാലത്തിനു മുന്നിലാണ് നില്‍ക്കുന്നത് എന്ന ബോധം തുച്ഛമായ ഏതാനും വര്‍ഷങ്ങളുടെ ജീവിതത്തിനിടയ്ക്ക് നേടിയെടുത്ത അഹങ്കാരങ്ങളെ മുഴുവന്‍ തല്ലിക്കെടുത്തി ഏതു മനുഷ്യനേയും വിനയാന്വിതനാക്കാന്‍ പര്യാപ്തമാണ്.

ശ്രീമഹാബോധി 
ഈ മരം ഇവിടെ ശിഖരങ്ങള്‍ വിടര്‍ത്തി പരിലസിക്കുന്ന കാലത്തിനിടയ്ക്ക് ലോകം കടന്നുപോയ ചരിത്രമുഹൂര്‍ത്തങ്ങള്‍ ആലോചിച്ചാല്‍ തലതിരിയും. യേശുവും നബിയും ജനിച്ചുമരിച്ചു. സാമ്രാജ്യങ്ങള്‍ ഉയരുകയും അസ്തമിക്കുകയും ചെയ്തു, കേരളത്തില്‍ ചേരസാമ്രാജ്യം വന്നുപോയി, മാര്‍ത്താണ്‍ഡവര്‍മ്മയും എട്ടുവീട്ടില്‍പിള്ളമാരും ജീവിതത്തില്‍ നിന്നും ചരിത്രത്തിലേക്ക് നാടുനീങ്ങി, അങ്ങകലെ ഷേക്സ്പീര്‍ മഹാനാടകങ്ങള്‍ രചിച്ചു, യൂറോപ്യന്‍ നാവികര്‍ ലോകംകീഴടക്കാന്‍ ഇറങ്ങുകയും അത് നേടുകയും പിന്നെ കാലങ്ങള്‍ക്ക് ശേഷം തോറ്റുമടങ്ങുകയും ചെയ്തു. ഹിറ്റ്ലര്‍ വംശീയതുടച്ചുനീക്കങ്ങള്‍ അതിന്റെ പാരമ്യത്തില്‍എത്തിക്കുകയും പിന്നെ സ്വയം മരിക്കുകയും ചെയ്തു..., മനുഷന്റെ ജീവനും അഹന്തയും ഉയരുന്നതും പൊലിയുന്നതും കണ്ട് കാലത്തിന്റെ അപാരതിയിലൂടെ സഞ്ചരിച്ച് ഈ മരം നിശ്ശബ്ദമായി ഇപ്പോള്‍ ഞങ്ങള്‍ക്ക് മുന്നിലും!

ശ്രീമഹാബോധിയിലെ കുരങ്ങന്മാര്‍
ശ്രീലങ്കയുടെ സമകാലചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ ഒരു സംഭവത്തിന് സാക്ഷ്യംവഹിച്ചതും ശ്രീമാഹാബോധിയിലെ ഈ മരച്ചുവട് തന്നെ. 1985, മേയ് 14-ന് തമിഴ്പുലികള്‍ ഒരു ബസ്സ് റാഞ്ചി ഇവിടെയെത്തി പ്രാര്‍ഥനാനിരതരായിരുന്ന സന്യാസികളുടെയും സാധാരണക്കാരുടെയും നേര്‍ക്ക് യന്ത്രതോക്കുകള്‍ ഉപയോഗിച്ച് നിഷ്കരുണം വെടിവച്ചു. ഇവിടെയും, അതിനു തൊട്ടുമുന്‍പ് അവര്‍ ആക്രമണം അഴിച്ചുവിട്ട അനുരാധപുരം ബസ്സ്‌സ്റ്റാന്‍ഡിലുമായി 146 സിംഹളവശജര്‍ മരിച്ചു. അതില്‍ കുട്ടികളും സ്ത്രീകളും സന്യാസികളും ഉള്‍പ്പെടുന്നു.

ശ്രീമഹാബോധിയില്‍ പ്രാര്‍ത്ഥനചെയ്യുന്ന സന്യാസിമാര്‍
'അനുരാധപുരം കൂട്ടകൊല' എന്ന പേരില്‍ കുപ്രസിദ്ധമായ ആ സംഭവം എല്‍ . ടി. ടിയുടെ ചരിത്രത്തിലും നിര്‍ണായകമായ വഴിത്തിരിവായിരുന്നു. തമിഴ് ഭൂരിപക്ഷമേഖലയ്ക്ക് പുറത്ത് അവര്‍ നടത്തുന്ന ആദ്യത്തെ ആക്രമണമായിരുന്നു അത്. ആഭ്യന്തരയുദ്ധത്തിനിടയ്ക്ക് ഒരൊറ്റ സംഭവത്തില്‍ മാത്രമായി ഇത്രയും സാധാരണക്കാരെ കൊന്നതും അന്നാണ്. മിസൈല്‍ , ബോംബാക്രമണം ഒന്നുമല്ലാതെ ഇത്രയും പേരെ നേര്‍ക്കുനേര്‍ നിന്ന് വെടിവച്ചുകൊല്ലുന്ന അസാധാരണ സംഭവം. പാക്കിസ്ഥാന്‍തീവ്രവാദികളുടെ മുംബൈ ആക്രമണത്തിനും 164 പേരുടെ മരണത്തിനും ഒക്കെ പ്രചോദനമായ തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണ് ഈ മരചുവട്ടിലും, ചേര്‍ന്നുള്ള ചെറിയ പ്രാര്‍ഥനാലയത്തിലും അന്ന് അരങ്ങേറിയത്.

ശ്രീമഹാബോധി വൃക്ഷത്തിനോട് ചേര്‍ന്നുള്ള പ്രാര്‍ത്ഥനാലയം
നൂറ്റാണ്ടുകളോളം അധിവസിച്ച സ്വന്തം നാട്ടില്‍ വംശീയമായ വേര്‍തിരിവുകള്‍ അനുഭവിക്കേണ്ടിവരുക ക്രൂരമായ സാഹചര്യമാണ്. പക്ഷെ അതിനെ പ്രതി എല്‍ . ടി. ടി തിരഞ്ഞെടുത്ത തത്വദീക്ഷയില്ലാത്ത അക്രമങ്ങള്‍ ന്യായീകരിക്കതക്കതല്ല. ഒരു ആശയത്തിന്റെ പേരിലും മനുഷ്യജീവന്‍ ഹനിക്കപ്പെടരുത്. അതിനതീതമായ പരിഹാരങ്ങളെ കുറിച്ച് ആലോചിക്കാന്‍ ബുദ്ധി ഉപയോഗിക്കാനാവുന്നില്ലെങ്കില്‍ മനുഷ്യനെന്ന നിലയ്ക്കുള്ള അസ്തിത്വം സംശയിക്കപ്പെടണം. മനുഷ്യത്വരഹിതമായ ഒരുപാട് യുദ്ധമുറകള്‍ വികസിപ്പിച്ചെടുത്ത ഒരു സംഘടനകൂടിയാണ് എല്‍ . ടി. ടി. ചാവേര്‍പടയാളികള്‍ എന്ന ഒരു വര്‍ഗ്ഗത്തെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യം ഉപയോഗിക്കുന്നത് എല്‍ . ടി. ടി. ആണല്ലോ. ഇന്ന് ലോകത്തെവിടെയുമുള്ള പ്രശ്നബാധിതപ്രദേശങ്ങളില്‍ ആ വിനാശകരമായ രീതി ഒരു ജ്വരംപോലെ ഉപയോഗിച്ചുവരുന്നത് കാണാം.

പ്രാര്‍ത്ഥനാലയത്തിന്റെ ചുമരില്‍ വെടിയുണ്ട തറച്ച പാടുകള്‍
ശ്രീമഹാബോധി കണ്ടു തീരുമ്പോഴേക്കും മൂവന്തിയുടെ ചുമന്നവെട്ടം വീഴാന്‍ തുടങ്ങിയിരുന്നു. രക്തപങ്കിലമായ ഒരു സമകാലകഥയില്‍ നിന്നും പ്രണയത്തിന്റെ ഊര്‍ജ്ജമോഹിതമായ മറ്റൊരു കഥയിലേക്ക് നൂറ്റാണ്ടുകള്‍ക്കപ്പുറം ചെന്നുവീണു ആ സായന്തനത്തിന്റെ പോക്കുവെയിലില്‍ . ഇപ്പോള്‍നില്‍ക്കുന്നത് ഇസ്രുമുനിയാ എന്ന ബുദ്ധവിഹാരത്തിന് മുന്നിലാണ്. ദേവനംപിയതിസയുടെ കാലത്ത് ബുദ്ധസന്യാസിമാരാവാന്‍ തിരഞ്ഞെടുത്ത ഉന്നതകുലജാതരായ കുറച്ച് യുവാക്കള്‍ക്ക് താമസിക്കാന്‍ വേണ്ടിയാണ് ഈ ആശ്രമം പണിതത് എന്നാണ് അനുമാനം.

ഇസ്രുമുനിയാ
എന്നാല്‍ അതിനപ്പുറം ഇതിനെ പ്രസക്തമാക്കിയിരിക്കുന്നത് അതിനുള്ളിലുള്ള കമിതാക്കളുടെ ഒരു  ശില്‍പ്പമാണ്. വിഹാരത്തിനുള്ളിലേക്ക് കടക്കാനുള്ള സമയം കഴിഞ്ഞുപോയിരുന്നതിനാല്‍ ഈ ശില്‍പം നേരിട്ട് കാണാനുള്ള അവസരം ലഭിച്ചില്ല. ഗുപ്ത കാലഘട്ടത്തിലെ കൊത്തു രീതികളോട് സാമ്യം കാണിക്കുന്ന ഈ പ്രതിമ ആറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്ന് കരുതപ്പെടുന്നു. ഇതിലെ പ്രേമാതുരനായ പുരുഷന്‍ ഡുട്ടുഗമുനുവിന്റെ പുത്രനായ സാലിയായും ലജ്ജാവതിയായി കാണപ്പെടുന്ന സ്ത്രീ അദ്ദേഹത്തിന്‍റെ പ്രണയിനിയായ അശോകമാലയും ആണെന്നാണ് നിഗമനം. അശോകമാല ചണ്ഡാല യുവതിയായതിനാല്‍ ഡുട്ടുഗമുനു ഈ വിവാഹം എതിര്‍ക്കുകയും, സാലിയാ പ്രണയിനിക്ക് വേണ്ടി തന്റെ രാജസ്ഥാനം ഉപേക്ഷിക്കുകയും ചെയ്തുവത്രേ.           

ഇസ്രുമുനിയ ശില്പത്തിന്റെ ചിത്രം. വിഹാരത്തിന് പുറത്തെ ബോര്‍ഡില്‍ നിന്നും പകര്‍ത്തിയത് 
ശില്‍പം പ്രതിനിധാനം ചെയ്യുന്നത് ഈ കഥാപാത്രങ്ങളെ തന്നെയാണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. എങ്കിലും വളരെ ജൈവവും ത്യഗസുരഭിലവുമായ ഒരു പ്രണയകഥയുടെ പശ്ചാത്തലത്തില്‍ അനുരാധാപുരത്തിലെ ചരിത്രഭൂമി വിട്ട് മരതകദ്വീപിന്റെ മറ്റു പ്രദേശങ്ങളിലേക്ക് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

(1) വലഗംബ രാജാവിനെ കുറിച്ചുള്ള കൂടുതല്‍ പരാമര്‍ശങ്ങള്‍ ഈ ഭാഗത്ത്.
(2) ദേവനംപിയതിസ രാജാവിനെ കുറിച്ചുള്ള കൂടുതല്‍ പരാമര്‍ശങ്ങള്‍ ഈ ഭാഗത്ത്.

- തുടരും -

5 അഭിപ്രായങ്ങൾ:

 1. following the footprint, and once it is finished would love to read as a book:)
  karunakaran

  മറുപടിഇല്ലാതാക്കൂ
 2. ലങ്കാചരിതവും കാഴ്ച്ചകളും നന്നായി
  താങ്ക്സ്

  മറുപടിഇല്ലാതാക്കൂ
 3. ലാസ്സറേട്ടാ... പതിവുപോലെ മനോഹരമായ വിവരണം... ശ്രീലങ്കൻ കാഴ്ചകളെ അതിലും മനോഹരമായി വിവരിയ്ക്കുന്ന ചിത്രങ്ങൾ... കേട്ടറിവുപോലുമില്ലാത്ത ചരിത്രസംഭവങ്ങൾ.... ഒരു യാത്രാവിവരണം ആകർഷണീയമാകുവാൻ കൂടുതലൊന്നും ആവശ്യമില്ല... വളരെ നന്നായിരിയ്ക്കുന്നു... തുടർ യാത്രകളുടെ വിവരണത്തിനായി കാത്തിരിയ്ക്കുന്നു.. സ്നേഹപൂർവ്വം...

  മറുപടിഇല്ലാതാക്കൂ
 4. യാത്രാവിവരണം പതിവുപോലെ മനോഹരമായി.മികവുറ്റ ചിത്രങ്ങളും...

  മറുപടിഇല്ലാതാക്കൂ
 5. പ്രിയ കരുണ്‍ , അജിത്ത്, ഷിബു, കൃഷ്ണകുമാര്‍ ,
  സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
  സ്നേഹപൂര്‍വ്വം,

  മറുപടിഇല്ലാതാക്കൂ