2012, ഡിസംബർ 17, തിങ്കളാഴ്‌ച

അശോകവനം - ആറ്

ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം, നാലാം ഭാഗം, അഞ്ചാം ഭാഗം

മധ്യവടക്കന്‍ ശ്രീലങ്കയുടെ മൂന്ന് പ്രദേശങ്ങളെ ചേര്‍ത്ത് 'കള്‍ചറല്‍ ട്രയാങ്കിള്‍ ' എന്ന് പറയാറുണ്ട്‌ . ശ്രീലങ്കയുടെ സംസ്കാരവും ചരിത്രവും മൂര്‍ത്തശേഷിപ്പുകളായി പരന്നുകിടക്കുന്ന അനുരാധപുരം, ഡംബുല്ല, പോളൊന്നാറുവാ എന്നിവയാണ് ആ സ്ഥലങ്ങള്‍ . ഞങ്ങള്‍ അനുരാധപുരം സന്ദര്‍ശിച്ചതിന്റെ പാര്‍ശ്വവീക്ഷണം കഴിഞ്ഞ ഭാഗങ്ങളില്‍ കാണാം. ഡംബുല്ലയ്ക്കടുത്തുള്ള സിഗിരിയയാണ് ചെന്നെത്തപ്പെട്ട അടുത്ത സ്ഥലം. ഒരു വലിയ പാറയാണ് സിഗിരിയ. പേരിന്റെ അര്‍ത്ഥം 'സിംഹത്തിന്റെ പാറ' എന്നത്രേ.

സിഗിരിയ
ഞങ്ങളവിടെ രാവിലെ എത്തുമ്പോള്‍ തന്നെ സന്ദര്‍ശകരുടെ ഒരു വലിയനിര ടിക്കറ്റെടുക്കാനും അകത്ത് പ്രവേശിക്കാനുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. സാര്‍ക്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ കുറച്ച് ഇളവുണ്ട് (ശ്രീലങ്കയുടെ ഏതുഭാഗത്തും ഇത്തരം സ്ഥലങ്ങളിലേക്കുള്ള പ്രവേശനടിക്കറ്റിന് താരതമ്യേന വിലകൂടുതലാണ് എന്നതും സൂചനാര്‍ഹമാണ്. വിനോദസഞ്ചാരം മറ്റെന്തിനെക്കാളും വലിയ വരുമാനസ്ത്രോതസ്സായ എല്ലാ രാജ്യങ്ങളിലും അങ്ങിനെയൊക്കെ തന്നെയാണെന്ന് തോന്നുന്നു). സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ടിക്കറ്റ് കൌണ്ടറിലെ ഒരു രജിസ്റ്ററില്‍ പേര് വിവരങ്ങളൊക്കെ എഴുതേണ്ടതുണ്ട്. അതില്‍ , ഞങ്ങള്‍ക്ക് മുന്‍പ് സിഗിരിയ സന്ദര്‍ശിച്ച ഒരു ഇന്ത്യന്‍ സിഖ് സംഘത്തിന്റെ പേരുവിവരങ്ങള്‍ കണ്ടത് നാലഞ്ചു മാസങ്ങള്‍ക്ക് മുന്‍പത്തെ ഒരു തിയതിയിലാണ്. അന്വേഷിച്ചപ്പോള്‍ മനസ്സിലായത് വളരെ കുറച്ച് ഇന്ത്യാക്കാരെ ഈ ഭാഗത്തേക്ക് വരാറുള്ളു എന്നാണ്. വരുന്ന ഇന്ത്യന്‍വംശജരോ പലപ്പോഴും യൂറോപ്പ്യന്‍രാജ്യങ്ങളിലെയോ മലേഷ്യ-സിംഗപ്പൂര്‍ പോലുള്ള കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേയോ ഒക്കെ പൌരന്മാരുമായിരിക്കും. പാസ്പോര്‍ട്ട് മറ്റൊരു രാജ്യത്തിന്റെ ആയതിനാല്‍ സാര്‍ക്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ലഭിക്കുന്ന പരിഗണന (അഥവാ പരിഗണനയില്ലായ്മ) സ്വാഭാവികമായും അവര്‍ക്ക് കിട്ടാറില്ല. 

സന്ദര്‍ശകബാഹുല്യമുള്ള സ്ഥലമാണ് സിഗിരിയ
ശ്രീലങ്കയിലേയ്ക്കുള്ള യാത്ര ആസൂത്രണംചെയ്യുന്ന സമയത്ത് ബന്ധപ്പെട്ട ടൂര്‍സംഘാടകര്‍ എല്ലാവരും തന്നെ ആദ്യം അയച്ചുതന്ന യാത്രാപദ്ധതിയില്‍ കൊളംബോയും കാന്‍ഡിയും പിന്നെ അവിടുന്ന് തെക്കോട്ടേയ്ക്കുമുള്ള സ്ഥലങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് അപ്പോള്‍ ഓര്‍മ്മവന്നു. ഒരുപക്ഷെ നല്ല പരിചയമുള്ള ഒരു യുദ്ധത്തിന്റെ സ്പില്‍ഓവറുകള്‍ പേടിച്ച് ഇന്ത്യാക്കാര്‍ വടക്കോട്ട്‌ സഞ്ചരിക്കാന്‍ സാദ്ധ്യതയില്ല എന്ന മുന്‍ധാരണയിലാവാം അത്. അതോ ചരിത്രങ്ങളുടെ വെയില്‍ദേശങ്ങളെക്കാള്‍ അവര്‍ക്കുചിതം മഞ്ഞിന്റെ മലദേശങ്ങളാവും എന്ന് കരുതിയിട്ടോ?

വെറുമൊരു പാറ കാണാന്‍ മാത്രമായി ഈ ജനക്കൂട്ടം എത്തില്ല എന്നത് ഊഹിക്കാമല്ലോ. ശ്രീലങ്കയുടെ പൈതൃകസമ്പത്തിന്റെ മറ്റൊരു ചരിത്രകുംഭം കൂടിയാണ് ഈ പാറ. ഈ വന്‍പാറയുടെ മുകളില്‍ നിര്‍മ്മിച്ച കൊട്ടാരത്തിലിരുന്നാണ് ഒരു കാലത്ത്, ഒരു രാജാവ് ദ്വീപ് ഭരിച്ചിരുന്നത്. കൊട്ടാരവും കോട്ടയും കൊത്തളങ്ങളും ഒക്കെയായി വളരെ ചലനാത്മകമായിരുന്ന ഒരു ജനപഥത്തിന്റെ ശേഷപത്രങ്ങള്‍ സാന്ദ്രമായ ഭൂപ്രദേശം. രാജകൊട്ടാരങ്ങളുടെ ഇടനാഴികളില്‍ എന്നും കണ്ടുമുട്ടാറുള്ള അധികാരത്തിന്റെയും ചതിയുടേയും കൊലപാതങ്ങളുടേയും പ്രതികാരത്തിന്റെയും ഒക്കെ കഥകള്‍ ഉറങ്ങുന്ന പാറക്കെട്ടും താഴ്വാരങ്ങളും.     

ടിക്കറ്റ് കൌണ്ടറിന് മുന്നിലെ ആമ്പല്‍കുളം 
ബൌദ്ധസന്യാസത്തിന്റെ പൌരാണികരീതികളില്‍ ഒഴിച്ചുകൂടാനാവാത്ത, ഏറെക്കൂറെ എല്ലായിടത്തും കാണാവുന്ന ഒന്നാണ് പാറക്കെട്ടുകളും ഗുഹകളുമൊക്കെ. കേരളത്തിലെ ജനവാസത്തിന്റെ ഏറ്റവും പഴയ ചരിത്രസ്പര്‍ശം കണ്ടെത്തിയ ഇടയ്ക്കല്‍ ഗുഹയില്‍ ബി. സി രണ്ടാം നൂറ്റാണ്ടോടടുപ്പിച്ച് ബുദ്ധസന്യാസിമാര്‍ വസിച്ചിരുന്നിരിക്കാം എന്ന് കേസരി നിരീക്ഷിക്കുന്നുണ്ട്. അതിനപ്പുറം, ഏതു സന്യാസത്തിന്റെയും നടപ്പുവഴികളില്‍ പാറകള്‍ക്കും ഗുഹകള്‍ക്കും പ്രാമുഖ്യമുണ്ടെന്ന് ജൈനചരിതങ്ങളും ഹൈന്ദവപുരാണങ്ങളും തെളിവുതരാതിരിക്കുകയുമില്ല.

ശ്രീലങ്കയില്‍ ബുദ്ധമതം ആരംഭിക്കുന്ന കാലത്ത് തന്നെ സിഗിരിയായിലെ പാറയിടുക്കുകളില്‍ ബുദ്ധസന്യാസിമാര്‍ പാര്‍ത്തിരുന്നു എന്നാണ് അനുമാനിക്കപ്പെടുന്നത്. ശ്രീലങ്കന്‍ ബുദ്ധമതത്തിന്റെ സ്ഥാപകപ്രദേശമായ മിഹിന്തലയിലെ മലയിലും ഗുഹയിലും എന്നതുപോലെ അക്കാലത്ത് സിഗിരിയയിലും ബുദ്ധവിഹാരം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ വിദൂരമായ ഒറ്റപെട്ട ഒരു പ്രാകൃത ആശ്രമത്തിന്റെ നിലയില്‍ നിന്നും സിഗിരിയ, ശ്രീലങ്കയുടെ ചരിത്രത്തിലേക്ക് ശക്തമായി കടന്നുവരുന്നത് എ. ഡി അഞ്ചാംനൂറ്റാണ്ടില്‍ കശ്യപരാജാവ് തന്റെ രാജ്യത്തിന്റെ ഭരണതലസ്ഥാനം അനുരാധപുരത്ത് നിന്നും സിഗിരിയയിലേക്ക് മാറ്റിസ്ഥാപിക്കുന്നതോടെയാണ്.

താഴ്വാരത്തിലെ പട്ടണാവശിഷ്ടങ്ങളുടെ പാര്‍ശ്വകാഴ്ച
എ. ഡി 477 - ല്‍ ദത്തുസേന എന്ന രാജാവില്‍ നിന്നും പുത്രനായ കശ്യപ രാജാധികാരം നേടിയെടുത്തു. രക്തപങ്കിലമായ ഒരു അട്ടിമറിയിലൂടെയാണ് കശ്യപ അത് സാധിച്ചത്. ദത്തുസേനയ്ക്ക് രാജ്ഞിയില്‍ പിറന്ന മൊഗല്ലാനയ്ക്കായിരുന്നു യഥാര്‍ത്ഥത്തില്‍ രാജാധികാരം കിട്ടേണ്ടിയിരുന്നത്. രാജാവിന് മറ്റേതോ സ്ത്രീയിലുണ്ടായ, പ്രത്യേകിച്ച് രാജഭരണത്തില്‍ അവകാശങ്ങളൊന്നും ലഭ്യമാവാന്‍ സാധ്യതയില്ലാത്ത മകനായിരുന്നു കശ്യപ. എന്നാല്‍ ചില കൊട്ടാരം ഉപജാപകസംഘങ്ങളുടെ സഹായത്തോടെ രാജാവിനെ കൊന്ന് കശ്യപ രാജാധികാരം കൈവശപ്പെടുത്തി. എല്ലാവശങ്ങളും വായുകടക്കാത്ത രീതിയില്‍ ചുമരുകള്‍ കെട്ടിയടച്ച്  സ്വന്തം അച്ഛനെ ജീവനോടെ അതിനകത്തിട്ട് കൊല്ലുകയായിരുന്നുവത്രേ കശ്യപ. എന്തായാലും മൊഗല്ലാന അയാളുടെ കയ്യില്‍പെടാതെ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു.

താഴ്വാരത്തില്‍ കാണുന്ന പട്ടണത്തിന്റെ ഭാഗമായ  ഒരു കുളം
ഷേക്സ്പീരിയന്‍ നാടകത്തിന്റെ മന:ശ്ശാസ്ത്രതലം പോലെ, അനുരാധപുരത്തെ രാജസിംഹാസനത്തിലെ ഇരിപ്പ് കശ്യപയെ ഭയപ്പെടുത്താന്‍ തുടങ്ങി. മൊഗല്ലാന എന്നെങ്കിലും മടങ്ങിവരുമെന്നും, തന്നെ കൊന്ന് രാജ്യഭരണം തിരിച്ചുപിടിക്കുമെന്നും കശ്യപ ഭയപ്പെടാന്‍തുടങ്ങി. ആസന്നമരണഭയം പേടിയുടെ പാരമ്യമാണ്. നേര്‍വഴികളിലൂടെയല്ലാതെ നേടിയെടുത്ത ഏതധികാരവും സമ്പത്തും ഈ ഭയപ്പാടിന്റെ ആഴം ക്രമാതീതമായി വര്‍ദ്ധിപ്പിക്കും. അങ്ങിനെയാണ് കശ്യപ തുറന്ന പട്ടണമായ അനുരാധപുരത്തു നിന്നും കൂടുതല്‍ സുരക്ഷിതമായ ഏതെങ്കിലും ശിലാഗ്രത്തിന്റെ സുരക്ഷിതത്വത്തിലേക്ക് രക്ഷപെടാന്‍ ആഗ്രഹിച്ചത്. സിഗിരിയ ശ്രീലങ്കയുടെ ചരിത്രത്തിലേക്ക് കടന്നുവരുന്നത് ഈ ദശാസന്ധിയിലാണ്.

താഴ്വാരത്തിലെ പട്ടണാവശിഷ്ടത്തിന്റെ മറ്റൊരു കാഴ്ച
മൊഗല്ലാനയെ പേടിച്ച്, ബുദ്ധഭിക്ഷുകളെ മാറ്റിപാര്‍പ്പിച്ചതിനു ശേഷം, കശ്യപ സിഗിരിയമലയുടെ മുകളില്‍ ഒരു കൊട്ടാരം നിര്‍മ്മിച്ച് അതിനുചുറ്റുമായി തന്റെ തലസ്ഥാനനഗരം കെട്ടിപ്പൊക്കിയത്രേ. സിഗിരിയാ മുഴുവന്‍ കണ്ടുകഴിയുമ്പോള്‍ , കശ്യപയുടെ പതിനെട്ടുവര്‍ഷത്തെ ഭരണകാലത്തിനിടയ്ക്കാണ് ഈ നഗരി ആദ്യാവസാനം സാക്ഷാത്കരിച്ചത് എന്ന് വിശ്വസിക്കാന്‍ തീര്‍ച്ചയായും പ്രയാസം നേരിടും. പൊതുചരിത്രത്തിന്റേയും നാടോടിവാമൊഴികളുടേയും നടവഴിയില്‍ അങ്ങിനെയാണ് കാണുന്നതെങ്കിലും ദത്തുസേനയുടെ കാലത്തുതന്നെ അദ്ദേഹത്തിന്‍റെ സുഖവാസകേന്ദ്രമായി മാറ്റാനുള്ള ഉദ്ദേശ്ശ്യത്തോടെ സിഗിരിയയില്‍ കൊട്ടാരനിര്‍മ്മിതി ആരംഭിച്ചിരുന്നതായുള്ള സൂചനകള്‍ മറ്റു ചില വായനകളില്‍ കണ്ടെത്താം. അതാണ്‌ കുറച്ചുകൂടി വിശ്വസനീയം. ഭരണതലസ്ഥാനം കുറച്ചുകൂടി സുരക്ഷിതമായ സിഗിരിയയിലേക്ക് മാറ്റാം എന്ന തീരുമാനം മുന്‍പറഞ്ഞ സംഭവങ്ങളുടെ തുടര്‍ച്ചയായി കശ്യപ എടുത്തതുതന്നെയായിരിക്കാമെങ്കിലും.

നഗരാവശിഷ്ടത്തിന്റെ മറ്റൊരുഭാഗം
ശത്രുസേനയുടെ ആക്രമണത്തില്‍ നിന്നും പട്ടണത്തേയും തന്നേയും രക്ഷിക്കാന്‍ പല തട്ടുകളിലായാണ് കശ്യപ സിഗിരിയാപട്ടണം വിഭാവനചെയ്തത്. ശക്തമായ കോട്ടമതിലിനുള്ളിലായി അങ്ങാടിയും പൂന്തോട്ടങ്ങളും സ്നാനഘട്ടങ്ങളും ഒക്കെയായി ആദ്യത്തെ വൃത്തം. അടുത്ത തടയണി ചതുപ്പിന്റെ കിടങ്ങാണ്. അതുകഴിഞ്ഞ് മുതലകള്‍ വിഹരിക്കുന്ന ജലസമൃദ്ധമായ മറ്റൊരു കിടങ്ങ്. അതും കഴിഞ്ഞാണ് മലമുകളിലേയ്ക്കുള്ള ആരോഹണപടവുകള്‍ ആരംഭിക്കുന്നത്. ഇത് പാറവിടവുകളിലൂടെയും മറ്റും ആയതിനാല്‍ വഴി സുപരിചിതമായ കാവല്‍പട്ടാളക്കാരെ തുരത്തി ശത്രുസൈന്യത്തിന് മുകളിലേക്ക് കയറാന്‍ അസാമാന്യമായ ധൈര്യവും അംഗബലവും എന്തായാലും വേണ്ടിവരും.

മുതലകള്‍ വിഹരിച്ചിരുന്നതായി പറയുന്ന കിടങ്ങ്  
ഈ തടസ്സങ്ങളൊക്കെയും കടന്ന് എതെങ്കിലുമൊരു സൈന്യം വന്നാല്‍ അവരുടെ മുകളിലേക്ക് വന്‍പാറക്കല്ലുകള്‍ ഉരുണ്ടുവരും. അമ്പും വില്ലും കുന്തവും കൊണ്ട് നേരിടാന്‍ പറ്റുന്നതല്ലല്ലോ പാറക്കല്ലുകളുടെ പതനം. മരണഭയം മനുഷ്യനെ കൊണ്ട് എന്തെല്ലാം ചെയ്യിക്കും എന്നതിന്റെ പൊതുവായൊരു ഉദാഹരണമായി സിഗിരിയയെ കാണാം. എന്നാല്‍ അതിനുപരി, ഈ ചരിത്രനിരീക്ഷണത്തിന്റെ വൈയക്തികതലത്തിനപ്പുറം സ്വയംപര്യാപ്തമായ, സങ്കീര്‍ണവാസ്തുബഹുലമായ ഒരു പട്ടണമാണ് കശ്യപ നിര്‍മ്മിച്ചെടുത്തത് എന്നതാവും അതിന്റെ പ്രത്യക്ഷമായ അവശേഷിപ്പ്.              

സങ്കീര്‍ണമായ കോട്ടമതില്‍ നിര്‍മ്മിതിയുടെ അവശിഷ്ടത്തിനപ്പുറം കാണുന്നത് ശത്രുസൈന്യത്തിന് മുകളിലേക്ക് ഉരുട്ടിയിടാന്‍ സജ്ജമാക്കപ്പെട്ട കൂറ്റന്‍ പാറക്കല്ല് 
പ്രവേശനകവാടത്തില്‍ നിന്ന് അരകിലോമീറ്ററെങ്കിലും പട്ടണാവശിഷ്ടങ്ങള്‍ക്കിടയിലൂടെ നടന്നിട്ട് വേണം മലമുകളിലേക്ക് കയറാനുള്ള പടവുകളിലെത്താന്‍ . പരന്നുകിടക്കുന്ന നൂറ്റാണ്ടുകള്‍ക്ക് മുന്‍പത്തെ ആ പട്ടണത്തിന്റെ അസ്ഥിവാരം കൌതുകത്തോടെ നോക്കുമ്പോള്‍ സങ്കല്‍പ്പത്തില്‍ ജനാരവം ഉയരുന്നത് കേള്‍ക്കാം. അങ്ങാടിയിലും നിരത്തിലുമൊക്കെ വിഹരിക്കുന്ന ആള്‍ക്കൂട്ടം. സ്നാനഘട്ടത്തില്‍ ജലകേളിയുടെ തിരയിളക്കം. അതിനിടയിലൂടെ റോന്തുചുറ്റുന്ന വര്‍ണ്ണവസ്ത്രധാരികളായ പട്ടാളക്കാര്‍ . കത്തുന്ന വെയിലിനെ നിലാവാക്കും, ഭാവനയില്‍ ചലനവേഗംകൊള്ളുന്ന ആ ജനപഥം.

വലിയ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയൊക്കെയാണ് മുകളിലേക്കുള്ള പടവുകള്‍ 
എന്നാല്‍ അത്ര കാല്പനികമായിരുന്നില്ല യഥാര്‍ത്ഥത്തിലുള്ള മലകയറ്റം. തിളയ്ക്കുന്ന ചൂടില്‍ കുത്തനെയുള്ള കയറ്റം ശരിക്കും ബുദ്ധിമുട്ടിച്ചു. ചെങ്കുത്തായ പാറമുഖങ്ങളില്‍ , പില്‍ക്കാലത്ത് ഘടിപ്പിച്ച വീതികുറഞ്ഞ ലോഹപാളികളിലൂടെ അഗാധമായ താഴ്ചയും കണ്ടുള്ള നടത്തം പേടിപ്പെടുത്തുന്നതായിരുന്നു.

പാറയുടെ വശത്ത്‌ ലോഹപാളി കൊണ്ടുള്ള നടപ്പാത
ആകാശത്തിന്റെ അപാരതയിലേക്ക്, മുകളിലേക്ക് നോക്കുമ്പോള്‍ നമുക്ക് ഭയം തോന്നാറില്ല. എന്നാല്‍ മുകളില്‍ നിന്നും ഭൂമിയുടെ ആഴത്തിലേക്ക് നോക്കുമ്പോള്‍ , ഏറ്റവും സുരക്ഷിതമായ ഇടത്തിലായിരിക്കുമ്പോള്‍ പോലും, നേരിയൊരു ഉള്‍ക്കിടിലമെങ്കിലും തോന്നുന്നത് എന്തായിരിക്കാം. കാഴ്ചയുടെ സ്ഥിരപരിചയമില്ലായ്മ മാത്രമാവുമോ? ആയിരിക്കില്ല എന്ന് തോന്നുന്നു. ആരും ആകാശത്തിലേക്ക് വീണു പോകാറില്ല. എന്നാല്‍ ഒന്ന് കാലുതെറ്റിയാല്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണം നമ്മളെ ആവാഹിക്കും. ആത്യന്തികമായി മനുഷ്യന്റെ ചോദനകള്‍ മുഴുവന്‍ മരണഭയവുമായി ബന്ധപ്പെട്ടുകിടക്കുന്നു - കശ്യപ, മലമുകളില്‍ കെട്ടിയുയര്‍ത്തിയ കൊട്ടാരം പോലെ.

പാറമുഖത്തിലൂടെയുള്ള നേര്‍ത്ത നടപ്പാത
ഉയരത്തിനോട് പതിവില്‍ കവിഞ്ഞ് പേടിയുള്ള ഒരാളാണ് ഞാന്‍ . അതുകൊണ്ടാവാം പലപ്പോഴും ഉയരങ്ങളില്‍ ചെന്നുപെടുന്നത് - യാത്രചെയ്യുന്നത് കൊണ്ടുകൂടി. എന്നാല്‍ സിഗിരിയയിലെ മല കുത്തനെ കയറുമ്പോള്‍ വലിയ ഭയം തോന്നിയില്ല. പാറയുടെ മുഖത്ത് പ്രകൃതി വരഞ്ഞിട്ട വര്‍ണ്ണചാരുതകളും ശിലാരൂപങ്ങളും അതിനു പിന്നില്‍ ആകാശത്തിന്റെ നീലിമപടര്‍ന്ന പശ്ചാത്തലവും ഒക്കെയായി അപൂര്‍വ്വമായ ഒരു കൊളാഷ് മുഴുവന്‍നേരവും കാഴ്ചയിലും ശ്രദ്ധയിലും കുടുങ്ങിനിന്നു.

ചുറ്റുഗോവണിയിലൂടെ കുത്തനേ മുകളിലേക്ക്
ഈ ലോഹപാളികളിലൂടെയും ചുറ്റുഗോവണിയിലൂടെയും ആയിരിക്കില്ല എന്തായാലും രാജാവും പരിവാരങ്ങളും മലകയറിയത്. ആ പടവുകളും വഴികളുമൊക്കെ നൂറ്റാണ്ടുകളുടെ ഋതുചാക്രികതയില്‍ പ്രകൃതി അലിയിച്ചുകളഞ്ഞിരിക്കണം. പ്രകൃതിയുടെ അനിവരതശക്തിക്ക് മുന്നില്‍ ഏറെകാലം പിടിച്ചുനില്‍ക്കാനായ മനുഷ്യനിര്‍മ്മിതികള്‍ കുറവാണ്. ബാക്കിയായവ പ്രകൃതി തന്നെ ഔദാര്യംപോലെ സംരക്ഷണകവചം തീര്‍ത്തതുകൊണ്ട് നിലനില്‍ക്കുന്നവയാണ്.

ആകാശത്തിലെ ഈ നടവഴിയില്‍ കുറച്ചുഭാഗത്ത്, താഴേയ്ക്കുള്ള കാഴ്ച മറച്ചുകൊണ്ട് ഒരു ചുമര്‍ക്കെട്ടുണ്ട്. ജനവാസമുണ്ടായിരുന്ന കാലമുതലുള്ളതാണ് ഈ മതിലെന്ന്‍ പറയപ്പെടുന്നു
കൊളോണിയല്‍ കാലത്ത്, 1831-ല്‍ ബ്രിട്ടീഷ് പട്ടാളക്കാരനായിരുന്ന മേജര്‍ ജോനഥാന്‍ ഫോബ്സ് കുതിരപ്പുറത്ത് ഇതുവഴി കടന്നുപോകുമ്പോള്‍ , ഈ പാറയുടെ പരിസരത്ത്, കാടുപിടിച്ചുകിടക്കുന്ന വിജനതയില്‍ , പൊടിഞ്ഞുതീരാറായ ചില കെട്ടിടാവശിഷ്ടങ്ങള്‍ അവിചാരിതമായി കാണുന്നു. അങ്ങിനെയാണ് നൂറ്റാണ്ടുകളുടെ മറവിക്കുശേഷം സിഗിരിയ പട്ടണം വീണ്ടും വെട്ടത്തിലേയ്ക്ക് വരുന്നത്. നഗരാവശിഷ്ടങ്ങളിലേക്ക് വളര്‍ന്നു കയറിയ മരക്കൂട്ടങ്ങളൊക്കെ ഇപ്പോഴും വലിയ കേടുപാടുകള്‍ ഏല്‍ക്കാതെ നില്‍പ്പുണ്ട്. അത്രയും നല്ലത്. ആ മരത്തണലുകളില്‍ വെയിലിന്റേയും മഴയുടേയും കാഠിന്യമേല്‍ക്കാതെ പ്രകൃതിയുടെ സംരഷണത്തില്‍ , അവശേഷിക്കുന്ന സിഗിരിയയുടെ ചരിത്രം നിവര്‍ന്നുകിടക്കുന്നു.

മുകളില്‍ നിന്നുള്ള താഴ്വാരക്കാഴ്ച
കശ്യപയുടെ കാലശേഷം സിഗിരിയ ബുദ്ധസന്യാസിമാര്‍ക്ക് നല്‍കപ്പെട്ടു. അഞ്ചാറു നൂറ്റാണ്ടുകള്‍ കൂടി അവരിവിടെ പാര്‍ത്തിരുന്നു എന്ന് അനുമാനിക്കുന്നു. ഇന്നത്തെപോലെ അവശിഷ്ടങ്ങള്‍ കാണാനല്ലെങ്കിലും, രാജ്യതലസ്ഥാനം സിഗിരിയ അല്ലാതായി മാറിയപ്പോള്‍ , വലിയ ജനക്കൂട്ടങ്ങള്‍ ഈ സുന്ദരപട്ടണം കാണാന്‍ സന്ദര്‍ശകരായി എത്തിയിരുന്നുവത്രേ. മധ്യവടക്കന്‍പ്രദേശം ശ്രീലങ്കന്‍ചരിത്രത്തിന്റെ ആരൂഡമായിരുന്ന കാലംവരെ സിഗിരിയയും സംരക്ഷിക്കപ്പെട്ടിരുന്നിരിക്കാം. തെക്കേ ഇന്ത്യയില്‍ നിന്നുള്ള നിരന്തര ആക്രമണങ്ങളെ തുടര്‍ന്ന് തലസ്ഥാനം അനുരാധപുരത്ത് നിന്നും തെക്കുള്ള കാന്‍ഡിയിലേക്ക് മാറ്റിയതോടെ ഭിക്ഷുക്കളും സന്ദര്‍ശകരും ഇവിടം ഉപേക്ഷിച്ച് പോയി. പത്തറുന്നൂറു വര്‍ഷങ്ങള്‍ക്കു ശേഷം കുതിരപ്പുറത്തെത്തിയ ആ സായിപ്പ് വീണ്ടെടുക്കുന്നതുവരെ സിഗിരിയ ഈ വന്യവിജനതയില്‍ വിശ്രമിച്ചു.

ഒരു പാറ രണ്ടായി മുറിച്ചതിനുശേഷം അതിന്റെ ഒരു ഭാഗം മലര്‍ത്തിയിട്ട്, ആ പരന്ന പ്രതലം പ്രജാസഭയുടെ കൂടിച്ചേരലുകള്‍ക്കുള്ള ഇടമായി ഉപയോഗിച്ചിരുന്നുവത്രേ 
മലകയറ്റത്തിന്റെ പല തട്ടുകളിലായി രാജഭരണത്തിന്റെയും ആനന്ദത്തിന്റെയും വിവിധോദ്ദേശ്ശ്യങ്ങള്‍ക്കായി നിര്‍മ്മിക്കപ്പെട്ട പല ഇടങ്ങളും കാണാം. നടപ്പാതകളും പ്രജാസഭയ്ക്കുള്ള ഇടങ്ങളും ഭടന്മാര്‍ക്കുള്ള ഇടത്താവളങ്ങളും ഒക്കെ ഇതില്‍പ്പെടുന്നു.  പല പാറകളിലും ഒരു കാലത്ത് മേല്‍ക്കൂരയും അനുബന്ധനിര്‍മ്മിതികളും ഉറപ്പിച്ചിരുന്ന പാടുകള്‍ കാണാം. തടിയിലും ചുടുകല്ലുകളിലും ഒക്കെയുള്ള അത്തരം എടുപ്പുകള്‍ കാലം മായ്ച്ചുകളഞ്ഞെങ്കിലും, അവയ്ക്കുവേണ്ടി പാറകളില്‍ കൊത്തിയ പാടുകള്‍ ഇപ്പോഴും കാണാം.        
        
മേല്‍ക്കൂരയുടെയും മറ്റും നിര്‍മ്മാണത്തിനായി പാറയില്‍ കൊത്തിയ പാടുകള്‍
കയറ്റത്തിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗമാകുമ്പോള്‍ വീണ്ടും പരന്നൊരു പ്രതലത്തിലെത്തുന്നു. എന്തുകൊണ്ടാണ് സിഗിരിയയ്ക്ക് ഈ പേരുവന്നത് എന്നതിന്റെ കാരണം ഇവിടെയെത്തുമ്പോഴാണ് മനസ്സിലാവുക. ഈ തുറസ്സില്‍ നിന്ന് പാറയുടെ നെറുകവരെ ഉയര്‍ന്നുപോകുന്ന സിംഹത്തിന്റെ ഒരു പ്രതിമ അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ അതിന്റെ പാദങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. പാദത്തിന്റെ വലിപ്പവും പാറയുടെ ഉയര്‍ച്ചയും കണക്കുകൂട്ടിയാല്‍ ആ സിംഹരൂപത്തിന്റെ ഭീമാകാരമായ വലിപ്പം ഊഹിക്കാം. പുറത്തേയ്ക്ക് തള്ളിനില്‍ക്കുന്ന ഇത്രയും വലിയൊരു സിംഹരൂപത്തെ പേറുന്ന പാറയും അതിനു മുകളിലുണ്ടായിരുന്ന കൊട്ടാരവും ഒരുകാലത്ത് തീര്‍ച്ചയായും അതുല്യമായ വാസ്തുവിസ്മയം തന്നെയായിരുന്നിരിക്കണം. സിംഹത്തിന്റെ പാദങ്ങള്‍ക്കിടയിലൂടെയായിരുന്നു കൊട്ടാരത്തിലേക്കുള്ള അവസാനഭാഗത്തെ പടവുകള്‍ . അതിന്റെ ഒരല്‍പ്പം മാത്രമേ ഇപ്പോള്‍ ബാക്കിയുള്ളൂ.

സിംഹരൂപത്തിന്റെ അവശേഷിക്കുന്ന പാദഭാഗവും പടവുകളും 
ചരിത്രത്തിന്റെ ബാക്കിയായ വസ്തുരൂപങ്ങള്‍ക്ക്‌ മുന്നില്‍ ചെന്ന് നില്‍ക്കുമ്പോള്‍ സന്ദേഹസാന്ദ്രമായ ഒരു വിവശത തോന്നാറുണ്ട്. എന്തായിരുന്നിരിക്കാം ഇവിടെ നടന്നിരിക്കുക. പുസ്തകതാളുകളില്‍ ചരിത്രകാരന്മാര്‍ കുറിച്ചുവച്ച വസ്തുതകള്‍ക്കപ്പുറം, നാരായം കോറിയ ഇതളുകളില്‍ പെടാതെപോയ ചെറുസംഭവങ്ങളുടെ, എത്രയോ സൂക്ഷ്മജീവിതങ്ങളുടെ സങ്കലനങ്ങളിലൂടെയാവും ചരിത്രത്തിന്റെ വര്‍ണ്ണശീലകള്‍ നെയ്തെടുക്കപ്പെട്ടിരിക്കുക. ചരിത്രത്തിന് വ്യവസ്ഥാബദ്ധമായ ഏകാമാനതയില്ല. അത് ആകര്‍ഷണിയമായ നിഗൂഡമൌനങ്ങളുടെ ഖനിയാണ്. ചരിത്രം സംഭവങ്ങളെ ഓര്‍മ്മിക്കുകയല്ല, ഓര്‍മ്മകള്‍ സംഭവങ്ങളെ ഭാവനാപൂര്‍വ്വം പുനരാവിഷ്കരിക്കുകയാണ്.
  
സമതലത്തിന്റെ മറ്റൊരു കാഴ്ച
സിഗിരിയ എന്ന ചരിത്രപട്ടണത്തിന്റെ വാസ്തുസംബന്ധിയായ ശേഷിപ്പുകളെ അതിന്റെ സ്വന്തം അസ്തിത്വത്തിനു പുറത്ത് ലോകശ്രദ്ധയില്‍ പതിപ്പിക്കുന്ന അമൂല്യ കലാവസ്തുവാണ് പാറയുടെ ചുമരുകളില്‍ വരയപ്പെട്ടിരിക്കുന്ന അപൂര്‍വ്വചിത്രങ്ങള്‍ . ഇന്ത്യയ്ക്ക് അജന്ത എന്നതുപോലെയാണ് ശ്രിലങ്കയ്ക്ക് സിഗിരിയ. രണ്ടു കാലഘട്ടങ്ങളിലായാണല്ലോ അജന്തയിലെ ചുമര്‍ചിത്ര സമുച്ചയങ്ങള്‍ വരയപ്പെട്ടതായി അനുമാനിക്കുന്നത്. അജന്തയിലെ രണ്ടാംഘട്ട ചിത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ട അതേ കാലത്താണ് സിഗിരിയയിലെ ചിത്രങ്ങളും പിറക്കുന്നത് - അഞ്ചാം നൂറ്റാണ്ടാടിനോടടുപ്പിച്ച്.

ചുമര്‍ചിത്രം
ഫ്രെസ്കോ രീതിയില്‍ വരയപ്പെട്ട ഈ ചിത്രങ്ങള്‍ ഒരു കാലത്ത് സിഗിരിയ മലയുടെ പടിഞ്ഞാറന്‍ ചുമരുകളെ മുഴുവന്‍ വര്‍ണ്ണാഭമാക്കിയിരുന്നു. ഇന്ന് അവയില്‍ വളരെ കുറച്ചുമാത്രമേ അവശേഷിക്കുന്നുള്ളൂ. മലകയറ്റത്തിന്റെ ആയാസതയെ മറക്കാനുതകുംവിധം സുന്ദരവും മദാലസവുമായ സ്ത്രീരൂപങ്ങളുടെ നീണ്ടനിര വഴിചുമരുകളില്‍ ഉണ്ടായിരുന്നുവത്രേ.

മറ്റൊരു ചിത്രം
ചുറ്റുഗോവണി കയറി ചെല്ലുന്നിടത്ത് വളരെ വീതികുറഞ്ഞ ഒരു പ്ലാറ്റ്ഫോമില്‍ നിന്നുവേണം ഈ ചിത്രങ്ങള്‍ കാണാന്‍ - ചുമരിന്റെ വളരെ അടുത്തായി നിന്ന്. ഒരു നല്ല വൈഡാങ്കിള്‍ ലെന്‍സിന്റെ അഭാവം എല്ലാ ചിത്രങ്ങളെയും ഉള്‍ക്കൊള്ളിച്ച് ചുമരിനെ മുഴുവനായി പകര്‍ത്തുന്നതിന് തടസ്സമായി.

ചിത്രങ്ങളില്‍ വിഷയീഭവിക്കുന്ന സ്ത്രീകള്‍ രാജപത്നിമാരും തോഴികളുമാണെന്നും അതല്ല പട്ടണത്തില്‍ നടക്കാറുള്ള സ്ത്രീകളുടെ ഏതോ ഘോഷയാത്ര ചിത്രീകരിച്ചതാണെന്നുമുള്ള വ്യത്യസ്തമായ അനുമാനങ്ങള്‍ നിലവിലുണ്ട്. അകലെയുള്ള ഒരു ഭൂതകാലത്തില്‍ നിന്നും സംഭവങ്ങളുടെ അത്തരം മൂര്‍ത്തതകള്‍ ശരിയാംവിധം പകര്‍ത്തുക ശ്രമകരം തന്നെ.

മറ്റൊരു ചിത്രം
ചിത്രം വരച്ചിരിക്കുന്ന രീതി അജന്താചിത്രങ്ങളോട് വളരെയധികം സാമ്യം പ്രകടിപ്പിക്കുന്നുണ്ട്. വരകള്‍ ഒഴുകുന്ന അനായാസതയും നിഴലുകളുടെ ഉപയോഗവുമൊക്കെ അജന്താചിത്രങ്ങളുടെ സ്വഭാവം ഏറെ പ്രകടിപ്പിക്കുന്നുണ്ടെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് (എന്നെങ്കിലും അജന്താചിത്രങ്ങള്‍ നേരിട്ട് കാണുകയാണെങ്കില്‍ സ്വന്തമായൊരു അഭിപ്രായം രൂപികരിക്കാന്‍ സാധിക്കുമായിരിക്കും).

പില്‍ക്കാലത്ത് സിഗിരിയ ബുദ്ധഭിക്ഷുകള്‍ക്ക് തിരിച്ചുനല്‍കിയപ്പോള്‍ , അവരുടെ ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കുമൊക്കെ തടസ്സമാകുംവിധമുള്ള സ്ത്രീരൂപവിന്യാസങ്ങള്‍ ബോധപൂര്‍വ്വംതന്നെ നശിപ്പിക്കപ്പെട്ടിരിക്കാം എന്നും കരുതുന്നുണ്ട്. ഇതിന്റെ സാംഗത്യം പക്ഷെ സംശയാസ്പദമാണ്. അജന്തയിലും, മറ്റു പലയിടത്തും നിന്ന് മനസ്സിലാക്കാനാവുന്നത് ബൌദ്ധസംസ്കൃതി ചിത്ര-ശില്പകലകളുടെ പരിപോഷണത്തിന് വ്യക്തമായും അരുനിന്നു എന്നാണ്. കുശാല്‍നഗറിലെ (കര്‍ണ്ണാടക) തിബത്തന്‍ ബുദ്ധമതക്കാരുടെ സുവര്‍ണ്ണക്ഷേത്രത്തിന്റെ ചുമരുകള്‍ അലങ്കരിച്ചിരിക്കുന്ന ചിത്രങ്ങളുടെ കടുംവര്‍ണ്ണം സമകാല ഉദാഹരണം.

മറ്റൊരു ചിത്രം
കാവ്യനീതി കവിതാസംബന്ധി മാത്രമല്ല. ജീവിതത്തില്‍ നിന്നാണല്ലോ ഏതു കവിതയും ഉരുവംകൊള്ളുന്നത്. മൊഗല്ലാന ഇന്ത്യയില്‍ നിന്നും പടയൊരുക്കത്തോടെ തിരിച്ചുവരിക തന്നെ ചെയ്തു. ഇത്രയും സംരക്ഷണകവചങ്ങളുള്ള കോട്ടയ്ക്കുള്ളില്‍ പക്ഷെ ഒറ്റയ്ക്ക് ഒളിച്ചിരിക്കാന്‍ കശ്യപയ്ക്കായതുമില്ല. ഏതു രാജാവിനേയും പോലെ യുദ്ധംചെയ്യാന്‍ കശ്യപയ്ക്കും സമതലത്തിലേക്ക് ഇറങ്ങിവരേണ്ടി വന്നു. രണ്ടു പതിറ്റാണ്ടു കാലത്തെ തന്റെ ഭരണത്തിനിടയ്ക്ക് കശ്യപയ്ക്ക് ഭടന്മാരിലും ജനങ്ങളിലും അബോധമായി സംക്രമിപ്പിക്കാന്‍ സാധിച്ച വൈകാരികാനുഭവം ഭയമായിരുന്നു. യുദ്ധഭൂമിയില്‍ വച്ച് കശ്യപ തന്റെ ആനയെ തന്ത്രപരമായ ഒരു നീക്കത്തിന് വേണ്ടി പിന്നിലേക്ക്‌ തിരിച്ചപ്പോള്‍ , രാജാവ് പിന്തിരിഞ്ഞോടുകയാണെന്ന് തെറ്റിദ്ധരിച്ച പടയാളികള്‍ യുദ്ധമുപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. യുദ്ധഭൂമിയില്‍ ഒറ്റയ്ക്കായ കശ്യപ, മൊഗല്ലാനയുടെ കയ്യില്‍പ്പെട്ട് ചിത്രവധം ചെയ്യപ്പെടാതിരിക്കാന്‍ സ്വയം കുത്തിമരിച്ചു.                               

സിഗിരിയ ബുദ്ധസന്യാസിമാര്‍ക്ക് തിരിച്ചുനല്‍കി മൊഗല്ലാന തലസ്ഥാനം അനുരാധപുരത്തേയ്ക്കു തന്നെ മടക്കികൊണ്ടുപോയി. സിഗിരിയയുടെ ചരിത്രം ഏറെക്കൂറെ അവിടെ അവസാനിക്കുന്നു. വിചിന്തനാര്‍ഹമായ ഒരുകാര്യം കൂടി പക്ഷെ ബാക്കിയാവും. നന്മതിനമകളുടെ കണക്കെടുപ്പ് എന്തായാലും ശ്രീലങ്കയുടെ ചരിത്രവഴിയില്‍ കാലാകാലങ്ങളില്‍ ഇന്ത്യ ഒരു അനിവാര്യതയായി കടന്നുവന്നുകൊണ്ടേയിരിക്കുന്നു. അടുത്തുകിടക്കുന്ന ഒരു വലിയ രാജ്യം എന്നതുമാത്രമാവില്ല ഒരുപക്ഷേ അതിനു സംഗതിയായി തീരുക. സിംഹളരായാലും തമിഴരായാലും അവരുടെ ജനിതകകണ്ണികള്‍ ഇപ്പുറത്തേയ്ക്ക് നീണ്ടുകിടക്കുന്നു എന്നതുകൊണ്ട് കൂടിയാവാം.

- തുടരും -

2 അഭിപ്രായങ്ങൾ:

  1. ഞാന്‍ എന്റെ ശ്രീലങ്കന്‍ യാത്രയിലെ സിഗിരിയ ഭാഗം ഏതാണ്ട് എഴുതി തീര്‍ന്നിരിക്കുന്ന സമയത്താണ്‌ ഈ പോസ്റ്റ് കണ്ടത്. സന്തോഷം. സിഗിരിയ പാറ കേറാന്‍ മലയാളികളെയൊന്നും കണ്ടില്ലായിരുന്നു ഞാനും. നിങ്ങളുടെ എഴുത്തിഷ്ടമായി. പടങ്ങളും.

    എന്റെ എഴുത്തിന്റെ ബാക്കി തീര്‍ക്കാന്‍ നോക്കട്ടെ.

    യാത്രകള്‍ ഇഷ്ടപ്പെടുന്ന ആളായതുകൊണ്ട് നിങ്ങളെ ഒന്നു 'ഫോളോ' ചെയ്താലോ എന്നുണ്ട്. ആ ബട്ടണ്‍ താമസിയാതെ ചേര്‍ക്കുമെന്നു പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ