ഒന്നാം ഭാഗം
രണ്ടാം ഭാഗം
മൂന്നാം ഭാഗം
എന്റെ വീട്ടില്‍ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് തിരുവനന്തപുരം വിമാനത്താവളം. പല വിമാനങ്ങളുടെയും യാത്രാപഥം വീടിനു മുകളില്‍ കൂടിയാണ്. വളരെ താഴ്ന്നു പറക്കുന്ന പല വിമാനങ്ങളുടെയും ലാന്റിംഗ് ഗിയറുകള്‍ തുറക്കുക അവിടെയെത്തുമ്പോഴാണ് . കുട്ടിക്കാലത്ത് ശബ്ദം കേള്‍ക്കുമ്പോള്‍ ടെറസ്സിലേക്ക് ഓടികയറി വിമാനത്തിനുള്ളില്‍ നിന്നും ചക്രങ്ങള്‍ പുറത്തേയ്ക്കുവരുന്ന പ്രതിഭാസം കൌതുകത്തോടെ നോക്കിനില്‍ക്കും. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്തെപ്പോഴോ ആണ് ആകാശത്ത് മുഴുവന്‍ കാളിമപടര്‍ത്തികൊണ്ട് കറുത്ത യുദ്ധവിമാനങ്ങള്‍ പേടിപ്പെടുത്തുന്ന ഹൂങ്കാരശബ്ദത്തോടെ പറന്നു പോയത്. പടുകൂറ്റന്‍ മിലിട്ടറികാര്‍ഗോ വിമാനം നേരേമുകളിലെത്തുമ്പോള്‍ ആകാശം മുഴുവന്‍ അടഞ്ഞുപോകും. ഏതു നിലവിളിയും അമര്‍ത്തി കാതടപ്പിക്കുന്ന ശബ്ദം കുറേനേരം പ്രകമ്പനംകൊള്ളും.
അനുരാധപുരത്ത് നില്‍ക്കുമ്പോള്‍ ഞാന്‍ ആ കാഴ്ചകള്‍ ഓര്‍ത്തു. അന്ന് ആ വിമാനങ്ങളൊക്കെ പറന്നുപോയത് ഇന്ത്യന്‍ സമാധാനസേനയേയും കൊണ്ട് ശ്രീലങ്കയിലേക്കാണ്. യുദ്ധമേഖലയായിരുന്ന വടക്കന്‍ശ്രീലങ്കയുടെ ഏറ്റവും അടുത്ത് ഞങ്ങള്‍ എത്തുന്നത് അനുരാധപുരത്താണ്. ഇവിടെ നിന്ന് ഏകദേശം അന്‍.പത് കിലോമീറ്റര്‍ മാത്രം അകലെയാണ് വാവുനിയ. നൂറ് കിലോമീറ്റര്‍ അകലെ ട്രിങ്കോമാലി. ജാഫ്ന ഇരുനൂറ് കിലോമീറ്റര്‍ അകലെയും. യുദ്ധപ്രദേശങ്ങളായിരുന്ന ട്രിങ്കോമാലിയും ബട്ടികലോവയുമൊക്കെ ഇപ്പോള്‍ വിനോദസഞ്ചാര മേഖലകളാണ്. കിഴക്കന്‍ തീരത്തുള്ള ട്രിങ്കോമാലിയില്‍ പോകണമെന്ന് ആഗ്രഹിച്ചിരുന്നു. എങ്കിലും കുടുംബസമേതമായതിനാല്‍ പഴയ യുദ്ധത്തിന്റെ അവശേഷിപ്പുകള്‍ പേടിച്ച് ആ ഭാഗം ഒഴിവാക്കുകയായിരുന്നു. അതുപക്ഷെ മണ്ടത്തരമായിപ്പോയെന്ന് ഇവിടെയെത്തിയപ്പോള്‍ തോന്നി. ട്രിങ്കോമാലി കിഴക്കന്‍തീരത്തുള്ള അതിഗംഭിരമായ വിനോദസഞ്ചാരകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണത്രേ.
മധ്യവടക്കന്‍ ശ്രീലങ്കയുടെ ആസ്ഥാനമാണ് അനുരാധപുരം. ശ്രീലങ്കയുടെ അറിയാവുന്ന ചരിത്രത്തില്‍ , ബി. സി. നാലാം നൂറ്റാണ്ടു മുതല്‍ എ. ഡി. പതിനൊന്നാം നൂറ്റാണ്ടുവരെ ദ്വീപിന്റെ ഭരണസിരാകേന്ദ്രം അനുരാധപുരമായിരുന്നു. ഏതാണ്ട് പതിനഞ്ചു ശതാബ്ദം ക്ഷയിക്കാതെ തുടര്‍ന്ന ഒരു ജനപഥം ലോകചരിത്രത്തില്‍ അപൂര്‍വ്വമത്രേ. ഏതാണ്ട് മുപ്പത്തയ്യായിരം വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ശ്രീലങ്കയില്‍ മനുഷ്യവാസത്തിന്റെ സ്പര്‍ശമുണ്ടായതെന്നാണ് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നത്. ആഫ്രിക്കയില്‍ നിന്നും ഇന്ത്യന്‍ ഉപഭൂഖണ്‍ഡത്തിലേക്ക് ആകമാനം ആദിമമനുഷ്യന്റെ സഞ്ചാരമുണ്ടാകുന്നതും ഇക്കാലത്താണെന്നാണ് നിഗമനം. അക്കാലവുമായി താരതമ്യംചെയ്യുമ്പോള്‍ ഏറെ ആധുനികവും ചരിത്രത്തിന് കുറച്ചുകൂടി സ്പഷ്ടമായ സ്വാംശീകരണസാധ്യതതകള്‍ നല്‍കുന്നതുമായ ഇരുമ്പുയുഗത്തിന്റെ ശേഷപത്രങ്ങള്‍ മണല്‍വകഞ്ഞ് പ്രത്യക്ഷപ്പെട്ടത് അനുരാധപുരത്താണ്. ബി. സി. തൊള്ളായിരത്തിനു മുന്‍പായിതന്നെ ഇരുമ്പുപണിയായുധങ്ങള്‍ ഉപയോഗിച്ചിരുന്ന നാഗരിക മനുഷ്യര്‍ അനുരാധപുരത്തും, അധികം അകലെയല്ലാതെ സിഗ്രിയയിലും ജീവിച്ചിരുന്നതയാണ് ചരിത്രപാഠം.
എല്ലാ പ്രദേശങ്ങളുടെയും എന്നപോലെ ശ്രീലങ്കയുടേയും അതിവിദൂരചരിത്രം സങ്കീര്‍ണവും ഇഴപിരിച്ചെടുക്കാന്‍ പ്രയാസം നേരിടുന്നതുമായ ഒന്നാണ്. ശ്രീലങ്കയുടെ ആദ്യരാജവായി കുറച്ചെങ്കിലും തെളിവുകളോടെ മുന്നിലേക്ക് വരുന്നത് വിജയ എന്ന ഇന്ത്യന്‍ രാജകുമാരനാണ്. വെസ്റ്റ്‌ബംഗാളിലെ സിങ്കൂരില്‍ നിന്നോ ഗുജറാത്തിലെ സിഹോരില്‍ നിന്നോ ആയിരിക്കണം വിജയ ദ്വീപിലെത്തിയത് എന്നാണ് അനുമാനം. ഇത് സംഭവിക്കുന്നത് ബി. സി. അഞ്ഞൂറിനോടടുപ്പിച്ചാണ്. സ്വദേശത്ത് നടപ്പിലാക്കിയ ക്രൂരതകളാല്‍ അനുയായികളോടൊപ്പം നാടുകടത്തപ്പെട്ട വിജയ ശ്രീലങ്കയിലെത്തി ഇവിടുത്തെ പൌരാണിക ജനാവലികളെ കൊല്ലുകയോ തുരത്തുകയോ ചെയ്തതിനുശേഷമാണ്, മാന്നാര്‍ ആസ്ഥാനപ്പെടുത്തി ആദ്യത്തെ രാജ്യം സ്ഥാപിക്കുന്നത്. പിന്നെയും ഒരു രണ്ട് നൂറ്റാണ്ടുകള്‍ കൂടി കഴിഞ്ഞിട്ടാണ് ഭരണകേന്ദ്രം അനുരാധാപുരത്തേയ്ക്ക് മാറുന്നത്.
ഇത്രയും പറയുമ്പോള്‍ നമുക്ക് രാമായണത്തിലെ ശ്രീലങ്കയെ കുറിച്ചുള്ള പരാമര്‍ശങ്ങളൊക്കെ ഏറെക്കൂറെ ഐതീഹ്യത്തിന്റെ തലത്തിലേക്കുതന്നെ ഉപേക്ഷിക്കേണ്ടി വരും. ശ്രീലങ്കയിലെ മഹാനായ രാജാവായിരുന്ന രാവണന്‍, അതിനെ ചരിത്രമായി കാണാന്‍ ശ്രമിക്കുന്ന ഇടങ്ങളില്‍ , വിജയ രാജാവിനെക്കാളും രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ജീവിച്ചിരുന്നത് എന്നാണ് അടയാളപ്പെടുക. എന്നാല്‍ ശ്രീലങ്കയുടെ ഏറ്റവും പഴയ വിശ്വസനിയമായ ചരിത്രപുസ്തകങ്ങളില്‍ ഒന്നായ 'മാഹവംശ'യില്‍ രാവണനില്ല. ഭൂമിശാസ്ത്രപരമായി രാവണന്‍ ജീവിച്ചിരുന്നതായി അനുമാനിക്കുന്നതും അനുരാധപുരം എന്ന സമതലത്തില്‍ നിന്നും ഒരുപാട് തെക്കുമാറി നുവറാഏലിയാ എന്ന മലമുകളിലാണ്. രാവണന്‍ ചരിത്രവ്യക്തിയാണെന്ന് നിര്‍ബന്ധംപിടിക്കേണ്ടതില്ലെങ്കിലും മറ്റു കോണുകളില്‍ നിന്നുള്ള അനുമാനങ്ങള്‍ പ്രസക്തമാകാതെ പോകുന്നില്ല. 'മാഹവംശ' ഒരു ബൌദ്ധകൃതിയാണ് - ബുദ്ധഭിക്ഷുവിനാല്‍ എഴുതപ്പെട്ടത്. ആദ്യരാജാവായി കരുതുന്ന വിജയയുടെ കാലം ബുദ്ധന്റെ കാലഘട്ടം കൂടിയാണ്. ബുദ്ധനേയും വിജയരാജാവിനെയും ബന്ധപ്പെടുത്താന്‍ മഹാവംശ ശ്രമിക്കുന്നതില്‍ നിന്നും ആ കൃതിയുടെ ബൌദ്ധസ്വാധീനം വ്യക്തമാണ്. ബുദ്ധന്റെ കാലത്തിനപ്പുറത്തുള്ള ചരിത്രത്തെ കുറിച്ച് മഹാവംശ വ്യാകുലപ്പെടുന്നില്ല എന്നതാവുമത്. ഏതാണ്ട് രണ്ട് നൂറ്റാണ്ടുകള്‍ കൂടി കഴിഞ്ഞിട്ടാണ് ബുദ്ധമതത്തിന്റെ പ്രഭവം ശ്രീലങ്കയില്‍ സംഭവിക്കുന്നതെങ്കിലും ആദ്യ രാജാവിന്റെ കാലം മുതല്‍ തന്നെ ബുദ്ധസ്പര്‍ശം ഉണ്ടായിട്ടുണ്ടെന്ന് മഹാവംശ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ മതപരമായ അടിയൊഴുക്ക് സ്പഷ്ടമാണ്. അക്കാലത്തിന് മുന്‍പുള്ള പ്രാകൃത ജനവാസത്തെ, അവരുടെ പേഗന്‍ ആരാധനാരീതികളെ, തമസ്കരിക്കുകയാണ് ആ ചരിത്രപുസ്തകം ചെയ്തിരിക്കുക. ഈ ജനതതിയില്‍ നിന്നാണ് സിംഹള വംശം ഉത്ഭവിച്ചത് എന്നതാവും അതിനു മുന്‍പുള്ള ചരിത്രത്തിന്റെ അന്വേഷണങ്ങള്‍ പ്രാധാന്യമര്‍ഹിക്കാതെ പോയതിനുള്ള മറ്റൊരു മുഖ്യകാരണം.
അനുരാധപുരം ഏതാണ്ട് 1400 വര്‍ഷം ശ്രീലങ്കയുടെ തലസ്ഥാനമായി തുടര്‍ന്നു. ഭരണസ്ഥാനം അനുരാധപുരത്തേയ്ക്ക് മാറിയതിനു ശേഷം, വിശിഷ്യ ദേവനംപിയതിസ്സയുടെ കാലം മുതല്‍ , അതായത് ബുദ്ധമതാഗമനത്തോടെ ഈ പ്രദേശം വലിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് കണ്ടത്. കൊട്ടാരങ്ങളും വിഹാരങ്ങളും സ്തൂപങ്ങളുമൊക്കെയായി ജനപഥം ആധുനികമായ സവിശേഷതകളാര്‍ജ്ജിച്ചു.
അനുരാധപുരത്ത് ഞങ്ങള്‍ ആദ്യമെത്തിയത് പുരാതനമായ ജേതാവന ബുദ്ധവിഹാരത്തിന്റെ അവഷിടങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന സ്തൂപം കാണാനാണ്. എ. ഡി. മൂന്നാം നൂറ്റാണ്ടിലാണ് ഇതിന്റെ നിര്‍മ്മാണം നടക്കുന്നത്. ബുദ്ധന്റെ അരപ്പട്ട ഉള്‍പ്പേറുന്ന സ്തൂപം എന്ന വിശ്വാസം ഇതിനെ പ്രാധാന്യമുള്ളതും വിശുദ്ധവുമാക്കുന്നു. നിര്‍മ്മാണ കാലത്ത് പിരമിഡ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം എന്ന ഖ്യാതി ജേതാവനസ്തൂപയ്ക്കായിരുന്നത്രേ. ജേതാവനയുടെ ചരിത്രം തുടങ്ങുക ശ്രീലങ്കയിലെ ബുദ്ധമതത്തിന്റെ വ്യവസ്ഥാപിത ഘടനയില്‍ നിലനിന്നിരുന്ന വ്യത്യസ്തമായ ആചാരരൂപങ്ങള്‍ തമ്മിലുണ്ടായ അധികാരവടംവലിയുടെ ശേഷപത്രമായാണ് . മഹായാന വിഭാഗവും ടെറവാഹ്ദാ വിഭാഗവും തമ്മിലുണ്ടായിരുന്ന കടുത്ത ശത്രുതയാണ് ജേതാവനയുടെ നിര്‍മ്മാണത്തിലേക്ക് നയിച്ചത്.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiTNkOrCGZlKKJBEipTSTJ0VPJB6BJtrqonDTQ9INavU93z2W44kIYowGjmjPFcXtUwNSJhd0K25XM3-FRXB2TbndmPc23kSLtPk5yIYmP8Y_iT5_alp7DOhJpDfHY3RCvXwLhS6M8eySc/s640/IMG_2180.JPG) |
ജേതാവന സ്തൂപം |
മഹായാന ഭിക്ഷുക്കളുടെ തലവനായിരുന്ന സംഘമിത്തയുടെ ഉപജാപങ്ങളാല്‍ മഹാസേന രാജാവ് ടെറവാഹ്ദാ ഭിക്ഷുക്കള്‍ക്ക് എതിരായതിനാല്‍ അവര്‍ക്ക്, താമസസ്ഥലമായ മഹാവിഹാരയില്‍ നിന്നും മറ്റു പ്രദേശങ്ങളിലേക്ക് നാടുവിട്ടു പോകേണ്ടി വന്നു. സംഘമിത്തയും മന്ത്രിയായ സോനയും ചേര്‍ന്ന് മഹാവിഹാര കൊള്ളയടിച്ച് സ്വത്തുക്കള്‍ മുഴുവന്‍ മറ്റിടങ്ങളിലേക്ക് കടത്തി. എന്നാല്‍ ഇതിനോട് യോജിക്കാതിരുന്ന മറ്റൊരു മന്ത്രി, മേഘവന്നഭയ, സമാന്തര പട്ടാളമുണ്ടാക്കി രാജ്യം ആക്രമിക്കാന്‍ വന്നു. യുദ്ധത്തിന് മുതിരാതെ രാജാവ് ഇവരുമായി സന്ധിസംഭാഷണം നടത്തുകയും, തന്റെ തെറ്റില്‍ ക്ഷമചോദിച്ച് നാടുവിട്ടുപോയ ഭിക്ഷുക്കളെ മഹാവിഹാരയിലെക്ക് മടങ്ങിവരാന്‍ അഭ്യര്‍ഥിക്കുകയും, അവിടെ ജേതാവനസ്തൂപം പണിയാന്‍ ആരംഭിക്കുകയുമായിരുന്നു. താമസംവിന സംഘമിത്ത കൊലചെയ്യപ്പെടുകയും ചെയ്തു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_5Gv6NGp0BADlxjZBP9R6wMkWIMluYAQiOIj7bdn_guwvr6YQVqTTh3h4Pj5CYHv83SSNY7QM8J6tvc7_J67sUKKj2jWkXbq-3JdshikHkec4hQ78itmf0pnejJsBRIt2urVo5Bek1CA/s640/IMG_2190.JPG) |
ജേതാവന സ്തൂപം |
എല്ലാ സ്തൂപങ്ങളുടെയും അനുബന്ധനിര്‍മ്മിതികളില്‍ കാണുന്നതുപോലെ ഇവിടെയും പല തരത്തിലും വലിപ്പത്തിലുമുള്ള ബുദ്ധപ്രതിമകള്‍ കാണാം. ഒപ്പം കാലാകാലങ്ങളില്‍ അനുരാധപുരം ഭരിച്ചിരുന്ന രാജാക്കന്മാരുടെ വര്‍ണ്ണാഭമായ പ്രതിമകളും.
ഒരു പ്രത്യേക ദേശത്തിന്റെ സമകാലികതയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ആള്‍ക്ക് അനുരാധപുരം മറ്റേതൊരു ശ്രീലങ്കന്‍ പട്ടണത്തെയും പോലെ സാധാരണം മാത്രമാണ്. എന്നാല്‍ ദേശത്തിന്റെ പൌരാണികചരിത്രത്തില്‍ താല്‍പ്പര്യമുള്ള ഒരാള്‍ക്ക് അനേകം സാധ്യതകളുള്ള പ്രദേശമാണ് അനുരാധപുരം. ഒന്നോ രണ്ടോ ദിവസം കൊണ്ട് അറിഞ്ഞുതീര്‍ക്കാനാവുന്ന ഒന്നല്ല കിലോമീറ്ററുകള്‍ ചിതറികിടക്കുന്ന ഒരു വന്‍നാഗരികതയുടെ അവശിഷ്ടങ്ങള്‍ . ആഴ്ചകളോ മാസങ്ങളോ എടുക്കും ഈ ഭൌതീകശേഷപത്രങ്ങളിലൂടെ മഗ്നമനസ്സുമായി യാത്രചെയ്യാന്‍ . സമയത്തിന്റെ കാര്യത്തില്‍ അത്രയും ആര്‍ഭാടം അനുവദിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഒരു പകല്‍കൊണ്ട് ഞങ്ങള്‍ക്ക് അനുരാധപുരം ആവുന്നത്ര കണ്ടുതീര്‍ക്കാനേ സാധിച്ചുള്ളു.
അനുരാധപുരത്തെ മറ്റൊരു അതിപ്രശസ്ത ബുദ്ധവിഹാരമായിരുന്ന അഭയഗിരിയിലാണ് അതിനുശേഷം ഞങ്ങള്‍ എത്തിയത്. വലിയ സ്തൂപവും മറ്റു വിവിധോദ്ദേശ്യകെട്ടിടങ്ങളും കുളങ്ങളും ഒക്കെയായി വളരെ വിപുലമായ രീതിയില്‍ തുടര്‍ന്നിരുന്ന ഒരു വിഹാരമാണ് അഭയഗിരി. അഭയഗിരിയുടെ ചരിത്രത്തില്‍ ജൈനന്മാരും ബ്രാഹ്മണരുമൊക്കെ കടന്നുവരുന്നു. ചരിത്രം പലപ്പോഴും അതിന്റെ വൈരുധ്യങ്ങള്‍ കൊണ്ട് വിഷയത്തില്‍ അതിവിദഗ്ദ്ധരല്ലാത്ത അനുവാചകരെ വലിയ സന്ദേഹത്തില്‍പ്പെടുത്തികളയും. ക്രിസ്താബ്ദത്തിന്റെ തുടക്കം കഴിഞ്ഞ് ഇരുന്നൂറെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വടക്കേഇന്ത്യയില്‍ നിന്ന് തെക്കോട്ടേയ്ക്ക് ബ്രാഹ്മണകുടിയേറ്റങ്ങള്‍ ഉണ്ടാവുന്നതെന്നാണ് പൊതുവായ ചരിത്രം. എന്നാല്‍ ക്രിസ്തുവിനും ഒരു നൂറ്റാണ്ടു മുന്‍പ് അഭയഗിരിയുടെ നിര്‍മ്മാണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ ബ്രാഹ്മണരും ജൈനരും ഉള്‍പ്പെടുന്നു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwTzuJBAnNP45oXIRpvU4JHt3GtDiECsDEtg-jv5v0dYVByFZOM3QP5aItQ54rXvNpgKQLHCDYxs-tzHHSYIAEyF9fDn_0AllRW1wFgn5o9CswJI_oWFvv4xl68kWdvaLnbznaLaVt9zM/s640/IMG_2195.JPG) |
അഭയഗിരി സ്തൂപം |
ബി. സി. ഒന്നാം നൂറ്റാണ്ടില്‍ അനുരാധപുരം വാണിരുന്ന വലഗംബ രാജാവിന്റെ കാലത്ത് തിയ എന്ന ഒരു പ്രബലബ്രാഹ്മണന്‍ രാജാവിനെതിരെ തിരിഞ്ഞു. ഇതേ സമയത്തുതന്നെ തമിഴ് ദേശത്ത് നിന്നുള്ള ഒരു വന്‍സൈന്യവും യുദ്ധസന്നദ്ധമായി കടലിടുക്കുകടന്ന് ദ്വീപിന്റെ തീരത്ത് വന്നെത്തി. യുദ്ധത്തില്‍ അവരെ തോല്‍പ്പിക്കാനാവില്ല എന്ന് ഉറപ്പുണ്ടായിരുന്ന രാജാവ്, വിദേശശത്രുക്കളെ തോല്‍പ്പിച്ചു വന്നാല്‍ രാജ്യം നല്‍കാമെന്ന് തിയക്ക് വാഗ്ദാനംകൊടുത്തു. ഇത് സമ്മതിച്ചു യുദ്ധത്തിനുപോയ തിയും പട്ടാളവും തമിഴ് ശക്തിക്ക് മുന്നില്‍ തോറ്റുപോയി. തിയയെ തോല്‍പ്പിച്ച തമിഴ് പട അനുരാധപുരത്തെത്തി. യുദ്ധത്തില്‍ തോറ്റ വലഗംബ രാജാവും രാജ്യംവിട്ടോടി. ഇങ്ങിനെ രക്ഷപെട്ടുപോകുന്ന രാജാവ് നഗരപ്രാന്തത്തിലുള്ള ഒരു ജൈനാശ്രമത്തിനു മുന്നിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ജൈനസന്യാസി "ഇതാ നമ്മുടെ മഹാനായ സിംഹളന്‍ ഓടിരക്ഷപ്പെടുന്നേ" എന്ന് വിളിച്ചുകൂവിയത്രേ. അപമാനിതനായ രാജാവ് അവിടെവച്ചൊരു പ്രതിജ്ഞചെയ്തു; എന്നെങ്കിലും ഞാന്‍ തിരിച്ചുവരികയാണെങ്കില്‍ ഈ ജൈനാശ്രമം ഇടിച്ചുകളഞ്ഞ് ഇവിടെയൊരു ബുദ്ധാശ്രമം പണിയും. പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം തമിഴരെ തോല്‍പ്പിച്ച് വലഗംബ തിരിച്ചുവരുകതന്നെ ചെയ്തു. രാജാഭിഷേകത്തിന് ശേഷം അദ്ദേഹം ആദ്യംചെയ്തത് തന്റെ പ്രതിജ്ഞനിറവേറ്റുക എന്നതായിരുന്നു. അങ്ങിനെയാണ് അഭയഗിരി വിഹാരം സൃഷ്ടിക്കപ്പെടുന്നത്.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtr1agP2H-KwicUI0aRnKUOcfVnTmpVU7QF_XJ7MP3v1tmXQPv_9gLom-SxybCaotbHp9AWeP4qS39c_ciL1kH-v16GmkFx_vUcW59TqreULV8GwClH_Lq9rzIKRHlJPR3Ss1DDlxB_cs/s640/IMG_2196.JPG) |
മൂന്നാം നൂറ്റാണ്ടോടെ അഭയഗിരി ഒരു വന്‍പ്രസ്ഥാനമായി മാറികഴിഞ്ഞിരുന്നു. ബുദ്ധവിഹാരമെന്ന നിലയ്ക്കും ബുദ്ധതത്വങ്ങളുടെ പാഠശാലയെന്ന നിലയ്ക്കും അഭയഗിരിയുടെ പ്രശസ്തി രാജ്യാതിര്‍ത്തികള്‍ കടന്നുപോയി. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ജാവയില്‍ നിന്നും ഒക്കെ ഒരുപാട് യുവതീയുവാക്കള്‍ അഭയഗിരിയില്‍ പഠിക്കാനെത്തി. അഞ്ചാറുനൂറ്റാണ്ടുകള്‍ ഏറ്റകുറച്ചിലുകളോടെ അനുരാധപുരത്തിന്റെ സിരാകേന്ദ്രങ്ങളില്‍ ഒന്നായി തുടര്‍ന്നു അഭയഗിരി. പിന്നെ ഏതൊരു ജനപഥത്തിന്റെയും ചരിത്രാനിവാര്യതപോലെ പതുക്കെ പതുക്കെ അതും നാശോന്മുഖമായി. പതിമൂന്നാംനൂറ്റാണ്ടോടെ അനുരാധപുരം സിംഹളതലസ്ഥാനം അല്ലാതായതിനെ തുടര്‍ന്ന് അഭയഗിരി പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടു. കാടുപിടിച്ച് കാഴ്ചായോഗ്യം അല്ലാതായി നൂറ്റാണ്ടുകള്‍ കിടന്ന ഈ പ്രദേശം പത്തൊന്‍പതാം നൂറ്റാണ്ടിലാണ് പിന്നീട് വീണ്ടെടുക്കപ്പെടുന്നത്. വിസ്മരിക്കപ്പെട്ട വര്‍ഷങ്ങളുടെ പൊടിമൂടിയ തിരശ്ശീലകള്‍ വകഞ്ഞുമാറ്റി പുരാവസ്തുഗവേഷകര്‍ അഭയഗിരിയെ വീണ്ടെടുക്കുമ്പോള്‍ പൌരാണികമായ ജനപഥത്തിന്റെ വിപുലമായ വസ്തുരൂപങ്ങളാണ് തെളിഞ്ഞുവന്നത്. ഏക്കറുകള്‍ വിസ്തൃതിവരുന്ന പ്രദേശത്ത് ആ മധ്യകാലനാഗരികതയുടെ ഗംഭീരമായ നീക്കിയിരിപ്പുകള്‍ ചിതറികിടക്കുന്നു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQxTqrHaiuNCBetd4Tq-tCH6Ni3x7QMDVrGnKcqJwz3B6QvdptjPRVKz6E959-G4l8ghOSFzRQOTn6A1eeLh7a7EHh2QT9LlBb69fT4w1RyRlFl_yoaOvGQABqk_Ln4gAEFV57tgoUJ2s/s640/IMG_2191.JPG) |
കുട്ടം പൊക്കുന - കുളം |
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiH6SeNCp94YWe_kIh-7QH-k4eYJAmDiK6g92bMcThjlaxwwNQy7BKpOIEJSJaAg9Ugn062WpjcYokfDRSo4S1z-dT8A38P_hJQRMgMzBUfGhEcLSSf_7kuBfa0XsvSH2VEaero8Aa4nj8/s640/IMG_2193.JPG) |
സമാധിബുദ്ധ പ്രതിമ |
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcrZr2RLEp6MMUJuEh8-PeUulmhaDRVfZHC9dzXr9CTWjZNZp8F3nosXDpNruRRNLjhOu3DaQgYAI8PwuVwgWBoN9zM2h-PWhtUXx1jTL13voYOf50LnyAHRK8TytO7poIbfEe9idmaA4/s640/IMG_2197.JPG) |
സന്യാസിമാര്‍ക്ക് ഭിക്ഷയായി കിട്ടുന്ന ആഹാരങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലവും ഭോജനശാലയും മറ്റും |
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTd586lYFDdFut3Looue5jn6JWHOe24vK6W-w5DnmOBsM4U7_Z4vRadpbg4I-gDy0Lfre8v2DPFWBiDNz2DUC-TOW6ymtLQ7V3lEINm_y_MxbU38SXFSgMVt_4hx7BOPLjKzKUi8UYXBc/s640/IMG_2198.JPG) |
മറ്റൊരു സ്നാനകുളം. ജലം കൊണ്ടുവരാനും മറ്റും ഹൈഡ്രോളിക്ക് സിസ്റ്റം നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ഇവിടെ വികസിപ്പിച്ചെടുത്തിരുന്നുവത്രേ |
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJAemLG9dfmHUBks4PCLjrvsvsiIM_D1IEDQFpZzVvKm0pLA0xg4CoHKS-SAr_uDj2I9tXzCWk1uxXu6yDdUScQcXNoK2AY_bHZDvsqDmbL1kJMo9rEBIR-yGAqAdRkVYvnaSeTQd6wGs/s640/IMG_2209.JPG) |
മൂണ്‍സ്റ്റോണ്‍ - അര്‍ദ്ധവൃത്താകൃതിയില്‍ , കൊത്തുപണികളോടെയുള്ള ഇത്തരം ശിലകള്‍ പ്രവേശനകവാടത്തിലും മറ്റും പതിപ്പിക്കുന്ന പതിവ് അനുരാധപുരം കാലഘട്ടം മുതലാണ് ആരംഭിക്കുന്നത് |
(തുടരും)
മരതകദ്വീപെത്ര സുന്ദരം
മറുപടിഇല്ലാതാക്കൂdear ajith, thanks for the visit and comment
മറുപടിഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂഒരു പ്രത്യേക ദേശത്തിന്റെ സമകാലികതയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ആള്‍ക്ക് അനുരാധപുരം മറ്റേതൊരു ശ്രീലങ്കന്‍ പട്ടണത്തെയും പോലെ സാധാരണം മാത്രമാണ്. എന്നാല്‍ ദേശത്തിന്റെ പൌരാണികചരിത്രത്തില്‍ താല്‍പ്പര്യമുള്ള ഒരാള്‍ക്ക് അനേകം സാധ്യതകളുള്ള പ്രദേശമാണ് അനുരാധപുരം.
ആ ഒരു വികാരമാണല്ലോ ഈ ദേശങ്ങളിലൂടെ യാത്രകൾ നടത്തുവാൻ മനസ്സിനെ പ്രേരിപ്പിയ്ക്കുന്നത്... അത് ലാസ്സറേട്ടൻ നന്നായി ആസ്വദിച്ചു എന്ന് ചിത്രങ്ങളിൽനിന്നും, എഴുത്തിൽനിന്നും വ്യക്തം... ചിത്രങ്ങൾ പ്രത്യേകം എടുത്തു പറയുന്നു... അതിമനോഹരം എല്ലാ ചിത്രങ്ങളും... ഒപ്പം അറിവില്ലതിരുന്ന ഒരു പിടി ചരിത്രവിശേഷങ്ങളും പകർന്നുതരുന്നു... തുടരട്ടെ യാത്രകൾ... സ്നേഹപൂർവ്വം...