ഭാഗം ഒന്ന്
യു. എ. യിലെ 'ഹരിതനഗരം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് അല്‍ - എയ്ന്‍ . അറേബ്യന്‍ മരുഭൂമിയിലെ ഉള്‍നാട്ടില്‍ പ്രകൃത്യാ നീരുറവകളുള്ള സ്ഥലങ്ങളിലൊന്നാണ് അല്‍ - എ യ്ന്‍ . അല്‍ - എയ്ന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ 'നീരുറവ' എന്നത്രേ. ഇതിനോട് ചേര്‍ന്ന് കിടക്കുന്ന അല്‍ - ബുറൈമി എന്ന ഒമാന്റെ ഭാഗവും ഈ ഭൂമിശാസ്ത്ര സവിശേഷത ഉള്‍പ്പേറുന്ന പ്രദേശം തന്നെയാണ്.
 |
പട്ടണത്തിന് നടുവില്‍ തന്നെയുള്ള 'അല്‍ - എയ്ന്‍ ഒയാസിസ്' എന്ന ഈന്തപ്പനതോട്ടം |
നീരുറവകളുടെ സ്ഥലമായതുകൊണ്ട് തന്നെ അറേബ്യന്‍ 'വിജനപ്രദേശ'മരുഭൂമിയിലെ (empty quarter) വളരെ പഴയ ജനവാസകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഇവിടം എന്ന് കരുതപ്പെടുന്നു. ഏതാണ്ട് 4000 വര്‍ഷങ്ങളുടെ ചലനാത്മകചരിത്രം ഈ പ്രദേശത്തിനുണ്ടത്രേ. മുഹമ്മദ് നബിയുടെ കാലത്ത് ഇസ്ലാം മതത്തിന്റെ പ്രഭവപ്രയോഗങ്ങള്‍ക്കായി അദ്ദേഹത്തിന്‍റെ അനുയായിയായിരുന്ന കാബ് ബിന്‍ അഹ്ബാര്‍ ഇവിടെ വന്ന് ജീവിക്കുകയും ഇവിടെ തന്നെ മരിക്കുകയും ചെയ്തതായി കരുതപ്പെടുന്നു. ഷെയ്ക്ക് സായദ് 1960 - ല്‍ നിര്‍ത്തലാക്കുന്നത് വരെ ഇവിടം അറബ്ദേശത്തെ അടിമവ്യാപാരത്തിന്റെ സജീവമായ കണ്ണിയായിരുന്നു.
 |
അല്‍ - എയ്ന്‍ ഒയാസിസ് - മറ്റൊരു ഭാഗം |
'ജലയുദ്ധങ്ങള്‍ ' എന്ന പരികല്‍പന ഇപ്പോള്‍ നമ്മള്‍ കേട്ടുതുടങ്ങിയിട്ടുണ്ട്. പക്ഷെ മരുഭൂമിയില്‍ അത് എക്കാലത്തേയും അതിജീവനത്തിന്റെ പ്രാഥമികനിയമം തന്നെയായിരുന്നു. വി. മുസഫര്‍ അഹമ്മദ് തന്റെ പുരസ്കൃത യാത്രാപുസ്തകമായ 'മരുഭൂമിയുടെ ആത്മകഥ'യില്‍ ഈ പ്രശ്നത്തെ ഇങ്ങിനെ നോക്കികാണും; "ജലയുദ്ധങ്ങള്‍ മരുഭൂമിയുടെ ആത്മകഥയാണ്, അറേബ്യയുടെ ചരിത്രത്തിന്റെ ഒരു വലിയ ഭാഗവും. ആധുനിക നാഗരികത കടല്‍വെള്ളം ശുദ്ധീകരിച്ച് നാട്ടുകാര്‍ക്കെത്തിക്കുന്നു, അറേബ്യയില്‍ മിക്കയിടത്തും. എന്നാല്‍ ഇതൊന്നുമില്ലായിരുന്ന പഴയ അറേബ്യയില്‍ ഒരു കിണറിനു വേണ്ടി ഗോത്രങ്ങള്‍ തമ്മില്‍ എത്രയോകാലം യുദ്ധത്തിലേര്‍പ്പെട്ടിരുന്നു. ഒരു മരുപ്പച്ച സ്വന്തമാക്കാന്‍ എത്രയോപേര്‍ മരിച്ചുവീണു. മരുഭൂമിയില്‍ ഏറ്റവും പ്രധാനപ്പെട്ടത് വെള്ളമാണ്. ഒരുതുള്ളി വെള്ളത്തിന്റെ വിലയറിയണമെങ്കില്‍ ദാഹിച്ച് അവശനായി മരുഭൂമിയില്‍ കുടുങ്ങണം"
 |
അല്‍ - എയ്ന്‍ ഒയാസിസ് - മറ്റൊരു ഭാഗം |
വളരെ ദൂരെയല്ലാത്ത ഒരു ഭൂതകാലത്ത് ഇത്തരത്തില്‍ ഒരു ജലയുദ്ധം അല്‍ - എയ്നില്‍ നടക്കുകയുണ്ടായി. 1952 - ല്‍ സൗദിഅറേബ്യയില്‍ നിന്നുള്ള ഒരുകൂട്ടം ആക്രമണകാരികള്‍ അല്‍ - എയ്ന്‍ കോട്ട പിടിച്ചെടുക്കുകയും ഇവിടുള്ള നീരുറവകള്‍ സൗദിഅറേബ്യന്‍ രാജ്യത്തിന്റെ ഭാഗമാക്കുകയും ചെയ്തു. അക്കാലത്ത് ഈ പ്രദേശങ്ങളൊക്കെയും ബ്രിട്ടീഷ് അധിനിവേശത്തിലായിരുന്നതിനാല്‍ മരുഭൂമിയിലെ അതിര്‍ത്തികളെകുറിച്ചുള്ള ധാരണകള്‍ സുവ്യക്തമായിരുന്നില്ല എന്നുവേണം കരുതാന്‍ . (1971 - ല്‍ ആണ് യു. എ. ഇ ഒരു സ്വതന്ത്ര രാജ്യമാകുന്നത്.) എന്നാല്‍ ബ്രിട്ടീഷ് ഇടപെടല്‍ കാരണം സൗദിഅറേബ്യ താമസംവിന ഈ പ്രദേശം യു. എ. യിക്കും ഒമാനും തിരിച്ചുനല്‍കുകയായിരുന്നു.
ഭൂഗര്‍ഭജലം ബോര്‍വെല്‍ വഴി ഉപരിതലത്തിലേക്ക് കൊണ്ടുവന്ന് അത് ചാലുകീറി ഈന്തപ്പന കൃഷിക്ക് ഉപയോഗിക്കുന്ന അല്‍ - എയ്ന്‍ പട്ടണത്തില്‍ തന്നെയുള്ള ഒരു തോട്ടമാണ് 'അല്‍ - എയ്ന്‍ ഒയാസിസ്'. ഞങ്ങളവിടെ ചെല്ലുമ്പോള്‍ സന്ധ്യമയങ്ങിയിരുന്നു. സന്ദര്‍ശകര്‍ക്ക് അകത്തുകടക്കാനുള്ള സമയം കഴിഞ്ഞുപോയിരുന്നുവെങ്കിലും, മറ്റൊരു രാജ്യത്ത് നിന്നും ഇത് കാണാന്‍വേണ്ടി വന്നതാണെന്ന് പറഞ്ഞപ്പോള്‍ ഇന്ത്യാക്കാരനായ തോട്ടം കാവല്‍ക്കാരന്‍ പത്തു മിനിറ്റ് നേരത്തേയ്ക്ക് ഒരു ഡ്രൈവെടുത്തു വരാന്‍ അനുവദിച്ചു.
 |
അല്‍ - എയ്ന്‍ ഒയാസിസിന്റെ കവാടം |
ഇവിടേയ്ക്ക് വരുമ്പോള്‍ ഗൂഗിള്‍ എര്‍ത്ത് വഴി സ്ഥലം കൃത്യമായി മനസ്സിലാക്കിയിരുന്നെങ്കിലും തോട്ടത്തിന്റെ ഏകദേശം നൂറുമീറ്റര്‍ അകലെയെത്തിയപ്പോള്‍ ചെറിയൊരു സംശയം. റോഡരികില്‍ കണ്ട ചിലരോട് 'ഒയാസിസി'നെ അന്വേഷിച്ചപ്പോള്‍ ആര്‍ക്കും അങ്ങിനെയൊരു സംഭവം അറിയില്ല. എങ്കിലും ഗൂഗിളിന് തെറ്റില്ലല്ലോ. തോട്ടത്തിന്റെ പച്ചവര്‍ണ്ണം ഈ പ്രദേശത്തായി തന്നെ ഒരു ചതുരത്തില്‍ കാണുന്നുണ്ട്. ഒടുവില്‍ അടുത്തുള്ള കടയിലെ മലയാളി സെയില്‍സ്മാന്‍ ചൂണ്ടി കാണിച്ചുതന്നു, കാണാവുന്ന ദൂരത്തുള്ള തോട്ടത്തിന്റെ കവാടം. അത്ര പ്രശസ്തമല്ലാത്ത സ്ഥലങ്ങള്‍ തിരക്കിനടക്കുമ്പോള്‍ ഇടയ്ക്കെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. നമ്മുടെ സവിശേഷ താല്‍പ്പര്യങ്ങള്‍ കൊണ്ടെത്തിക്കുന്ന സ്ഥലത്തെകുറിച്ച് പ്രദേശവാസികള്‍ക്ക് കാര്യമായ അറിവുണ്ടാവണമെന്നില്ല.
ഇടതൂര്‍ന്നു വളര്‍ന്നുനില്‍ക്കുന്ന ഈന്തപ്പനകളാണ് ഇവിടുത്തെ പ്രത്യേകത. അവയ്ക്ക് ഇടയിലൂടെ ചെറിയ വളവുകളും തിരിവുകളുമായി പോകുന്ന ഓടുപാകിയ ചെറിയ പാതയിലൂടെ സഞ്ചരിക്കുക ഒരു മിനിയേച്ചര്‍ വനയാത്രയുടെ ക്ഷണികവിഭ്രമം അനുഭവിപ്പിക്കും. പുറത്തെ ലാന്‍ഡ്സ്കേപ്പുകള്‍ തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ടെങ്കിലും മലേഷ്യയിലെ എണ്ണപ്പനതോട്ടങ്ങളുടെ ഉള്‍പ്രദേശങ്ങളിലേക്ക് കയറുമ്പോള്‍ ഇതുപോലെ അനുഭവപ്പെടും.
 |
അല്‍ - എയ്ന്‍ ഒയാസിസ് - മറ്റൊരു ഭാഗം |
അല്‍ - എയ്ന്‍ ഒയാസിസില്‍ എത്തുന്നത്തിന് മുന്‍പ് ജബേല്‍ ഹഫീത്ത് മല കയറിയതുകൊണ്ടാണ് ഇങ്ങോട്ട് എത്താന്‍ താമസിച്ചത്. അല്‍ - എയ്ന്റെ പ്രാന്തപ്രദേശത്തുള്ള മലനിരയാണ് ജബേല്‍ ഹഫീത്ത്. ഒമാനും യു. എ. യും തമ്മില്‍ ഈ ഭാഗത്തുള്ള അതിര്‍ത്തി ജബേല്‍ ഹഫീത്താണ്.
 |
അല്‍ - എയ്ന്‍ - ജബേല്‍ ഹഫീത്ത് മലനിരകള്‍ അകലെ കാണാം |
ഒരു കൂട്ടുകാരന്‍ പറഞ്ഞത് യു. എ. യില്‍ എന്തെങ്കിലും കാണാനും അനുഭവിക്കാനും ഉണ്ടെങ്കില്‍ അത് ജബേല്‍ ഹഫീത്ത് മാത്രമാണ് എന്നാണ്. അതിനോട് പൂര്‍ണ്ണമായും യോജിക്കാന്‍ വയ്യെങ്കിലും, ജബേല്‍ ഹഫീത്ത് മലകയറ്റം ഈ പ്രദേശത്ത് പ്രതീക്ഷിക്കാനാവാതിരുന്ന ഒരു അനുഭവം തന്നെയായിരുന്നു.
 |
ജബേല്‍ ഹഫീത്ത് മലകയറ്റം |
സഹ്യന്റെ മടിയില്‍ ജീവിക്കുന്ന ജനതയെന്ന നിലയ്ക്ക്, വിനോദയാത്രകള്‍ക്ക് അല്ലെങ്കില്‍ പോലും, നമ്മള്‍ മലകയറാതെ പോകുന്നില്ല. പലയിടത്തും അത് ദൈനംദിനജീവിതത്തിന്റെ ഭാഗംകൂടിയാണ്. നമ്മുടെ ഹൈറേഞ്ചുകളുടെ ഒരു വശ്യത ഹരിതവന്യതയുടെ തിമിര്‍പ്പാണ്. എന്നാല്‍ പച്ചനിറം തീര്‍ത്തും അന്യമായ പീഡഭൂമിയിലൂടെയാണ് ജബേല്‍ ഹഫീത്ത് മലകയറുക. മലയുടെ പ്രതലത്തില്‍ പതിക്കുന്ന മഞ്ഞവെയില്‍ കണ്ണുവേദനിപ്പിക്കും വിധം മലനിരകളുടെ നിമ്നോന്നതകളെ പീതവര്‍ണ്ണമാക്കുന്നു - സ്വര്‍ണ്ണം ഉരുകിയൊലിക്കുന്നതുപോലെ.
 |
മുബാസാറാ-ജബേൽ ഹഫീത്തിൽ നിന്നുള്ള കാഴ്ച |
ജബേൽ ഹഫീത്തിന്റെ താഴ്വാരത്തിലാണ് മുബാസാറാ എന്ന ഉറവയും അതിനെ അനുബന്ധിച്ചുള്ള ഹരിതഭൂമിയും. ഈ പച്ചയിൽ സായാഹ്നങ്ങൾ ആഘോഷകരമാക്കാൻ വരുന്ന സഞ്ചാരികളും പ്രദേശവാസികളും അനവധിയാണ്.
 |
മരുമലയിലെ പച്ച |
മലയിടുക്കിലൂടെ വളഞ്ഞുപുളഞ്ഞ് മുകളിലേക്ക് കയറുന്ന മനോഹരമായ നിരത്തിലൂടെയുള്ള സഞ്ചാരം രസകരം തന്നെ. അതിലൂടെ വണ്ടിയോടിക്കുക ഡ്രൈവ് ചെയ്യാനിഷ്ടപ്പെടുന്ന ഒരാളെ സംബന്ധിച്ച് സവിശേഷമായ അനുഭവം പ്രദാനംചെയ്യും എന്നുറപ്പ്. ഏതാണ്ട് പന്ത്രണ്ട് കിലോമീറ്റർ നീളമുള്ള ഈ പാത നിർമ്മിച്ചിരിക്കുന്നത് ജെർമനിയിൽ നിന്നുള്ള ഒരു കമ്പനിയുടെ സാങ്കേതിക സഹായത്തോടെയാണ്.
 |
ജബേൽ ഹഫീത്തിന് മുകളിൽ നിന്നുള്ള അൽ-ഐൻ പട്ടണത്തിന്റെ ദൂരെകാഴ്ച |
സഹ്യന്റെ നീളിച്ചയിൽ കിടക്കുന്ന അനേകം ഹരിതഗിരികൾ കയറുന്നതുമായി താരതമ്യം ചെയ്യുമ്പോൾ ജബേൽ ഹഫീത്തിലേയ്ക്ക് വണ്ടിയോടിച്ച് കയറുക എന്ന അപൂർവ്വാനുഭവത്തിനപ്പുറം മുകളിലെത്തിയാൽ മറ്റധികം കാര്യങ്ങളൊന്നും ചെയ്യാനില്ല. ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട പല വെബ്സൈറ്റുകളും മാസികകളും ജബേൽഹഫീത്തിന് മുകളിലേയ്ക്കുള്ള ഈ മൂന്നുവരിപാത അത്തരത്തിലുള്ള ഏറ്റവും നല്ല റോഡുകളിലൊന്നാണെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 'റേസ്' എന്ന ഹോളിവുഡ് സിനിമയുടെ ക്ലൈമാക്സിന്റെ കുറച്ചുഭാഗങ്ങൾ ഇവിടെ വച്ചാണ് ചിത്രീകരിച്ചത്.
 |
മലമുകളിൽ നിന്നും താഴേയ്ക്കുള്ള മറ്റൊരു കാഴ്ച |
മലമുകളിൽ നിന്നും താഴേക്കുള്ള കാഴ്ചകൾ മനോഹരമാണ്. അൽ-ഐൻ പട്ടണത്തിന്റെ പല ഭാഗങ്ങളും വെയിലിന്റേയും നിഴലിന്റേയും നിറസങ്കലനത്തിൽ ചിതറിക്കിടക്കുന്നു. മലമുകളിൽ ഒരു സ്ഥാപനമായി കാണാനായത് മെർക്യൂർ ഗ്രാൻഡ് എന്ന ഹോട്ടലാണ്. അത് കൂടാതെ വിശാലമായ ഒരു പാർക്കിംഗ് ഗ്രൌണ്ടും ചില വ്യുപോയിന്റുകളുമാണ് ഉള്ളത്.
 |
ജബേൽ ഹഫീത്ത് - മെർക്യൂർ ഗ്രാൻഡ് ഹോട്ടൽ |
ജബേൽ ഹഫീത്തിറങ്ങി അൽ-ഐൻ ഒയാസിസും കണ്ടതിനു ശേഷം ദുബായിലേയ്ക്കുള്ള ഹൈവേയിൽ കയറുമ്പോൾ രാത്രി എത്തിക്കഴിഞ്ഞിരുന്നു. ഇ-66 എന്ന ഹൈവേയിലൂടെ മരുഭൂമിയുടെ നെഞ്ചകം താണ്ടി വണ്ടി ഓടി. ഏതോ ഉത്സവത്തിന് കത്തിച്ചുവച്ച ചെരാതുകൾ പോലെ അതിദൂരം നിരത്തുവിളക്കുകൾ നിരനിരയായി...