ചിലര്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നേയില്ല. ചിലര്‍ യാത്രകളും ദേശാന്തരകാഴ്ചകളും ഇഷ്ടപ്പെടുന്നുണ്ടെങ്കിലും അതിനു വേണ്ടിവരുന്ന മുന്നൊരുക്കങ്ങളുടെ ബുദ്ധിമുട്ടുകളും മറ്റു മുന്‍ഗണനാപരിഗണനകളും മൂലം അധികം യാത്രചെയ്യുന്നില്ല. വളരെ കുറച്ചുപേര്‍ മാത്രമാണ് ഒരു ഉള്‍വിളിപോലെ വീണ്ടും വീണ്ടും ഭാണ്ഡവും പാഥേയവും എടുത്തു ദേശങ്ങള്‍ താണ്ടുന്നത്. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞുവന്ന അവധിക്ക് മലയാറ്റൂര്‍ പള്ളിയിലേക്ക് പെരുന്നാളുകൂടാന്‍ പോയതാണ് ഒറ്റയ്ക്കുള്ള ആദ്യത്തെ ദൂരസഞ്ചാരം. കൌമാരത്തിന്റെയും യൌവ്വനാരംഭത്തിന്റെയും സ്വാതന്ത്ര്യാവേശങ്ങളില്‍ പിന്നെ ഏറെ അലഞ്ഞു. അവയൊന്നും പക്ഷെ യാത്രയ്ക്കുവേണ്ടിയുള്ള യാത്രകളായിരുന്നില്ല. സൌഹൃദത്തിന്റെ തീവ്രവൈകാരികതയില്‍ കുടിച്ചും മദിച്ചും ചെയ്ത യാത്രകളായിരുന്നു പലതും, പ്രണയവും ലഹരിയും കവിതയും പാട്ടുമൊക്കെയായി സമ്മിശ്രമായ വൈകാരികതകള്‍ വഴിനടത്തിച്ചുകൊണ്ടുപോയവ. മരണത്തിന്റെ വക്കോളമെത്തുന്ന അപകടങ്ങളില്‍ അവിചാരിതമായി ചെന്നുചാടിയിട്ടുണ്ടെങ്കിലും, ഇത്രയും ആമുഖമായിപ്പറഞ്ഞത്, ഞാന്‍ ഒരു കാലത്തും സാഹസികനായ സഞ്ചാരി ആയിരുന്നിട്ടില്ല എന്ന് സൂചിപ്പിക്കാനാണ്. തിരുനെല്ലിക്കുള്ള വഴിയില്‍ കാടിന്റെ നിബിഡതയില്‍ ഒരു കൊമ്പനെ ഒറ്റയ്ക്ക് കണ്ടപ്പോള്‍, കുറച്ചുകൂടി അടുത്തേയ്ക്കുചെന്ന് ഫോട്ടോ എടുക്കാം എന്ന് ഭാര്യ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴും പിന്‍വലിഞ്ഞത് ഞാനാണ്. ഈ ആന വളരെ ദൂരെയായിരുന്നു. പക്ഷെ കണ്ണില്‍ പെടാതെ മറ്റൊരെണ്ണം, അല്ലെങ്കില്‍ ഒരു കൂട്ടം തന്നെ, അടുത്തെവിടെയെങ്കിലും ഞങ്ങളുടെ ചലനങ്ങള്‍ നോക്കി നില്‍പ്പുണ്ടെങ്കില്‍..., വേണ്ട, ഞാന്‍ വണ്ടിയുടെ വേഗതകൂട്ടി. വയനാടന്‍കാടിന്റെ വന്യതകള്‍ എന്‍. എ. നസീറിനു തന്നെ...!
 |
അങ്ങ് ദൂരെ ഒരു കൊമ്പൻ... |
മാനന്തവാടിയിൽ നിന്നും തോൽപെട്ടിയിലേക്കുള്ള വഴിയിലൂടെ ഇരുപതുകിലോമീറ്ററോളം സഞ്ചരിച്ചതിനു ശേഷം ഇടത്തേയ്ക്ക് തിരിയണം തിരുനെല്ലിയിലേക്ക്. പരിസരം പരിചയമില്ലാത്ത, ദൂരയാത്രചെയ്തുവരുന്ന സഞ്ചാരികൾക്ക് സംരക്ഷിതവനത്തിനുള്ളിലുള്ള ഈ കവലയിൽ വഴിതെറ്റുക സ്വാഭാവികം. അതിനാൽ ഈ കവലയുടെ പേര് ‘തെറ്റ് ജങ്ക്ഷൻ’ എന്നത്രേ. കുറച്ചുനാളുകൾക്ക് മുൻപ്, മടിക്കേരിയിലേക്കുള്ള യാത്രയിൽ ഞങ്ങളും ഇവിടെ വഴിതെറ്റി തിരുനെല്ലി ഭാഗത്തേയ്ക്ക് സഞ്ചരിച്ചിരുന്നു. ചില ടെലിവിഷൻ പരിപാടികളിലൂടെ പ്രശസ്തമായ, അതിരുചികരമായ ഉണ്ണിയപ്പം ഉണ്ടാക്കുന്ന ചായക്കട ഈ കവലയിലാണ്. വനമധ്യത്തിലുള്ള ഏകസ്ഥാപനമാണത്.
 |
തിരുനെല്ലി ക്ഷേത്രം |
ബ്രഹ്മഗിരിയുടെ ചാരേ, ശരണാര്‍ദ്ധികള്‍ക്ക് പാപനാശിനിയായി തിരുനെല്ലി ക്ഷേത്രം. ക്ഷേത്രത്തിന്റെ കാലപ്പഴക്കം അവ്യക്തമത്രേ. എന്നാല്‍ ഒരുകാലത്ത് തിരുനെല്ലിക്ഷേത്രത്തിന് ചുറ്റും സജീവമായ ഒരു ജനപഥം ഉണ്ടായിരുന്നു എന്നാണു ചരിത്രമതം. ഇന്ന് വയനാടിലെ പട്ടണങ്ങള്‍ ആയി അറിയപ്പെടുന്ന പല സ്ഥലങ്ങളും ഉരുത്തിരിഞ്ഞുവരുന്നതിന് മുന്‍പ് തിരുനെല്ലി ഈ ഭാഗത്തെ പ്രധാനപ്പെട്ട ഒരു ദേശമായിരുന്നിരിക്കാം എന്ന് കരുതപ്പെടുന്നുണ്ട്. എ. ഡി പത്താം നൂറ്റാണ്ടിൽ ചേര രാജാവായിരുന്ന ഭാസ്കരരവിവർമ്മ ഒന്നാമന്റെ കാലത്ത് ഇവിടം ജനനിബിഡമായ ഒരിടമായിരുന്നതായി സൂചനകളുണ്ട്. പതിനാറാം നൂറ്റാണ്ടുവരെ ഈ നില തുടർന്നിരുന്നുവത്രെ. ക്ഷേത്രവുമായി ബന്ധപെട്ടുള്ള ഐതീഹ്യങ്ങളും കഥകളും ഒക്കെ തന്നെ ഈ പ്രദേശത്തിന്റെ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നുണ്ട്. മണ്മറഞ്ഞ ഏതാനും സമീപഗ്രാമങ്ങളുടെ അവശിഷ്ടങ്ങള്‍ ഉല്ഖനനത്തിലൂടെ കണ്ടെടുത്തിട്ടുമുണ്ട്. പതിനഞ്ചു നൂറ്റാണ്ടുകള്‍ക്ക് അപ്പുറത്തേയ്ക്ക് ക്ഷേത്രചരിത്രം നീട്ടാമെങ്കിൽ അക്കാലത്ത് കേരളത്തിന്റെ പ്രദേശത്ത് സമ്പുഷ്ടമായിരുന്ന ജൈന, ബുദ്ധ മതങ്ങളുടെ ആവേശം ഈ ആരാധനാലയത്തെ ബാധിച്ചിരുന്നില്ല എന്ന് കരുതാനാവുമോ? ക്ഷേത്രത്തിന്റെ ഒരു ഭാഗമായ കരിങ്കല്‍നിര്‍മ്മിതി സമീപദേശങ്ങളിലുള്ള ജൈനക്ഷേത്രങ്ങളോട് സാമ്യം പ്രകടിപ്പിക്കുന്നതുപോലെ അനുഭവപ്പെടും. സനാതനധര്‍മ്മത്തിന്റെ വ്യാപനം ഉണ്ടായത് എന്തായാലും അതുകഴിഞ്ഞാണല്ലോ.
 |
ഒരു ഭാഗത്തെ കൽനിർമ്മിതി ജൈനക്ഷേത്രങ്ങളോട് സാമ്യംകാണിക്കുന്നതു പോലെ... |
ഞങ്ങള്‍ ചെല്ലുമ്പോള്‍ ക്ഷേത്രപരിസരം ഏറെക്കൂറെ വിജനമായിരുന്നു. ഒരു ചെറുപ്പക്കാരന്‍ മാത്രം ക്യാമറയും തൂക്കി അലസമായി അലയുന്നുണ്ടായിരുന്നു. ക്ഷേത്രപുനരുദ്ധാരണത്തിന് സംഭാവന ഉണ്ടെന്ന് എഴുതിവച്ചിരിക്കുന്നത് കണ്ടെങ്കിലും കൊടുത്ത കാശില്‍നിന്നും ക്യാമറയ്ക്കുള്ള തുച്ഛമായ തുക എടുത്തിട്ട് ബാക്കി തിരിച്ചുതരികയാണുണ്ടായത്. പ്രശസ്തമായ ക്ഷേത്രത്തിന് അല്‍പ്പം പുനരുദ്ധാരണം ആവാം എന്നുതന്നെ തോന്നി, അതിന്റെ ശോച്യാവസ്ഥ പുറത്തു നിന്ന് കണ്ടപ്പോള്‍. ചരിത്രപരമായി ഏറെ വിവക്ഷകളുള്ള പഴയതെല്ലാം ഇടിച്ചുനിരത്തി ആധുനികമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക എന്നതല്ല, സംസ്ക്കാരത്തിന്റെ സ്മാരകങ്ങള്‍ നശിച്ചുപോകാതെ തനിമയോടെ സൂക്ഷിക്കുക എന്നതായിരിക്കണം ഉദ്ധാരണങ്ങള്‍.
 |
ബ്രഹ്മഗിരിക്കുന്നിന്റെ താഴെ... |
ക്ഷേത്രത്തിന് ഉള്ളിലേക്ക് ഹിന്ദുമതവിശ്വാസികള്‍ അല്ലാത്തവര്‍ക്ക് പ്രവേശനമില്ല എന്ന് പറഞ്ഞുകേട്ടിട്ടുള്ളതിനാല്‍, ക്ഷേത്രത്തെ ഒന്ന് പ്രദക്ഷിണംവച്ച് കണ്ടതിനുശേഷം പഞ്ചതീര്‍ത്ഥ, നിമഞ്ജന, പാപനാശിനി കടവുകളിലേക്ക് നടന്നു. ഒര്‍ഹാന്‍ പാമുക്കിന്റെ 'സ്നോ' എന്ന നോവലില്‍, പഴയ കമ്മ്യൂണിസ്റ്റും, ജര്‍മ്മന്‍ ജീവിതകാലത്ത് ലിബറലും, തുര്‍ക്കിയിലേക്കുള്ള മടങ്ങിവരവില്‍ ഇസ്ലാമിസ്റ്റുകളോട് അനുഭാവത്തോടെ പെരുമാറുകയും ചെയ്യുന്ന നായകനായ കായുടെ സങ്കീര്‍ണമായ സ്വഭാവം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാകുമ്പോള്‍ കാമുകിയായ ഐപെക്കിന്റെ അച്ഛന്‍ അയാളോട് ചോദിക്കുന്നുണ്ട് - എന്താണ് താങ്കളുടെ വിശ്വാസം? കായെ ഏറെക്കൂറെ മനസ്സിലാക്കികഴിഞ്ഞ ഐപെക്കാണ് അതിനു മറുപടി പറയുന്നത് - കാ ഒന്നിലും വിശ്വസിക്കുന്നില്ല. പോപ്പുലറായ ഏതെങ്കിലുമൊക്കെ ദര്‍ശനങ്ങളില്‍ വിശ്വസിക്കാത്തവര്‍ക്ക് പ്രവേശനംലഭിക്കുന്ന സ്ഥലങ്ങളുടെ വൃത്തം എക്കാലത്തും ചെറുതായിരുന്നു എന്ന് തോന്നുന്നു.
 |
ക്ഷേത്രത്തിന്റെ മുൻഭാഗം |
പ്രദേശത്ത് സുലഭമായിരുന്ന നെല്ലിമരങ്ങളാവാം സ്ഥലനാമത്തിന്റെ മൂലഹേതു എന്നു കരുതാം. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴയില്‍ പായല്‍പിടിച്ച കൈവരികളുള്ള കരിങ്കല്‍പടവുകളിലൂടെ ഞങ്ങള്‍ സ്നാനഘട്ടങ്ങളിലേക്ക് നടന്നു. പടികളില്‍, സംഭാവന നല്കിയവരുടെതാവും, പേരുകള്‍ കൊത്തിവച്ചിട്ടുണ്ടായിരുന്നു. പടവുകള്‍ ഇറങ്ങിചെന്നാല്‍ ആദ്യം കാണുന്നത് പഞ്ചതീര്‍ത്ഥമാണ്. മുന്‍കാലത്ത് ബ്രഹ്മഗിരിയില്‍ നിന്നും വന്നുചേരുന്ന അഞ്ചു ഉറവകള്‍ കൊണ്ടാണത്രേ ഈ കുളം ജലസമൃദ്ധമായിരുന്നത് - അതിനാല്‍ ഈ പേര്. ഇന്നിപ്പോള്‍ അതില്‍ ഒരെണ്ണം മാത്രമേ കടമ നിറവേറ്റുന്നുള്ളൂ. അതുകൊണ്ട് തന്നെയാവാം കടും പച്ചനിറത്തിലെ പായല്‍ കലര്‍ന്ന തെളിമയില്ലാത്ത ജലം ഈ മഴക്കാലത്തും. മൂലദേവനായ വിഷ്ണുഭഗവാന്റെ പാദപത്മങ്ങള്‍ ആലേഖനം ചെയ്ത ഒരു ശില പഞ്ചതീര്‍ത്ഥത്തിനു നടുവിലായി കാണാം.
 |
വിഷ്ണുഭഗവാന്റെ പാദം |
ആത്മബന്ധമുള്ളവര്‍ മരിക്കുക എന്നാല്‍ നമ്മുടെ തന്നെ ആത്മാവിന്റെ ഒരു ചെറുഭാഗം അടര്‍ന്നു പോകുന്നു എന്നാവും. ഒരാളും ഒറ്റയ്ക്ക് നില്‍ക്കുന്നില്ല. അടുത്തുള്ളവരുടെ ജീവിതങ്ങള്‍ കൂടിയാണ് അയാളുടെ അസ്തിത്വത്തെ നിര്‍ണയിക്കുന്നത്. വ്യക്തിസത്ത എന്നത് ആര്‍ജ്ജിതബോധത്തിന്റെ പ്രതിസ്ഫുരണം എന്നതിനോടൊപ്പം നമ്മള്‍ കണ്ടെത്തുന്ന വ്യക്തികളുമായുള്ള ആത്മബന്ധത്തിന്റെ സംപ്രേക്ഷണം കൂടിയാണ്. പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള individualism യുട്ടോപ്പിയയാണ്. അടര്‍ന്നു പോയ സ്വന്തം ആത്മാവിനെ നിമഞ്ജനം ചെയ്യാനെത്തിയവര്‍ അവശേഷിപ്പിച്ച, ദു:ഖഭാരമുള്ള കുടങ്ങള്‍ ഒരിടത്ത് കൂട്ടിയിട്ടിരിക്കുന്നു. കാടുതാണ്ടി, ഈ ജലപാതത്തിനരുകിലെത്തി പൊയ്പ്പോയ ആത്മാവിനെ മോക്ഷത്തിലേക്കുയര്‍ത്തിയവരൊക്കെയും ഇപ്പോള്‍ മടങ്ങി വീടുകളില്‍ എത്തിയിട്ടുണ്ടാവും. ദൈനംദിനത്തിന്റെ തിരക്കുകളിലേക്ക് ആഴ്ന്നുപോയിട്ടുണ്ടാവും. എത്രയൊക്കെ നിമഞ്ജനം ചെയ്താലും, ഏതൊക്കെ സംസാരവ്യഗ്രതകളില്‍ വീണുപോയാലും, തീവ്രനഷ്ടത്തിന്റെ നൊമ്പരങ്ങള്‍ കാലത്തിനു മായ്ക്കാനാവാതെ മനസ്സിന്റെ ജലപ്രതലത്തിലേക്ക് വരാലുകളെപ്പോലെ ഇടയ്ക്കൊക്കെ ഉയര്‍ന്നുവരും, ഹൃദയത്തിന്റെ ധമനികളില്‍ കൊത്തിവലിക്കും....
 |
നിമഞ്ജനത്തിന്റെ അവശിഷ്ടങ്ങൾ... |
പാപനാശിനി വലിയൊരു നദിയൊന്നുമല്ല. ചെറിയൊരു കാട്ടുചോല. അതില്‍ മുങ്ങികുളിച്ചാല്‍ ഇതുവരെയുള്ള പാപങ്ങളൊക്കെ കഴുകികളയാം. ഗംഗ മുതല്‍ കന്യാകുമാരി വരെ, മുങ്ങികുളിച്ചാല്‍ അറ്റുപോകുന്ന പാപങ്ങളുടെ പുണ്യവുമായി നദികളും കടലുകളുമുണ്ട് . ഹൈന്ദവ ആധ്യാത്മികതയുടെ പാപപരിഹാരബലിയാണ് ഈ മുങ്ങികുളികൾ. അതില്‍ അപാരമായ പ്രകൃതിയോടുള്ള ആരാധനയും ഭയവും നിഴലിക്കുന്നു. പ്രവാചകന്മാരില്‍ നിന്നും ഉത്ഭവിക്കാത്ത എല്ലാ നോൺ-സെമറ്റിക് മതങ്ങളിലും ഇത്തരം പ്രകൃത്യോപാസനയുടെ ആചാരങ്ങള്‍ കാണാം. പ്രകൃതിയേയും ദൈവത്തെയും സമപ്പെടുത്തുന്ന ഒരുപാട് ആചാരവിശ്വാസങ്ങൾ. ഇവിടെ പക്ഷെ മുങ്ങികുളിക്കുള്ള ആഴമൊന്നും കണ്ടില്ല. വേണമെങ്കില്‍ ഒന്ന് കാലുനനയ്ക്കാം എന്നുമാത്രം. നന്മതിന്മകളുടെ അതിര്‍ത്തി പലപ്പോഴും അവ്യക്തമാവുകയാൽ, പാപനാശിനിയുടെ കടവിലേക്കിറങ്ങാന്‍ ബദ്ധപ്പെട്ടില്ല. കുപ്പിച്ചില്ലുകള്‍ ഉണ്ട്, കാല് മുറിയാതെ സൂക്ഷിക്കണം എന്ന അപായസൂചനയും. അത് വകവയ്ക്കാതെ ഭാര്യ നഗ്നപാദയായി തന്നെ കടവിലെ ഒഴുക്കിലേക്കിറങ്ങി, പ്രതീക്ഷിച്ചതുപോലെ കാലുമുറിച്ച് ഏതാനും തുള്ളി രക്തം കൂടി ആ പ്രവാഹത്തിലര്‍പ്പിച്ചു. അവധി കഴിഞ്ഞു മടങ്ങുന്നതു വരെ ആ മുറിവ് അവളെ അലോസരപ്പെടുത്തികൊണ്ടിരുന്നു.
 |
പാപനാശിനി |
മടക്കയാത്ര. കാട്ടിലെ വഴി വിജനമാണ്. അപൂര്‍വമായി പോലും വാഹനങ്ങള്‍ കടന്നു പോകുന്നില്ല. മുളങ്കാടുകളില്‍ കാറ്റുപിടിക്കുന്ന ശബ്ദവീചികൾ. കിളികളുടെ കലപില. ഞങ്ങളുടെ വാഹനം കടന്നുപോകുന്നതിന്റെ പ്രതിധ്വനി അതിനെല്ലാം മുകളില്‍ അരോചകമായി... പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ കാടിന്റെ ഏകാന്തത ഓര്‍ക്കാവുന്നതേയുള്ളൂ. നക്സലൈറ്റുകള്‍ തിരുനെല്ലിക്കാടുകള്‍ തിരഞ്ഞെടുത്തതില്‍ അത്ഭുതമില്ല. അന്ന് ഈ കാടുകള്‍ക്കുള്ളിലിരുന്ന് വിപ്ലവം സ്വപ്നംകണ്ടവരൊക്കെ ഇന്ന് താഴ്വാരങ്ങളിലെ നാട്ടിടങ്ങളില്‍ ജനാധിപത്യത്തിന്റെയും മതപ്രബോധനങ്ങളുടെയും വ്യവസ്ഥാപിത സാമൂഹികപ്രവര്‍ത്തനങ്ങളുടെയും സ്നാനപ്പെട്ട പ്രവാചകരായി മാറികഴിഞ്ഞിരിക്കുന്നു. പക്ഷെ മറ്റൊരു തലമുറ മറ്റൊരു കാലത്തില്‍ നിന്നും ഈ കാട്ടിടവഴികളില്‍ അലയുന്നുണ്ടാവുമോ? ചില പത്രവാര്‍ത്തകള്‍ അങ്ങിനെ ചില സൂചനകള്‍ ഇടയ്ക്കിടയ്ക്ക് തരുന്നുണ്ട്. ഒന്നിനും വ്യവസ്ഥയില്ലാത്ത ഈ കാലത്ത് പക്ഷെ ഒരു വിപ്ലവചിന്തയും മോഹിപ്പിക്കുന്നില്ല...
 |
മടക്കയാത്രയിൽ, ഒരു കുരങ്ങൻ ഞങ്ങുടെ പിറകേ... |
സാധാരണ വഴിയരുകില്‍ കാണുന്നവയില്‍ നിന്നും വ്യത്യസ്തനായ കപ്പൂച്ചിന്‍ വിഭാഗത്തില്‍ പെട്ടെത് എന്ന് തോന്നിക്കുന്ന ഒരു കുരങ്ങന്‍ തനിച്ച് കുറച്ചുദൂരം ഞങ്ങളെ പിന്തുടര്‍ന്നു...
(തുടരും)