2018, നവംബർ 3, ശനിയാഴ്‌ച

അഗ്നിദേശം - നാല്

ഗോബുസ്താൻ കുന്നിലേയ്ക്കുള്ള പ്രവേശനഭാഗം അടഞ്ഞുകിടക്കുകയാണ്. പത്തുമണിക്കേ ഗേറ്റ് തുറക്കുകയുള്ളുവത്രെ. ഞങ്ങൾ കുറച്ചു നേരത്തേ എത്തിയിരിക്കുന്നു. ഇവിടുത്തെ കാവൽക്കാരനായ പോലീസുകാരനും ഞങ്ങളുടെ വഴികാട്ടി തൈമൂറും പിന്നെ ഞങ്ങൾ രണ്ടുപേരും - മരുഭൂസമാനമായി കാണപ്പെടുന്ന ഈ വിജനപ്രദേശത്ത് ഇപ്പോൾ ഈ നാലുപേർ മാത്രമേയുള്ളൂ.

അങ്ങകലെ ഞങ്ങൾക്ക് പോകേണ്ട ഗോബുസ്താൻ കുന്നുകളുടെ നീണ്ടനിര കാണാം. അതിന് മുകളിൽ ആകാശത്തിന്റെ നീലിമ, തീക്ഷ്ണമായിത്തുടങ്ങുന്ന വെയിലിൽ വിളറുന്നു...

അടഞ്ഞുകിടക്കുന്ന ഗേറ്റിനുമുന്നിൽ വണ്ടികൊണ്ട് നിർത്തിയ സമയം മുതൽ പൊലീസുകാരനുമായി ഗൗരവമായ ചർച്ചയിലാണ് തൈമൂർ. പോലീസുകാരൻ തന്റെ നിരീക്ഷണമുറിയിൽ നിന്നും പുറത്തേയ്ക്കിറങ്ങി വന്നിരിക്കുന്നു. ആ ചെറിയ കെട്ടിടത്തിന്റെ ഓരത്ത് ഒരു മരുമരം ഒറ്റപ്പെട്ട് നിൽപ്പുണ്ട്. തൈമൂർ സമ്മാനിച്ച സിഗററ്റുമായി പോലീസുകാരൻ ആ മരത്തണലിൽ നിന്ന് പുതിയ കൂട്ടുകാരനുമായുള്ള സംസാരം തുടരുന്നു...

ഗോബുസ്താൻ ഒരു സംരക്ഷിതപ്രദേശമാണ്. അതിന്റെ വേലിക്കെട്ടിനു പുറത്തുകൂടി, വരണ്ട വിജനതയിലൂടെ ഞങ്ങൾ കുറച്ചുസമയം വെറുതേ നടന്നു. ഇനി ഒരിക്കൽ കൂടി വന്നെത്താൻ ഇടയില്ലാത്ത പ്രദേശം.

ഗോബുസ്താൻറെ ഭൂപ്രകൃതി
രാവിലെ പറഞ്ഞുറപ്പിച്ച സമയത്തു തന്നെ തൈമൂർ ഹോട്ടൽ ലോബിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. യാത്രയിലുടനീളം ഈ ചെറുപ്പക്കാരൻ കൃത്യനിഷ്ഠപാലിച്ചിരുന്നു എന്നത് പരാമർശമർഹിക്കും. 

ബാക്കു പട്ടണത്തിൽ നിന്നും ഏകദേശം എഴുപത് കിലോമീറ്റർ തെക്കുമാറിയുള്ള തീരദേശപ്രദേശമാണ് ഗോബുസ്താൻ. കാസ്പിയന് സമാന്തരമായി നീണ്ടുപോകുന്ന പാതയിലൂടെയാണ് സഞ്ചാരം. യാത്രയിലുടനീളം കാസ്പിയൻ കാഴ്ചയിൽ തന്നെയുണ്ടായിരുന്നു. ഇറാനിലേയ്ക്ക് നീളുന്ന പെരുവഴിയാണ്. ഗോബുസ്താനിൽ നിന്നും, ഈ വഴി, ഇറാൻ അതിർത്തിയിലേയ്ക്ക് ഏകദേശം ഇരുന്നൂറ് കിലോമീറ്ററാണ് ദൂരം.

തെളിഞ്ഞ ദിവസമാണ്. വെയിലുണ്ട്. കാറിന്റെ സ്‌ഫടികജാലകം തുറന്നിരിക്കുന്നു. അതിലൂടെ അടിച്ചുകയറുന്ന കാറ്റിന് ഇപ്പോൾ സുഖകരമായ കുളിര്. എന്നാൽ വരാനിരിക്കുന്ന പകൽ തീക്ഷ്ണമാകുമെന്ന സൂചന വെയിലിന്റെ നിറത്തിലുണ്ട്...

ബാക്കു വിട്ട് അസർബൈജാന്റെ ഉൾനാടുകളിലേയ്ക്കുള്ള ആദ്യത്തെ പോക്കാണ്. ബാക്കുവിന്റെ പ്രധാന നഗരഭാഗം കഴിഞ്ഞും, ഈ പെരുവഴിയുടെ ഇരുഭാഗത്തും ആധുനികതയുടെ സ്പർശമുള്ള ഫ്‌ളാറ്റ് സമുച്ചയങ്ങൾ ഉയർന്നുവന്നരിക്കുന്നത് കാണാം. ബാക്കു അതിന്റെ അതിരുകൾ കടന്ന് വളരുന്നു...

ഇത്തരം നാഗരിക നിർമ്മിതികൾ സാവധാനം വഴിമാറുന്നത് ഒറ്റപ്പെട്ടു നിൽക്കുന്ന  വ്യവസായശാലകൾക്കാണെന്ന് കുറച്ചുകൂടി ചെല്ലുമ്പോൾ അറിയാനാവും. എണ്ണ  അനുബന്ധമായ വ്യവസായങ്ങളാവണം. പാതയ്ക്ക് സമാന്തരമായുള്ള കാസ്പിയൻ കടൽഭാഗം എണ്ണക്കിണറുകളാൽ സമ്പന്നമാണ്. കാറിലിരിക്കുമ്പോൾ കടലകലത്തിൽ അവ്യക്തമായി അത് കാണാനാവും. ബാക്കു പട്ടണത്തിന് മുകളിലൂടെ വിമാനം താഴ്ന്നുപറക്കുമ്പോൾ, കഴിഞ്ഞ ദിവസം, ആ ഭൂമിശാസ്ത്രം കുറച്ചുകൂടി വ്യക്തമായി കണ്ടുമനസ്സിലാക്കിയിരുന്നു. കരയിലൂടെ സഞ്ചരിക്കുമ്പോൾ ഭൂമിയുടെ കിടപ്പ് സ്ഥൂലാവസ്ഥയിൽ മനസ്സിലാക്കാൻ പ്രയാസമാണ്. അതിനെ ഒട്ടൊന്ന് മറികടക്കാൻ വിമാനക്കാഴ്ച സഹായിക്കും. എന്നാൽ ഇന്ന്, ആ കാഴ്ചയ്ക്കും അറിവിനും പ്രസ്തുതപ്രദേശത്തിന്റെ മുകളിലൂടെ വ്യോമസഞ്ചാരം നടത്തേണ്ട കാര്യമില്ല. വീട്ടിലിരുന്നാലും ആ വിഗഹവീക്ഷണം സാധിക്കും - ഗൂഗിൾ എർത്ത് ഉണ്ടല്ലോ.

സമകാലത്ത് യാത്രകളെ ആയാസരഹിതവും ഭദ്രവും സർഗാത്മകവുമാക്കാൻ ഒരുപാട് സംവിധാനങ്ങൾ വ്യാപകമായി, തുച്ഛമായ ചിലവിൽ ലഭ്യമാണ്. ജി. പി. എസ്സും ഗൂഗിൾ മാപ്പും ഗൂഗിൾ എർത്തുമൊക്കെ ഒരു വശത്ത് വഴികാട്ടിയായുണ്ട്. ട്രിപ്പ് അഡ്വൈസറും മറ്റും പോകുന്ന സ്ഥലത്തെക്കുറിച്ചുള്ള വൈവിധ്യമുള്ള അഭിപ്രായങ്ങൾ നിങ്ങൾക്കുമുന്നിൽ എത്തിക്കുന്നു. പോകാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ, അത് ലോകത്തിന്റെ ഏത് മൂലയിലുള്ള കുഗ്രാമമായാലും, ചിത്രങ്ങളും ചലച്ചിത്രങ്ങളും, സേർച്ച് എൻജിനുകൾ നൽകുന്നു. യാത്രയ്ക്ക് മുൻപുള്ള ഇത്തരം തയ്യാറെടുപ്പുകൾ തന്നെ വളരെ സന്തോഷം നൽകുന്ന ഒരു വ്യായാമമാണ്...

ഗോബുസ്താനിലേയ്ക്കുള്ള വഴി. ബാക്കുവിന്റെ പ്രാന്തപ്രദേശം
'എണ്ണ വ്യവസായത്തിന്റെ ജന്മദേശം' എന്നാണ് അസർബൈജാൻ അറിയപ്പെടുന്നത്. 'അഗ്‌നിദേശം' എന്ന വിളിപ്പേര് വന്നതും എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അസുലഭത കൊണ്ടാണ്. ഭൂമിയിൽ നിന്നും സ്വാഭാവികമായി ബഹിർഗമിക്കുന്ന വാതകം, ഒരുകാലത്ത്, പ്രദേശത്തിന്റെ പലഭാഗങ്ങളെയും അഗ്നിഭരിതമാക്കിയിരുന്നു. അതിനാൽ തന്നെ ഈ രണ്ട് വിശേഷണങ്ങളും പരസ്പരപൂരകമാണ്.

എണ്ണയിൽ നിന്നും മാറി മറ്റൊരസ്തിത്വം അസർബൈജാന് ഒരുകാലത്തും ഉണ്ടായിരുന്നില്ല, പുരാതനമായ നാളുകളിൽ പോലും. ഈ രാജ്യത്തിന്റെ ഭാഗധേയം, ഭാഗ്യദൗർഭാഗ്യങ്ങൾ, അന്നും ഇന്നും നിർണ്ണയിച്ചുകൊണ്ടിരിക്കുന്നത് എണ്ണയാണ്. ഇന്ന് കാണുന്ന പല ഉപയോഗങ്ങളും അന്ന് എണ്ണയ്ക്കുണ്ടായിരുന്നില്ലെങ്കിലും മൂന്നും നാലും നൂറ്റാണ്ടുകളിൽ തന്നെ ഈ പ്രദേശത്തു നിന്നും എണ്ണ ഖനനം ചെയ്തിരുന്നു. ഇന്ന് എണ്ണ ഉപയോഗിച്ചുമാത്രം പ്രവർത്തനക്ഷമമാകുന്ന പല യന്ത്രങ്ങളും അന്ന് കണ്ടുപിടിക്കപ്പെട്ടിരുന്നില്ല. തീകത്തിക്കാനുള്ള ഇന്ധനമായും ചില ത്വക് രോഗങ്ങൾക്കുള്ള മരുന്നുമായാണ് എണ്ണ കൂടുതലും ഉപയോഗിക്കപ്പെട്ടിരുന്നത്. എണ്ണയുടെ സാന്നിധ്യം അത്രയും കൂടുതലാവുകയാൽ, ശ്രമകരമായ സാങ്കേതികദൗത്യം ഒന്നുമില്ലാതെ, സ്വാഭാവികമായി തന്നെ ഭൂപ്രതലത്തിലേയ്ക്ക് അത് പുറന്തള്ളപ്പെട്ടുകൊണ്ടിരുന്നുവത്രേ, അക്കാലത്ത്. ലോകയാത്രികനായ മാർക്കോ പോളോയുടെ സഞ്ചാരകുറിപ്പിൽ, ജോർജിയയുടെ അതിരിൽ എണ്ണവമിക്കുന്ന ദേശങ്ങൾ കാണാം എന്ന് പറയുന്നുണ്ട്. (എന്തൊരു സഞ്ചാരിയാണീ മാർക്കോ പോളോ...?! അയാൾ കാണാത്തതും പറയാത്തതുമായി എന്താണിനി ബാക്കിയുള്ളത്...?!)

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അസർബൈജാൻ റഷ്യൻ സാമ്രാജ്യത്തിന്റെ അധീനതയിലാവുന്നതോടെയാണ് കുറച്ചുകൂടി വ്യാപകമായും വ്യാവസായികമായും എണ്ണഖനനം വിപുലപ്പെടുന്നത്. പിന്നീട് സോവ്യറ്റ് കാലമാവുമ്പേഴേയ്ക്കും അതിന്റെ ഏറ്റവും സാന്ദ്രമായ തലത്തിലേയ്ക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞിരുന്നു. വാതക ബഹിർഗമനത്താൽ പ്രകൃത്യാ കത്തിക്കൊണ്ടിരുന്ന പല ഭാഗങ്ങളിലെയും തീ അണഞ്ഞുപോയതും ഇക്കാലത്താണ്. അനിയന്ത്രിതമായ ചൂഷണത്താൽ, ഭൂഗർഭത്തിലെ എണ്ണ, പ്രകൃതിവാതക നിക്ഷേപത്തിൽ കാര്യമായ കുറവുവന്നതാണ് കാരണം. സമകാലത്തും ഈ രാജ്യത്തിന്റെ സാമ്പത്തികാടിത്തറ പെട്രോളിയം ഉത്പന്നങ്ങളിൽ ഊന്നിയാണ് നിൽക്കുന്നത്. ഗോബുസ്താനിലേക്കുള്ള വഴിയിൽ, കാസ്പിയൻ കടലിൽ ഉയർന്നു കാണപ്പെടുന്ന എണ്ണഖനനത്തിനായുള്ള നിർമ്മിതികളും, തീരത്തുള്ള വ്യവസായശാലകളും അതിന്റെ പ്രത്യക്ഷവത്കരണമാകുന്നു.

ഗോബുസ്താനിലേക്കുള്ള വഴിയിൽ കണ്ട പള്ളി 
ഇറാനിലേയ്ക്ക് നീളുന്ന പ്രധാനപാതയിലൂടെ ഏതാണ്ട് എഴുപത് കിലോമീറ്റർ സഞ്ചരിച്ചുകഴിഞ്ഞപ്പോൾ ഗോബുസ്താൻ കുന്നുകളിലേയ്ക്ക് പോകുന്ന ഗ്രാമീണപാതയിലേയ്ക്ക് തൈമൂർ കാർ തിരിച്ചു. ബാക്കുവല്ല അസർബൈജാന്റെ ഗ്രാമങ്ങൾ എന്ന് പെട്ടെന്നുതന്നെ മനസ്സിലാക്കാനാവും. ഇടയ്ക്കിടയ്ക്ക് കുഴികളുള്ളതും കാര്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതുമായ റോഡ്. അത്രയൊന്നും മോടിയില്ലാത്ത നിരത്തോരങ്ങൾ. ഉയർത്തിക്കെട്ടിയ മതിലുകൾക്കുള്ളിൽ തകരംമേഞ്ഞ ഗ്രാമഭവനങ്ങളുടെ മേൽക്കൂര കാണാം. എങ്കിലും, നിരത്തുവക്കിലൂടെ, അവിടം വൃത്തിയാക്കികൊണ്ട് ഒരു ജോലിക്കാരൻ സാവധാനം നടന്നുപോകുന്നത് ഇടയ്ക്ക് കാണുകയുണ്ടായി. എന്നാൽ, പൊതുവേ, ബാക്കു പട്ടണം പ്രകാശിപ്പിക്കുന്ന ആർഭാടത്തിന് അനുസാരിയായല്ല അസർബൈജാന്റെ ഗ്രാമങ്ങൾ നിലനിൽക്കുന്നത്. ആ മനസ്സിലാക്കലിലൂടെയാണ്, ഗോബുസ്താൻ കുന്നിന്റെ അടഞ്ഞുകിടക്കുന്ന കവാടത്തിനു മുന്നിൽ ഞങ്ങൾ എത്തിയത്.

പത്തുമണി നേരമായപ്പോൾ ഒന്നിനു പിറകേ ഒന്നായി ടൂറിസ്റ്റുവാഹനങ്ങൾ, ഗ്രാമപാതയിലൂടെ പൊടിപറത്തി എത്താൻ തുടങ്ങി. ഗേറ്റിനു മുന്നിൽ അവ നിരന്നു. അസർബൈജാനിലെത്തുന്ന സന്ദർശകരെല്ലാവരും തന്നെ ഗോബുസ്താനിലുമെത്തുന്നു. ഈ രാജ്യം ലോകത്തിനു മുന്നിൽ സാഭിമാനം പ്രദർശനത്തിനു വച്ചിരിക്കുന്ന പ്രൈതൃകസ്ഥാനമാണ് ഗോബുസ്താൻ ദേശീയോദ്യാനം (Gobustan National Park). കൃത്യം പത്തുമണിയായപ്പോൾ പോലീസുകാരൻ ഗേറ്റ് തുറന്നു. വാഹനങ്ങൾ ഒന്നൊന്നായി അകത്തേയ്ക്ക് പ്രവേശിച്ചു. പക്ഷെ അപ്പോഴും തൈമൂറും പോലീസുകാരനുമായുള്ള സംസാരം അവസാനിച്ചിരുന്നില്ല. അവസാനം തൈമൂർ കാറിൽ വന്നുകയറി. ആ പോലീസുകാരൻ തന്റെ അച്ഛന്റെ കൂട്ടുകാരനാണെന്ന് അയാൾ ഞങ്ങളെ അറിയിച്ചു. തൈമൂറിന്റെ അച്ഛൻ പോലീസുകാരനും അമ്മ അധ്യാപികയുമാണെന്ന് അയാൾ മുൻപ് പറഞ്ഞിരുന്നതോർത്തു. എന്നാൽ ആ പോലീസുകാരനായി തൈമൂർ മറ്റുചില ഗൂഡാലോചനകൾ കൂടി നടത്തുകയായിരുന്നു എന്ന് പിന്നീട് ഞങ്ങൾക്ക് അറിയാനായി.

ഗോബുസ്താൻ ദേശീയോദ്യാനത്തിലേയ്ക്കുള്ള പ്രവേശനഭാഗം
കവാടം കടന്ന് ഏതാണ്ട് ഒരു കിലോമീറ്റർ പോയിക്കഴിയുമ്പോൾ കുന്നിന്റെ താഴ്വാരത്തിലെത്തും. അവിടെ നിന്നാണ് മുകളിലേയ്ക്ക് കയറാനുള്ള ചീട്ടെടുക്കേണ്ടത്. പ്രദേശത്തിന്റെ പൗരാണികമായ ചരിത്രം വിശദീകരിക്കുന്ന ഒരു മ്യൂസിയം ഈ ഭാഗത്തുണ്ട്. അത് മടങ്ങിവരവിൽ കാണാം, ഇപ്പോൾ കുന്നിൻ മുകളിലേയ്ക്ക് വണ്ടിവിടൂ എന്ന് തൈമൂറിനോട് ആവശ്യപ്പെട്ടു. വെയിൽ കടുത്തിരിക്കുന്നു. അസഹ്യമായി ചൂടുള്ള വെയിലല്ലെങ്കിലും, ഇനിയും താമസിച്ചാൽ കുന്നിന് മുകളിലൂടെയുള്ള നടത്തം ആയാസകരമാക്കാൻ അതുമതിയാവും. വീണ്ടുമൊരു രണ്ടു കിലോമീറ്റർ കൂടി കാറിൽ തന്നെ മുകളിലേയ്ക്ക് കയറിപ്പോകാനാവും. അവിടെ നിന്നു വേണം പാറമുഖങ്ങളിൽ വരയപ്പെട്ടിരിക്കുന്ന ചരിത്രാതീതകാലത്തെ ചിത്രസമുച്ചയത്തിലേയ്ക്ക് പ്രവേശിക്കാൻ.

ചുണ്ണാമ്പുപാറയുടെ വലിയ കഷണങ്ങൾ ഭീകരരൂപികളായി എമ്പാടും ചിതറിക്കിടക്കുന്ന കുന്നിൻപുറം. നമ്മുടെ നാട്ടിൽ കാണുന്ന കറുത്ത പാറയല്ല. തവിട്ടു നിറമുള്ള, മരുഭൂമണം പേറുന്ന പാറക്കൂട്ടങ്ങൾ. ഡെക്കാന്റെ ചില ഭാഗങ്ങളിലെ  വരണ്ടകുന്നുകളിൽ സമാനമായ ഭൂപ്രതലം കണ്ടിട്ടുണ്ട്.  എങ്കിലും അവിടെയുള്ള ഉരുണ്ട പാറക്കൂട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി കൂർത്ത അരികുകളുള്ള കൂറ്റൻ കൽപ്പാളികളാണ് ഗോബുസ്താൻ കുന്നുകളെ മുഖരിതമാക്കുന്നത്. ഒരുപക്ഷെ ഏതോ അതിപ്രാചീനകാലത്ത് കാസ്പിയൻ കടൽ എന്ന ബൃഹത് തടാകം ഈ കുന്നുകളെ സ്പർശിച്ച് വ്യതിരിക്തമായി രൂപപ്പെടുത്തിയതാവാം.

വിസ്തൃതമായി നീണ്ടുപോകുന്ന പാറക്കുന്നിനു മുകളിൽ നിൽക്കുമ്പോൾ അനുഭവിക്കാനാവുന്ന ഒരുതരം വിജനനിഗൂഢത... പാറകൾക്കിടയിലെ നേർത്ത മണൽപ്രതലത്തിൽ, ആ അനുഭവത്തിന് കുറച്ചുകൂടി വന്യത നൽകി, വരണ്ട രൂപമുള്ള കുറ്റിച്ചെടികളും. അതിനിടയിലൂടെ കാണപ്പെടുന്ന നടവഴി. ഞങ്ങൾ മുന്നോട്ട് നടന്നു...

ഗോബുസ്താനിലെ പാറകൾ
പാറമുഖങ്ങളിൽ വരഞ്ഞ കൊത്തുചിത്രങ്ങൾ ഒന്നിനു പിറകേ ഒന്നായി ഈ പ്രദേശത്താകമാനം ചിതറിക്കിടക്കുന്നു. ഏകദേശം ആറായിരത്തോളം ചിത്രങ്ങളുണ്ടാവും എന്ന് കണക്കാക്കപ്പെടുന്നു. ഇരുപതിനായിരം വർഷങ്ങൾക്ക് മുൻപ് നിന്ന് തുടങ്ങി അയ്യായിരം വർഷം മുൻപുവരെ നീണ്ടുകിടക്കുന്ന വിസ്തൃതമായ  കാലയളവിനിടയ്ക്ക് പലപ്പോഴായി കൊത്തിയെടുക്കപ്പെട്ടതാണ് ഈ ചിത്രങ്ങൾ എന്നാണ് അഭിജ്ഞമതം. ഹിമയുഗം അവസാനിക്കുമ്പോൾ കോക്കസസ് പ്രദേശത്ത് ഉയർന്നുവന്ന പ്രാചീനമനുഷ്യരുടെ സാമൂഹ്യാവസ്ഥ ഏറെക്കൂറെ മനസ്സിലാക്കാൻ ഉതകുംവിധം വിപുലമായ ചിത്രവിന്യാസം. തെളിമയുള്ള പകലിൽ, പാറകളിൽ കൊത്തപ്പെട്ട ചിത്രങ്ങൾ എമ്പാടും കാണുമ്പോൾ, പക്ഷെ, അവയൊക്കെയും ഇന്നലെ വരയപ്പെട്ടവ എന്നപോലെ അനുഭവപ്പെടുന്നു...

പാറകൾക്കിടയിലെ ചില ഇടുക്കുകളിലൂടെ നടക്കുകയാണ്. ഇരുഭാഗങ്ങളിലും ചിത്രങ്ങൾ. അവയിൽ നിഴലിന്റെ കാളിമ. അതിൽ അവനവന്റെ ശ്വാസോഛ്വാസം പ്രതിധ്വനിക്കുമ്പോൾ ഒരു പ്രാചീനമനുഷ്യനെ നമ്മൾ കാണും. അവന്റെ കൈകളിൽ, ഒരു പാറക്കഷണത്തിൽ മിനുക്കിയെടുത്ത പണിയായുധം കാണും. വേട്ടയാടിക്കൊന്ന ഏതോ മൃഗത്തിന്റെ തോൽ അതേപടി ഉരിഞ്ഞെടുത്ത വസ്ത്രത്തിന്റെ പ്രാക്തനഗന്ധം. തറനിരപ്പിൽ നിന്നും ഉയരത്തിലെത്താൻ, ചെറുപാറയിൽ കയറി നിന്ന്, കാട്ടുപോത്തുപോലിരിക്കുന്ന അക്കാലത്തെ ഏതോ ഒരു വന്യമൃഗത്തിന്റെ ചിത്രം അവൻ കൊത്തിയെടുക്കുന്ന സർഗ്ഗവാസന അത്ഭുതത്തോടെ നോക്കിനിൽക്കാം. ഇരുപതിനായിരം വർഷങ്ങൾ..., എത്രയോ തലമുറകൾ..., കാലത്തിന്റെ എന്തെന്ത് വിസ്ഫോടനങ്ങൾ...?! എങ്കിലും ഇതാ ലോകത്തിന്റെ മറ്റേതോ കോണിൽ നിന്നും വന്ന ഒരാൾ ആ കൊത്തുചിത്രം കാണുന്നു. ഹിമയുഗത്തിലെ മഞ്ഞുപോലെ കാലം ഘനീഭവിക്കുന്നു...!

മനുഷ്യരൂപങ്ങൾ, മൃഗങ്ങൾ, നൃത്തം, വേട്ടയാടൽ, മത്സ്യബന്ധനം - അങ്ങനെ അക്കാലത്തെ മനുഷ്യജീവിതത്തിന്റെ, പ്രദേശത്തിന്റെ, ചരിത്രവും പ്രകൃതിയും തന്നെയാണ് ഈ കൊത്തുചിത്രങ്ങളിൽ നിവർത്തിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യപരിണാമത്തിലെ ഒരേട്‌. പ്രാക്തനമായ ഗോത്രജീവിതം എത്തരത്തിലായിരുന്നു എന്ന് കുറച്ചൊക്കെ മനസ്സിലാക്കിയെടുക്കാൻ ഈ ചിത്രങ്ങൾ സഹായിച്ചേയ്ക്കാം. എന്നാൽ എല്ലാ ചിത്രങ്ങളും വേർതിരിച്ച് വിശദമായി കാണാനും, അവയ്ക്കു പിന്നിലെ അനുഭവനേരങ്ങൾ സങ്കല്പത്തിൽ മെനഞ്ഞ് ആമഗ്നനാവാനും ഇവിടെ ഒരുപാട് ദിവസങ്ങൾ ചിലവഴിക്കേണ്ടിവരും. ആവുന്നത്രയും ചിത്രങ്ങൾ ഇപ്പോൾ ക്യാമറയിൽ പകർത്തുക. എന്നെങ്കിലുമൊരു രാത്രിയിൽ, നാഗരികവ്യഥയുടെ ദൈനംദിന മടുപ്പിൽ ഉറക്കംവരാതെ കിടക്കുന്ന നേരത്ത്, ഈ ചിത്രങ്ങളിലേയ്ക്ക് മടങ്ങിവരാം. ഒരു പ്രാചീന ഗോത്രമനുഷ്യനാവാം. നൂറ്റാണ്ടുകളും സംസ്കാരങ്ങളും സമകാല മനുഷ്യനിൽ തുന്നിച്ചേർത്ത പ്രാകൃത്യരഹിതമായ ഉടയാടകൾ അഴിച്ചുകളഞ്ഞ് നഗ്നനായി നിൽക്കാം...

ഗോബുസ്താനിലെ കൊത്തുചിത്രങ്ങൾ
ഗോബുസ്താനിൽ നിൽക്കുമ്പോൾ എടക്കൽ ഗുഹയെ ഓർക്കാതിരിക്കാനാവില്ല. ഗോബുസ്താനിൽ അവസാനം വരയപ്പെട്ട ചിത്രങ്ങളും എടക്കലിൽ ആദ്യം വരയപ്പെട്ട ചിത്രങ്ങളും ഏതാണ്ട് ഒരേ കാലഘട്ടത്തിൽ നിന്നാണ്. ചിത്രം വരഞ്ഞിരിക്കുന്ന പാറകളും, അവയെ ഉൾക്കൊള്ളുന്ന ഭൂപ്രദേശവും തമ്മിൽ പക്ഷെ പ്രകടമായ വ്യത്യാസമുണ്ട്. അർദ്ധമരുഭൂസമാനമായ ഇടത്തിലെ അല്പം മാർദ്ദവം തോന്നിക്കുന്ന ഇളം നിറമുള്ള പാറയിലാണ് ഗോബുസ്താനിലെ ചിത്രങ്ങൾ കൊത്തപ്പെട്ടിരിക്കുന്നത്. എന്നാൽ എടക്കലിലെ പ്രകൃതി മറ്റൊന്നാണല്ലോ. ഉഷ്ണമേഖലാമഴക്കാടിന്റെ നിബിഢമായ പച്ച. അതിൽ മറഞ്ഞിരിക്കുന്ന കാഠിന്യമേറിയ കൃഷ്ണശിലകൾ. അവയുടെ പ്രതലത്തിലാണല്ലോ എടക്കലിലെ ചിത്രങ്ങൾ...

അവ കൊത്തിയിരിക്കുന്നതിലും ചില സാങ്കേതികഭേദങ്ങൾ കാണാനാവും. അധികം ആഴത്തിൽ കൊത്തിയെടുക്കാതെ ഏതാണ്ട് കോറിവരച്ചതുപോലെയാണ് ഗോബുസ്താനിലെ ചിത്രങ്ങൾ. എടക്കലിൽ കുറച്ചുകൂടി ആഴത്തിൽ കൊത്തിയെടുത്ത ചിത്രങ്ങളാണെന്ന് തോന്നും. എന്നിരുന്നാലും ഗോബുസ്താനെ സവിശേഷമാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഇരുപതിനായിരം വർഷത്തിലധികം നീളുന്ന പ്രാചീനത. മറ്റൊന്ന് ബൃഹത്തായ ഒരു ജനസമൂഹം നിലനിന്നിരുന്നു എന്ന് തെളിവ് തരും വിധം വിസ്തൃതവും വിപുലവുമായ വിന്യസിക്കപ്പെട്ടിരിക്കുന്ന കലാവിഷ്കാരസമുച്ചയം. എടക്കലിൽ ഇവ രണ്ടും തുലോം പരിമിതമാണ്. ഗോബുസ്താനിലെ ചിത്രകാലം അവസാനിക്കുമ്പോൾ മാത്രമാണ് എടക്കലിൽ അത് ആരംഭിക്കുന്നത്. വിസ്തൃതിയോ അമ്പുകുത്തി മലയ്ക്ക് മുകളിലുള്ള ഒരർദ്ധ ഗുഹയ്ക്കുള്ളിൽ മാത്രമായി ചുരുക്കപ്പെട്ടുമിരിയ്ക്കുന്നു.

കൊത്തുചിത്രം - മറ്റൊരു ഭാഗം
കുന്നിന് മുകളിലെ ചില പാറകൾ മുനമ്പു പോലെ അന്തരീക്ഷത്തിലേയ്ക്ക് തള്ളിനിൽപ്പുണ്ട്. അവിടേയ്ക്ക് കയറാം. കാസ്പിയൻ കാറ്റിന്റെ ചിറകടിയിൽപ്പെട്ട് പറന്നുപോകാതെ സൂക്ഷിക്കണം. അനേകമടി താഴെയാണ് ഭൂനിരപ്പ്. അർദ്ധമരുഭൂമി. അതങ്ങനെ കാസ്പിയൻ കടലോളം നീണ്ടുപോകുന്നു. കര, കടലിലേയ്ക്ക് അലിയുന്ന ഭാഗത്ത് ചിതറിയ പൊട്ടുകൾ പോലെ ഗോബുസ്താനിലെ ഗ്രാമങ്ങൾ. അതിനപ്പുറം നീലിച്ചുകിടക്കുന്ന കാസ്പിയൻ. അതിരിലെ ചക്രവാളം അവ്യക്തമാണ്. വെയിലും ധൂളിയാർദ്രതയും ആ കടലകലത്തെ ശുഭ്രമായൊരു തിരശ്ശീലകൊണ്ട് അതാര്യമാക്കിയിരിക്കുന്നു.

കാസ്പിയൻ ഒരു കടലല്ല. ലോകത്തിലെ ഏറ്റവും വലിയ തടാകമാണ്. സ്‌കൂളിലെ ഭൂമിശാസ്ത്രം ക്ലാസിൽ പഠിച്ചിട്ടുള്ളതാണ്. ഒരു പാഠ്യവിഷയം എന്ന നിലയ്ക്ക് ഭൂമിശാസ്ത്രം ആകർഷകമായി അനുഭവപ്പെട്ടിരുന്നില്ല. എങ്കിലും അക്കാദമികമായ  താല്പര്യത്തിന് പുറത്ത് ഭൂമി എക്കാലത്തും ഇഷ്ടവിഷയമായിരുന്നു. ഓർമ്മയുള്ള കാലം മുതൽ വീട്ടിൽ കണ്ടിരുന്ന 'അറ്റ്ലസു'കൾ ഈ താല്പര്യത്തിലേയ്ക്ക് അത്യധികം പ്രചോദിപ്പിച്ചിരുന്നു. അതിവിദൂരമായ ദേശങ്ങളിലേയ്ക്കുള്ള സഞ്ചാരത്തെ കുറിച്ച് ആലോചിക്കാനാവുന്നതിനും വളരെ മുൻപുതന്നെ ആ അപരിചിതമായ ദേശങ്ങളൊക്കെ ഭൂഗോളത്തിന്റെ ഏത് ഭാഗങ്ങളിലായാണ് വിന്യാസിതമായിരിക്കുന്നത് എന്ന ഏകദേശമായ ധാരണയുണ്ടായിരുന്നു. കാസ്പിയൻ കടലിന്റെ കിടപ്പുവശവും അപരിചിതമായിരുന്നില്ല.

എന്നാൽ കാസ്പിയൻ തീരത്ത് ഒരിക്കൽ എത്തുമെന്ന് അക്കാലത്തെ സ്വപ്നങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. ഗോബുസ്താനിലെ ഈ ക്ലിഫിൽ നിന്ന്, വിദൂരമായൊരു നീലവരയാകുന്ന കാസ്പിയനെ കാണുന്ന ഒരു പകൽ ഉണ്ടാവുമെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപുപോലും കരുതിയിരുന്നതല്ല. ജീവിതം തന്നെ ആകസ്മികതകളുടേതാണ്, അപ്പോൾ യാത്രയുടെ കാര്യം പറയാനുണ്ടോ...?!

ഗോബുസ്താൻ കുന്നിന്റെ മുനമ്പിൽ
ഭൂമിശാസ്ത്രപരമായി തികച്ചും വ്യത്യസ്തവും സവിശേഷവുമായ തടാകമാണ് കാസ്പിയനെന്ന് ഇവിടെനിന്ന് നോക്കിക്കാണുമ്പോൾ തോന്നുകയില്ല. ഏതൊരു കടലും കാണുന്ന അനുഭവം മാത്രം. ഒരു യാത്രികന്റെ അനുഭവങ്ങളെ വ്യതിരിക്തമാക്കുന്നത് അവന്റെ ആർജ്ജിത ജ്ഞാനസഞ്ചയം കൂടിയാണ്. കാസ്പിയൻ, കടലല്ല എന്ന അറിവ് ഈ കാഴ്ചയെ വ്യത്യസ്തമാക്കുന്നു.

അസർബൈജാനെ കൂടാതെ ഇറാൻ, കസഖ്സ്ഥാൻ, റഷ്യ, തുർക്‌മെനിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് കൂടി തീരം സമ്മാനിക്കുന്നുണ്ട് കാസ്പിയൻ. ഇതൊരു ഉപ്പുജലതടാകമാണ്. അതിനാൽ ഭൂമിശാസ്ത്രം വികസിക്കുന്നതിന് മുൻപ് കടൽത്തന്നെയാണെന്നാണ് പ്രദേശവാസികൾ കരുതിയിരുന്നത്. കടൽനിരപ്പിൽ നിന്നും താഴ്ന്നു കാണപ്പെടുന്ന ജലാശയം കൂടിയാണ് കാസ്പിയൻ. ദശലക്ഷം വർഷങ്ങൾക്ക് മുൻപ് കടൽഭാഗം തന്നെയായിരുന്ന കാസ്പിയൻ ചില ഭൂഗർഭപ്രതിഭാസങ്ങളുടെ ഫലമായി, ഒറ്റപ്പെട്ടുപോയ ഉപ്പുജലതടാകമായി പരിണമിക്കുകയായിരുന്നുവത്രെ.

കാസ്പിയനിൽ നിന്നും പുറപ്പെട്ടുപോകുന്ന നദികൾ ഒന്നും തന്നെയില്ല. സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന നിലയിലായതിനാൽ അത് സംഭവ്യവുമല്ലല്ലോ. എന്നാൽ നമുക്ക് പരിചിതമായ ചില നദീനാമങ്ങൾ കാസ്പിയനുമായി ബന്ധപ്പെട്ടിരിക്കുന്നു. റഷ്യയുടെ ദേശീയ നദിയും യൂറോപ്പിലെ ഏറ്റവും നീളംകൂടിയ നദിയുമായ വോൾഗ അതിന്റെ ഒഴുക്ക് അവസാനിപ്പിക്കുന്നത് കാസ്പിയൻ കടലിലാണ്. യൂറോപ്പിന്റെയും ഏഷ്യയുടെയും അതിർവരയായി കണക്കാക്കപ്പെടുന്ന യൂറാൾ നദിയും വന്നലിയുക കാസ്പിയനിലാണ്. ചെറുതും വലുതുമായ ഏതാണ്ട് നൂറ്റിമുപ്പത് നദികൾ ഈ ജലാശയത്തിലേയ്ക്ക് വന്നുചേരുന്നുണ്ട്. കൂടുതൽ നദികളും എത്തുന്നത് തടാകത്തിന്റെ വടക്കൻ പ്രദേശങ്ങളിലാണ്. അതിനാൽ ആ ഭാഗത്ത് കാസ്പിയൻ ജലത്തിന് ഉപ്പുരസം തുലോം കമ്മിയാണ്.

ദിഗന്തസീമയിലെ കാസ്പിയൻ അനുഭവത്തിൽ മുങ്ങി ഗോബുസ്താൻ കുന്നിന് മുകളിൽ നിൽക്കുമ്പോൾ മൊബൈൽ അടിക്കാൻ തുടങ്ങി. കുവൈറ്റിൽ നിന്നും കൂട്ടുകാരനാണ്. അവിടെ അത്യാവശ്യമായി വന്നുപെട്ട ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനാണ് വിളിച്ചത്. സഹസ്രാബ്ദങ്ങൾക്ക് അകലെനിന്നുള്ള കൊത്തുചിത്രങ്ങൾക്കരികിൽ, മഞ്ഞവെയിലിൽ, സവിശേഷ ഭൂപ്രതിഭാസമായ വിസ്തൃതതടാകം നോക്കിനിന്ന്, നിത്യജീവിതത്തിന്റെ സമകാലവൃത്താന്തം കൂട്ടുകാരനുമായി പങ്കുവയ്ക്കുമ്പോൾ, അയാഥാർത്ഥമായ ഒരു ലോകത്താണ് ഞാനുള്ളത് എന്നുതോന്നി.

യാത്ര, ഭ്രമാത്മകമാവുന്ന നേരങ്ങളുണ്ട്...!

പ്രാചീനനൃത്തരൂപത്തിന്റെ ചിത്രീകരണം - ഗോബുസ്താൻ മ്യൂസിയം
കുന്നിറങ്ങി ഞങ്ങൾ മ്യൂസിയത്തിലേയ്‌ക്കെത്തി. ഗോബുസ്താനിലെ പ്രാചീനജീവിതം ചെറുമാതൃകകളുണ്ടാക്കി പ്രദർശിപ്പിച്ചിരിക്കുകയാണിവിടെ. പ്രകൃതിയും മനുഷ്യനും തിര്യക്കുകളും ഉൾപ്പെടുന്ന രൂപങ്ങൾ നാടകീയമായ പ്രകാശവിന്യാസത്തോടെ ആവിഷ്കരിച്ചിരിക്കുന്നു. പുറത്തുനിന്ന് കെട്ടിടം കാണുമ്പോൾ അങ്ങനെ തോന്നില്ലെങ്കിലും രണ്ടുമൂന്ന് നിലകളിൽ വളരെ വിസ്തൃതവും ശാസ്ത്രീയവുമായാണ് കാഴ്ചകൾ സജ്ജീകരിച്ചിരിക്കുന്നത്. ഇത്തരം ചിത്രീകരണങ്ങൾ സംവദിക്കുക വളരെ പ്രാഥമികമായ വിവരവിശേഷങ്ങൾ മാത്രമാണ്. ഗോബുസ്താൻ കുന്നിലെ ചരിത്രാതീതമായ കൊത്തുചിത്രസമുച്ചയം കാണാൻ, കാര്യമായ മുൻധാരണയൊന്നുമില്ലാതെ എത്തുന്ന അനിതാസാധാരണ വിനോദസഞ്ചാരിക്ക് പ്രദേശത്തെക്കുറിച്ച് ഒരു ഏകദേശരൂപം നൽകുക എന്നതാവണം ഉദ്ദേശ്യം.

ആകർഷകമായി തോന്നിയ ഒന്ന് ഗോബുസ്താനിലെ പാറമുഖത്ത് കണ്ട ഒരു ചിത്രത്തെക്കുറിച്ചുള്ള വിവരണമാണ്. ഏതാനും ആളുകൾ കൈകൾ ചേർത്തുപിടിച്ച് നിരന്നുനിൽക്കുന്ന ചിത്രം. സംഘനൃത്തത്തെ ഓർമ്മിപ്പിക്കുന്ന ഒന്ന്. പ്രാചീനമനുഷ്യരുടെ ഏറ്റവും ജനകീയവും ആചാരപരവുമായ ആവിഷ്കാരരൂപം നൃത്തമായിരുന്നു. ലോകത്ത് എവിടെ നിന്നും വീണ്ടെടുക്കപ്പെട്ടിട്ടുള്ള  ആദിമമനുഷ്യരുടെ ചരിത്രം നോക്കിയാൽ ഇത് കാണാനാവും. "ഒരു തെങ്ങിൻമടലോ പനമടലോ ഓലകളഞ്ഞ് പിടിച്ചുകൊണ്ട് മുഖംമൂടിയോടും ഉഷ്ണീഷത്തോടും കൂടി തുള്ളുന്ന ഒരു മനുഷ്യന്റെ ചിത്രവും എടക്കൽ ഗുഹയിൽ കൊത്തിയിട്ടൂണ്ട്." എന്ന് കേസരി നമ്മുടെ പൗരാണികതയെ നിരീക്ഷിച്ചിട്ടുള്ളത് ഇപ്പോൾ ഓർമ്മിക്കാം.

ഇന്ന് അസർബൈജാനിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമായ 'യെല്ലി'യുമായി പാറമുഖത്തെ നൃത്തചിത്രത്തിനുള്ള അപൂർവ്വമായ സാമ്യമാണ് ഇവിടെ വിശദീകരിക്കുന്നത്. ഗുഹാമനുഷ്യനിൽ നിന്നും ആധുനിക മനുഷ്യനിലേയ്ക്ക് നീണ്ടെത്തുന്ന കലാവിഷ്കാരത്തിന്റെ നിഗൂഢമായ നൈരന്തര്യം.

മ്യൂസിയത്തിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ജർമ്മൻ തത്വചിന്തകനായ ഏൺസ്റ്റ് കാസ്സിറെറുടെ (Ernst Cassirer) ഒരു ദർശനം ചുമരിൽ എഴുതിവച്ചിരിക്കുന്നത് കണ്ടത്. ഈ മ്യൂസിയവുമായോ, ഗോബുസ്താൻ പ്രദേശവുമായോ ആ ചിന്താശകലത്തിനുള്ള സൂക്ഷ്മബന്ധം പിടികിട്ടിയില്ല. എങ്കിലും മനുഷ്യസംസ്കൃതിയുടെ അതിപ്രാചീനമായ വിത്തുവീണ സ്ഥലങ്ങളിലൊന്ന് എന്ന നിലയ്ക്ക്, സ്ഥൂലമായൊരു നിഗൂഢഭാവം ഈ സവിശേഷഭൂമികയ്ക്ക് നൽകാൻ ആ വരികൾക്ക് കഴിയുന്നുണ്ട്: "മനുഷ്യന് അവന്റെ നേട്ടങ്ങളിൽ നിന്നും ഒരിക്കലും മോചനം നേടാനാവില്ല. ഭൗതികലോകത്ത് മാത്രമല്ല ഇന്ന് അവൻ ജീവിക്കുന്നത്, അവൻ തന്നെ നിർമ്മിച്ചെടുത്ത ഒരു ബിംബാത്മകവിശ്വത്തിൽ കൂടിയാണ്. ഭാഷ, മിത്ത്, കല, മതം ഒക്കെ അതിലെ ഘടകങ്ങളാണ്. ഇത്തരത്തിലുള്ള വൈവിധ്യമാർന്ന ഇഴകൾകൊണ്ട് നെയ്തെടുത്ത ആ ബിംബാത്മകവലയിൽ കുടുങ്ങിക്കിടക്കുകയാണ് മനുഷ്യാനുഭവം...!"

- തുടരും -

2 അഭിപ്രായങ്ങൾ:

  1. ഭരമാത്മകമാവുന്ന യാത്രയിലൂടെ സഞ്ചാരി
    വായനക്കാർക്കെല്ലാം തന്റെ അനുഭങ്ങൾ പകർത്തി നൽകുകയാണ്
    ' എണ്ണ വ്യവസായത്തിന്റെ ജന്മദേശം' എന്നാണ് അസർബൈജാൻ
    അറിയപ്പെടുന്നത്. 'അഗ്‌നിദേശം' എന്ന വിളിപ്പേര് വന്നതും എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അസുലഭത കൊണ്ടാണ്. ഭൂമിയിൽ നിന്നും സ്വാഭാവികമായി
    ബഹിർഗമിക്കുന്ന വാതകം, ഒരുകാലത്ത്, പ്രദേശത്തിന്റെ പലഭാഗങ്ങളെയും അഗ്നിഭരിതമാക്കിയിരുന്നു. അതിനാൽ തന്നെ ഈ
    രണ്ട് വിശേഷണങ്ങളും പരസ്പരപൂരകമാണ്.'

    മറുപടിഇല്ലാതാക്കൂ