2018, ഫെബ്രുവരി 2, വെള്ളിയാഴ്‌ച

മണൽഭൂമിയുടെ നഗരന്യൂക്ലിയസിൽ...! - ഒന്ന്

ഭാര്യയ്ക്ക് പൂന്തോട്ടങ്ങളോടുള്ള ഭ്രമം ഇപ്പോഴും അവസാനിച്ചിട്ടില്ല. പൂക്കൾ കാണുമ്പോൾ അവൾ കൊച്ചുകുട്ടിയെ പോലെയാവും. ദുബായിലെത്തിയതിന്റെ തൊട്ടടുത്ത ദിവസം രാവിലെ ഞങ്ങൾ മിറക്കിൾ ഗാർഡനിൽ ചെന്നെത്തപ്പെട്ടതിൽ, അതുകൊണ്ടുതന്നെ, അത്ഭുതമില്ല.

കഴിഞ്ഞ രാത്രിയിലാണ് ഞങ്ങൾ വീണ്ടും ദുബായിൽ എത്തുന്നത്. ഇതിനുമുൻപ് 2012 - ലാണ് ഞങ്ങൾ യു. എ. ഇ സന്ദർശിക്കുന്നത്. ആ യാത്രയെ കുറിച്ചുള്ള കുറിപ്പുകൾ 'അലാവുദ്ദീന്റെ അത്ഭുതലോകം' എന്ന ശീർഷകത്തിൽ ആറ് ഭാഗങ്ങളിലായി കാണാവുന്നതാണ്. ആ യാത്രാവിവരണം എഴുതി അവസാനിപ്പിച്ചത് ഇങ്ങനെയാണ്: "ഒരു സന്ദർശനത്തിന് ശേഷവും ഒരിക്കൽകൂടി അതേ സ്ഥലത്തേയ്ക്ക് മടങ്ങിവരണം എന്ന ആഗ്രഹം കരുതാറില്ല. കാരണങ്ങൾ പലതാണ്. പ്രധാനമായും ജീവിതം ആകസ്മികതകളുടെ തുടർച്ചമാത്രമാണ് എന്ന മനസ്സിലാക്കലാണ്. അത്തരം ആകസ്മികതകളാണ് ജീവിതായനത്തെ രസകരവും സഹനീയവുമാക്കി തീർക്കുന്നത്. അതിന് വിനയാന്വതയോടെ നിന്നുകൊടുക്കുക...!"

അതെ, വീണ്ടും വരണം എന്ന ആഗ്രഹം സൂക്ഷിച്ചുകൊണ്ടല്ല അന്ന് മടങ്ങിയതെങ്കിലും, ജീവിതായനത്തിന്റെ ആകസ്മികത വീണ്ടും ഞങ്ങളെ ഇവിടെയെത്തിച്ചിരിക്കുന്നു...

സഹയാത്രിക, മിറക്കിൾ ഗാർഡനിൽ...!
പതിറ്റാണ്ടുകൾക്ക് മുൻപ്, വിവാഹത്തിന്റെ മൂന്നാം ദിവസമാണ് ഞാൻ ആദ്യമായി ദുബായിലെത്തുന്നത്. അന്ന് വന്നത് സന്ദർശകനായിട്ടല്ല, ഉദ്യോഗാർത്ഥിയായിട്ടാണ്. ഏതാനും മാസങ്ങൾ മാത്രമേ അന്നിവിടെ നിൽക്കാൻ സാധിച്ചിരുന്നുള്ളൂ. അത്രയൊന്നും സുഖകരമല്ലാത്ത ഗൾഫനുഭവവുമായി വേഗം മടങ്ങുകയാണുണ്ടായത്. താമസംവിനാ മറ്റൊരു ഗൾഫ് രാജ്യത്തേയ്ക്ക് പുറപ്പെട്ടുപോവുകയും ചെയ്തു.

എങ്കിലും, ഓരോതവണ ദുബായി സന്ദർശിക്കുമ്പോഴും തോന്നാറുള്ള ഒരു കാര്യമുണ്ട്. അന്ന് ഇവിടെ എങ്ങനെയെങ്കിലും പിടിച്ചുനിൽക്കേണ്ടതായിരുന്നു എന്ന്. ദുബായി എന്ന എമിറേറ്റും, യു. എ. ഇ എന്ന രാജ്യവും അഭികാമ്യമായ ഒരിടമായാണ് അനുഭവപ്പെടുക. ഇതിൽ പ്രധാനം, ശുദ്ധ കോസ്മോപോളിറ്റൻ സ്വഭാവം ലീനമായിരിക്കുന്ന ദുബായി പട്ടണം തന്നെ. പ്രാദേശികമായ സ്വത്വങ്ങളെല്ലാം കുടഞ്ഞുകളഞ്ഞ് വിശ്വനാഗരികതയുടെ പരിച്ഛേദമായാണ് ദുബായിയുടെ നിൽപ്. അത്ഭുതപ്പെടുത്തും വിധം മായികാസ്വഭാവം പ്രകാശിപ്പിക്കുന്ന നഗരം. ഏഷ്യയിൽ തന്നെ സിംഗപ്പൂരും ഹോങ്കോങ്ങും മക്കാവുവും ഷാങ്ഹായി പോലുള്ള ചില ചൈനീസ് പട്ടണങ്ങളും ഇത്തരത്തിൽ കോസ്മോപോളിറ്റനാണെന്ന് കേട്ടിട്ടുണ്ട്. എങ്കിലും മധ്യ-പൂർവ്വ ദേശത്തെ മണൽഭൂമിയിൽ ഉയർന്നുവന്ന നാഗരികത എന്ന നിലയ്ക്ക് ദുബായിക്ക് സവിശേഷതകൾ ഏറെയുണ്ട്.

ജോലിസംബന്ധമായും അല്ലാതെയും ദിനേനയെന്നോണം ദുബായിയുമായി ബന്ധപ്പെടേണ്ടി വരാറുണ്ട്. അതിനാൽ അവിടെ സ്ഥിരതാമസമാക്കിയവരുടെ ജീവിതത്തിന്റെ പാർശ്വകാഴ്ചകൾ കിട്ടാറുമുണ്ട്. ഒരു സന്ദർശകന്റെ സ്ഥൂലമായ നോട്ടം നൽകുന്ന വർണ്ണലോകത്തിനപ്പുറം ദുബായിയും മനുഷ്യാവസ്ഥയുടെ എല്ലാ സാധാരണത്വങ്ങളും നിസ്സഹായതകളും വിലാപങ്ങളും ഉൾപ്പേറുന്നു. ഒരു അണ്ടർകവർ റിപ്പോർട്ടിങ്ങിലൂടെ ദുബായിലെ നിർമ്മാണത്തൊഴിലാളികളുടെ ദുരിതവും, അവർ നേരിടുന്ന മനുഷ്യാവകാശധ്വംസനവും സചിത്രം പങ്കുവച്ച 'നാഷണൽ ജ്യോഗ്രഫിക്ക്' ലേഖനം വായിച്ചിട്ട് ഏതാനും ആഴ്ചകളെ ആയിട്ടുള്ളൂ. ഗൾഫ് മേഖലയിലേയ്ക്ക് ഏറ്റവും കൂടുതൽ തൊഴിലാളികളെ കയറ്റിയയക്കുന്ന കേരളത്തിന്, അതിൽ പെട്ടുപോയ ഒരു കണ്ണി എന്ന നിലയ്ക്കുകൂടി, ആ പ്രതിലോമതലം മനസ്സിലാക്കാൻ അണ്ടർകവർ റിപ്പോർട്ടിന്റെയൊന്നും ആവശ്യമില്ലല്ലോ.

മിറക്കിൾ ഗാർഡന്റെ പ്രവേശനഭാഗം
ഭാര്യാസഹോദരിയുടെ മകളാണ് ഇത്തവണ ഞങ്ങളെ ദുബായിലേയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. ഈ മണൽദേശത്ത് ഉപജീവനാർത്ഥമെത്തിയ മലയാളികളുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറയിൽപ്പെടുന്ന പെൺകുട്ടിയാണവൾ. ഇവിടെത്തന്നെയാണവൾ ജനിച്ചുവളർന്നത്. സ്‌കൂൾ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും ദുബായിലായിരുന്നു. വിദ്യാഭ്യാസാനന്തരം ഇവിടെത്തന്നെ ജോലിയും ചെയ്യുന്നു. ഏതാനും നാളുകൾക്കകം ദുബായിൽ വച്ചുതന്നെ വിവാഹവും നടക്കാനിരിക്കുന്നു... എല്ലാ ഗൾഫ് രാജ്യങ്ങളിലും സാധ്യമായ കാര്യമല്ലിത്. യു. എ. ഇ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നതും ഇതൊക്കെ കൊണ്ടുകൂടിയാണ്.

ഞങ്ങൾ ജീവിക്കുന്ന കുവൈത്തിൽ, സ്‌കൂൾ വിദ്യാഭ്യാസാനന്തരം, വിദേശികളുടെ കുട്ടികൾക്ക് പഠിത്തം അവിടെ തന്നെ തുടരാൻ പ്രയാസമാണ്. വിദൂരവിദ്യാഭ്യാസത്തെ മുൻനിർത്തി ചില ചെറുകിട പരിശീലനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നതിനപ്പുറം ഉപരിവിദ്യാഭ്യാസം നേടാൻ നാട്ടിലേയ്‌ക്കോ മറ്റേതെങ്കിലും സ്ഥലത്തേയ്‌ക്കോ പോകേണ്ടതുണ്ട്. പ്രത്യേകിച്ച്, ഇപ്പോൾ വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന തരത്തിലുള്ള സാങ്കേതികവിദ്യാഭ്യാസം ഇവിടെ പ്രാപ്യമല്ല. അറബ് ഓപ്പൺ യൂണിവേഴ്‌സിറ്റി, കുവൈത്ത് അമേരിക്കൻ യൂണിവേഴ്‌സിറ്റി തുടങ്ങി ചില വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്വകാര്യമേഖലയിൽ ഉണ്ടെങ്കിലും, അവയൊന്നും പൊതുവേ നമുക്കഭികാമ്യമായ പാഠ്യപദ്ധതിയല്ല ഉൾക്കൊള്ളുന്നത്. അതിനാൽ ബഹുഭൂരിപക്ഷം കുട്ടികളും കലാലയപഠനത്തിനായി നാട്ടിലേയ്ക്ക് മടങ്ങുകയാണ് പതിവ്.

എന്നാൽ യു. എ. യിൽ ഏതാനും ഇന്ത്യൻ സാങ്കേതിക സർവകലാശാലകളുടെ ക്യാമ്പസുകൾ നേരിട്ട് പ്രവർത്തിക്കുന്നു. ദുബായിലെ മറ്റെല്ലാ മേഖലയിലും എന്നപോലെ ഉപരിവിദ്യാഭ്യാസവും ചിലവേറിയതാണ് എന്ന വസ്തുത മറക്കുന്നില്ല. എങ്കിലും അത്തരത്തിലൊരു തെരെഞ്ഞെടുപ്പ് ലഭ്യമാണ് എന്നത് ആ ദേശത്തിന്റെ കോസ്മോപോളിറ്റൻ സ്വഭാവം വ്യക്തമാക്കുന്നു.

എന്തായാലും, നവ-ഉദ്യോഗസ്ഥയായ സഹോദരിപുത്രിയുടെ ക്ഷണം സ്വീകരിക്കാതിരിക്കാൻ കാരണമൊന്നുമുണ്ടായിരുന്നില്ല. മറ്റൊരു അവധിദിവസം കൂടി ആഴ്ചാന്ത്യത്തോട് ചേർന്നുവന്നപ്പോൾ ഞങ്ങൾ ദുബായിലേയ്ക്കുള്ള വിമാനംപിടിച്ചു.

മിറക്കിൾ ഗാർഡനിൽ നിന്ന്...
കഴിഞ്ഞ തവണ ഞങ്ങൾ വരുമ്പോൾ മിറക്കിൾ ഗാർഡൻ ഉണ്ടായിരുന്നില്ല. 2013 - ലാണ് ലോകത്തിലെ ഏറ്റവും വിസ്തൃതമായ ഈ പുഷ്പോദ്യാനം സാക്ഷാത്കരിക്കുന്നത്. അന്ന് വന്നപ്പോൾ ഇവിടുത്തെ പുത്തൻ ആകർഷണങ്ങൾ ബുർജ് ഖലീഫയും മെട്രോയുമായിരുന്നു. ദുബായ് എപ്പോഴും എന്തെങ്കിലും പുതിയ ആശയങ്ങൾ സാക്ഷാത്കരിച്ചുകൊണ്ടിരിക്കുന്നു. വിമാനത്തിലിരിക്കുമ്പോൾ തന്നെ ഭൂമിയിൽ ഉയർന്നുനിൽക്കുന്ന അസംഖ്യം ക്രെയിനുകൾ കാണാനാവും.

ദുബായി, അതിന്റെ മണൽഭൂമിയിൽ നിർമ്മിച്ചെടുക്കുന്ന മായക്കാഴ്ചകളെല്ലാം ഒന്നുരണ്ട് ദിവസത്തെ സന്ദർശനത്തിൽ അനുഭവിച്ചുതീർക്കാൻ സാധിക്കില്ല. ഇവിടുത്തെ പ്രധാനമായ ഒരു വിനോദം ഡിസേർട് സഫാരിയാണെന്നുള്ളത് പ്രചുരപ്രചാരിതമാണല്ലോ. കഴിഞ്ഞതവണ വന്നപ്പോൾ അതിൽ പങ്കെടുക്കാൻ സമയം അനുവദിച്ചിരുന്നില്ല. ഇത്തവണയും ആ അനുഭവം അന്യമായിരിക്കും എന്നാണു തോന്നുന്നത്. സാധ്യമായ സമയത്തിനുള്ളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് മറ്റുചില പരിപാടികളാണ്...

അതിനോടൊപ്പം തന്നെ സൂചിതമാവേണ്ട സംഗതി, ഈ കാഴ്ചകളിലേയ്ക്കുള്ള പ്രവേശനത്തിന് താരതമ്യേന നല്ല വിലയാണ് എന്നുള്ളതാണ്. (എന്തൊകൊണ്ടോ മിറക്കിൾ ഗാർഡനിലേയ്ക്കുള്ള പ്രവേശനത്തുക കുറവായിരുന്നു.) ഗൾഫിലെ മറ്റ്‌ പ്രദേശങ്ങളെ  അപേക്ഷിച്ച് ദുബായിൽ ജീവിതച്ചിലവ് കൂടുതലാണ്. ഒരു വസ്തുവോ സേവനമോ  ഒറ്റയ്‌ക്കെടുത്താൽ അതിന്റെ വില വളരെ കൂടുതലാണ് എന്നുപറയാൻ പറ്റില്ല. പക്ഷേ ഉപഭോഗതൃഷണ വളർത്തുന്ന സാധ്യതകളുടെ നിർലോഭത്വം ചിലവ് വർധിപ്പിക്കുന്നു.

മിറക്കിൾ ഗാർഡൻ - മറ്റൊരു കാഴ്ച...
വെടിപ്പും വൃത്തിയുമുള്ള ഉദ്യാനമാണ് മിറക്കിൾ ഗാർഡൻ. എന്തുചെയ്താലും അതിന്  ലോകോത്തരനിലവാരം ഉണ്ടായിരിക്കാൻ ദുബായ് ശ്രദ്ധിക്കും. വർണ്ണപുഷ്പസസ്യങ്ങൾ  കലാപരമായി വിന്യസിച്ചിരുന്നു. അധികം പ്രതിഭയുള്ളവരും വ്യയശീലരുമായ  തോട്ടംജോലിക്കാർ ഇതിന്റെ നിർമ്മാണത്തിനും നടത്തിപ്പിനും പിന്നിലുണ്ടാവും. ജോർദാൻ ആസ്ഥാനമായുള്ള ഒരു ലാൻഡ്സ്കേപ് സ്ഥാപനമാണ് വർണ്ണസാന്ദ്രമായ ഈ പുഷ്പോദ്യാനം സാക്ഷാത്കരിച്ചിരിക്കുന്നത്.

വർഷം മുഴുവൻ ഇവിടം തുറന്നുപ്രവർത്തിക്കുന്നില്ല. വേനൽക്കാലത്ത് അടച്ചിടും - ജൂൺ മുതൽ ഏകദേശം നാലുമാസക്കാലം. ഇക്കാലത്ത് പുഷ്പസസ്യങ്ങൾ വളർത്തിയെടുക്കാനുള്ള പ്രയാസമല്ല അതിനുള്ള പ്രധാനകാരണം. അത്രയും ചൂടും പുഴുക്കലുമുള്ള കാലാവസ്ഥയിൽ സന്ദർശകർ ഇവിടെയെത്താനുള്ള സാധ്യത പരിമിതമാണ്. അഥവാ ആരെങ്കിലും വന്നാൽ തന്നെ ആഹ്ലാദത്തോടെ കാഴ്ചകൾ ആസ്വദിക്കാൻ ആ കാലാവസ്ഥ ഒട്ടും അഭികാമ്യമല്ല.

ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന എമിറേറ്റ്സ് വിമാനത്തിന്റെ പുഷ്പമാതൃകയ്ക്ക് ഏറ്റവും വലയ പുഷ്പവിന്യാസിതരൂപം എന്ന നിലയ്ക്കുള്ള ഗിന്നസ് റിക്കോർഡ് ലഭിച്ചിട്ടുണ്ട്.  ഒന്നുരണ്ട് ഹിന്ദി ചലച്ചിത്രങ്ങളുടെ കുറച്ച് ഭാഗങ്ങളും ഇവിടെവച്ച്  ചിത്രീകരിച്ചിട്ടുണ്ടത്രേ.

പുഷ്പസസ്യം കൊണ്ട് എമിറേറ്റ്‌സ് വിമാനത്തിന്റെ രൂപം
മണൽഭൂമിയുടെ സ്വാഭാവികതയിലല്ല ഈ പൂന്തോട്ടത്തിന്റെ അസ്തിത്വം. കുറച്ചുനേരം ഈ വർണ്ണലോകത്തിലൂടെ നടന്നുകഴിയുമ്പോൾ ആ അസ്വാഭാവികത അനുഭവപ്പെടാൻ തുടങ്ങും. അതിന്റെ എല്ലാ ചാരുതയിലും കൃതിമത്വത്തിന്റെ ചെത്തിമിനുക്കൽ  തെളിയാൻ തുടങ്ങും. ഞങ്ങൾ ജീവിക്കുന്ന ഗൾഫ് ദേശത്തും, ഇത്ര വലുതല്ലെങ്കിലും, ഇമ്മാതിരിയുള്ള ഉദ്യാനങ്ങൾ കണ്ടിട്ടുണ്ട്. ചില ഋതുവിൽ, റോഡരികിൽ പോലും പുഷ്പസസ്യങ്ങൾ വിന്യസിക്കപ്പെടാറുമുണ്ട്. ആ പൂവുകൾ മാസങ്ങളോളം വാടാതെ നിൽക്കുന്നത് കാണാം. നാഗരികമായ കൗതുകത്തിനായി പരീക്ഷണശാലയിൽ വളർത്തിയെടുക്കപ്പെടുന്ന ചെടികൾ. ആദ്യകാഴ്ചയുടെ ആശ്ചര്യം മാറിക്കഴിഞ്ഞാൽ ആ സ്വാഭാവികതയില്ലായ്മ മനസ്സിലാവാൻ തുടങ്ങും.

മരുഭൂമിയിൽ പ്രകൃത്യാവളരുന്ന പുഷ്പസസ്യങ്ങൾ ഇല്ല എന്നല്ല...

അസഹ്യമായ തണുപ്പിൽ നിന്നും അസഹ്യമായ ചൂടിലേയ്ക്ക് കടക്കുന്നതിന്റെ ഇടയ്ക്കുള്ള ഏതാനും ദിവസങ്ങൾ - അതാണ്‌ ഗൾഫിലെ വസന്തകാലം. ആ സംക്രമദിനങ്ങളുടെ തുടക്കത്തിൽ ചന്നംപിന്നം കുറച്ചു മഴ കിട്ടിയേക്കും. മഴ കഴിയുമ്പോൾ അതിജീവനത്തിന്റെ ത്വരയുമായി മരുഭൂമിയിൽ പച്ചപ്പിന്റെ നാമ്പുകൾ പൊങ്ങും. മരുഭൂമിയുടെ ഊഷരതയിൽ നിന്നും പ്രകൃതിയുടെ അത്ഭുതം പോലെ പുൽനാമ്പുകൾ ഭൂപ്രതലത്തിൽ പച്ചവിരിക്കും. പിന്നെ പൂവുകൾ വിരിയും. എങ്ങും മഞ്ഞപ്പരവതാനി വിരിച്ചതുപോലെ പൂവുകളുടെ ഉത്സവം. 'അർഫാജ്' എന്ന് പേരുള്ള പൂക്കളാണ് (Rhanterium Epapposum) ഇങ്ങനെ ഭൂപ്രതലത്തെ പൊതിഞ്ഞ് പൂത്തുലയുക.

വെയിൽമഞ്ഞകലർന്ന ചാരനിറം മാത്രം വിസ്തൃതമാവുന്ന ഭൂപ്രകൃതിയിൽ മറ്റുള്ള ഓരോ നിറവും നമ്മുടെ കണ്ണിൽ തറയ്ക്കും. ഓരോ പുല്ലും ഓരോ പൂവും പ്രകൃതിയുടെ സാന്ത്വനമായി നമ്മെ ആവേശിക്കും. അലസസഞ്ചാരങ്ങളിൽ വിജനമായ വഴിവക്കിൽ അതുവരെ കാണാത്ത ഒരു നിറപ്പകർച്ച പെട്ടെന്ന് കണ്ണിൽപ്പെടും. അത്തരത്തിൽ, കടുംപിങ്ക് നിറം കൊണ്ട് ഭൂമിക്ക് തൊങ്ങൽചാർത്തി നിൽക്കുന്ന, പ്രാദേശികമായി 'അൽ - ഹെമാസ്' (Rumex Vesicarius) എന്ന് പേരുള്ള ചെടിയെ വഴിവക്കിൽ ഇടയ്ക്കൊക്കെ  കണ്ടുമുട്ടാറുണ്ട്.

ഒരു പൂക്കുല പറിച്ച് മണലിൽ കുത്തിവച്ചതു പോലെ - ഉൾമരുഭൂമിയിലേയ്ക്ക് പോയാൽ അത്തരത്തിലൊരു കാഴ്ച കാണാം. മരുപ്രദേശങ്ങളിൽ കാണപ്പെടുന്ന, 'അൽ സുനൂൻ' എന്ന് വിളിപ്പേരുള്ള ചെടിയാണത്. ശാസ്ത്രനാമം Cistanche Tubulosa. പച്ചനിറം (Chlorophyll) ഇല്ലാത്തതുകൊണ്ട് അവയ്ക്ക് ആഹാരം സ്വയം ഉണ്ടാക്കാൻ ആവില്ല. അടുത്ത് വളരുന്ന മറ്റു ചെടികളിൽ നിന്ന് ആഹാരം വലിച്ചെടുത്ത് ജീവിക്കുന്ന പരാന്നഭോജികളാണ് അവ. വെയിലിൽ ചെറിയ തീനാളം പോലെ അവ കാണപ്പെടും.

അവയൊക്കെയാണ് മരുഭൂമിയുടെ നേരവകാശികളായ പുഷ്പപസസ്യങ്ങൾ.

ഇവിടെ, മിറക്കിൾ ഗാർഡനിൽ കാണുന്നത് വൈദേശികമായ മറ്റൊരു വർണ്ണപുഷപലോകമാണ്!

ഉദ്യാനത്തിലെ മറ്റൊരു കാഴ്ച...
ഇപ്പോൾ നല്ല കാലാവസ്ഥയാണ്. വെയിലുണ്ടെങ്കിലും അധികം ചൂടോ ഹ്യുമിഡിറ്റിയോ ഇല്ല. കാറ്റിന് നേർത്ത തണുപ്പുണ്ട്.  ഉദ്യാനത്തിലൂടെ അലസം നടക്കാൻ പറ്റിയ സുഖകരമായ കാലാവസ്ഥ. വളർത്തപ്പെട്ട പൂന്തോട്ടമെങ്കിലും ഇത് സൃഷ്ടിച്ച ഒരു ആവാസവ്യവസ്ഥ നിലനിൽക്കുന്നു. ഒരുപാട് കുരുവികൾ പറന്നുനടക്കുന്നുണ്ട്...

നടന്നു തളരുമ്പോൾ ഇരിക്കാൻ പൂപ്പന്തലുകളിൽ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഊഞ്ഞാലുകളിൽ ആടണമെങ്കിൽ അതുമുണ്ട്. ഒരു ഭാഗത്ത് ലഘുഭക്ഷണശാലകളും കാണാം.

ഞങ്ങൾ കുറച്ചുസമയം ഒരുഭാഗത്തിരുന്നു. ഞങ്ങൾ എന്നുപറഞ്ഞാൽ ഭാര്യാസഹോദരിയും അവരുടെ ഭർത്താവും ഞങ്ങൾ രണ്ടുപേരും. അവിടെയിരുന്ന് നാടിനെക്കുറിച്ചും വീടിനെക്കുറിച്ചും കുട്ടികളെക്കുറിച്ചും സംസാരിച്ചു. ഒരു പൂപ്പന്തലിനു കീഴെ, വർണ്ണപുഷ്‌പാലംകൃതമായ ചുറ്റുവട്ടത്തിനു നടുവിലങ്ങനെയിരിക്കെ, അയാതാർത്ഥമായ ഒരു ലോകത്ത് പെട്ടതുപോലെ അനുഭവപ്പെട്ടു. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാ മനുഷ്യരും സഞ്ചാരികളാണ്. എപ്പോഴെങ്കിലുമൊക്കെ അവർ, മനസ്സിൽ അഭൗമമായി അനുഭവപ്പെടുന്ന ഇടങ്ങളിൽ വന്നുപെടുന്നു. നിത്യജീവിതത്തെ പിന്നണിയിൽ നിർത്തി മനസ്സിന്റെ വിഭ്രമങ്ങളിൽ അഭിരമിക്കുന്നു...  

പൂക്കൾ വേലിതീർത്ത നടവഴി...
പൂന്തോട്ടത്തിൽ നിന്നും ഇറങ്ങി ഉച്ചഭക്ഷണത്തിന് ഞങ്ങൾ പാംജുമൈറ ഭാഗത്തേയ്ക്കാണ് പോയത്. ദുബായിലെ നിരത്തുകളിലൂടെ യാത്രചെയ്യുമ്പോൾ ഷെയ്ഖ് സായിദ് റോഡ് സവിശേഷ പരാമർശം അർഹിക്കും. ദുബായിയെ അബുദാബിയുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പെരുവഴികളിൽ ഒന്നാണിത് (ഇതാണ് മുഖ്യഖണ്ഡമെങ്കിലും യഥാർത്ഥത്തിൽ റാസൽഖൈമ മുതൽ അബുദാബി വരെ നീളുന്നതാണ് ഈ റോഡ്). ഇതിന് ഇരുഭാഗത്തുമായാണ് ദുബായിയുടെ അത്യാധുനിക മുഖം വികസിച്ചുവന്നിരിക്കുന്നത്. അംബരചുംബികളുടെ നിര. തലങ്ങും വിലങ്ങും പോകുന്ന സങ്കീർണ്ണമായ മേൽപ്പാലങ്ങളും അനുബന്ധ നിരത്തുകളും. ഒരുവശത്തുകൂടി കടന്നുപോകുന്ന മെട്രോ തീവണ്ടിയെ  ഇടയ്ക്കിടയ്ക്ക് കാണാനാവും.

വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ മധ്യപൂർവ്വേഷ്യയിലെ ആസ്ഥാനങ്ങൾ പലതും ഈ റോഡിന് ഇരുവശവുമായി ഉയർന്നുനിൽക്കുന്ന കെട്ടിടങ്ങളിലാണ്. വേൾഡ് ട്രേഡ്‌ സെന്റർ, ബിസ്സിനസ് ബേ, ഫൈനാൻഷ്യൽ സെന്റർ തുടങ്ങിയ കൊമേഴ്‌സ്യൽ സ്ഥാപനസമുച്ചയങ്ങൾ. അനേകം ലോകപ്രശസ്തമായ ഹോട്ടലുകൾ. സമകാല ദുബായിയുടെ മൂർത്തബിംബങ്ങളായി കണക്കാക്കാവുന്ന ബുർജ് ഖലീഫയും ദുബായി മാളും ഇതിന്റെ ഓരത്തു തന്നെ. റോഡിനു സമാന്തരമായി പോകുന്ന മെട്രോയിൽ വന്നിറങ്ങിയാൽ, ഒരു കിലോമീറ്ററിലധികം നീളുന്ന ആകാശപാതയിലൂടെ നടന്ന് ദുബായി മാളിലും ബുർജ് ഖലീഫയിലും പോകാനാവുമത്രേ.

ആസൂത്രണത്തികവോടെയാണ് ഷെയ്ഖ് സായിദ് റോഡിനിരുവശവും വികസിച്ചുവരുന്നതെന്ന് സംശയലേശമന്യേ പറയാനാവും. ഹോളിവുഡ് സിനിമകളിൽ കണ്ടിട്ടുള്ള ന്യൂയോർക്ക്, ഷിക്കാഗോ തുടങ്ങിയ പട്ടണങ്ങളിലെ നിരത്തിലൂടെ കടന്നുപോകുന്നപോലുള്ള ഒരനുഭവമാണ് ഇതിലൂടെയുള്ള യാത്ര ഉളവാക്കുക.

ഷെയ്ഖ് സായിദ് റോഡ്
ഷെയ്ഖ് സായിദ് റോഡിലൂടെ അബുദാബിയിലേയ്ക്ക് സഞ്ചരിക്കുമ്പോൾ വലത്തേയ്ക്ക് തിരിഞ്ഞ് പാംജുമൈറയിലേയ്ക്ക് പോകാം. ഈന്തപ്പനയുടെ മാതൃകയിൽ കടലിലേയ്ക്ക് ഇറക്കി നിർമ്മിച്ചിരിക്കുന്ന ആഡംബര ജനവാസ പ്രദേശമാണല്ലോ പാംജുമൈറ. അവിടേയ്ക്ക് പ്രവേശിക്കുമ്പോൾ ഇരുഭാഗത്തുമുള്ള അപ്പാർട്ടുമെന്റ് കെട്ടിടങ്ങളിലെ ആഡംബരത്വം അറിയാനാവും. അപ്പാർട്ടുമെന്റുകളായും വീടുകളായും വിവിധതരത്തിലുള്ള നൂറുകണക്കിന് താമസയിടങ്ങൾ ഇവിടെയുണ്ടത്രേ. അതുകൂടാതെ അസംഖ്യം ഹോട്ടലുകളും.

ഞാൻ മനസ്സിലാക്കിയിട്ടുള്ളത് ദുബായി എന്ന ദേശത്തെ ഓടിച്ചുകൊണ്ടുപോകുന്നത്, ഭൂപരിപക്ഷം മലയാളികൾ ഉൾപ്പെടുന്ന, ഇന്ത്യാക്കാരാണ് എന്നാണ്. നമുക്കറിയുന്നതും അറിയാത്തതുമായ അസംഖ്യം അതിസമ്പന്നരായ ഇന്ത്യക്കാർ ഇവിടെ ജീവിക്കുന്നു. ദുബായി ലോകത്തിലെ ഏറ്റവും വ്യാപാരസൗഹൃദമായ ദേശങ്ങളിലൊന്നാണ്. എന്തുതരം  കച്ചവടത്തിനും സാധ്യതയും സൗകര്യവുമുള്ള സ്ഥലം. ആ അവസരം ഉപയോഗപ്പെടുത്തി വലിയ കച്ചവടസാമ്രാജ്യങ്ങൾ ഉണ്ടാക്കിയെടുത്ത മലയാളികളെ നമുക്കറിയാം. എന്നാൽ അവരെക്കാൾ സമ്പന്നരും പരസ്യജീവിതം ആഗ്രഹിക്കാത്തവരുമായ ഇന്ത്യാക്കാരും ഇവിടെയുണ്ടത്രേ. സമ്പത്തിന്റെ തോത് എത്രയായാലും അതീവ സമ്പന്നരായ ഇന്ത്യാക്കാർ ജീവിക്കുന്ന നാടാണ് ദുബായി.

ഇവിടെ കച്ചവടം നടത്തി ധനികരായവരോടൊപ്പം മറ്റൊരുതരം ധനിക ഇന്ത്യക്കാരും ദുബായിലുണ്ട്. പുറത്തുനിന്നുണ്ടാക്കിയ ധനവുമായി ഇവിടെയെത്തിയവരാണവർ. ദുബായിയുടെ കോസ്മോപോളിറ്റൻ സ്വഭാവം അവരുടെ ജീവിതരീതിക്ക് അനുയോജ്യമായ സന്തോഷങ്ങൾ കണ്ടെത്താനുള്ള ഇടങ്ങൾ ഇവിടെ ഒരുക്കിവച്ചിരിക്കുന്നു.

അത്തരത്തിൽ ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള ധനികരാവാം ഈ കടൽത്തീര സൗധങ്ങളിൽ താമസിക്കുന്നത്.

അറ്റ്ലാൻറ്റിസ്
പാംജുമൈറയുടെ കടൽത്തീരത്തുള്ള സവിശേഷമായ നിർമ്മിതിയാണ് അറ്റ്ലാന്റിസ് ഹോട്ടൽ. പത്തുകൊല്ലങ്ങൾക്ക് മുൻപാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാവുന്നത്. അറ്റ്ലാന്റിക് കടലിന്റെ നടുവിൽ ഉണ്ടായിരുന്നു എന്നും പിന്നീട് കടലെടുത്തുപോയെന്നും അതിപുരാതനകാലത്ത് കരുതിയിരുന്ന ദ്വീപാണ് അറ്റ്ലാന്റിസ്. ഗ്രീക്ക് പുരാണങ്ങളുമായി ബന്ധപ്പെട്ടാണ് ഈ പേരും വൃത്താന്തവും നിലനിൽക്കുന്നത്. ആ പൗരാണികമായ പരികല്പനയിൽ, ഏറ്റവും ആധുനികമായി, ഏറ്റവും ആർഭാടത്തോടെ ഉയർത്തിയിരിക്കുന്ന വാസ്തുനിർമ്മിതിയാണ് 'അറ്റ്ലാന്റിസ്, ദി പാം' എന്ന് പൂർണ്ണനാമമുള്ള ഈ ഹോട്ടൽ സമുച്ചയം.

കടലിലേയ്ക്ക് തുറക്കുന്ന, അല്ലെങ്കിൽ കടലിൽ നിന്നും കരയിലേയ്ക്ക് തുറക്കുന്ന ഒരു കോട്ടവാതിൽ പോലെയാണ് ഇതിന്റെ രുപം. നക്ഷത്രഹോട്ടലാണെങ്കിലും, ഏതാനും തീൻശാലകളും അക്വാറിയവും മറ്റുമായി, സന്ദർശകർക്കായുള്ള വലിയൊരു  പൊതുവിടവും അനുബന്ധമായുണ്ട്. ദുബായി ഒരു ഉത്സവനഗരിയാണ് എന്ന് തെളിവുതരുന്ന  മറ്റൊരു സ്ഥലം.

അറ്റ്ലാന്റിസിനുള്ളിൽ
ആ മഹാസൗധത്തിനു മുന്നിലെ കടൽത്തീരത്ത് വന്നുനിന്നു ഞങ്ങൾ. പാംജുമൈറയുടെ പല ഭാഗങ്ങളിലും കാണുന്നതുപോലെ, മനുഷ്യമോഹം വകഞ്ഞുണ്ടാക്കിയ ജലാശയമല്ല ഇപ്പോൾ മുന്നിലുള്ളത്. ഇത് യഥാർത്ഥത്തിലുള്ള അറേബ്യൻ ഉൾക്കടൽ!

കടൽ, ചക്രവാളത്തിൽ തൊടുന്ന നേർരേഖയിൽ ചെറിയ പൊട്ടുകളായി യാനപാത്രങ്ങൾ നീങ്ങുന്നത് കാണാം. ഒരിക്കൽ മലയാളികൾ അറേബ്യയുടെ മണൽഭൂമിയിൽ വന്നുകയറിയ വഴിയാണ്. കപ്പലുകളിലേറിവന്ന ആ മലയാളിയുടെ ഇങ്ങേയറ്റത്തെ കണ്ണിയായി, ആ സമുദ്രപാത നോക്കിനിൽക്കുമ്പോൾ ഞാൻ വൈലോപ്പിള്ളിയുടെ ഒരു കവിതയോർത്തു. 1974 - ൽ അദ്ദേഹമെഴുതിയ 'ഗൾഫ് സ്റ്റേറ്റുകളോട്' എന്ന കവിത:

"സ്വപ്നവേളയിൽപ്പോലും ഞങ്ങളെ വിളിക്കുന്ന
ഗൾഫിലെ രാജ്യങ്ങളേ, നിങ്ങൾക്ക് നമസ്കാരം.
ദ്രവകാഞ്ചനമെന്ന് പേർപെറ്റ പെട്രോളിന്റെ-
യവസാനമില്ലാത്തോരായിരം കിണർകളാൽ
മൊഞ്ചുപൂണ്ടവർ നിങ്ങ,ളീയിടയ്ക്കതിൻവില-
യഞ്ചിരട്ടിയായ് കൂട്ടിവെയ്ക്കുവാൻ കണികയാൽ,
അറബിക്കഥകളും ഭാവനചെയ്യാത്തതാ-
മരിയ ധനങ്ങൾക്കാസ്ഥാനമായ്, ഭോഗങ്ങൾക്കും.
പണിചെയ്തവ, പൊന്നാൽ, ദൂബായിൻ തെരുവുകൾ,
പനിനീരൊഴുകുന്നു കുവൈറ്റിൻ മരുഭൂവിൽ
.............................................................................................."- തുടരും -  

6 അഭിപ്രായങ്ങൾ:

 1. രണ്ടായിരത്തി നാലിലാണ് ഞാന്‍ ദുബായ് സന്ദര്‍ശിച്ചത്. ഇത് വായിക്കുമ്പോള്‍ ഞാന്‍ പോയ സ്ഥലമിതല്ലയെന്ന തോന്നലാണ്. ദിവസേനെയെന്നോണമാണ് ദുബായിയുടെ മുഖച്ഛായ മാറുന്നത്.. തുടരൂ :)

  മറുപടിഇല്ലാതാക്കൂ
 2. നല്ല പരിചയപ്പെടുത്തൽ
  പ്രതികൂല കാലാവസ്ഥയിലും
  പണിതുയർത്തിയ ഒരു വിസ്മയ പൂങ്കാവനം
  തന്നെയാണിത് ദുബായിലെ ഈ മിറാക്കിൽ ഗാർഡൻ ...!

  മറുപടിഇല്ലാതാക്കൂ