2016, ജനുവരി 1, വെള്ളിയാഴ്‌ച

ആൽപൈൻ കലൈഡെസ്കോപ് - നാല്

പടവുകളിറങ്ങി ചെല്ലുമ്പോൾ ബോട്ടുജെട്ടിയുടെ പരിസരം വിജനമായിരുന്നു. കുറച്ചുമാറി സംസാരിച്ചു നിൽക്കുന്ന ചെറുപ്പക്കാരായ രണ്ടു പോലീസുകാരെ മാത്രം കണ്ടു. സ്വിറ്റ്സർലാൻഡിൽ വന്നതിനുശേഷം ആദ്യമായിട്ടാണ് പോലീസുകാരെ കാണുന്നത്. സെന്റ്‌. ബിയാതുസ് ഗുഹയുടെ (St. Beatus Cave) പരിസരത്തിലൂടെ കടന്നുപോകുന്ന ബോട്ടിന്റെ സമയം അവിടെ സ്ഥാപിച്ചിരുന്ന പട്ടികയിൽ നോക്കി മനസ്സിലാക്കാൻ ശ്രമിച്ചു. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞേ ബോട്ടുള്ളൂ എന്ന് തോന്നുന്നു. എന്തായാലും പോലീസുകാരോട് ചോദിച്ച് ഉറപ്പുവരുത്താം എന്ന് കരുതി. അവരും സമയപട്ടിക പരിശോധിച്ചതിനു ശേഷം അത് ശരിവച്ചു. അത്രയും സമയം നഷ്ടപ്പെടുത്തേണ്ടതില്ലെന്നും അപ്പുറത്തുള്ള സ്റ്റാൻഡിലേയ്ക്ക് പോയാൽ സെന്റ്‌. ബിയാതുസ് ഗുഹയുടെ മുന്നിലൂടെ കടന്നുപോകുന്ന ബസ്സ് എപ്പോഴും ലഭിക്കുമെന്നും അവർ പറഞ്ഞു.

അപ്പോഴാണ്‌ ആ പോലീസുകാരെ ശ്രദ്ധിച്ചത്. ഒത്ത പൊക്കവും തടിയുമുള്ള രണ്ടു ചെറുപ്പക്കാർ. അരയിൽ കെട്ടിയ തുകൽപ്പട്ടയിൽ ഏതൊക്കെയോ ആയുധങ്ങൾ തൂങ്ങിക്കിടക്കുന്നു. പിസ്റ്റളിനെക്കാൾ കുറച്ചുകൂടി വലിപ്പം തോന്നിക്കുന്ന ഒരു തോക്കുമാത്രം മനസ്സിലായി. ഒരു ബോട്ടുജെട്ടിയിലോ ബസ്സ്റ്റാൻഡിലോ പാറാവുനിൽക്കുന്ന സാധാരണക്കാരായ പോലീസുകാരെ പോലെ തോന്നിച്ചില്ല. അതോ ഇനി ഇവിടുത്തെ സാദാപോലീസുകാരൊക്കെ ഇങ്ങനെ വേഷവിഭൂഷിതരായിരിക്കുമോ...?

താമസിക്കുന്ന ഹോട്ടലിരിക്കുന്ന ഇന്റർലേക്കൻ ഈസ്റ്റിൽ നിന്നും ബസ്സിൽ കയറി വെസ്റ്റിൽ ഇറങ്ങിയത്‌ അവിടെ നിന്നും തുണ്‍ തടാകത്തിലൂടെ ജലയാനം നടത്തി സെന്റ്‌. ബിയാതുസ് ഗുഹ കാണാൻ പോകാം എന്ന് കരുതിയാണ്. ബസ്സ്‌സ്റ്റാൻഡിൽ നിന്നും ഏതാനും പടവുകൾ താഴെയ്ക്കിറങ്ങിയാൽ ബോട്ടുജെട്ടിയിൽ എത്താം. അവിടെ നിന്നാണ് ആരേ നദിക്ക് സമാന്തരമായി പോകുന്ന, തുണ്‍തടാകത്തിലേയ്ക്കുള്ള കനാൽ തുടങ്ങുന്നത്. ഏകദേശം മൂന്ന് കിലോമീറ്റർ അതിലൂടെ സഞ്ചരിച്ചുകഴിഞ്ഞാലാണ് കനാൽ തടാകത്തിന്റെ നീലവിശാലതയിൽ  ലയിക്കുക. സമയം വൈകിയതുകൊണ്ട് ഒരു മണിക്കൂർ ബോട്ട് കാത്തുനിൽക്കുന്നതിൽ സാംഗത്യമില്ലെന്ന് മനസ്സിലാക്കി തുണ്‍തടാകത്തിലൂടെയുള്ള ജലയാത്ര ഒഴിവാക്കി ബസ്സിൽ സെന്റ്‌. ബിയാത്തുസ് ഗുഹയിലേയ്ക്ക് പോകാം എന്ന് തീരുമാനിച്ചു.

ബസ്സിൽ...
ഇന്റർലേക്കനിൽ നിന്നും ഏകദേശം പത്തു കിലോമീറ്റർ അകലെയാണ് സെന്റ്‌. ബിയാതുസ് ഗുഹ. പട്ടണോപാന്തം പിന്നിടുമ്പോൾ ശൈലമുഖത്തിലൂടെ നിർമ്മിച്ച വീതികുറഞ്ഞ ഒരു റോഡിലൂടെയാണ്‌ ബസ്സ്‌ പോവുക. കുറച്ചുമുൻപ് ഉണ്ടായിരുന്നതിന് വിപരീതമായി ഇപ്പോൾ ആകാശം മേഘാവൃതമായിരിക്കുന്നു. ബസ്സിലിരിക്കുമ്പോൾ താഴെക്കാണുന്ന തുണ്‍ തടാകത്തിന്റെ നീലിമയിൽ തൂവിപ്പടർന്ന മേഘകാളിമ അന്തരീക്ഷത്തിന് വിഷാദാത്മകമായ നിഗൂഡത നൽകുന്നുണ്ടായിരുന്നു. അധികം യാനപാത്രങ്ങളെയൊന്നും തടാകത്തിൽ കണ്ടില്ല. വിശാലതടാകത്തിന്റെ വിജനതയും അഭൗമബോധത്തിന് ആഴംകൂട്ടി.

സെന്റ്‌. ബിയാതുസ് ഗുഹയുടെ പരിസരത്തുള്ള ബസ്സ്‌ സ്റ്റോപ്പിൽ മറ്റാളുകളും വിനോദസഞ്ചാരികളുടെ വാഹനങ്ങളും തിരക്കും ഒക്കെ ഉണ്ടാവും എന്ന് കരുതി, ബസ്സിലെ അനൗണ്‍സ്മെന്റിൽ അധികം ശ്രദ്ധകൊടുക്കാതെ അലസരായി കാഴ്ചകൾ കണ്ടിരുന്ന ഞങ്ങൾക്ക് അബദ്ധംപറ്റി. ഒരാളും ഇറങ്ങാനോ കയറാനോ ഇല്ലാത്ത സെന്റ്‌. ബിയാതുസ് ബസ്സ്‌ സ്റ്റോപ്പിൽ, ഞങ്ങൾ നിർത്താൻ ആവശ്യപ്പെടാത്തതുകൊണ്ട്, നിർത്താതെ ബസ്സ് യാത്രതുടർന്നു. അല്പംകൂടി പോയികഴിഞ്ഞപ്പോഴാണ് ഭാര്യ അബദ്ധംമനസ്സിലാക്കി ഡ്രൈവറോട് സംസാരിച്ചത്.

വളരെ ലളിതവും കൃത്യവുമായിരുന്നു പരിഹാരം. അടുത്ത ബസ്സ്‌സ്റ്റോപ്പിൽ ഈ ബസ്സ്‌ എത്തുന്നതിന് രണ്ട് മിനിറ്റ് മുൻപ് എതിർഭാഗത്തുനിന്നും വരുന്ന ബസ്സ്‌ എത്തും. ഡ്രൈവർ മൊബൈൽ എടുത്ത് ആ ഡ്രൈവറെ വിളിച്ച് ഞങ്ങൾക്ക് വേണ്ടി കാത്തുനിൽക്കാൻ ആവശ്യപ്പെട്ടു. അവിടെ ചെന്നിറങ്ങുമ്പോൾ ആ ബസ്സ്‌ ഞങ്ങൾക്കായി കാത്തുകിടപ്പുണ്ടായിരുന്നു. അവർ കൃത്യമായി ബിയാതുസ് ഗുഹയുടെ മുന്നിൽ ഞങ്ങളെ ഇറക്കി. ഇന്റർലേക്കനിലെങ്കിലും ടൂറിസ്റ്റ് രാജാവാണ്!

തുണ്‍ തടാകം
ചെറുമലയുടെ ഒരുഭാഗം ചരിച്ചു ചെത്തിയിറക്കിയതു പോലെ..., അതിന്റെ നടുവിലെവിടെ നിന്നോ ഉത്ഭവിക്കുന്ന ഒരു നീർച്ചാൽ മലയുടെ തട്ടുകളിലൂടെ ചിതറിത്തെറിച്ച് താഴേയ്ക്കൊഴുകുന്നു. ആ ജലപാതത്തിന്റെ പ്രഭവഭാഗത്ത് ചില നിർമ്മിതികൾ കാണാം. അതായിരിക്കാം ഗുഹയുടെ പ്രവേശനഭാഗം. താഴെ ബസ്സിറങ്ങിയ ഭാഗത്തുനിന്ന് മുകളിലേയ്ക്ക് നോക്കുമ്പോൾ ഇതാണ് കാഴ്ച.

റോഡു കടന്നുപോകുന്നത് ഈ ശിലാമുഖത്തിന്റെ മധ്യഭാഗത്തുകൂടിയാണ്. മുകളിലേയ്ക്കുള്ള പാതി ഗുഹയിലേയ്ക്ക് നീളുമ്പോൾ താഴേയ്ക്കുള്ള ചരിവ് തുണ്‍ തടാകത്തിലേയ്ക്ക് ഇറങ്ങിപ്പോകുന്നു. ബോട്ടിൽ വന്നിരുന്നെങ്കിൽ റോഡുവരെയുള്ള ദൂരംകൂടി മുകളിലേയ്ക്ക് നടന്നുകയറണമായിരുന്നല്ലോ എന്ന് വെറുതെ ആശ്വസിക്കാം. മുകളിലേയ്ക്ക് നീളുന്ന ചെറിയ നാട്ടുവഴി ജലപാതത്തെ പലയിടങ്ങളിലും വച്ച് ചെറുപാലങ്ങൾ കൊണ്ട് കവച്ചുകടക്കുന്നത് കാണാം.

പരിപൂർണ്ണമായ വിജനതയായിരുന്നു അവിടെ. സഞ്ചാരികളുടെ വാഹനങ്ങൾ പാർക്കുചെയ്യാൻ ഒരല്പം സ്ഥലം റോഡുവക്കിൽ തെളിച്ചിട്ടിട്ടുണ്ടെങ്കിലും അവിടെ ഒരു വണ്ടി പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല, ആ പരിസരത്ത് അപ്പോൾ മനുഷ്യജീവികളായി ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വഴിയോരത്തു കണ്ട ഒരു കടയോ പൂട്ടിയുമാണ് ഉള്ളത്. ഇത്രയും വിജനമായ പ്രദേശമായിരിക്കും സവിശേഷമായ ഈ സ്ഥലം എന്ന് കരുതിയിരുന്നില്ല.

മഴമേഘങ്ങൾ ഉരുണ്ടുകൂടുന്ന ആകാശത്തിന്റെ ശ്യാമമാനസം ഏറ്റെടുത്ത് ഇരുണ്ടുകിടക്കുന്ന ലളിതവനഭൂമിയിലൂടെ, എന്തായാലും, ഞങ്ങൾ പതുക്കെ മലകയറാൻ തുടങ്ങി...    

സെന്റ്‌. ബിയാതുസ് ഗുഹാപരിസരം - താഴെനിന്ന് കാണുമ്പോൾ
സെന്റ്‌. ബിയാതുസ് ആണ് സ്വിറ്റ്സർലാൻഡിലെ ആദ്യത്തെ വിശുദ്ധനായി കരുതപ്പെടുന്നത്. ഇത് സംശയരഹിതമായ വസ്തുതയല്ല. ഏറെക്കൂറെ ഐതീഹ്യത്തിന്റെ തലത്തിൽ നിലനിൽക്കുന്ന ജീവിതമാണ് പ്രസ്തുത വിശുദ്ധന്റേത്. വിശുദ്ധ പത്രോസിന്റെ കാലത്ത് ജീവിച്ചിരിക്കുകയും പത്രോസിനാൽ നേരിട്ട് അനുഗ്രഹിക്കപ്പെടുകയും ചെയ്ത ഇദ്ദേഹം ജനിച്ചത് സ്കോട്ട് ലാൻഡിലോ അയർലാൻഡിലോ ആണെന്ന് അനുമാനിക്കുന്നു. വിശുദ്ധ ബർണ്ണബാസിനാൽ ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെട്ട ഇദ്ദേഹം ഇറ്റലിയുടെ ഭാഗത്ത് നിന്നും വടക്കോട്ട്‌ സഞ്ചരിച്ച് പ്രാകൃത യൂറോപ്യൻ പ്രദേശങ്ങളിൽ പ്രേക്ഷിതപ്രവർത്തനം നടത്തുകയും ഒടുവിൽ തുണ്‍ തടാകത്തിന്റെ കരയിലുള്ള ചെറുമല കയറി ഒരു ഗുഹയിൽ താമസമുറപ്പിക്കുകയും ചെയ്തു. തുടർന്ന് നൂറ്റിപന്ത്രണ്ടാമത്തെ വയസ്സിൽ മരിക്കുന്നതുവരെ വിശുദ്ധ ബിയാതുസ് ഈ ഗുഹയിൽ തന്നെ കഴിയുകയും ചെയ്തുവത്രേ. ഈ ഗുഹയിൽ വച്ചാണ് അദ്ദേഹം ഒരു വ്യാളിയെ നിഗ്രഹിച്ച അത്ഭുതം സംഭവിക്കുന്നത്. അദ്ദേഹം താമസിക്കുകയും വ്യാളിയെ കൊല്ലുകയും ചെയ്ത ആ ഗുഹയാണ് സെന്റ്‌. ബിയാതുസ് ഗുഹ എന്ന പേരിൽ ഇന്ന് അറിയപ്പെടുന്നത്.

പ്രാക്തന ക്രിസ്തുമത ചരിത്രത്തിലെ വിശുദ്ധജീവിതങ്ങൾ പലതും എന്നതു പോലെ വിശുദ്ധ ബിയാതുസിന്റെ അസ്തിത്വവും സങ്കീർണ്ണവും സംശയാസ്പദവുമാണ്. അദ്ദേഹത്തിന്റേതായി ഒരു ശവക്കല്ലറ ഗുഹയ്ക്കുള്ളിലുണ്ടെങ്കിലും, അതിനും അനുബന്ധമായ മറ്റു കഥകൾക്കും ഉപോൽബലകമായി ചരിത്രതെളിവുകളൊന്നും ലഭ്യമല്ല. ഇത്തരം ചരിത്രവാസ്തവികൾ ദളാദളം അന്വേഷിക്കേണ്ട ബാധ്യത ഒരു സാധാരണ സഞ്ചാരിക്കില്ല എന്നാണ് എന്റെ മതം. ഒരു സവിശേഷ ദേശത്തിന്റെ നിലനിൽക്കുന്ന പൊതുവായ ചരിത്രവിശേഷങ്ങൾ, ഐതീഹ്യങ്ങൾ, വിശ്വാസങ്ങൾ തുടങ്ങിയവ എന്താണോ അവയൊക്കെയും അത്രയും വൈവിദ്ധ്യത്തോടെ ഉൾക്കൊള്ളുക. അത് അനായാസവും ജൈവവുമായ ആഹ്ലാദം പ്രദാനം ചെയ്യും.

സെന്റ്‌. ബിയാതുസ് ഗുഹയെക്കുറിച്ചുള്ള പരാമർശങ്ങൾ ലിഖിതരൂപത്തിൽ കണ്ടുതുടങ്ങുന്നത് മദ്ധ്യകാലത്തിന്റെ രണ്ടാം പകുതിയോടുകൂടിയാണ്. അപ്പോഴേയ്ക്കും ഇവിടം ഒരു തീർത്ഥാടനസ്ഥലമായി മാറിയിരുന്നു. ക്രിസ്തുമതം ശക്തവും സങ്കീർണ്ണവും രൂക്ഷവുമായി യൂറോപ്യൻ മേഖലയിൽ ഇടപെട്ടുകൊണ്ടിരുന്ന സമയമാണല്ലോ മധ്യകാലം. അതിന്റെ പ്രതിസ്ഫുരണങ്ങൾ ഇത്തരം തീർഥാടനങ്ങൾക്കും ത്വരകമായിട്ടുണ്ടാവാം. പ്രോട്ടെസ്റ്റന്റ് അധിനിവേശകാലത്ത് ഇവിടേയ്ക്ക് വരാറുണ്ടായിരുന്ന കത്തോലിക്കാ തീർഥാടകരെ അവർ കുന്തമുനയിൽ തുരത്തിയോടിച്ചിരുന്നുവത്രേ.

ഗുഹയിലേയ്ക്ക് നീളുന്ന വഴി...
ശൈത്യകാലത്ത് ഈ വഴി എങ്ങനെയായിരിക്കും എന്നറിയില്ല. പക്ഷെ ഇപ്പോൾ നാട്ടിലെ ഒരു മലഞ്ചരിവിലൂടെ നടന്നുകയറുന്ന പ്രതീതി തോന്നും. സ്ഥൂലഭൂപ്രകൃതി വ്യത്യസ്തമാണെന്നതിന് തർക്കമില്ല. പൈൻ, കോണിഫെറെസ്, മേപ്പിൾ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട, നമ്മുടെ ഭാഗത്ത് അത്രയൊന്നും പരിചയമില്ലാത്ത മരങ്ങളാണ് മലഞ്ചരിവുകളിൽ കാണുക. ഏതാണ്ട് എല്ലാത്തിനും ഒരേ ആകൃതിയാണ് - താഴെ നിന്നും മുകളിലേയ്ക്ക് കൂർത്തുവരുന്ന നീളൻ പിരമിഡ് രൂപം. ക്രിസ്തുമസ് കാർഡുകളിൽ മഞ്ഞണിഞ്ഞു കണ്ടിരുന്ന ഇവയുടെ വർണ്ണചിത്രങ്ങൾ കാല്പനികമാക്കിയ ബാല്യകാലം ഓർമ്മയിലുണ്ട്.

ആൽപ്സും അതിനോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളും, കാലാവസ്ഥയുടെ രൂക്ഷത കൊണ്ടുതന്നെ സങ്കീർണ്ണമായ ജീവലോകം നിലനിർത്തുന്നില്ല. എന്നാൽ അത്തരത്തിൽ വൈവിധ്യരഹിതമല്ല സ്വിറ്റ്സർലാൻഡിലെ മുഴുവൻ ഹരിതപ്രകൃതിയും. താഴ്‌വാരങ്ങളും സമതലങ്ങളും വ്യത്യസ്തമാണ്. വിവിധ വർഗ്ഗങ്ങളിൽപ്പെട്ട, പ്രധാനമായും ഇലപൊഴിയും മരങ്ങൾ ഇവിടെ വളരുന്നുണ്ട്‌. വേനൽക്കാലത്ത് നിബിഡപച്ചയിൽ നിരക്കുന്ന ഇവ ശീതകാലത്ത് ഉടയാടകളഴിച്ചുവച്ച് അസ്ഥിരൂപികളായിമാറുന്നു. വണ്ടിയിൽ വരുമ്പോൾ മലഞ്ചരിവുകളിൽ ഒരേ രൂപത്തിൽ എകമാനമായി കാണപ്പെടുന്ന മരക്കൂട്ടങ്ങളെക്കാൾ കുറച്ചുകൂടി ബഹുസ്വരത അറിയാൻ സാധിക്കുന്നുണ്ട് സെന്റ്‌. ബിയാതുസ് ഗുഹയിലേയ്ക്കുള്ള മലകയറുമ്പോൾ.

സ്വിറ്റ്സർലാൻഡിനെ ചില വ്യവസായങ്ങളുമായി ഘടിപ്പിച്ച് പലപ്പോഴും വ്യവഹരിക്കാറുണ്ട് - ബാങ്ക്, വാച്ച്, ചോക്ലേറ്റ്, വിനോദസഞ്ചാരം എന്നിവയൊക്കെയാണ് അതിൽ പ്രധാനം. എന്നാൽ, ആഭ്യന്തരമായിപ്പോലും തടിയുടെ ഉപയോഗം വളരെ കൂടുതലാണെന്നിരിക്കിലും, മറ്റുപല യൂറോപ്യൻ രാജ്യങ്ങളോടും താരതമ്യപ്പെടുത്തുമ്പോൾ തടി ഇവിടെ ഒരു പ്രമുഖവ്യവസായമായി പരാമർശിക്കാറില്ല. അതുകൊണ്ട് തന്നെയാവാം, വനവൽക്കരണത്തിന്റെ ഭാഗമായിക്കൂടി, വർഷാവർഷം വനഭൂമി വർദ്ധിച്ചുവരുകയാണ് എന്നത്രേ കണക്കുകൾ സൂചിപ്പിക്കുന്നത്. അനധികൃത വനനശീകരണമോ മരംവെട്ടലോ ഇവിടെയില്ല എന്നതും സൂചനാർഹം. 

സെന്റ്‌. ബിയാതുസ് ഗുഹാപരിസരത്തെ ഒരു പൈൻമരം
സ്വിറ്റ്സർലാൻഡ് പുഷ്പമുഖരിതമായ ദേശമായാണല്ലോ കലണ്ടർ ചിത്രങ്ങളിലും മറ്റും നമ്മൾ ഏറെ കണ്ടിരിക്കുക. ശരിയാണത്‌, പൂക്കളോടുള്ള ഒബ്സെഷൻ പട്ടണങ്ങളിലായാലും ഗ്രാമങ്ങളിലായാലും വളരെ പ്രകടമാണ്. പൊതുവായ ഉദ്യാനങ്ങളിൽ കൂടാതെ എല്ലാ വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും ജനൽതട്ടുകളിലും മുറ്റത്തുമൊക്കെ പൂച്ചെടികൾ ആഹ്ലാദത്തോടെ ചിരിച്ചുനിൽക്കുന്നത് കാണാം. റോസും, ജമന്തിയും, ആന്തൂറിയവും, ഓർക്കിഡും ഒക്കെ ഉൾപെടുന്ന, നമ്മുടെ ചില വീട്ടുമുറ്റങ്ങളിലെങ്കിലും കണ്ടുവരുന്ന സങ്കീർണ്ണമായ പുഷ്പലോകമല്ലിവിടെ. ഏതാനും മാസം മാത്രം നീളുന്ന വേനൽക്കാലത്ത് പുഷ്പിണികളാവുന്ന ലളിതപുഷ്പങ്ങൾ, ഋതുഭേദജന്യമായ ആദ്യ മഞ്ഞുവീഴ്ചയിൽ മരിച്ചുപോകുന്നവ...

വലിയ വൃക്ഷങ്ങൾ വ്യത്യസ്തമാണെങ്കിലും, ഇങ്ങനെ കുന്നുകയറുമ്പോൾ, സൂക്ഷ്മ സസ്യലോകം നമ്മുടെ നാട്ടിലേതിൽ നിന്നും അത്രയൊന്നും വ്യതിരിക്തമായി അനുഭവപ്പെടില്ല. കുറ്റിച്ചെടികളും പുല്ലുകളും അവ വളരുന്ന നനമണലും പരിചിതമായ ഏതൊരു ലളിതവനത്തിലും കാണുന്നതു പോലെ. വർണ്ണപുളിനങ്ങളായി കൂട്ടത്തോടെ പൂവിട്ടുനിൽക്കുന്ന അപരിചിതമല്ലാത്ത കുറ്റിച്ചെടികൾ. പാറക്കൂട്ടങ്ങൾക്കിടയിലെ വളക്കൂറിൽ നിബിഡമായി കളകയറിയിരിക്കുന്ന പന്നൽച്ചെടികൾ. കേരളത്തിലെ ഒരു താഴ്‌വാരഗ്രാമത്തിൽ നിറയുന്ന ശൈലോപാന്ത പ്രകൃതിയുടെ ഭൂമിതലം ഇതിൽനിന്നും തുലോം വ്യത്യസ്തമായി അനുഭവപ്പെടില്ല തന്നെ.

വഴികൾ പുഷ്പവിന്യാസിതം...
കുന്നുകയറി ഗുഹാമുഖത്തെത്തിയ ഞങ്ങൾ തികച്ചും നിരാശരായി. ഗുഹയിലേയ്ക്കുള്ള പ്രവേശനസമയം ഏതാനും മിനിട്ടുകളുടെ വ്യത്യാസത്തിൽ കഴിഞ്ഞുപോയിരിക്കുന്നു. അല്പംമുൻപ് മറ്റൊരു വഴിയിലൂടെ ഒന്നുരണ്ടുപേർ സംസാരിച്ചുകൊണ്ട് കുന്നിറങ്ങി പോകുന്നത് കണ്ടിരുന്നു. ഇവിടുത്തെ ജോലിക്കാർ സ്ഥാപനം പൂട്ടി സ്ഥലംവിടുകയായിരുന്നു എന്ന് മനസ്സിലായത് ഇപ്പോഴാണ്. ഗുഹയുടെ പ്രവേശനഭാഗത്തെ സവിശേഷമായ പൗരാണികനിർമ്മിതിയുടെ വിനീതമായ വരാന്തയിൽ പൂട്ടികിടക്കുന്ന പ്രവേശനദ്വാരവും നോക്കി ഞങ്ങൾ കുറച്ചുനേരം ചുറ്റിപറ്റിനിന്നു.

ശിലാമുഖത്തോട് ചേർത്തു നീളത്തിൽ ഉണ്ടാക്കിയിരിക്കുന്ന, പഴയ സ്വിസ്സ് വാസ്തുവിദ്യാഭംഗിയുള്ള കെട്ടിടം അപൂർവ്വമായ കാഴ്ചാസുഭഗത നൽകുന്നുണ്ട്. ഇടനാഴിപോലുള്ള ബാൽക്കണിയിൽ നിൽക്കുമ്പോൾ കെട്ടിടത്തിന്റെ പിറകിലായി ഉയർന്നുപോകുന്ന ചുണ്ണാമ്പുമലയുടെ വിശാലപംക്തിയും മുന്നിൽ തുണ്‍ തടാകത്തിലേയ്ക്കുള്ള അഗാധമായ ചരിവും കാണാം. ആ ചരിവിലെ ചുറ്റുവഴിയിലൂടെയാണ് ഞങ്ങൾ മുകളിലേയ്ക്ക് കയറിവന്നത്. അത്രയൊന്നും വ്യയം ആവശ്യപ്പെട്ടിരുന്നില്ല മലകയറ്റം. പക്ഷെ ഇവിടെനിന്ന് നോക്കുമ്പോൾ ഞങ്ങൾ ബസ്സിൽ വന്നിറങ്ങിയ പെരുവഴി കടന്നുപോകുന്ന ഭാഗം വളരെ താഴെയായാണ് കാണുന്നത്. തുണ്‍ തടാകത്തിന്റെ തീരം അതിനും എത്രയോ അഗാധതയിൽ...

ഗുഹയുടെ ഏതാണ്ട് ഒരു കിലോമീറ്ററോളം നീളത്തിലുള്ള ഭാഗം മാത്രമാണ് മനുഷ്യസഞ്ചാരയോഗ്യമായി സജ്ജമാക്കിയിട്ടുള്ളതത്രേ. വിശുദ്ധ ബിയാതുസിന്റെ കല്ലറയും സവിശേഷമായ കാഴ്ചാനുഭവം നൽകുന്ന ചുണ്ണാമ്പുഗുഹയുടെ വിചിത്രരൂപാങ്കിതമായ ഗഹ്വരങ്ങളും ഞങ്ങൾക്ക് നഷ്ടമായി. ഇനിയും പര്യവേഷണം ആവശ്യപ്പെടുന്ന അത്യനേകം അന്തർഭാഗങ്ങൾ ഗുഹയ്ക്കുണ്ടെന്ന് അറിയുന്നു. പൂമുഖഭാഗത്തെ നിർമ്മിതിയിലുള്ളത് തീൻശാലയും കൗതുകവസ്തുക്കളുടെ വില്പനശാലയും മറ്റുമാണ്.           

ഗുഹയുടെ പ്രവേശനഭാഗം
ആകാശം കുറച്ചുകൂടി ഇരുണ്ടിരിക്കുന്നു. മഴ പെയ്യാനുള്ള സാധ്യതയുണ്ട്. തടാകത്തിനപ്പുറം, വിദൂരതയിൽ ഉയർന്നു പോകുന്ന അൽപ്സിന്റെ മഞ്ഞുമൂടിയ ശൈലാഗ്രത്തെ തൊട്ടുയർന്ന കാർമേഘപംക്തി ആകാശത്തെ മുഴുവൻ മറച്ചുകൊണ്ട് ഭൂമിയിൽ കാളിമപടർത്തിയിരിക്കുന്നു. കാറ്റിൽ കുറച്ചുകൂടി കുളിരുപകരുന്നതും അറിയാനായി.

ഞങ്ങൾ കുന്നിറങ്ങാൻ തുടങ്ങി...

ആഗസ്റ്റ് ല്യു (August Leu) എന്ന ജർമ്മൻ ചിത്രകാരന്റെ ആൽപ്സ് ചിത്രങ്ങൾ ആകർഷകമായി അനുഭവപ്പെട്ടിരുന്നു, റൊമാന്റിക് ലാൻഡ്സ്കേപ് ചിത്രങ്ങളുടെ പകർപ്പുകൾ കൗതുകത്തെ തൃപ്തിപ്പെടുത്തിയിരുന്നപ്പോൾ. ആൽപ്സിനെ പിന്നണിയിൽ നിർത്തി താഴ്‌വാരത്തിലെ ഗ്രാമീണ വ്യവഹാരങ്ങൾ ആവിഷ്കരിക്കുന്ന ചിത്രങ്ങളാണവ. ഹിമശൈലനിരയുടെ മുന്നാമ്പുറത്ത് പശുക്കളെ മേയ്ക്കാനിറങ്ങിയ പത്തൊൻപതാം നൂറ്റാണ്ടിലെ സ്വിസ്സ് പുരുഷന്മാരുടെയും സ്ത്രീകളുടേയും ഗ്രാമ്യരൂപങ്ങൾ, ചെറിയ അരുവിയ്ക്ക് കുറുകേപോകുന്ന പാലത്തിലൂടെ ഭാരമുള്ള തുകൽതൊട്ടിയിൽ പാലുമായിപ്പോകുന്ന സ്ത്രീ..., അങ്ങനെ കുറേ ചിത്രങ്ങൾ. വേനൽക്കാല ചിത്രങ്ങളായി വരഞ്ഞതിനാലാവും അവയൊക്കെ ഒരുതരം വെയിൽനിറം പ്രകാശിപ്പിച്ചിരുന്നു.

ഇപ്പോൾ ഈ കുന്നിറങ്ങുമ്പോൾ, മുന്നിലെ വിശാലതയിലേയ്ക്ക് നോക്കുമ്പോൾ, അങ്ങകലെ ആൽപ്സ് മലനിരകൾ കാണുമ്പോൾ, ആ ചിത്രങ്ങൾ ഓർമ്മവരും. എന്നാൽ അവയിൽ കണ്ടത്രയും മഞ്ഞയുടെ പകർച്ച ഈ പ്രദേശത്തെ ലാൻഡ്സ്കേപിൽ പൊതുവേ കാണാനായില്ല. ഏതാനും ദിവസത്തേയ്ക്ക് മാത്രമായി എത്തുന്ന സഞ്ചാരിക്ക് മുന്നിൽ വിസ്തൃതമാവുന്നതല്ലല്ലോ ഒരു ദേശത്തിന്റെ പരശതം ഋതുഭേദഭാവങ്ങൾ.    

ജലപാതധൂളികളിൽ കൈനനച്ച്... 
മലയിറങ്ങുമ്പോൾ ഒരു സായിപ്പും മദാമ്മയും അലസം മലകയറി വരുന്നത് കാണാമായിരുന്നു. നവയുവാക്കളല്ലെങ്കിലും ചേഷ്ടകൾ കണ്ടിട്ട് പ്രണയിതാക്കളാണെന്ന് കരുതാം. ഗുഹ അടച്ചുപോയത് അവർക്ക് കാര്യമായ നിരാശനൽകാനിടയില്ല. കാല്പനിക വിജനതയുടെ ആരാധകരാണവരിന്ന്. യൂറോപ്പിൽ പൊതുവിടങ്ങളിൽ ആലിംഗനം ചെയ്തുനിൽക്കുന്ന, ചുംബിക്കുന്ന കമിതാക്കളെ കാണുക അത്ഭുതപ്പെടുത്തുന്ന സംഗതിയല്ല. നാട്ടിൽ, പരസ്യമായ ചുംബനം ഒരു പ്രതിഷേധമോ പ്രതിരോധമോ ഒക്കെയായ സമരരൂപമാകുമ്പോൾ ഇവിടങ്ങളിൽ അത് സ്വാഭാവികമായ സ്നേഹപ്രകടനം മാത്രമാണ്. അതിൽ സാംസ്കാരിക അപചയത്തിന്റെ പ്രശ്നങ്ങളൊന്നും അന്തർലീനമായിട്ടില്ല. അതിനുപരി, ഒരു വ്യക്തിയുടെ സ്വകാര്യത പൊതുവിടത്തിലായാലും മറ്റൊരാളെ ബാധിക്കുന്ന പ്രശ്നമല്ല എന്ന വിശാലപൗരബോധം ഇവിടുത്തെ സ്വാഭാവിക മനോനിലയാണ്.

അപ്പോഴേയ്ക്കും ചെറുതായി മഴ ചാറാൻ തുടങ്ങി. ഞങ്ങൾ വേഗം കുന്നിറങ്ങി. മഴ കനക്കുന്നതിന് മുൻപ് ബസ്സ്സ്റ്റോപ്പിൽ എത്തണം...

കുറച്ചുകൂടി താഴെയെത്തി മുകളിലേയ്ക്ക് നോക്കുമ്പോൾ സായിപ്പും മദാമ്മയും ഗുഹയിലേയ്ക്കുള്ള പ്രവേശനഭാഗത്ത് എത്തിയിരിക്കുന്നു. മദാമ്മ ഗുഹാമുഖത്തിന് മുന്നിൽ സൂര്യനമസ്ക്കാരം പോലുള്ള ചില ചേഷ്ടകളിൽ നിൽക്കുന്നതും സായിപ്പ് അതൊക്കെ തന്റെ ക്യാമറയിൽ പകർത്തുന്നതും കാണാമായിരുന്നു. തുളുമ്പിനിൽക്കുന്ന ആകാശത്തിൽ നിന്നും പൊടിയുന്ന ജലധൂളികൾ അവരെ ആലോസരപ്പെടുത്തുന്നുണ്ടായിരുന്നില്ല. ഭൂമിയുടെ വൈവിദ്ധ്യഭാവങ്ങൾ മുഴുവൻ തങ്ങൾക്കായി ഉണ്ടാക്കപ്പെട്ടതാണെന്ന് പ്രണയിതാക്കൾ അറിയുന്നു. യൗവ്വനാരംഭത്തിൽ ദിനേന മണിക്കൂറുകളോളം പ്രണയിച്ചുനടന്ന പട്ടണത്തിന്റെ ഇടവഴികളിൽ ഇപ്പോൾ ചെന്നുനിൽക്കുമ്പോൾ പൊടിയും ചൂടും പുഴുക്കലുമൊക്കെയാണ് എല്ലാ കാല്പനികഭാവങ്ങളേയും അസ്ഥാനത്താക്കി മുഴച്ചുനിൽക്കുക. പ്രണയത്തിന്റെ ആർദ്രതയാണ് ഭൂമിയെ സഹനീയമാക്കുന്നത്.

ഗുഹാമുഖത്ത്‌ മദാമ്മയുടെ സൂര്യനമസ്കാരം 
ഞങ്ങൾ താഴെ എത്തുമ്പോഴേയ്ക്കും മഴ ശക്തമായി. ബസ്സ്‌സ്റ്റോപ്പിനടുത്തായി കണ്ട അടഞ്ഞുകിടക്കുന്ന കടയോരത്ത് കയറിനിന്ന് മഴയിൽ നിന്നും രക്ഷനേടാൻ ശ്രമിച്ചു. മഴ കൂടുതൽ ശക്തിപ്രാപിക്കുകയും അന്തരീക്ഷം നന്നായി ഇരുളുകയും ചെയ്തപ്പോഴാണ് ഒരുകാര്യം ശ്രദ്ധിച്ചത്; മഴയല്ല ആലിപ്പഴവർഷമാണ്‌ നടക്കുന്നത്. ആദ്യം കൗതുകം തോന്നിയെങ്കിലും പിന്നീട് ആ പെയ്ത്ത് ആർജ്ജിക്കുന്ന വന്യഭാവവും അന്തരീക്ഷകാളിമയും നേർത്ത ഭയം അനുഭവപ്പെടുത്താൻ തുടങ്ങി. ഞങ്ങൾക്ക് സംരക്ഷണം നൽകുന്ന കടയുടെ, അല്പംമാത്രം പുറത്തേയ്ക്ക് തള്ളിനിൽക്കുന്ന മേൽക്കൂര ആ പെരുംപെയ്തിനെ തടയാൻ അത്രയൊന്നും പര്യാപ്തമായിരുന്നില്ല. ഇടയ്ക്കൊക്കെ വേദനിപ്പിച്ചു കൊണ്ടുതന്നെ ആലിപ്പഴത്തുണ്ടുകൾ ഞങ്ങളുടെ കാലുകളിൽ വന്നുവീഴുന്നുണ്ടായിരുന്നു.

നിരത്ത് ഏതാണ്ട് വിജനമാണ്. വല്ലപ്പോഴും മാത്രം കടന്നുപോകുന്ന വാഹനങ്ങൾ. ആലിപ്പഴ വർഷത്തിന്റെ ആവേഗം ഏറ്റെടുത്ത്‌ റോഡിന്റെ ഭാവവും നിറവും മാറുന്നു. വന്നുവീഴുന്ന ഐസ്ക്കട്ടകൾ തെന്നുന്ന ശുഭ്രപ്രതലം ഉണ്ടാക്കുകയാണ് എവിടെയും. ഇങ്ങോട്ട് വരുമ്പോൾ ഇത്തരമൊരു ഭാവമാറ്റം കാലാവസ്ഥയിൽ പ്രതീക്ഷിക്കാത്തതുകൊണ്ട് ലളിതവസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. പെട്ടെന്ന് തണുപ്പ് വല്ലാതെ ഉയരാൻ തുടങ്ങി. ജാക്കറ്റോ തൊപ്പിയോ കുടയോ ഒന്നും കരുതിയിരുന്നില്ല.

സ്വിസ്സ്ഭാഷയിൽ സ്ഥാപിച്ചിട്ടുള്ള സമയവിവരപട്ടിക നോക്കിയപ്പോൾ ഈ വഴിക്കുള്ള അവസാനത്തെ ബസ്സും പോയോ എന്ന് സംശയമായി. അത് ഞങ്ങളുടെ അസ്വസ്ഥത വർദ്ധിപ്പിച്ചു. ആറുമണി കഴിഞ്ഞാൽ ഏതാണ്ട് പൂർണ്ണമായും വിജനമാവുന്ന ഇടമാണ് യൂറോപ്പിലെ ഏത് പട്ടണപ്രാന്തവും ഗ്രാമവും. ഇവിടെയാണെങ്കിൽ വനപ്രകൃതിയും കഠിനമായ ആലിപ്പഴപ്പെയ്ത്തും. അന്തരീക്ഷം ഏതാണ്ട് പൂർണ്ണമായും ഇരുണ്ടുകഴിഞ്ഞു. വല്ലപ്പോഴും മാത്രം കടന്നുപോകുന്ന വാഹനങ്ങളിൽ ടാക്സികൾ ഇല്ല. താമസിക്കുന്ന ഹോട്ടലിൽ വിളിച്ച് ഒരു ടാക്സി പറയാം എന്ന് വിചാരിച്ചാൽ അവിടുത്തെ നമ്പർ കരുതാനും മറന്നു. ഒട്ടൊരു സന്ദിഗ്ധാവസ്ഥയിലായി കാര്യങ്ങൾ. കാറെടുക്കാതെ വന്നതിൽ കുണ്ഠിതം തോന്നി. ആശ്വാസമുള്ളത് ആ സായിപ്പും മദാമ്മയും മുകളിലോട്ട് പോയിട്ടുണ്ട് എന്നതാണ്. പെയ്ത്ത് കഴിയുമ്പോൾ അവർ താഴേയ്ക്ക് ഇറങ്ങിവരാതിരിക്കില്ലല്ലോ. അവരോട് അഭ്യർഥിച്ച് എന്തെങ്കിലും വഴികണ്ടുപിടിക്കാം എന്നുകരുതി കടവാരന്തയിൽ കുളിർന്നുവിറച്ചു നിൽക്കേ കഠിനപാതത്തെ വകഞ്ഞ് ഒരു ബസ്സ്‌ പ്രത്യക്ഷപ്പെട്ടു. തന്റെ തീർത്ഥാടകർ വഴിയിലുപേക്ഷിക്കപ്പെടാൻ സെന്റ്‌. ബിയാതുസ് അനുവദിക്കില്ലെന്ന് ഞങ്ങൾക്കുറപ്പായി...!       

ആലിപ്പഴവർഷത്തിൽ നിന്നും രക്ഷിച്ച കടവരാന്ത...
വന്നതുപോലെ ലളിതമായി അനുഭവപ്പെട്ടില്ല മടക്കയാത്ര. ട്രെയിലർ ബസ്സുകളാണ് ഈ ഭാഗത്ത് ഓടുന്നത്. രണ്ടു ബസ്സുകൾ ചേർത്തുവച്ചതുപോലുള്ള നീളൻ ശകടം. റോഡ്‌ പലഭാഗത്തും വീതികുറഞ്ഞിട്ടാണ്. ഒരുവശം തുണ്‍ തടാകത്തിലേയ്ക്ക് കുത്തനെ താഴ്ന്നുപോകുന്ന കൊല്ലി. ആലിപ്പഴവർഷം കാഴ്ചയെ നന്നായി മറയ്ക്കുന്നതു കൂടാതെ നിരത്തിനെ വഴുക്കലുള്ളതുമാക്കിയിരിക്കുന്നു എന്നുവേണം അനുമാനിക്കാൻ. ബസ്സ്‌ ഓടിക്കുന്നതോ ഒരു സ്ത്രീയും. അവർ ഇതൊന്നും കൂസാതെ വലിയ വളവുകളിലും മറ്റും അസാമാന്യ നീളമുള്ള വാഹനം അനായാസം വീശിയെടുക്കുമ്പോൾ, നിത്യാഭ്യാസിയുടെ വഴക്കം അതിൽ പ്രകടമായിരുന്നെങ്കിലും, നവയാത്രികരായ ഞങ്ങളെ നൂൽപ്പാലത്തിലൂടെയുള്ള സഞ്ചാരം പോലെ അത് പേടിപ്പെടുത്തി.

എന്തായാലും ഇന്റർലേക്കൻ പട്ടണത്തിലേയ്ക്ക് എത്തുമ്പോൾ കുന്നിനു മുകളിലെ കാലാവസ്ഥ ഓർമ്മയായി മാറിക്കഴിഞ്ഞിരുന്നു. മൂവന്തിയിൽ നിന്നും രാത്രിയിലേയ്ക്ക് കയറുന്ന പ്രകൃതിയുടെ സംക്രമഭാവത്തിലേയ്ക്ക് മനുഷ്യമോഹങ്ങളുടെ അലയാവേശം പോലെ നിയോണ്‍ വെട്ടങ്ങളുടെ വർണ്ണപ്പെയ്ത്ത്. അങ്ങകലെ ഭൂമിയുടെ അതിർത്തി പോലെ രാത്രിഗഗനത്തിലേക്ക് തൊട്ടുനിൽക്കുന്ന ശൈലപംക്തികളും അവയ്ക്കരഞ്ഞാണമിട്ടപോലെ ശുഭ്രമേഘങ്ങളും സാന്ധ്യവെട്ടത്തിൽ അവ്യക്തമായി കാണാം...

രാത്രി ആൽപ്സ്, ഹോട്ടൽ മുറിയിൽ നിന്നും കാണുമ്പോൾ...
മുറിയിലെത്തി ചൂടുവെള്ളത്തിലെ കുളികഴിഞ്ഞപ്പോൾ അലച്ചിലിന്റെ ക്ഷീണമൊക്കെ മാറി...

ഞങ്ങൾ താമസിക്കുന്ന ഹോട്ടലിനോട് ചേർന്ന് തന്നെയാണ് 'ഷാലിമാർ' എന്ന് പേരുളള ഭോജനശാല. ദാൽ തടാകക്കരയിലെ ഉദ്യാനം ലോകത്തിന്റെ പല ഭാഗത്തുമുള്ള ഇന്ത്യൻ തീൻശാലകൾക്ക് പേരായി മാറുന്നത് ഒട്ടൊന്ന് ആശ്ച്ചര്യപ്പെടുത്തുന്ന കാര്യം തന്നെ. പക്ഷെ അവ തമ്മിൽ ബന്ധമില്ല എന്നല്ല. ഇവയുടെ മൂലകം ഒന്നുതന്നെ - മുഗൾ സാമ്രാജ്യം. ലോകത്താകമാനം പ്രശസ്തമായ പല ഇന്ത്യൻ വിഭവങ്ങളും മുഗൾ ഭരണകാലത്ത് ഉരുത്തിരിഞ്ഞു വന്ന, ഇന്ന് സ്വാഭാവികമായും 'മുഗളായി' എന്ന പേരില് അഭിസംബോധന ചെയ്യപ്പെടുന്ന രുചികളാണ്. ഷാലിമാറോ മുഗളന്മാരുടെ സൗന്ദര്യോപാസനയിൽ സാക്ഷാത്കരിക്കപ്പെട്ട അനേകം ഉദ്യാനങ്ങളിൽ ഒന്നും. അങ്ങിനെ നോക്കുമ്പോൾ മധ്യകാലാനന്തരം വികസിച്ച ഓറിയെന്റൽ അഭിരുചിയുടെ രണ്ട് പ്രതിരൂപങ്ങൾ തമ്മിൽപിണയുന്നതിൽ സാംഗത്യമുണ്ടുതാനും.    

ഇൻഡ്യക്കാരും അറബികളുമാണ് അധികമായി ഈ തീൻശാലയിൽ എത്തുന്നതായി കാണുന്നത്. മുഗളായി രുചിയുടെ കാര്യമായ ഉപയോക്താക്കൾ അവരാണല്ലോ. യൂറോപ്യൻസ് ഇൻഡ്യൻ രുചികൾ ഇഷ്ടപ്പെടുന്നവർ അല്ലെന്നല്ല. പക്ഷേ ഇന്റർലേക്കന്റെ ഈ ഭാഗത്ത് സായിപ്പന്മാരും മദാമ്മമാരും അധികം ഇല്ല എന്നുതന്നെ തോന്നുന്നു. വിനോദസഞ്ചാരികളുടെ വിഹാരപ്രദേശമാണ്. ഇവിടത്തെ പ്രമുഖ യാത്രാക്കൂട്ടമായ ചീനക്കാർക്ക് ലോകപ്രശസ്തമായ അവരുടെ രുചികൾ തന്നെയാവും പഥ്യം (നമുക്ക് സുപരിചിതമായ ചൈനീസ് രുചികൾ പക്ഷെ യഥാർത്ഥ ചൈനീസ് രുചികളിൽ നിന്നും തുലോം വ്യത്യസ്തമാണ്. ഇൻഡ്യാവൽക്കരിച്ച ചൈനീസ് വിഭവങ്ങളാണ് നമുക്ക് പ്രിയം).

അത്ര ആർഭാടമുള്ള ഭോജനശാലയൊന്നുമല്ല ഷാലിമാർ. ഏതൊരു ഇടത്തരം ഇന്ത്യൻ റെസ്റ്റോറന്റിലും കാണുന്ന ഔപചാരികമല്ലാത്ത രീതികളുമായി, എന്നാൽ അതിഥിമര്യാദ ഉപേക്ഷിക്കാതെയും വിളമ്പപ്പെട്ട പരിചിതരുചികളുടെ അത്താഴത്തിനു ശേഷം വിജനമായിക്കഴിഞ്ഞ ഇന്റർലേക്കന്റെ രാപ്പാതയിലൂടെ വെറുതേ നടക്കാനിറങ്ങി...

വിജനമായ രാത്രിനിരത്തിലൂടെ...
പ്രമുഖ നഗരങ്ങൾ ഒഴിവാക്കിയാൽ, പൊതുവെ യൂറോപിലെ പട്ടണോപാന്തങ്ങളിലെ അങ്ങാടികളും ഗ്രാമക്കവലകളിലെ കടകളും നേരമിരുട്ടുന്നതിനും മുൻപുതന്നെ അടയ്ക്കും. റോഡുകളും പൊതുവിടങ്ങളും ഏറെക്കൂറെ വിജനമാവും. തുറന്നിരിക്കുക തീൻശാലകൾ മാത്രമാവും. ഇന്റർലേക്കൻ ഈസ്റ്റും മറിച്ചല്ലെന്ന് വാഹനങ്ങളും ജനങ്ങളും ഒഴിഞ്ഞുപോയ പെരുവഴിയിലൂടെ നടക്കുമ്പോൾ മനസ്സിലായി. ഒരുപക്ഷേ പട്ടണമദ്ധ്യമെന്ന് പറയാവുന്ന ഇന്റർലേക്കൻ സെൻട്രലിൽ കുറച്ചുകൂടി സജീവത കാണുമായിരിക്കാം.

ഈ ഭാഗത്തെ കെട്ടിടങ്ങൾ അധികവും ഹോട്ടലുകലാണ്. ഇവയൊന്നും പുതിയ നിർമ്മിതികളോ ആധുനിക വാസ്തുരീതിയിൽ നിർമ്മിച്ചവകളോ അല്ല. മിക്കവാറും കെട്ടിടങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഉണ്ടാക്കിയവകളാണ്. ഹോട്ടലുകളായി തന്നെ ആരംഭിച്ചവകളും പിന്നീട് അത്തരത്തിൽ രൂപാന്തരപ്പെട്ടവയും ഇക്കൂട്ടത്തിലുണ്ട്. ബെറോക് എന്ന് വിശേഷിപ്പിക്കാവുന്ന വാസ്തുരീതിയിൽ മൂന്നും നാലും നിലകളായി നിർമ്മിച്ചിട്ടുള്ള ഇത്തരം കെട്ടിടങ്ങൾ പട്ടണത്തിനു ഒരു പൗരാണികഭാവം നൽകുന്നുണ്ട്. നാമമാത്രമായ ആധുനിക നിർമ്മിതികൾ വാസ്തുപരമായി സവിശേഷമായ അനുഭവമൊന്നും നൽകാത്ത അനിതസാധാരണ ചതുരനിർമ്മിതികളാണ്.   

നിരത്തോരത്തെ ഒരു ഹോട്ടൽ കെട്ടിടം
കുറച്ചുമുൻപ് പെയ്ത മഴയിൽ നനഞ്ഞുകിടക്കുന്ന റോഡിൽ പ്രതിഭലിക്കുന്ന വഴിവിളക്കുകളുടെ മഞ്ഞവെളിച്ചവും ഇരുഭാഗങ്ങളിലെയും പൗരാണികനിർമ്മിതികളും അവയ്ക്ക് അതിരിട്ടുനിൽക്കുന്ന മരങ്ങളുടെ നിശ്ചലനിഴലുകളും പ്രാക്തനവും അഭൗമവുമായ പരിസരം സൃഷ്ടിച്ചു. തണുപ്പ് അധികരിച്ചിരിക്കുന്നു. അതും കൂടിയായപ്പോൾ ആ രാത്രിനടത്തം മാസ്മരികമായ അനുഭവമായി...

ഇനിയൊരിക്കൽ, ഇനിയൊരു രാത്രിയിൽ ഈ പ്രദേശത്ത്, ഈ നിരത്തിൽ വരുകയുണ്ടാവില്ല, നടക്കുകയുണ്ടാവില്ല. യാത്രകളുടെ അനിവാര്യതയാണ് അവാച്യമായ ഈ വിഷാദവും. ഒരു പകലിന്റെയോ രാത്രിയുടെയോ ഭൗതികതയിൽ നിന്നും ഓർമ്മയുടെ അനസ്യൂതതയിലേയ്ക്ക് ഒഴിയാതെ ഉൾച്ചേർക്കപ്പെടുന്ന ദൃശ്യങ്ങൾ. നാളുകൾക്കു ശേഷം വേറെവിടെയെങ്കിലും, തികച്ചും വ്യത്യസ്തമായ ഭൂമികയിൽ നിൽക്കുമ്പോൾ അവിചാരിതമായി ഈ നിറങ്ങൾ കടന്നുവരും, ഈ ഗന്ധങ്ങൾ ഉന്മാദോണർച്ചയാവും...

- തുടരും - 

9 അഭിപ്രായങ്ങൾ:

 1. "നാളുകൾക്കു ശേഷം വേറെവിടെയെങ്കിലും, തികച്ചും വ്യത്യസ്തമായ ഭൂമികയിൽ നിൽക്കുമ്പോൾ അവിചാരിതമായി ഈ നിറങ്ങൾ കടന്നുവരും, ഈ ഗന്ധങ്ങൾ ഉന്മാദോണർച്ചയാവും..." ഓരോ യാത്രകളും മറ്റൊന്നിന്‍റെ തുടര്‍ച്ചയാണ് ലാസര്‍. എന്നെങ്കിലും സ്വിസ്സ് സന്ദര്‍ശനം സാധ്യമാകുമെങ്കില്‍ പോസ്റ്റുകള്‍ സഹായകമാകും. നന്ദി
  പുതുവത്സരാശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. "ഓരോ യാത്രകളും മറ്റൊന്നിന്‍റെ തുടര്‍ച്ചയാണ്..." - ശരിയാണ്...

   പുതുവത്സരാശംസകൾ!

   ഇല്ലാതാക്കൂ
 2. ലളിതം, സുന്ദരം, വിജ്ഞാനപ്രദം! ( ഒരെളിയ അപേക്ഷ - തീന്‍ശാല എന്നുള്ളത് മാറ്റി ഭോജനശാല എന്നാക്കിക്കൂടെ?)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും കുറിപ്പിനും വളരെ നന്ദി!

   'തീൻശാല' എന്നതുപോലെ തന്നെ 'ഭോജനശാല' എന്ന വാക്കും ഒന്നിലധികം സ്ഥലത്ത് ഈ കുറിപ്പിൽ തന്നെ ഉപയോഗിച്ചിട്ടുണ്ട്. തീൻശാല എന്ന വാക്കിന് അർത്ഥലോപത്വമോ ലാവണ്യരാഹിത്യമോ ഉള്ളതായി കരുതാമോ? കുറച്ചുകൂടി ഭാഷാജന്യമായ വാക്ക് തീൻശാലയാണ് എന്ന് വേണം കരുതാൻ (തിന്നുക + ശാല). ഭോജനശാല അനല്പമായും സംസ്കൃത മൂലകത്തിൽ നിന്നാണ് എന്ന് അനുമാനിക്കാം (ഭോജൻ + ശാല).

   വിഖ്യാത യാത്രാ എഴുത്തുകാരനായ രവീന്ദ്രൻ തീൻശാല എന്ന വാക്കാണ് തന്റെ യാത്രാവിവരണ പുസ്തകങ്ങളിൽ വളരെയധികമായി ഉപയോഗിച്ചുകാണുന്നത്...

   ഇല്ലാതാക്കൂ
  2. എന്‍റെ അഭിപ്രയതിലെക്ക് നയിച്ചത് - ശ്രീ. സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങര സഞ്ചാരം പരിപാടിയില്‍ കൂടുതലും ഭോജനശാല എന്നാണു പ്രയോഗിക്കുന്നത്. അത് സ്ഥിരമായി കാണുന്നത്/കേള്‍ക്കുന്നത് കാരണമായിരിക്കാം എനിക്ക് അങ്ങിനെ പറയാന്‍ തോന്നിയത്. നന്ദി.

   ഇല്ലാതാക്കൂ
 3. ആദ്യ അദ്ധ്യായം വായിച്ചതിൽ പിന്നെ ഈ വഴിക്ക് വന്നിട്ടില്ല. ചില ജോലിത്തിരക്കുകൾ. എന്തായാലും വായനാമുടക്കം വന്ന അദ്ധ്യായങ്ങൾ കൂടെ വായിക്കട്ടെ

  മറുപടിഇല്ലാതാക്കൂ
 4. മഴമേഘങ്ങൾ ഉരുണ്ടുകൂടുന്ന ആകാശത്തിന്റെ
  ശ്യാമമാനസം ഏറ്റെടുത്ത ഇരുണ്ടുകിടക്കുന്ന ലളിത
  വനഭൂമിയിലൂടെയുള്ള ഒരു കിണ്ണങ്കാ‍ച്ചി യാത്ര ...!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായത്തിനും വളരെ സന്തോഷം!

   ഇല്ലാതാക്കൂ