2013, ജൂലൈ 1, തിങ്കളാഴ്‌ച

അലാവുദ്ദീന്റെ അത്ഭുതലോകം - ഒന്ന്

ഒരു അറബ് ദേശത്ത് ഏതാണ്ട് രണ്ടു പതിറ്റാണ്ടോളം ജീവിച്ചിട്ടും, ആ കാലയളവിനിടയ്ക്ക് ഒരിക്കല്‍ പോലും യു. എ. ഇയില്‍ പോയിട്ടില്ല എന്നത് നാണക്കേടാണ്. കാരണങ്ങള്‍ പലതാണെങ്കിലും വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന അവധിക്കാലത്ത് മറ്റൊരു ഗള്‍ഫ് ദേശം തന്നെ സന്ദര്‍ശിക്കുന്നതിന്റെ മടുപ്പാണ് അത്തരമൊരു യാത്രയ്ക്ക് മുഖ്യമായും വിഘാതമായി നിന്നത്. ഗള്‍ഫില്‍ സ്ഥിരതാമസമാക്കുന്നതിന് മുന്‍പ്, 1993 ല്‍ , ദുബായില്‍ ഉദ്യോഗാര്‍ഥിയായി എത്തി മൂന്നാല് മാസം താമസിച്ചിരുന്നു. അന്നത്തെ ദുബായിയും ഇന്നത്തെ ദുബായിയും തമ്മില്‍ വലിയ അന്തരം ആയിക്കഴിഞ്ഞു എന്ന് അറിയായ്കയല്ല. ദുബായിയുടെ അനിയന്ത്രിതമായ കുതിപ്പിന്റെ വാര്‍ത്തകളൊക്കെ ആര്‍ക്കാണ് അറിയാത്തത്.

ദുബായ് 
എന്തായാലും ഇക്കഴിഞ്ഞ വലിയപെരുന്നാള്‍ അവധികാലത്ത് യു. എ. ഇ യിലേക്ക് യാത്രതിരിച്ചു. ഭാര്യാസഹോദരിയുടെയും കുടുംബത്തിന്റെയും ക്ഷണം നേരത്തേയുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന നാല് ദിവസവും അവരോടൊപ്പം ദുബായിലെ കരാമയിലാണ് താമസിച്ചത്. 1993 - ല്‍ താമസിച്ചിരുന്നതും കരാമയില്‍ തന്നെ. പക്ഷെ, രണ്ടു പതിറ്റാണ്ടിന് ശേഷം സ്ഥലങ്ങളൊന്നും കൃത്യമായി ഓര്‍ത്തെടുക്കാനായില്ല. ഒരുപക്ഷെ, ഒറ്റയ്ക്ക് നിരത്തുകളിലൂടെ ഒന്ന് അലയാന്‍ സാധിച്ചിരുന്നുവെങ്കില്‍ കുറച്ചൊക്കെ ഓര്‍മ്മകളെ വീണ്ടെടുക്കാനാവുമായിരുന്നിരിക്കാം. എന്നാല്‍ അതിനുള്ള സമയംകിട്ടിയില്ല എന്നതാണ് വാസ്തവം.

ദുബായ് 
ദുബായ് വിമാനത്താവളം അതിന്റെ സ്വന്തം നിലയ്ക്ക്  വലിയ സംഭവമാണെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. യാത്ര 'എയര്‍അറേബ്യ'യില്‍ ആയതിനാല്‍ , നിര്‍ഭാഗ്യവശാല്‍ , ദുബായ് എയര്‍പോര്‍ട്ട്‌ കാണാന്‍ സാധിച്ചില്ല. എയര്‍അറേബ്യയുടെ ഗള്‍ഫിലെ ഹബ്ബ് ഷാര്‍ജയായതിനാല്‍ വന്നതും പോയതുമൊക്കെ ഷാര്‍ജ വിമാനത്താവളത്തിലൂടെയാണ്.

മലയാളി അറബിക്കഥയിലെ അലാവുദ്ദീന്‍ ആണെങ്കില്‍ അവന്റെ സ്വപ്നമെന്ന അത്ഭുതവിളക്കില്‍ നിന്നും ഉണ്ടാക്കിയെടുത്ത ദേശമാണെന്ന് പറയാം ഒരു തരത്തില്‍ ദുബായിയെ. അത്രയ്ക്കും അവന്റെ കൈപ്പാടും മനപ്പാടും പതിഞ്ഞ ദേശമാണിത്. ഇന്ത്യയില്‍ കോളനിവത്കരണവും തുടര്‍ന്നുവന്ന തദ്ദേശിയ സര്‍ക്കാര്‍ നിലപാടുകളും അവശേഷിപ്പിച്ച സാര്‍വത്രിക വിദ്യാഭാസത്തിന്റെ അത്രയൊന്നും പ്രായോഗികമല്ലാത്ത അറിവുസഞ്ചയം കേരളത്തിലെങ്കിലും സാമൂഹികമായി അസംതൃപ്തമായ ഒരു ജനതതിയുടെ സൃഷ്ടിയിലേക്ക് എത്തുന്നത് എഴുപതുകളോടെയാണ്. എഴുത്തും വായനയും കൊണ്ട് എന്തുചെയ്യണം എന്നറിയാത്ത യുവാക്കള്‍ വായനശാലകളിലും കവലകളിലും അടിഞ്ഞുകൂടി. അപ്പോഴേക്കും ദേശിയവാദധാരകളും, കേരളത്തില്‍ പ്രത്യേകിച്ച് കൊമ്മ്യൂണിസ്റ്റ് ഉയര്‍ച്ചകളും സ്ഥാപനവത്കരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അന്നത്തെ യുവാവിനു മുന്നില്‍ രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ നക്സലൈറ്റാവുക അല്ലെങ്കില്‍ ആയിടയ്ക്ക് എണ്ണ കണ്ടുപിടിച്ചതിനാല്‍ തൊഴില്‍ശക്തി ആവശ്യമായിതീര്‍ന്ന ഗള്‍ഫ് രാജ്യങ്ങളിലേക്ക് കപ്പല്‍കയറുക. ബഹുഭൂരിപക്ഷവും രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുത്തത്. ഒരുപക്ഷെ ഗള്‍ഫില്‍ എണ്ണ കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ കുന്നിക്കല്‍ നാരായണന്‍ കേരളത്തിന്റെ രാഷ്ട്രപിതാവ് ആയിപ്പോയേനേ.

ദുബായ്
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഗള്‍ഫ് മേഖലയിലെ എണ്ണശേഖരത്തെകുറിച്ച് പാശ്ചാത്യലോകത്തിന് അറിവുണ്ടായുന്നുവെങ്കിലും രണ്ട് ലോകമഹായുദ്ധങ്ങള്‍ ഏറ്റെടുത്ത് നടത്താനുള്ള തിരക്കില്‍ അവര്‍ക്ക് അതിനെക്കുറിച്ച് ആലോചിക്കാന്‍ സമയം കിട്ടിയിരുന്നില്ല. പിന്നീട് എണ്ണപ്പാടം കാര്യമായി  കുഴിക്കാന്‍തുടങ്ങിയ കാലത്ത് കേരളസമൂഹം ഒരു സാമ്പത്തിക അഭയാര്‍ഥിത്വത്തിലേക്ക് കൂട്ടത്തോടെ പാലായനം ചെയ്യാന്‍ സുസജ്ജമായി കഴിഞ്ഞിരുന്നു. അതിനുള്ള പ്രധാന കാരണം മലയാളി അപ്പോഴേക്കും സാക്ഷരനായി കഴിഞ്ഞിരുന്നു എന്നുള്ളതാണ്. ചിലവേതുമില്ലാതെ സാര്‍വത്രികമായി ലഭിച്ച വിദ്യാഭ്യാസവും കൊമ്മ്യൂണിസം പോലുള്ള ആശയങ്ങളും നല്‍കിയ അവബോധം ഒരു പത്താം ക്ലാസ്സുകാരനെ ഏറ്റവും പ്രാഥമികമായ തലത്തിലെങ്കിലും പ്രബുദ്ധനാക്കി. ജീവിക്കാന്‍ മറ്റുപല അവസ്ഥകളും ഉണ്ടെന്ന ബോധമാണ് മലയാളിയെ കൂട്ടത്തോടെ എണ്ണപാടത്തിലേക്ക് കപ്പല്‍ കയറ്റിച്ചത്.

ദുബായ്
അങ്ങിനെ 'ബ്രൂട്ട്' എന്നെഴുതിയ പച്ചകുപ്പിയില്‍ മത്തുപിടിപ്പിക്കുന്ന അത്തറും 'ത്രിപ്പിള്‍ഫൈവ്' സിഗരറ്റും 'റെയ്ബാന്‍' കൂളിംഗ്ഗ്ലാസ്സും വലിയ വര്‍ണ്ണചിത്രങ്ങള്‍ ആലേഖനം ചെയ്ത പോളിസ്റ്റര്‍ലുങ്കികളും നാട്ടിന്‍ പുറങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ടേപ്പ്റിക്കോഡര്‍ എന്ന അത്ഭുതപ്രതിഭാസത്തോടൊപ്പം 'അബ്ബാ'യും 'ബോണിയെമ്മും' വിചിത്രമായ ശബ്ദത്തില്‍ പാടാന്‍തുടങ്ങി. ഒന്നിനുംകൊള്ളാത്തവന്‍ എന്ന ലേബലില്‍ കവലകളിലും മറ്റും ചുറ്റിതിരിഞ്ഞു നടന്നവന്‍ ഒന്നുരണ്ട് വര്‍ഷം കഴിഞ്ഞ് ദുബായില്‍ നിന്നും അവധിക്കുവന്നപ്പോള്‍ സമൂഹത്തില്‍ സുസ്സമ്മതനായിതീര്‍ന്നു. കേരളത്തിന്റെ സാമൂഹികാവസ്ഥയില്‍ കാര്യമായി വ്യതിയാനമുണ്ടാക്കിയ ഒരു പരിണാമമായിരുന്നു അത്. തുല്യതയെന്ന ആശയം കൊണ്ടുവന്നത് കൊമ്മ്യൂണിസമാണെങ്കിലും അത് ഏറെക്കൂറെ പ്രയോഗികമാക്കിയത് എണ്ണപ്പണമായിരുന്നു. ഭൂസ്വത്തുകള്‍ അന്യാധീനപ്പെടുകയും വിഭജിക്കപ്പെടുകയും ക്രമേണ ഭൂസ്വത്ത് തന്നെ സമ്പത്തിന്റെ മാനദണ്ഡം അല്ലാതായി മാറുകയും ചെയ്തു ('ദേവാസുരം' എന്ന സിനിമയില്‍ മംഗലശേരിനീലകണ്ഠന്‍, പഴയ ആശ്രിതന്റെ ഗള്‍ഫുകാരനായ മകന് സ്വത്ത് വില്‍ക്കുന്നനേരത്ത് അനുഭവിക്കുന്ന മന:സംഘര്‍ഷം ഈ ഗതിമാറ്റത്തിന്റെ വൈകാരികാനുഭവത്തെ ഉദാഹരിക്കും).

ദുബായ്
മലയാളി നാട്ടിലേക്ക് കൊണ്ടുവന്ന എണ്ണപ്പണം അവന്‍ കുഴിച്ചെടുത്തതായിരുന്നില്ല. ഗള്‍ഫ് മേഖലയില്‍ വന്‍ജനപഥങ്ങള്‍ പടുത്തുയര്‍ത്തിയതിന് അവന് ലഭിച്ച കൂലിയായിരുന്നു ആ പണം. അതിന്റെ പ്രത്യക്ഷമായ ഉദാഹരണമായി ദുബായിയിലെ അംബരചുംബികള്‍ ഉയര്‍ന്നു നില്‍ക്കുന്നു.

ദുബായിയില്‍ നിന്നും ഏകദേശം 140 കിലോമീറ്റര്‍ അകലെ അബുദാബിയിലുള്ള 'ഷെയ്ക്ക് സായദ് ഗ്രാന്‍ഡ്‌ മോസ്ക്' കാണാനാണ് ഞങ്ങള്‍ ആദ്യം പോയത്. പെരുന്നാള്‍ ദിവസങ്ങളില്‍ ഒന്നായതിനാല്‍ കൂടിയായിരിക്കും ഞങ്ങള്‍ ചെല്ലുമ്പോള്‍ പള്ളി പ്രാര്‍ഥനയ്ക്കായി അടച്ചിരിക്കുകയായിരുന്നു. അമുസ്ലീങ്ങള്‍ക്ക് ആ സമയത്ത് പ്രവേശനമില്ല. പ്രാര്‍ഥനാസമയം കഴിയാന്‍ വേണ്ടി ഞങ്ങള്‍ പാര്‍ക്കിങ്ങിനടുത്തുള്ള മരത്തണലില്‍ ഒരു മണിക്കൂറോളം കാത്തിരുന്നു.

ഷെയ്ക്ക് സായദ് ഗ്രാന്‍ഡ്‌ മോസ്ക് - അനേകം മീനാരങ്ങളില്‍ ഒന്ന് 
ഈ പള്ളി കണ്ടാല്‍ ആദ്യം മനസ്സില്‍ ഓടിവരുന്ന താരതമ്യരൂപം താജ്മഹലാണ്. ശുഭ്രമായ മാര്‍ബിള്‍ ചുമരുകളും ശുദ്ധവൃത്താകൃതിയിലെ മകുടസമുച്ചയങ്ങളും, നമ്മുടെ സൌന്ദര്യബോധത്തില്‍ സദാസജീവമായ താജ്മഹലിന്റെ വാസ്തുഭംഗിയെ ഓര്‍മ്മപ്പെടുത്തും. മുഗള്‍ വാസ്തുരീതിയുടെ പ്രകടമായ സ്വാധീനം ഈ വന്‍നിര്‍മ്മാണത്തില്‍ വ്യക്തമായും കാണാനാവും. മുഗള്‍ - മൂറിഷ് - അറബ് കെട്ടിട നിര്‍മ്മാണരീതിയുടെ സമന്വയമാണെങ്കില്‍ കൂടി, താജ്മഹലിലൂടെ സുപരിചിതമായ മുഗള്‍ ആര്‍ക്കിറ്റെക്ചറിന്റെ രീതിശാസ്ത്രമാണ് നമ്മുക്ക് മുന്നില്‍ വിസ്തൃതമാവുക.

അനേകം മകുടങ്ങളില്‍ ഒന്ന്
ലോകത്തിലെ എട്ടാമത്തെയും യു. എ. യിലെ ഒന്നാമത്തെയും വലിയ പള്ളിയാണ് ഗ്രാന്‍ഡ്‌ മോസ്ക്. ഏതാണ്ട് നാല്‍പ്പതിനായിരം പേര്‍ക്ക് ഒരേ സമയം പ്രാര്‍ത്ഥന നടത്താം. വിവിധ വലിപ്പത്തിലുള്ള എണ്‍പത്തിരണ്ട് മകുടങ്ങളും നാല് മീനാരങ്ങളുമാണ് പള്ളിയുടെ വാസ്തുരീതിയെ അനിത സാധാരണവും സൌന്ദര്യപൂര്‍ണ്ണവുമാക്കി തീര്‍ക്കുന്നത്.

മീനാരം
1996 - ലാണ് പള്ളിയുടെ നിര്‍മ്മാണം ആരംഭിക്കുന്നത്. ഷെയ്ക്ക് സായദിന്റെ സ്വപ്നപദ്ധതിയായാണ് ഇതിന്റെ പ്രഭവം. പക്ഷെ ഇതിന്റെ പൂര്‍ത്തീകരണത്തിനു മുന്‍പ് 2004 - ല്‍ അദ്ദേഹം മരണപ്പെട്ടു. 2007-ല്‍ മറ്റൊരു വലിയ പെരുന്നാള്‍ ദിവസമാണ് അദ്ദേഹത്തിന്‍റെ നാമം നല്‍കി ഈ പള്ളി ഭക്തര്‍ക്കും സന്ദര്‍ശകര്‍ക്കുമായി തുറന്നുകൊടുത്തത്.

മകുടസമുച്ചയം
പ്രശസ്തമായ 38 കരാര്‍കമ്പനികളും ഏകദേശം 3000 ത്തോളം ജോലിക്കാരും പള്ളിയുടെ നിര്‍മ്മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. ഗള്‍ഫ് മേഖലയില്‍ നിന്ന് കൂടാതെ യൂറോപ്പ്, ആഫ്രിക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ചൈന, ന്യൂസിലാന്‍ഡു തുടങ്ങിയ ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ശില്‍പികളും നിര്‍മ്മാണസാമഗ്രികളും ഈ വാസ്തുവിസ്മയത്തിന്റെ സാക്ഷാത്കാരത്തിന് പിന്നില്‍ അണിചേര്‍ന്നിരിക്കുന്നു.

ഷെയ്ഖ് സായദ് ഗ്രാന്‍ഡ്‌ മോസ്ക്
ഗ്രാന്‍ഡ്‌ മോസ്കിന്റെ ആശയ ക്രോഡീകരണം 'ലോക ഐക്യം' (Unites the World) എന്നത്രേ. അവിടം സന്ദര്‍ശിക്കുന്ന സമയത്ത് ഇത് വളരെ അന്വര്‍ഥമായ ഒരു വാക്യമായി തോന്നി. ലോകത്തിന്റെ പല ഭാഗത്ത് നിന്നും വന്ന വര്‍ണ്ണവംശഭേദമില്ലാതെയുള്ള സന്ദര്‍ശകരുടെ ഒഴുക്കാണ് അവിടെ കാണാന്‍ സാധിച്ചത്. മതപരമായ ഏക ചിഹ്നം അകത്തു കടക്കാന്‍ സ്ത്രീകള്‍ ധരിക്കേണ്ടതുള്ള പുറംവസ്ത്രവും ശിരോവസ്ത്രവും മാത്രമാണ്. അവ പള്ളിയില്‍ തന്നെ താല്‍ക്കാലികമായി ലഭ്യവുമാണ്.

സ്ത്രീകള്‍ക്ക് അകത്ത് പ്രവേശിക്കണമെങ്കില്‍ കറുത്ത പുറംവസ്ത്രവും ശിരോവസ്ത്രവും ധരിക്കേണ്ടതുണ്ട്
പള്ളി തുറന്നപ്പോള്‍ അകത്തേക്ക് കയറാന്‍ സന്ദര്‍ശകരുടെ വലിയൊരു കൂട്ടം തന്നെയുണ്ടായിരുന്നു. എങ്കിലും പള്ളിയുടെ അസാമാന്യമായ വലിപ്പംകൊണ്ട്, തിക്കുംതിരക്കുമൊന്നും അനുഭവപെട്ടില്ല. മുന്നിലെ വലിയ ജലാശയം പരിസരത്തിനാകമാനം ഒരു കുളിര്‍മ നല്‍കുന്നുണ്ടായിരുന്നു. രാത്രികളില്‍ ദീപാലംകൃതമാവുമ്പോള്‍ അതിമനോഹരമാവുന്ന പള്ളിയുടെ ദൃശ്യം ഈ തടാകത്തില്‍ പ്രതിബിംബിക്കുന്നത് ഗംഭീരകാഴ്ചയത്രേ. എന്തായാലും അതുവരെ നില്‍ക്കാനുള്ള സമയം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.

പള്ളിക്ക് മുന്നിലെ ജലാശയത്തിന്റെ ഒരു ഭാഗം. 
വാസ്തുവിസ്മയങ്ങളുടെ വലിയൊരു പ്രപഞ്ചത്തിലേക്കാണ് നമ്മള്‍ നടന്നുകയറുക. തൂവെള്ളമാര്‍ബിള്‍ കൊണ്ട് പൊതിഞ്ഞ മകുടങ്ങള്‍ മൊറോക്കന്‍ ശൈലിയിലാണ് പണിതിരിക്കുന്നത് എന്നാണ് ഔദ്യോഗികമായി പറയുന്നത്. പക്ഷെ നിസ്സംശയം അത് താജ്മഹലിനെ ഓര്‍മ്മിപ്പിക്കും.

പ്രവേശനകവാടത്തില്‍ നിന്ന് കാണുന്ന മകുടങ്ങള്‍ 
മാര്‍ബിള്‍പാകിയ വിശാലമായ നടുത്തളത്തിന്റെ ഇരുഭാഗങ്ങളിലും കാഴ്ച എത്തുന്നതിനപ്പുറത്തേയ്ക്ക് നീണ്ടുപോകുന്ന ഇടനാഴികള്‍ . ഒരു വലിയ മൈതാനം പോലെ വിശാലമായ നടുത്തളത്തില്‍ മാത്രം ഏതാണ്ട് 22,000 ആള്‍ക്കാര്‍ക്ക് പ്രാര്‍ത്ഥന നിര്‍വഹിക്കാനാവുമത്രേ.

നടുത്തളത്തിലൂടെ പള്ളിയുടെ മുഖ്യകവാടത്തിലേയ്ക്ക് പോകുന്ന സന്ദര്‍ശകര്‍
ഇടനാഴിയിലെ തൂണുകള്‍ പനയുടെ ആകൃതിയിലാണ് - മാര്‍ബിളില്‍ തീര്‍ത്ത പനമരങ്ങള്‍ . സ്വര്‍ണ്ണവര്‍ണ്ണത്തില്‍ പനയോലകള്‍ . പനയിലേക്ക് പടര്‍ന്നുകയറുന്ന പുഷ്പാഭിഷിക്തമായ വള്ളിപ്പടര്‍പ്പുകള്‍ . ഒന്നിനുപിറകേ ഒന്നായി അടുങ്ങിയിരിക്കുന്ന തൂണുകളുടേയും കമാനങ്ങളുടേയും എണ്ണിയാലൊടുങ്ങാത്ത നീളിച്ച വലിയ വാസ്തുശില്‍പ്പങ്ങള്‍ ഉയര്‍ത്തുന്ന അപാരതയുടെ ആഴം അനുഭവിപ്പിക്കും.

ഇടനാഴി
പ്രവേശനഭാഗത്തെ ഇടനാഴിയില്‍ നില്‍ക്കുമ്പോള്‍ , പുറത്ത് ചൂടുള്ള വെയില്‍ കത്തുകയായിരുന്നിട്ടും, നടുത്തളത്തില്‍ നിന്നും വെളിയിലെ തടാകത്തില്‍ നിന്നും ചുറ്റിതിരിഞ്ഞെത്തുന്ന കാറ്റ് നല്ല കുളിര്‍മ നല്‍കുന്നുണ്ടായിരുന്നു.

ഇടനാഴിയില്‍ നിന്ന് പള്ളിയുടെ കാഴ്ച
പുറത്തുനിന്നുള്ള കാഴ്ചകള്‍ പോലെ തന്നെ മനോഹാരിതയുള്ളതാണ് അകത്തെ കാഴ്ചകളും. തൂവെള്ള ഇറ്റാലിയന്‍മാര്‍ബിളില്‍ കൊത്തിയ പുഷ്പചിത്രാലങ്കൃതമായ ചുമരുകള്‍ . ചുണ്ണാമ്പു കല്ലുകള്‍ കൊണ്ട് സാധ്യമാവുന്ന അലങ്കാരസൌന്ദര്യം മുഴുവന്‍ ഈ പള്ളിക്കുള്ളില്‍ നിര്‍ലോഭം പ്രദര്‍ശിപ്പിച്ചിട്ടുണ്ട് എന്ന് വേണം അനുമാനിക്കാന്‍ (മാര്‍ബിള്‍ കൊണ്ടുള്ള മറ്റ് വലിയ വാസ്തുവിസ്മയങ്ങള്‍ ഇനിയും കാണാനിരിക്കുന്നതേയുള്ളൂ - എന്ന് പ്രതീക്ഷ. ആ നിലയ്ക്ക് താരതമ്യത്തിന് സാധ്യമല്ലാത്തതിനാല്‍ 'അനുമാനം' എന്ന പ്രയോഗം).

മാര്‍ബിളിലെ കൊത്തുചിത്രങ്ങള്‍
ഈ പള്ളിയുടെ നിര്‍മാണത്തില്‍ ഭാഗഭാക്കായ ഒരു ശില്‍പ്പി പുഷ്പ്പങ്ങളുടേയും വല്ലികളുടേയും  നിശിതാരാധകനാണെന്നുള്ളതിന് സംശയമില്ല. തൂണുകളിലും ചുമരുകളിലുമായി അത്രമാത്രം പൂക്കളും വള്ളിപടര്‍പ്പുകളുമാണ് അയാള്‍ കൊത്തിവച്ചിട്ടുള്ളത്.    

ഒരു മാര്‍ബിള്‍ പൂവ്
മയന്‍ നിര്‍മ്മിച്ച പാണ്‍ഡവഗൃഹത്തില്‍ ദുര്യോദ്ധനന് സംഭവിച്ചതുപോലെ പള്ളിക്കുള്ളില്‍ കടന്നാല്‍ ഒരല്‍പനേരത്തേയ്ക്ക് സ്ഥലജലവിഭ്രാന്തിയില്‍ പെട്ടുപോകും നമ്മളും. എവിടേയ്ക്ക് നോക്കണം എന്തിലേയ്ക്ക് ശ്രദ്ധപതിപ്പിക്കണം എന്നറിയാന്‍ പറ്റാത്ത തരത്തില്‍ മാര്‍ബിളിന്റെയും സ്ഫടികചിത്രങ്ങളുടേയും കമാനങ്ങളുടെയും തൂക്കുവിളക്കുകളുടെയും ചിത്രതൂണുകളുടേയും ഒക്കെ ലോപരഹിതമായ സഞ്ചയം.

പള്ളിയുടെ ഉള്‍ഭാഗം
പള്ളിക്കുള്ളില്‍ വിരിച്ചിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ, കൈകൊണ്ടു നെയ്തെടുത്ത പരവതാനിയത്രേ. ഏതാണ്ട് 5,700 ചതുരശ്രമീറ്ററില്‍ കൂട്ടിയോജിപ്പികലുകളില്ലാത്ത ഒറ്റപരവതാനി. ഇതിന്റെ നിര്‍മ്മാണത്തിന് മാത്രം രണ്ടു വര്‍ഷത്തിലധികം സമയമെടുത്തു. സങ്കീര്‍ണമായ പൌരാണിക ഇസ്ലാമിക പറ്റേണുകള്‍ ആലേഖനം ചെയ്ത ഈ പരവതാനി തന്നെ ഒരു വിസ്മയഘടകമാണ്.

പരവതാനിയുടെ പാര്‍ശ്വവീക്ഷണം
പള്ളിയുടെ നടുവിലുള്ള മുഖ്യമകുടത്തിലായി ഘടിപ്പിച്ചിട്ടുള്ള തൂക്കുവിളക്ക് ഒരു മോസ്കിനകത്തുള്ള ഏറ്റവും വലിയ തൂക്കുവിളക്ക് എന്ന വിശേഷതയാണ് കയ്യാളുന്നത്. ജെര്‍മ്മനിയില്‍ നിര്‍മ്മിച്ച ഈ ഷാന്‍ഡലിയറില്‍ അതിവിശേഷപ്പെട്ടതും വിലപിടിപ്പുള്ളതുമായ സ്വോറോസ്ക്കി ക്രിസ്റ്റലുകകളാണ് ഉപയോഗിച്ചിരിക്കുന്നത്.

തൂക്കുവിളക്ക്
ചുമരുകളിലും കമാനങ്ങളിലും മച്ചിലും തൂണുകളിലും ഒക്കെ വിചിത്രസുന്ദരമായ ഒരുപാട് ചിത്രരീതികള്‍ ഉപയോഗിച്ചിട്ടുണ്ട്. ഷെയ്ക്ക് സായദിന്റെ ഇഷ്ടനിറമായ വെള്ളയോട് കാര്യമായ നീതിപുലര്‍ത്തികൊണ്ടാണ് പക്ഷെ എല്ലാ കലാവേലകളും നിവര്‍ത്തിച്ചിട്ടുള്ളത് എന്ന ഒരു പ്രത്യേകതകൂടി പള്ളിക്കുണ്ട്.

പള്ളിക്ക് മുന്നിലെ കടലാസ് പൂവുകള്‍
ദുബായിയുടെ കുതിപ്പില്‍ നിന്നും വത്യസ്തമായ രീതിയിലാണ് യു. എ. ഇയിലെ ഏറ്റവും സമ്പന്ന പ്രദേശമായ അബുദാബി അതിന്റെ അസ്തിത്വം അടയാളപ്പെടുത്തുക എന്ന് തോന്നുന്നു. ബുര്‍ജ്ഖലീഫയ്ക്ക് ഒപ്പംവച്ച് ഗ്രാന്‍ഡ്‌മോസ്കിനെ തുലനംചെയ്യുമ്പോള്‍ ആശയപരമായ ആ വ്യത്യാസം നമുക്ക് മുന്നില്‍ സുതാര്യമാവും. പള്ളിയിലെ കാഴ്ചകള്‍ കണ്ടുകഴിഞ്ഞ് വണ്ടിയിലേക്ക് കയറുമ്പോള്‍ അതായിരുന്നു ആലോചനയില്‍ വന്നത്.

- തുടരും -  

6 അഭിപ്രായങ്ങൾ:

 1. ലാസറേട്ടാ....ശ്രീലങ്കൻ യാത്രകൾ അവസാനിപ്പിച്ച ഉടനേതന്നെ ഗൾഫ് രാജ്യങ്ങളിലേയ്ക്ക് പറന്നുകയറിയല്ലേ.... :)

  അതിമനോഹരമായിരിയ്ക്കുന്നു ഈ വിവരണം.... ചിത്രങ്ങൾ എല്ലാം അതിമനോഹരം... :)

  കൊത്തുപണികൾ നിറഞ്ഞുനിൽക്കുന്ന, സൗന്ദര്യം വഴിഞ്ഞൊഴുകുന്ന 'ഷെയ്ക്ക് സായദ് ഗ്രാന്‍ഡ്‌ മോസ്ക്കിന്റെ കാഴ്ചകളെ എങ്ങനെയാണ് അക്ഷരങ്ങളിൽ ഒതുക്കുവാൻ നമുക്ക് സാധിയ്ക്കുക.... വർണ്ണിച്ച് അനുഭവിപ്പിയ്ക്കുവാൻ ആകുന്നതിലും ഭംഗി ഈ മോസ്കിനുണ്ടെന്ന് സുന്ദരമായ ചിത്രങ്ങൾ വിളിച്ചുപറയുന്നുണ്ട്...

  മലയാളികളുടെ ഈ സ്വപ്നഭൂമിയിൽ എത്രമാത്രം മലയാളികൾ ഉണ്ടാകും.അവരിൽ എത്രയോ നല്ല എഴുത്തുകാരും,,.. അവർക്കാർക്കും ഈ മനോഹരമായ ദൃശ്യങ്ങളും വിവരണങ്ങളും നമുക്കായി അവതരിപ്പിയ്ക്കുവാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നോർക്കുമ്പോൾ നിരാശ തോന്നുന്നു..

  തുടരട്ടെ ഈ യാത്രകൾ..... എല്ലാ ആശംസകളും നേരുന്നു....

  മറുപടിഇല്ലാതാക്കൂ
 2. ഗ്രാന്‍ഡ്‌ മോസ്ക്കിന്റെ ഭംഗി കണ്ടു വിസ്മയിച്ചു പോയി. വിവരണവും അസ്സലായി

  മറുപടിഇല്ലാതാക്കൂ
 3. ശ്രീലങ്കന്‍ പര്യടനത്തിന്റെ തുടക്കം മുതല്‍ വായിച്ചുപോന്നിരുന്നു.
  ഇത് ഇപ്പോഴാണ് കാണുന്നത്
  ഒന്നാം ഭാഗം വായിച്ചിട്ട് അടുത്ത ഭാഗം നോക്കാം!

  മറുപടിഇല്ലാതാക്കൂ
 4. ദുബായില്‍ ആയിരുന്നപ്പോള്‍ ഗ്രാന്‍ഡ്‌ മോസ്കില്‍ പോയിട്ടുണ്ട്. അന്ന് അന്യമതക്കാര്‍ക്ക് പ്രവേശനം ഇല്ലായിരുന്നതിനാല്‍ അകത്തു കയറാന്‍ പറ്റിയില്ല. എന്ത് ഭംഗിയാണ് മോസ്കിന്റെ ഉള്ളില്‍. മിസ്സ്ഡ് സംതിംഗ് ഗ്രേറ്റ്‌.

  മറുപടിഇല്ലാതാക്കൂ
 5. ലാസര്‍ ഭായ് വിവരണങ്ങള്‍ വളരെ നന്നായിട്ടുണ്ട് ... എന്നങ്കിലും ദുബായില്‍ പോവുകയാണെങ്കില്‍ തീര്‍ച്ചയായും പോവും..!

  മറുപടിഇല്ലാതാക്കൂ
 6. അന്യമതസ്ഥർക്ക്‌ പ്രവേശനം ഉണ്ടല്ലോ. സ്ത്രീകള് കറുത്ത പർദ്ദ യും പുരുഷന്മാര വെളുത്ത അറബിവസ്ത്രവും ധരിച്ചാണ് ഞങ്ങൾ അകത്തേക്ക് കടന്നതു

  മറുപടിഇല്ലാതാക്കൂ