2013, ഫെബ്രുവരി 13, ബുധനാഴ്‌ച

അശോകവനം - എട്ട്

ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം, നാലാം ഭാഗം, അഞ്ചാം ഭാഗം, ആറാം ഭാഗം, ഏഴാം ഭാഗം

കണ്ടലാമ എന്ന മനുഷ്യനിര്‍മ്മിത തടാകകരയിലെ സ്വച്ഛമായ സായാഹ്നത്തെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് കഴിഞ്ഞ ഭാഗം അവസാനിപ്പിച്ചത്. മദ്ധ്യശ്രീലങ്കയിലെ മറ്റൊരു മനുഷ്യനിര്‍മ്മിത തടാകത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാവാം ഈ കുറിപ്പ് തുടങ്ങുകയും. പോളൊന്നാറുവയിലെ (Polonnaruwa) പരാക്രമസമുദ്ര എന്ന തടാകത്തെ കുറിച്ചാണത്. നാലാം നൂറ്റാണ്ടില്‍ ചെറുതായി ഉണ്ടായിരുന്ന തടാകം പന്ത്രണ്ടാം നൂറ്റാണ്ടില്‍ രാജ്യതലസ്ഥാനം പോളൊന്നാറുവയിലേക്ക് മാറിയപ്പോള്‍ വളരെ വലുതായി വിപുലപ്പെടുത്തുകയായിരുന്നു. പോളൊന്നാറുവ കാലഘട്ടത്തില്‍ ശ്രീലങ്കയിലെ ഏറ്റവും മിടുക്കനായ രാജാവായിരുന്ന പരാക്രമബാഹു ഒന്നാമന്റെ കാലത്താണ് ഈ നിര്‍മ്മാണം നടക്കുന്നത്. പരാക്രമബാഹു നിര്‍മ്മിച്ച സമുദ്രത്തോളംപോന്ന തടാകം എന്നതില്‍ നിന്നാവും പരാക്രമസമുദ്ര എന്ന പേരുണ്ടായത്.  പ്രകൃതി മഴയായി നല്‍കുന്ന ഒരു തുള്ളി വെള്ളം പോലും മനുഷ്യനന്മയ്ക്കായി ഉപകാരപ്പെടാതെ പോകരുത് എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നുവത്രേ.

പരാക്രമസമുദ്ര
ഇരുപത്തിരണ്ട് ചതുരശ്രകിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന ഈ തടാകം സമകാല പോളൊന്നാറുവയിലേയും പ്രധാന ജലസ്ത്രോതസ്സാണ്. വൃഷ്ടിപ്രദേശത്തുനിന്നുള്ള ചെറുചാലുകള്‍ ഉള്‍പ്പെടെ സ്വന്തമായി ഒരു ഇക്കോസിസ്റ്റം തന്നെ സൃഷ്ടിച്ചിട്ടുള്ള പരാക്രമസമുദ്ര പ്രദേശത്തെ ജനങ്ങളുടെ ദൈനംദിനാവശ്യങ്ങള്‍ക്കും കൃഷിക്കും മത്സ്യബന്ധനത്തിനും ഒക്കെയുള്ള ഏക ആശ്രയമായി ഇന്നും തുടരുന്നു. അതിനാല്‍തന്നെ കഴിഞ്ഞ ഇരുപതുവര്‍ഷത്തിനുള്ളില്‍ ഈ പരിസരത്തുണ്ടായ ക്രമാതീതമായ ജനവര്‍ദ്ധന തടാകത്തിന്റെ പാരിസ്ഥിതിക സന്തുലിതത്തിന് ഭീഷണിയായി തുടങ്ങിയിട്ടുമുണ്ടത്രേ.

പരാക്രമസമുദ്രയുടെ അരികിലൂടെയാണ്‌  പോളൊന്നാറുവ എന്ന ചരിത്രപട്ടണത്തിന്റെ ചിതറിയ ശേഷപത്രങ്ങള്‍ അന്വേഷിച്ച് നടക്കേണ്ടത്‌ . പത്താം നൂറ്റാണ്ടിന്റെ അവസാനത്തോടെ സംഭവിച്ച അനുരാധാപുര കാലഘട്ടത്തിന്റെ ശോഷണത്തെ തുടര്‍ന്ന് മദ്ധ്യകാല ശ്രീലങ്കയുടെ തലസ്ഥാനമായി ഉയര്‍ന്നുവന്ന സ്ഥലമാണ് പോളൊന്നാറുവ. വിജയബാഹു ഒന്നാമനാണ്‌ പോളൊന്നാറുവയുടെ സ്ഥാപകനായി അറിയപെടുന്നത്.    

പോളൊന്നാറുവ  എന്ന ചരിത്രപട്ടണത്തിന്റെ നീക്കിയിരിപ്പ്
എ. ഡി. 993 - ല്‍ രാജരാജചോളന്‍ ദ്വീപ് കീഴടക്കി അനുരാധപുരം നശിപ്പിച്ചു. ചോളന്മാരാണ്, ദ്വീപിലെ തങ്ങളുടെ ഭരണകേന്ദ്രമായി പോളൊന്നാറുവയെ തിരഞ്ഞെടുക്കുന്നത്. ഏതാണ്ട് ഒരു നൂറ്റാണ്ടുകാലത്തെ ചോള ഭരണത്തിനുശേഷം വിജയബാഹു ഭരണം തിരിച്ചുപിടിക്കുന്നു. പതിവുപോലെ സിംഹളചരിത്രത്തില്‍ നിന്നും ഈ പട്ടണം നിര്‍മ്മിച്ച ചോളന്മാര്‍ പുറത്താവുകയും, പില്‍ക്കാല രാജാവായ വിജയബാഹു നഗരസ്ഥാപകനായി അവരോധിക്കപ്പെടുകയും ചെയ്യുന്നു. ഇന്ത്യന്‍ / തമിഴ് പക്ഷപാതിത്വം ഈ കുറിപ്പിന്റെ വിഷയമല്ല. പക്ഷെ ശ്രീലങ്കയിലെ തമിഴ് ദേശിയതയെ സംബന്ധിച്ച അവകാശവാദങ്ങളെ പതിതമാക്കാന്‍ അവിടുത്തെ വ്യവസ്ഥാപിത ചരിത്രം വ്യഗ്രതകാണിക്കുന്നത് നിഷ്പക്ഷമായ ചെറിയ നോട്ടങ്ങളില്‍ പോലും പതിയാതെ പോവുകയുമില്ല.

മറ്റൊരു ഭാഗം
ശൈവമതം പിന്തുടര്‍ന്നിരുന്ന ചോളന്മാരുടെ പ്രകടമായ സ്വാധീനം ഇവിടുത്തെ വാസ്തുകലാശില്‍പങ്ങളില്‍ കാണാം. ഉദാഹരണത്തിന് പൊത്ഗുല്‍വിഹാര എന്ന ഭാഗത്ത് കാണുന്ന മനുഷ്യരൂപശില്‍പ്പം പരാക്രമബാഹുവിന്റേത് എന്നാണ് പൊതുവേ കരുതപ്പെടുന്നതെങ്കിലും, ഇന്ന് പണ്ഡിതന്മാര്‍ ആ നിരീക്ഷണത്തോട് കാര്യമായി യോജിക്കുന്നില്ല. ആ ശില്‍പം വ്യക്തമായും ഹൈന്ദവശില്പപാരമ്പര്യത്തിലെ മുനിരൂപങ്ങളോട് സാമ്യംകാണിക്കുന്നു എന്നുതന്നെ തോന്നും. പോളൊന്നാറുവയിലെ ഈ പ്രത്യേകപ്രദേശം ഒരുകാലത്ത് പുലസ്ത്യപുര എന്നാണ് അറിയപെട്ടിരുന്നത്. അതിനാല്‍ ഈ ശില്‍പ്പം ബ്രഹ്മാവിന്റെ പുത്രനും രാവണന്റെ പിതാമഹനുമായി പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന പുലസ്ത്യമുനിയുടെ, ചോളകാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട, ശില്പമായിരിക്കാം എന്നാണ് പുതിയ നിഗമനം.

പുലസ്ത്യമുനിയുടേത് എന്ന് കരുതപ്പെടുന്ന ശില്പം
തെക്കന്‍ ശ്രീലങ്കയില്‍ ഒരു നാട്ടുരാജാവായിരുന്ന വിജയബാഹു എ. ഡി. 1070 - ലാണ് പോളൊന്നാറുവ പിടിച്ചടക്കുന്നത്. മൂലരാജ്യത്തെ ആഭ്യന്തരപ്രശ്നങ്ങളും മറ്റുമായി ചോളന്മാരുടെ ശ്രദ്ധ ഇവിടേയ്ക്ക് അധികം പതിയാതിരുന്ന സമയത്ത് വളരെ തന്ത്രപരമായി മൂന്നുവശങ്ങളിലൂടെയും നടത്തിയ ആക്രമണത്തിലൂടെ വിജയബാഹു പോളൊന്നാറുവ കീഴടക്കുകയായിരുന്നു. പോളൊന്നാറുവ ആസ്ഥാനമാക്കി രാജ്യംഭരിച്ച ആദ്യത്തെ സിംഹളരാജാവ് വിജയബാഹു ആണെങ്കിലും ഏറ്റവും പ്രശസ്തനായ മദ്ധ്യകാലരാജാവ് അദ്ദേഹത്തിന്റെ പൌത്രനായ പരാക്രമബാഹുവാണ്. പരാക്രമസമുദ്ര എന്ന തടാകനിര്‍മ്മിതി നടന്നത് ഈ രാജാവിന്റെ കാലത്താണെന്ന് തുടക്കത്തില്‍ സൂചിപ്പിച്ചുവല്ലോ. ചോളന്‍മാര്‍ക്കെതിരെ പാണ്ഡ്യപടയെ സഹായിച്ച്, പരാക്രമബാഹുവിന്റെ പട്ടാളം മധുരപിടിച്ചടക്കിയിരുന്നു കുറേയേറെക്കാലം എന്ന് അറിയുമ്പോള്‍ തന്നെ വളരെ ശക്തനായ ഒരു രാജാവായിരുന്നു അദ്ദേഹം എന്ന് തെളിയുന്നുണ്ട്. ഈ പടനീക്കത്തില്‍ ശ്രീലങ്കന്‍ പട്ടാളത്തെ സഹായിക്കാന്‍ ചേരരാജ്യത്ത് നിന്നുള്ള പടയാളികളും ഉണ്ടായിരുന്നുവെന്ന് ചൂലവംശ എന്ന പുരാതന സിംഹള-പാലി ചരിത്രപുസ്തകത്തില്‍ പറയുന്നുണ്ട്. തമിഴ്നാടുമായി മാത്രമല്ല കേരളവുമായും മദ്ധ്യകാലശ്രീലങ്കയ്ക്ക് ബന്ധങ്ങളും വ്യവഹാരങ്ങളും ഉണ്ടായിരുന്നു എന്നുവേണം ഇതില്‍ നിന്നും അനുമാനിക്കാന്‍ .

പോളൊന്നാറുവയിലെ കുരങ്ങന്മാര്‍ 
പരാക്രമബാഹുവിന്റെ സൈന്യം ഇതിനേക്കാള്‍ വലിയ പടയോട്ടങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ചൂലവംശ അവകാശപ്പെടുന്നത്. ദ്വീപായതുകൊണ്ട് തന്നെ ശ്രീലങ്കന്‍സൈന്യം എക്കാലത്തും സന്നാഹവിപുലമായ നാവികസേനയെ കരുതിയിരുന്നു. തെക്കേ ഇന്ത്യന്‍ ഭാഗങ്ങളായ ഇന്നത്തെ കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭാഗങ്ങളേക്കാള്‍ അധികം ശ്രീലങ്കന്‍ സാമ്രാജ്യം ബന്ധം പുലര്‍ത്തിയിരുന്ന ഒരു ഇന്ത്യന്‍ പ്രദേശം കലിംഗയാണ് (ഇന്നത്തെ വടക്കുകിഴക്കന്‍ ആന്ധ്രാപ്രാദേശിന്റേയും ഒറീസ്സയുടേയും ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം). അശോകന്റെ കാലം മുതല്‍ ആരംഭിച്ച ബന്ധമായിരിക്കണം അത്. ഒരു പക്ഷേ, അതിനും മുന്‍പ്..., ഇന്നത്തെ പശ്ചിമബംഗാളില്‍ നിന്നുമാണ് സിംഹളവംശത്തിന്റെ ഉല്പത്തിയാത്ര എന്ന സന്നിഗ്ദ്ധവസ്തുതയ്ക്ക് കുറച്ചുകൂടി ഉപോല്‍ബലമേകുന്ന ഒരു നിരീക്ഷണമായേക്കുമത്. ശ്രീലങ്കന്‍ രാജകുടുംബവും കലിംഗയുമായി വിവാഹബന്ധങ്ങള്‍ ഉള്‍പ്പെടെ വളരെ ആഴത്തിലുള്ളതും ഇടതടവില്ലാത്തതുമായ കൊടുക്കല്‍വാങ്ങലുകള്‍ നിലനിന്നിരുന്നു എന്നാണ് അനുമാനിക്കപ്പെടുന്നത്.    

പരാക്രമബാഹുവിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ഏഴു നിലകള്‍ ഉണ്ടായിരുന്ന 'റോയല്‍പാലസി'ന്റെ ശേഷിപ്പ് 
കലിംഗയില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടല്‍ കുറുകനേകടന്നാല്‍ മ്യാന്മാറില്‍ എത്താം. തന്റെ ചില ദൂതന്മാരെ മ്യാന്മാര്‍രാജാവ് അപമാനിച്ചതില്‍ പ്രകോപിതനായ പരാക്രമബാഹുവിന്റെ നാവികപട കടല്‍കടന്ന് മ്യാന്‍മാറിലെത്തി അവിടുത്തെ രാജാവിനെ വധിച്ച് മ്യാന്മാര്‍ കീഴടക്കി എന്ന് ചൂലവംശ പറയുന്നു. മധ്യകാല മ്യാന്മാറിന്റെ ചരിത്രത്തില്‍ , കടല്‍വഴിയുള്ള ആക്രമണങ്ങളെക്കുറിച്ചൊക്കെ പരാമര്‍ശമുണ്ടെങ്കിലും, ചൂലവംശ അവകാശപ്പെടുന്ന വ്യാപ്തിയില്‍ രാജാവിനെ വധിക്കുന്ന നിലയിലേക്ക് ഒരു വൈദേശികാധിനിവേശം ഉണ്ടായതിന്റെ സൂചനകള്‍ ഒന്നുംതന്നെയില്ലാത്തതിനാല്‍ പല ചരിത്രകാരന്മാരും ഈ പടയോട്ടത്തെ അംഗീകരിക്കുന്നില്ല. എന്നാല്‍ അങ്ങിനെയൊരു നാവികയുദ്ധം നടന്നിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും പരാക്രമബാഹുവിന്റെ ഭരണത്തിനുകീഴിലുള്ള ശ്രീലങ്കന്‍ സൈന്യത്തിന്റെ അസാമാന്യമായ നാവികബലം കാണിക്കുന്ന സംഭവമാണ്. തലൈമന്നാറില്‍ നിന്നും ധനുഷ്കോടിയിലേക്കോ, പശ്ചിമതീരത്തിനോട് ചേര്‍ന്നുള്ള കപ്പല്‍ചാലിലൂടെ കലിംഗയിലേക്കോ സഞ്ചരിക്കുന്നത് പോലെയല്ലലോ കടലിനുകുറുകേ ഒരു വലിയ സൈനീകവിന്യാസം നടത്തുന്നത്.  

റോയല്‍പാലസിന്റെ കാഴ്ച മറ്റൊരു ഭാഗത്ത് നിന്ന്
ചരിത്രത്തിന് ഗന്ധമുണ്ടാവുമോ? ചരിത്രാവശിഷ്ടങ്ങള്‍ക്ക് മുന്നില്‍ ചെന്നുനില്‍ക്കുമ്പോള്‍ ചിലപ്പോഴെങ്കിലും അങ്ങിനെ തോന്നാറുണ്ട്. എന്നോ അനുഭവിച്ചത് എന്ന് തോന്നിപ്പിക്കുന്ന അവ്യവചേദിതമായ നേര്‍ത്തഗന്ധം. പഴകിയ കല്‍ചുമരുകളില്‍ നിര്‍ബാധം വീഴുന്ന വെയിലിന്റെ രസകേളിയാവുമോ. ഒരുപക്ഷെ മരക്കൂട്ടത്തില്‍ ഉഷ്ണമാരുതന്റെ രാസവേലയാവാനും മതി. എന്നാല്‍ മഴചാറുന്ന വര്‍ഷകാലദിനങ്ങളിലൊന്നില്‍ ബത്തേരിയിലെ ജൈനക്ഷേത്രത്തിനു മുന്നില്‍ ചെന്നുനിന്നപ്പോഴും, ശരീരംതുളയ്ക്കുന്ന ശിശിരകാലതണുപ്പില്‍ ഇംഗ്ലണ്ടിലെ ബാത്തെന്ന പഴയ റോമന്‍പട്ടണത്തിന്റെ തെരുവിലൂടെ നടക്കുമ്പോഴും പരാക്രമാബാഹുവിന്റെ 'റോയല്‍പാലസി'ന് മുന്നില്‍ നില്‍ക്കുമ്പോഴുള്ള ഇതേ സൂക്ഷ്മഗന്ധം വലയം ചെയ്തിരുന്നില്ലേ. ഒരു പക്ഷെ തോന്നലാവാം-ഈ വെയില്‍ഗന്ധത്തെ എന്റെ അബോധം ഏതോ പൂര്‍വ്വാവേശങ്ങളില്‍ കോര്‍ത്തിണക്കാന്‍ ശ്രമിക്കുന്ന മനോവികൃതി.

റോയല്‍പാലസിന്റെ പരിസരത്ത് ഒരു ഏകാന്തസന്ദര്‍ശകന്‍
റോയല്‍പാലസ് ഏഴുനിലയില്‍ ഒരു വലിയ നിര്‍മ്മിതിയായിരുന്നു എന്നതിന് സംശയമില്ല. അവശേഷിക്കുന്ന രണ്ടുനിലയുടെ ഏതാനും ചുമര്‍ഭാഗങ്ങളുടെ ഉയരംതന്നെ അതിനുള്ള വ്യക്തമായ തെളിവാണ്. ഇതിനു ചുറ്റുമായി ഒരുപാട് നിര്‍മ്മിതികള്‍ ഉണ്ടായിരുന്നതായി കാണാം. ഒന്നിന് പിറകേ ഒന്നായി കെട്ടിടങ്ങള്‍ ചിതറികിടക്കുന്നു. ഈ കൊട്ടാരത്തിനോളം വലിപ്പം തോന്നിക്കുന്ന മറ്റൊന്നാണ് ലങ്കാതിലക എന്ന ആശ്രമം. ഇതും പരാക്രമബാഹുവിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതത്രേ. 

ലങ്കാതിലക
അതിനുള്ളിലെ പിന്‍ചുമരില്‍ ഭീമാകാരമായ ഒരു ബുദ്ധരൂപം, ശിരസ്സ്‌ നഷ്ടപ്പെട്ടെങ്കിലും, പൂര്‍ണ്ണമായും നശിച്ചുപോകാതെ ബാക്കിനില്‍ക്കുന്നുണ്ട്. അധികം വീതിയില്ലാത്ത എന്നാല്‍ വളരെ ഉയരത്തിലുള്ള ഈ ആരാധനാലയത്തിന്റെ ചുമരില്‍ , അത്രയുംതന്നെ ഉയരത്തില്‍ നിവര്‍ന്നുനില്‍ക്കുന്ന ഈ ബുദ്ധരൂപം പ്രാര്‍ഥനാനിരതനായി എത്തുന്ന ഒരാളുടെ മനസ്സില്‍ തീര്‍ച്ചയായും ഭയഭക്തിയുടെ വൈകാരിക ഉണര്‍ച്ചകള്‍ ഉളവാക്കും എന്നതുറപ്പാണ്. മേല്‍ക്കൂരയില്ലാതെ പൊട്ടിപൊളിഞ്ഞ ഈയവസ്ഥയില്‍ പോലും ലങ്കാതിലകയുടെ ഉള്ളില്‍കയറി പതിനഞ്ചു മീറ്ററോളം ഉയരമുള്ള ആ ശില്പത്തിലേയ്ക്ക് ശിരസ്സുയര്‍ത്തി നോക്കിനില്‍ക്കുമ്പോള്‍ അഭൗമമായ ഒരു മനോപരിസരം സംജാതമാവുന്നത് അനുഭവിക്കാനാവും.

ലങ്കാതിലകയ്ക്കുള്ളിലെ ബുദ്ധരൂപം
ഹിന്ദുമതത്തിന്റെ വേര്‍പെട്ട കൈവഴികളായാണ് ഇന്ത്യയിലെങ്കിലും നമ്മള്‍ പൊതുവേ ബുദ്ധ, ജൈന മതങ്ങളെയൊക്കെ അടയാളപ്പെടുത്തുക. അപ്പോള്‍ ബുദ്ധിസം എത്തുന്നതിനു മുന്‍പ് ശ്രീലങ്കയിലെ മതം എന്തായിരുന്നു എന്ന സ്വാഭാവിക ചോദ്യം വരുന്നു. ശ്രീലങ്ക, രാവണന്റെ രാജ്യം എന്ന നിലയ്ക്ക് ഹിന്ദുപുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും, അന്നത്തെ സാമൂഹിക ജീവിതത്തിന്റെ മതപരമായ അടയാളപ്പെടുത്തലായി അതിനെ കാണാന്‍വയ്യ - ലങ്ക എന്ന രാവണരാജ്യം ഇന്നത്തെ ശ്രീലങ്ക തന്നെയാണോ എന്നത് വലിയൊരു ചരിത്രസമസ്യയായി സംശയിക്കപ്പെടുമ്പോള്‍ പ്രത്യേകിച്ചും.

നഗരാവശിഷ്ട ഭാഗങ്ങള്‍ 
ബുദ്ധമതം എത്തുന്നതുവരെ ശ്രീലങ്കയില്‍ വ്യവസ്ഥാപിതരീതിയില്‍ ഏതെങ്കിലുമൊരു മതം ഉണ്ടായിരുന്നോ എന്നത് സംശയമാണ്. ഇന്ത്യന്‍ പരിസരത്തില്‍ ഹിന്ദുമതം ഒരു സംസ്കൃതി എന്ന നിലയ്ക്കാണെങ്കില്‍ പോലും ബുദ്ധമതത്തിനുമൊക്കെ വളരെ മുന്‍പുതന്നെ നിലനിന്നിരുന്നു എന്ന പൊതു ഇന്ത്യന്‍ബോധത്തിലാണ്, അതിനുശേഷമുണ്ടായ മതങ്ങളെ മുന്‍നിര്‍ത്തി ഒരു പൂര്‍വ്വമതത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള ആലോചന വരുകതന്നെ. സാംസ്കാരികമായി ഔന്നത്യം പുലര്‍ത്തിയ വിശാലമായ റോമാസാമ്രാജ്യത്തിന്റെ മതവ്യവസ്ഥിതി, ക്രിസ്തുമതം ശക്തിപ്രാപിക്കുന്ന മൂന്നാം നൂറ്റാണ്ടിനുമുന്‍പ് യാതൊരു സംഘടനാരൂപവുമില്ലാത്ത അയഞ്ഞ  രൂപത്തിലായിരുന്നുവല്ലോ. ആ നിലയ്ക്ക്, ക്രിസ്തുവിനും വളരെ മുന്‍പേ ബുദ്ധമതം എത്തിയ ശ്രീലങ്കയില്‍ , അതിനുംമുന്‍പേ ഉണ്ടായിരുന്നത് അടിസ്ഥാന പ്രകൃത്യോപാസനകള്‍ ആയിരുന്നിരിക്കാം എന്ന് അനുമാനിക്കാം. സാംസ്കാരികമായാലും കലാപരമായാലും ബൗദ്ധസ്പര്‍ശമില്ലാത്തവ ഈ ഭാഗത്ത് കണ്ടെത്താന്‍ പ്രയാസം നേരിടുന്നതിനുള്ള കാരണവും ഇത് തന്നെയാവാം.


രാജസദസ്സ് കൂടിയിരുന്ന ഇടം
ഇന്ത്യയിലെ ബൗദ്ധശില്പങ്ങളില്‍ ഹൈന്ദവശില്പരീതിയുടെ അനുസ്ഫുരണങ്ങള്‍ കുറച്ചുകൂടി പ്രകടമാണെന്ന് തോന്നുന്നു. ഇതിനുള്ള കാരണം, സാര്‍വത്രികമായിതന്നെ, കല ഒരിക്കലും അതിനു പുറത്തുള്ള അതിരുകളെ അംഗീകരിക്കുന്നില്ല എന്നതാവും. എന്നാല്‍ ശ്രീലങ്കദ്വീപിലെ കലയുടെയും കലാസങ്കേതങ്ങളുടെയും വൈവിധ്യരാഹിത്യം, ഒരു സവിശേഷ ഏകാമാനത പൊതുവേ ഇവിടുത്തെ കലാപ്രവര്‍ത്തനങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നത് ഇത്തരം ചരിത്രപ്രദേശങ്ങളിലെ ശില്പ, വാസ്തുശില്പ നീക്കിയിരിപ്പുകളിലൂടെ നടക്കുമ്പോള്‍ മനസ്സിലാവുന്നുണ്ട്. എന്നാല്‍ പോളൊന്നാറുവയില്‍ ഇതില്‍ നിന്നും കുറച്ചൊക്കെ വ്യത്യസ്തമായ ശില്പനിര്‍മ്മാണരീതികള്‍ പ്രയോഗിച്ചിട്ടുള്ളതായി തോന്നും. മുകളില്‍ സൂചിപ്പിച്ച പുലസ്ത്യമുനിയുടെ ശില്പവും മറ്റു ചില ദ്വാരപാലകശില്‍പ്പങ്ങളും ഒക്കെ മറ്റിടങ്ങളില്‍ കാണുന്ന ബൗദ്ധശില്പപാരമ്പര്യത്തില്‍ നിന്നുള്ള വിടുതലുകള്‍ പ്രകടപ്പിക്കുന്നുണ്ട്. ചോളസംസ്കൃതി കുറച്ചുകൂടി ആഴത്തില്‍ ഈ പ്രദേശത്തു പതിഞ്ഞിരുന്നതിന്റെ പ്രത്യക്ഷസ്ഫുരണമായും അതിനെ കാണാം.

ദ്വാരപാലക ശില്‍പം
വൃത്താകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു ആരാധാനലയത്തിന്റെ പ്രവേശനകവാടങ്ങളില്‍ കാണുന്ന ദ്വാരപാലകശില്‍പങ്ങള്‍ ഈ നിര്‍മ്മാണ സവിശേഷത വ്യക്തമാക്കും. പോളൊന്നാറുവ കാലഘട്ടത്തിലെ വളരെ പ്രധാനമായ ഒരു നിര്‍മ്മിതിയായിരുന്നു ഈ വൃത്താകാരക്ഷേത്രം എന്നുവേണം കരുതാന്‍ . ശ്രീലങ്കയിലെ എക്കാലത്തെയും ഏറ്റവും വിശുദ്ധവസ്തുവായ ബുദ്ധന്റെ പല്ല്, മധ്യകാലത്ത് ഇവിടെയാണ്‌ സൂക്ഷിച്ചിരുന്നത് എന്ന് അനുമാനിക്കുന്നു (ഇപ്പോള്‍ അത് കാന്‍ഡിയിലെ ഒരു ക്ഷേത്രത്തിലാണുള്ളത്. അടുത്ത കുറിപ്പുകളില്‍ അതിലേക്ക് വിശദമായി വരാം)

വൃത്താകൃതിയിലുള്ള ക്ഷേത്രം. ബുദ്ധന്റെ പല്ല് ഇവിടെ സംരക്ഷിക്കപ്പെട്ടിരുന്നു എന്ന് കരുതുന്നു 
കുറച്ചുകൂടി വിസ്തൃതിയില്‍ ചിതറി കിടക്കുന്നത് കൊണ്ടുള്ള തോന്നലുമാവാം, ഡംബുല്ലയിലോ സിഗിരിയയിലോ അനുരാധപുരത്തെ ചരിത്രപ്രദേശങ്ങളിലോ അനുഭവപ്പെട്ട പോലൊരു ജനത്തിരക്ക് പോളൊന്നാറുവയില്‍ ഉണ്ടായിരുന്നില്ല. അതിനുള്ള പ്രധാനകാരണമായി തോന്നിയത് ശ്രീലങ്കന്‍ തീര്‍ഥാടകരുടെ അഭാവമാണ്. അതില്‍ അത്ഭുതപ്പെടാനുമില്ല. ബുദ്ധമതസംബന്ധിയായ വന്‍സ്തൂപങ്ങളും മറ്റും ഇവിടെ കുറവാണ്. മതപരമായ നിര്‍മ്മിതികള്‍ പോലും വൈവിധ്യപൂര്‍ണ്ണമായ വ്യതിരക്തത പുലര്‍ത്തുന്നതുകൊണ്ട് വ്യവസ്ഥാപിത മതബോധം ആഗ്രഹിക്കുന്ന ഒരു ഭക്തപരിസരം സംജാതമല്ല. അതുകൊണ്ട് തന്നെ, ഇവിടുത്തെ മിക്കവാറും എല്ലാ ചരിത്രശേഷിപ്പുകളും പുനരുദ്ധാരണആഭാസം നടത്തപ്പെടാതെ, അവ നിര്‍മ്മിക്കപ്പെട്ട കാലഘട്ടത്തിന്റെ സവിശേഷതകള്‍ വ്യക്തമാക്കിക്കൊണ്ട് ബാക്കിയാവുന്നു.

സത് മഹല്‍ പ്രസാദ 
ഈ വ്യത്യസ്ഥത പ്രകടമായും ഉദാഹരിക്കും സത് മഹല്‍ പ്രസാദ എന്ന പേരില്‍ അറിയപെടുന്ന സ്തൂപം. ശ്രീലങ്കയുടെ മറ്റു ഭാഗങ്ങളിലൊന്നും കാണാത്ത രീതിയില്‍ തട്ടുകളായി നിര്‍മ്മിച്ചിട്ടുള്ള ഈ പഗോഡ തായ്ലാന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ കണ്ടുവരുന്ന ബുദ്ധസ്തൂപങ്ങളോട് സാമ്യം പ്രകടിപ്പിക്കുന്നുണ്ടത്രേ. മദ്ധ്യകാലശ്രീലങ്കയ്ക്ക് കിഴക്കന്‍രാജ്യങ്ങളുമായി ദൃഡമായ നാവികബന്ധങ്ങള്‍ ഉണ്ടായിരുന്നിരിക്കാം എന്ന വാദത്തിലേക്ക് സൂചനതരുന്ന മറ്റൊരു വാസ്തുനിര്‍മ്മിതിയാണിത്. കംബോഡിയയില്‍ നിന്നുള്ള പടയാളികള്‍ ശ്രീലങ്കന്‍ സൈന്യത്തില്‍ അക്കാലങ്ങളില്‍ പണിയെടുത്തിരുന്നുവെന്നും അവര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ആരാധനാലയമാണ് സത് മഹല്‍ പ്രസാദയെന്നും ഒരു വാമൊഴി നിരീക്ഷണമുണ്ട്.

ഗാല്‍വിഹാരയിലെ ധ്യാനബുദ്ധന്റെ ശില്‍പം
പോളൊന്നാറുവയിലെ മറ്റൊരു പ്രധാന ആകര്‍ഷണം ഗാല്‍വിഹാരയെന്ന ബുദ്ധശില്പസഞ്ചയമാണ്. ഒറ്റ പാറമുഖത്ത് കൊത്തിയെടുത്ത വളരെ വലുതും സൌന്ദര്യപൂര്‍ണ്ണതയുള്ളതുമായ നാല് ബുദ്ധപ്രതിമകളാണ് ഇതിനെ പ്രാധാന്യമുള്ളതാക്കുന്നത്. പ്രകൃത്യായുള്ള പാറയുടെ ആകൃതിക്ക്‌ അനുസൃതമായാണ് ഈ പ്രതിമകള്‍ കൊത്തിയിരിക്കുന്നത്. പരാക്രമബാഹുവിന്റെ കാലത്തുതന്നെയാണ് ഈ ശില്പങ്ങളും നിര്‍മ്മിക്കപ്പെട്ടത് എന്ന് പറയേണ്ടതില്ലല്ലോ. രണ്ട് ധ്യാനബുദ്ധന്റെ രൂപങ്ങളും നില്‍ക്കുന്ന ഒരു രൂപവും നിര്‍വ്വാണാവസ്ഥയിലുള്ള മറ്റൊരു ശില്പവുമാണ് ഇവിടെയുള്ളത്. ശില്പങ്ങളുടെ ഇത്തരത്തിലുള്ള വിഭാഗീകരണത്തെ കുറിച്ച് തര്‍ക്കങ്ങളുണ്ട്. ബുദ്ധന്റെ കിടക്കുന്നരൂപം പരിനിര്‍വ്വാണം അല്ലെന്നും വിശ്രമരൂപമാണെന്നും വാദങ്ങളുണ്ട്. അതുപോലെ നില്‍ക്കുന്ന രൂപം ബുദ്ധന്റേതല്ല മറിച്ച് ആനന്ദഭിക്ഷുവിന്റെതാണ് എന്നതത്രേ മറ്റൊരു വാദം. ശ്രീലങ്കയില്‍ കണ്ട ആയിരക്കണക്കിന് ബുദ്ധരൂപങ്ങള്‍ എല്ലാംതന്നെ വ്യത്യസ്തമായ മുഖരൂപം ഉള്ളവയായാണ് കാണപ്പെട്ടത്. അതിനാല്‍ ഇത്തരം നിജപ്പെടുത്തലുകളുടെ സാങ്കേതികത വളരെ സങ്കീര്‍ണ്ണമാവാനേ വഴിയുള്ളൂ.

 പരിനിര്‍വ്വാണ ബുദ്ധന്‍
ബാക്കിയായ ഈ ബുദ്ധപ്രതിമകള്‍ മാത്രമാണ് ഇന്ന് സന്ദര്‍ശകരുടെ കൌതുകം ആകര്‍ഷി ക്കുന്നതെങ്കിലും ഒരു കാലത്ത് ഇവിടം വലിയൊരു ബുദ്ധവിഹാരമായിരുന്നു. ഇത് നിര്‍മ്മിക്കുന്ന പരാക്രമാബാഹുവിന്റെ കാലത്തേയ്ക്കെത്തുമ്പോള്‍ ദ്വീപില്‍ ബുദ്ധമതം എത്തിയിട്ട് ആയിരത്തിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. സ്വാഭാവികമായും ഏത് മതവും അതിന്റെ വ്യവസ്ഥാപിതരൂപം പ്രാപിക്കാന്‍ ഈ കാലയളവ്‌ ധാരാളമാണ്, ഒപ്പം അപചയങ്ങളുടെ ധാരാളിത്തം കടന്നുവരാനും. ഈ പ്രതിമകള്‍ക്ക് മുന്നിലായുള്ള മറ്റൊരു പരന്ന പാറയിലായിരുന്നത്രേ പലവിധ കലഹങ്ങളിലും കാമനകളിലുമൊക്കെപ്പെട്ട് പതിതരായ ബുദ്ധഭിക്ഷുക്കളെ 'ശുദ്ധീകരിക്കുന്ന' ആചാരക്രിയകള്‍ നടത്തിയിരുന്നത്.

ബുദ്ധഭിക്ഷുക്കളെ 'ശുദ്ധീകരിച്ചിരുന്ന' പാറ
ഒരു വലിയ പാറയില്‍ മാത്രമായി കൊത്തിയെടുത്ത ഈ ശില്പങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ , കുറച്ചുനാളുകള്‍ക്ക് മുന്‍പ് അവിചാരിതമായി ചെന്നെത്തിയ പത്തനതിട്ട ജില്ലയിലുള്ള കവിയൂര്‍ തൃക്കാകുടി ഗുഹാക്ഷേത്രം ഓര്‍മ്മവന്നു. അവിടെയും ഒരു പാറയില്‍ തുരന്നുനിര്‍മ്മിച്ച ക്ഷേത്രവും പാറമുഖത്തുള്ള ദ്വാരപാലകശില്പങ്ങളും ഒക്കെയാണുള്ളത്. സാംഗത്യം കുറവാണെങ്കിലും, ഒരു വിസ്തൃതതാരതമ്യത്തിന് മുതിരുകയാണെങ്കില്‍ ശില്പചാരുതയുടെ കാര്യത്തില്‍ പോളൊന്നാറുവയിലെ ബുദ്ധരൂപങ്ങള്‍ വളരെ ഉയരത്തിലാണ്. എന്നാല്‍ പോളൊന്നാറുവ പ്രതിമകളെക്കാളും നാലഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണ് കവിയൂരിലെ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത് എന്ന വസ്തുത ബാക്കിയാവും.

നില്‍ക്കുന്ന ബുദ്ധന്‍
പോളൊന്നാറുവ വിടുമ്പോള്‍ ശ്രീലങ്കയിലെ ഉത്തരമധ്യസമതലങ്ങളിലൂടെയുള്ള ഞങ്ങളുടെ സഞ്ചാരം അവസാനിക്കുകയാണ്, ദ്വീപിന്റെ വിദൂരചരിത്രവും. ഇനി കുറച്ചുകൂടി ഹരിതാഭമായ ഉള്‍പ്രദേശങ്ങളിലേയ്ക്ക് വീണ്ടും...

- തുടരും -  

5 അഭിപ്രായങ്ങൾ:

 1. ഞാനിവിടെ ആദ്യാ .... നല്ല യാത്രാ വിവരണങ്ങള്‍ ....
  ബ്ലോഗില്‍ ഒരു ഫോളോവര്‍ ഗാഡ്ജെറ്റ് ചേര്‍ക്കൂ ..., ഞാന്‍ ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്തു

  മറുപടിഇല്ലാതാക്കൂ
 2. ഇതും വായിച്ചു. സന്തോഷം. യാത്ര പിന്തുടരുന്നു..:) കരുണാകരന്‍

  മറുപടിഇല്ലാതാക്കൂ
 3. അശോകവനിയിലെ പ്രകൃതിയെല്ലാം കേരളം പോലെ. അല്ലേ?

  മറുപടിഇല്ലാതാക്കൂ
 4. ഞാന്‍ എന്റെ ശ്രീലങ്കന്‍ യാത്രയിലെ സിഗിരിയ ഭാഗം ഏതാണ്ട് എഴുതി തീര്‍ന്നിരിക്കുന്ന സമയത്താണ്‌ നിങ്ങളുടെ യാത്രാവിവരണങ്ങള്‍ കണ്ടത്. സന്തോഷം. സിഗിരിയ പാറ കേറാന്‍ മലയാളികളെയൊന്നും കണ്ടില്ലായിരുന്നു ഞാനും. നിങ്ങളുടെ എഴുത്തിഷ്ടമായി. പടങ്ങളും.

  എന്റെ എഴുത്തിന്റെ ബാക്കി തീര്‍ക്കാന്‍ നോക്കട്ടെ.

  യാത്രകള്‍ ഇഷ്ടപ്പെടുന്ന ആളായതുകൊണ്ട് നിങ്ങളെ ഒന്നു 'ഫോളോ' ചെയ്താലോ എന്നുണ്ട്. ആ ബട്ടണ്‍ താമസിയാതെ ചേര്‍ക്കുമെന്നു പ്രതീക്ഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 5. അമൃതംഗമയ, കരുണ്‍ , അജിത്ത്, വർഷ,
  സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി.
  സാങ്കേതികതയിൽ പരിജ്ഞാനം പോരാത്തത് കൊണ്ടാണോ എന്നറിയില്ല - followers ചേർക്കാനുള്ള gadget ഈ ബ്ലോഗിലെ ലിസ്റ്റിൽ കാണുന്നില്ല.
  ലാസർ

  മറുപടിഇല്ലാതാക്കൂ