2010, മേയ് 15, ശനിയാഴ്‌ച

വർണ്ണമുഖരിതം ബുദ്ധം

ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ തിബത്തന്‍ കോളനി സ്ഥിതിചെയ്യുന്ന സ്ഥലമാണ് കര്‍ണാടകയിലെ കുശാല്‍നഗർ എന്ന പട്ടണത്തിനടുത്തുള്ള ബൈലകുപ്പെ (Bylakuppe). കൊടക് ജില്ലയുടെ ആസ്ഥാനമായ മടിക്കേരിയില്‍ നിന്നും ഏതാണ്ട് മുപ്പതു കിലോമീറ്റര്‍ കിഴക്കുമാറി മൈസൂര്‍ പാതയിലാണ് ഈ സ്ഥലം. മടിക്കേരിയിലെ മലനിരകള്‍ നിറഞ്ഞ ഭൂപ്രകൃതിക്ക് വിപരീതമായി ഏതാണ്ട് സമതലമായ ഭൂവിഭാഗമാണ് കുശാല്‍നഗറും സമീപപ്രദേശങ്ങളും.

നമ്രോലിംഗ് ബുദ്ധവിഹാരത്തിലേയ്ക്ക് കടക്കുമ്പോൾ ആദ്യം കാണുന്നത് ഈ ക്ഷേത്രഗോപുരമാണ്
യാത്രതിരിക്കുമ്പോള്‍ മനസ്സിലുണ്ടായിരുന്നത് വായിച്ചറിഞ്ഞ തിബത്തുകാരുടെ പാലായനത്തിന്റെ അര നൂറ്റാണ്ടാണ്. 1950 - ലെ ചൈനാ അധിനിവേശത്തിനു ശേഷം ഏതാണ്ട് ഒന്നരലക്ഷം തിബത്തുകാര്‍ ഇന്ത്യയിലേയ്ക്ക്‌ അഭയാര്‍ത്ഥികളായി എത്തി എന്നാണ് കണക്കുകൾ. പിന്നീടുകണ്ട ഒരു ഡോക്കുമെന്‍ററിയില്‍ തിബത്തില്‍ നിന്നും ഹിമാലയ മലനിരകളിലൂടെ ഇന്ത്യയിലേക്ക്‌ കടക്കാന്‍ ശ്രമിക്കുന്ന സംഘത്തിലെ ഒരു പെണ്‍കുട്ടിയെ ചൈനീസ് പട്ടാളം വെടിവച്ചുകൊല്ലുന്നത് കാണിക്കുന്നുണ്ട്. പര്‍വതാരോഹകരായ ചില വിദേശികള്‍ ദൂരെയിരുന്ന് പകര്‍ത്തിയ ആ ചിത്രം ഞെട്ടലോടെയാണ് കണ്ടത്.

വിഹാരത്തിന് മുന്നിലെ പുൽത്തകിടിയിൽ അലസസഞ്ചാരം നടത്തുന്ന അരയന്നങ്ങൾ
ഊട്ടിയിലും മറ്റും പോകുമ്പോള്‍ കൌതുകവസ്തുക്കള്‍ വിറ്റുനടക്കുന്ന തിബത്തുകാരെ കാണാം. എം. ടി യുടെ തിരക്കഥയില്‍ പവിത്രന്‍ സംവിധാനം ചെയ്ത 'ഉത്തരം' എന്ന, യൌവനാരംഭത്തില്‍ ഒരുപാട് കാലം മനസ്സിനെ മഥിച്ച, സിനിമയില്‍ കഥാഗതി തിരിച്ചുവിടുന്നത് തിബത്തന്‍ അഭയാര്‍ത്ഥികളായ ചില കഥാപാത്രങ്ങളാണ്. മഴയും മഞ്ഞും ഇടകലര്‍ന്നു പെയ്തുകൊണ്ടിരിക്കുമ്പോൾ, കുശാല്‍നഗറിലേക്ക് വണ്ടിയോടിക്കേ ഇത്തരം ഒരുപാട് ചിന്തകള്‍ ഉള്ളില്‍ ഓളംവെട്ടുന്നുണ്ടായിരുന്നു. കുശാല്‍നഗറിലെ നമ്രോലിംഗ് (Namdroling) ബുദ്ധവിഹാരവും, സുവര്‍ണക്ഷേത്രവും ആയിരുന്നു ലക്‌ഷ്യം.

സുവർണ്ണക്ഷേത്രം
ബുദ്ധവിഹാരത്തിനടുത്തേയ്ക്ക് എത്തുമ്പോൾ തന്നെ പരിസരം മാറുന്നത് നമുക്ക് അനുഭവിക്കാനാവും. മെറൂണും മഞ്ഞയും ധരിച്ച ബുദ്ധസന്യാസിമാരേയും വിഹാരത്തിലെ വിദ്യാർത്ഥികളേയും എമ്പാടും കാണാം. എല്ലാം തിബത്തുകാർ. ഹിമാലയത്തിനപ്പുറത്തുള്ള മംഗോളിയൻ വശജരുടെ ഏതോ നാട്ടിലെത്തിയതുപോലെ തോന്നും. ചെറിയ കുട്ടികൾ മുതൽ വൃദ്ധർ വരെ അക്കൂട്ടത്തിലുണ്ട്. തല മുണ്ഡനംചെയ്ത യുവതികളേയും കണ്ടു. നൂറുകണക്കിന് വരുന്ന ഈ യുവതീയുവാക്കൾ ഒക്കെയും ഭിക്ഷുക്കളാകാൻ വേണ്ടി ഈ വിഹാരത്തിൽ വന്ന് പാർത്ത് പഠിക്കുകയായിരിക്കും എന്നത് അത്ഭുതം തന്നെ.

സുവർണ്ണക്ഷേത്രത്തിന് ഉൾവശം
വലിയ കമാനമുള്ള കവാടത്തിലൂടെ അകത്തേയ്ക്ക് പ്രവേശിക്കുമ്പോൾ കേരളത്തിൽ നമുക്ക് സുപരിചിതമല്ലാത്ത ഒരു പരിസരത്തിലേയ്ക്കാണ് എത്തിചേരുന്നത്. മറ്റുമതക്കാർ ആണെങ്കിൽ പോലും ഹിന്ദു അമ്പലങ്ങളും മുസ്ലീം, കൃസ്ത്യൻ പള്ളികളും അതിന്റെ പരിസരങ്ങളും നമുക്ക് ഏറെക്കൂറെ പരിചിതമാണ്. എന്നാലൊരു ബുദ്ധവിഹാരത്തിന്റെ കാര്യത്തിൽ അതങ്ങിനെയല്ല. സമകാലത്ത് കേരളത്തിൽ സജീവമായ ഒരു ബുദ്ധവിഹാരവും ക്ഷേത്രവും ഉണ്ടോ എന്നറിയില്ല; സാമാന്യ അറിവിൽ ഇല്ല. പത്തുപതിനഞ്ച് നൂറ്റാണ്ടുകൾക്ക് മുൻപ് എന്തൊക്കെയോ സങ്കീർണ്ണമായ സാമൂഹികഹേതുക്കളാൽ ബുദ്ധമതം കേരളത്തിൽ അന്യംനിന്നു എന്നാണല്ലോ അനുമാനിക്കപ്പെടുന്നത്.

സുവർണ്ണക്ഷേത്രത്തിനുള്ളിലെ വർണ്ണമുഖരിതമായ ചുമരുകൾ 
വിഹാരത്തിനുള്ളിൽ ക്ഷേത്രമായും പാഠശാലകളായും താമസസ്ഥലങ്ങളായും അനേകം നിർമ്മിതികൾ കാണാം. ക്ഷേത്രങ്ങളെല്ലാം തന്നെ വ്യതിരക്തമായ വാസ്തുശില്പങ്ങലാണ്. കിഴക്കനേഷ്യൻ രാജ്യങ്ങളിലെ ബുദ്ധക്ഷേത്രങ്ങൾ പ്രകടിപ്പിക്കുന്ന (ചിത്രങ്ങളിൽ കണ്ടിട്ടുള്ള) അതേ നിർമ്മാണരീതിയും വർണ്ണപകിട്ടുമാണ് ഇവിടെയും കാണാനാവുക. തിബത്തൻ ബുദ്ധിസത്തിന്റെ സമകാല ബിംബമാണെന്നു തോന്നുന്നു ഇത്തരം വർണ്ണസാന്ദ്രമായ ക്ഷേത്രങ്ങൾ.

ക്ഷേത്രത്തിനകത്തെ മറ്റൊരു ഭാഗം
പുറത്തെ സ്വർണ്ണഗോപുരങ്ങൾ എന്നതുപോലെ തന്നെ സുവർണ്ണക്ഷേത്രത്തിനകത്തേയ്ക്ക് കയറിയാലും പേരിനെ  അന്വർത്ഥമാക്കും വിധം സ്വർണ്ണശില്പങ്ങളും കടുംവർണ്ണങ്ങളും എമ്പാടും കാണാം. രൂപങ്ങൾക്കും ചുമർചിത്രങ്ങൾക്കും ഉറപ്പായും അർത്ഥങ്ങളും ഉദ്ദേശ്ശ്യങ്ങളും കാണും. ബുദ്ധമതത്തേയും അതിന്റെ ആരാധാചാരങ്ങളേയും കുറിച്ച് യാതൊരു രൂപവുമില്ലാതത്തിനാൽ എനിക്കുമുന്നിൽ അവ കടുംവർണ്ണങ്ങളിൽ ചാലിച്ച ശില്പ, ചിത്രങ്ങൾ മാത്രമായി നിരന്നുനിന്നു.

ഒരു ബുദ്ധസന്യാസിനിയോടൊപ്പം യാത്രാ സംഘത്തിലെ ചിലർ
ഏതു മതവും അതിന്റെ വ്യവസ്ഥാപിത രൂപത്തിൽ സന്ദേഹങ്ങൾ ഉണ്ടാക്കും, സെമറ്റിക് മതങ്ങൾ പ്രത്യേകിച്ചും. പ്രവാചകന്മാർ തങ്ങളുടെ ആശയങ്ങൾ ഇത്തരമൊരു രൂപത്തിൽ വളർന്നുപടരാൻ ആഗ്രഹിച്ചിരുന്നിരിക്കുമോ? സ്നേഹത്യാഗങ്ങളുടെ ബുദ്ധദർശനം ഇതുപോലുള്ള വർണ്ണചാലിത ക്ഷേത്രങ്ങൾ കാംക്ഷിച്ചിരുന്നിരിക്കുമോ? പക്ഷേ ഇന്നിലൂടെ സഞ്ചരിക്കുന്ന ഒരു യാത്രികനെ ഇത്തരം വിചാരങ്ങൾ അധികം ആലോസരപ്പെടുത്തേണ്ടതുണ്ടെന്നു തോന്നുന്നില്ല. സമകാലികതയുടെ കാഴ്ചകളെ തുറന്ന ആവേശത്തോടെ അനുഭവിക്കാൻ ശ്രമിക്കുക എന്നതാവും ഏതു യാത്രയുടെയും പ്രാഥമികകാമന. അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള തത്വവിചാരങ്ങളൊക്കെ, തുടർന്നുവരുന്ന അനേകം അടരുകളിൽ ഒന്നുമാത്രമാണ്.   

ഒരു ക്ഷേത്രഗോപുരം 
'ജീവിതചിന്തകൾ' എന്ന തന്റെ പുസ്തകത്തിൽ കെ. പി. കേശവമേനോൻ ബുദ്ധനെ കുറിച്ച് പറയുന്നത് ഓർത്തുകൊണ്ട്‌ ഈ യാത്രാക്കുറിപ്പ് അവസാനിപ്പിക്കുന്നത് അഭികാമ്യമാവും: "... ബുദ്ധനെ പോലെയുള്ള ഒരു മഹാമനുഷ്യന്റെ കഥ ആലോചിച്ചു നോക്കുക. അദ്ദേഹത്തിന്റെ അനുകമ്പയ്ക്ക് പാത്രമാകാത്ത ജീവിയില്ല. അരിക്കുന്ന ഉറുമ്പിനും ഭരിക്കുന്ന രാജാവിനും ആ മഹാഹൃദയത്തിൽ ഒരുപോലെ സ്ഥാനമുണ്ടായിരുന്നു. ലോകരുടെ ദുഃഖം തന്റെ ദുഃഖം; അവരുടെ ഭാരം തന്റെ ഭാരം. കരുണാനിധിയായ ആ അവതാരപുരുഷൻ മനുഷ്യന് എത്രമേൽ ഉയരാമെന്ന് നമ്മെ പഠിപ്പിക്കുന്നു. അദ്ദേഹം ജീവിച്ചിരുന്ന ലോകം അതിരില്ലാത്തതായിരുന്നു. അതിന്റെ വിസ്താരം അളവറ്റതായിരുന്നു"

- അവസാനിച്ചു -

5 അഭിപ്രായങ്ങൾ:

 1. നല്ല ചിത്രങ്ങളും, വിവരണം,നന്ദി.....

  മറുപടിഇല്ലാതാക്കൂ
 2. കൃഷ്ണകുമാര്‍, കമന്റിനു നന്ദി

  മറുപടിഇല്ലാതാക്കൂ
 3. മടികെരിയിലേക്ക് ഒരികല്‍ പോയിരുന്നു . ഒരു നല്ല യാത്രാനുഭവം ആണ് അത്
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. ഈ ചിത്രങ്ങള്‍ക്കും തിബത്തുകാരുടെ പാലായനത്തിന്റെ ചരിത്രവുമൊക്കെ വിവരിച്ചതിനും നന്ദി. നെഹ്രുവിന്റെ കാലത്താണ് ഈ കോളനി വന്നതെന്ന് കേട്ടിട്ടുണ്ട്.

  ചിത്രങ്ങളെല്ലാം എന്നെ കൂട്ടിക്കൊണ്ടുപോയത് എന്റെ ഹണിമൂണ്‍ കാലഘട്ടത്തിലേക്കാണ്. തിബറ്റിലേക്ക് ഹണിമൂണ്‍ യാത്ര പോകാം എന്നാണ് ഞാന്‍ പൊണ്ടാട്ടിയോട് പറഞ്ഞിരുന്നത്. വണ്ടിയുമെടുത്ത് വയനാട് വഴി കൂര്‍ഗ്ഗിലേക്ക് കടന്നപ്പോള്‍ പുള്ളിക്കാരിക്ക് സംശയം. തിബറ്റ് ഈ ഭാഗത്തൊന്നുമല്ലല്ലോ ? പക്ഷെ ഇവിടെ എത്തിയപ്പോള്‍ കഥമാറി. ഫോട്ടോകള്‍ കണ്ട പലരും ചോദിച്ചു തിബറ്റിലാണോ ഹണിമൂണിന് പോയതെന്ന് :) :)

  ഈ ലിങ്ക് കൂടെ ഒന്ന് നോക്കുമല്ലോ ? സഹകരണം പ്രതീക്ഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 5. അഭി, നിരക്ഷരന്‍, കമന്റിന് നന്ദി!

  മറുപടിഇല്ലാതാക്കൂ