ഇരണിയൽ സർക്കാർ സ്കൂളിന് എതിർവശത്താണ് കൊട്ടാരം എന്ന് മനസ്സിലാക്കിയിരുന്നു. കാടുമൂടിയ ആ പറമ്പ് കണ്ടെത്താൻ പ്രയാസം ഉണ്ടാവില്ല എന്നറിയാമായിരുന്നു. അത്രയ്ക്ക് അവഗണിക്കപ്പെട്ട, പൊളിഞ്ഞുതീരാറായ ആ കൊട്ടാരത്തെ കുറിച്ച് മുൻപ് തന്നെ വായിക്കുകയും ചില സുഹൃത്തുക്കളുമായി സംസാരിക്കുകയും ഉണ്ടായിട്ടുള്ളതുകൊണ്ട്, ജനവാസപ്രദേശത്ത് ഒരു പച്ചത്തുരുത്തും നാശോന്മുഖമായ പടിപ്പുരയും കണ്ടപ്പോൾ വണ്ടി ഒതുക്കി. അപ്പുറത്തെ സ്കൂളിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുറച്ച് ചെറിയ കുട്ടികൾ കളി നിർത്തി മതിലിനു മുകളിലൂടെ, ആ കാര്യരഹിത കാട്ടിലേയ്ക്ക് കയറിപോകുന്ന ഞങ്ങളെ, കൌതുകത്തോടെ നോക്കിയപ്പോൾ ഒരുകാര്യം ഉറപ്പായി - ഇവിടെ സന്ദർശകർ എത്തുന്നത് അപൂർവ്വമായിട്ടാണ്.
കൊട്ടാരത്തിന്റെ നിർമ്മാണകാലം വ്യക്തമല്ല. എന്തായാലും പത്മനാഭപുരം കൊട്ടാരത്തിന് മുൻപാവുകയാൽ അഞ്ച് നൂറ്റാണ്ടിലധികം പഴക്കമുണ്ടാവും എന്ന് അനുമാനിക്കാം. പത്മനാഭപുരത്ത് പുതിയ കൊട്ടാരം വരുകയും ആസ്ഥാനം അവിടേയ്ക്ക് മാറുകയും ചെയ്തപ്പോഴും, അതിനുശേഷം രാജപ്രൗഡികളെല്ലാം തിരുവനന്തപുരത്തേയ്ക്ക് പോയപ്പോഴും ഇരണിയൽ കൊട്ടാരവും അനുബന്ധ സംഗതികളും സജീവമായി തന്നെ നിലനിന്നിരുന്നു. തിരുവിതാംകൂർ രാജ്യത്തിന്റെ മൂലസ്ഥാനം എന്ന നിലയ്ക്ക് തന്റെ വിമത മുന്നേറ്റത്തിന്റെ പ്രഭവഘട്ടമായി വേലുത്തമ്പി തിരഞ്ഞെടുത്തത് ഇവിടമാണ്. അതുമൊക്കെ കഴിഞ്ഞും വളരെയധികം കാലം ഇരണിയൽ പ്രഭാവത്തോടെ നിന്നു.
|
അടിക്കാടിൽ ശലഭമേളം |
സ്വാതന്ത്ര്യാനന്തരമാണ് ഇരണിയൽ കൊട്ടാരത്തിന്റെ വേഗത്തിലുള്ള നാശം ആരംഭിക്കുന്നത്. കുറച്ചുകാലം തമിഴ്നാട് സിവിൽ സപ്ലൈസിന്റെ ഗുദാമായി ഉപയോഗിച്ചിരുന്നുവത്രേ. പിന്നീട് ഉപേക്ഷിക്കപ്പെട്ടു. പ്രതീക്ഷിച്ചതിനെക്കാൾ ജീർണ്ണാവസ്ഥയിലായിരുന്നു കൊട്ടാരം. കെട്ടിടം എന്ന് പറയാൻ മാത്രം അവിടെ ഒന്നുമില്ല. എല്ലാം ഇടിഞ്ഞുവീണ് നശിച്ചിരിക്കുന്നു. അകത്തും പുറത്തും ചെറുതും വലുതമായ സസ്യങ്ങളുടെ സ്വാഭാവികനിബിഡത. അടിക്കാടിൽ നിന്നും ഭയപ്പെടുത്തും വിധം സർപ്പസീൽക്കാരങ്ങളും കണ്ണിന് ഇമ്പമായി ശലഭമേളവും. കെട്ടിടത്തിന്റെ രൂപരേഖ പോലെ കുറച്ചു ചുമരുകളും അതിൽ തൂങ്ങിക്കിടക്കുന്ന മേൽക്കൂരയുടെ ചില തടിഭാഗങ്ങളും കാണാം. കൊട്ടാരത്തിലെ വിലപിടിപ്പുള്ള പുരാവസ്തുക്കളും സാമഗ്രികളും വളരെ മുൻപ് തന്നെ കടത്തികൊണ്ട് പോയതായി വാർത്തകൾ വന്നിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് കൊടുക്കേണ്ടിവന്നിട്ടുള്ള വലിയ വിലയുടെ പ്രത്യക്ഷമായ, ചെറിയ ഉദാഹരണമായി ഇരണിയൽ കൊട്ടാരത്തിന്റെ നാശവും കാണാം. സംസ്ഥാന രൂപീകരണ സമയത്ത് പത്മനാഭപുരം കൊട്ടാരത്തിന്റെ ചുമതല കേരളത്തിന് ലഭിച്ചുവെങ്കിലും ഇരണിയൽ കൊട്ടാരത്തിന്റെ കാര്യത്തിൽ അതുണ്ടായില്ല. ദൂരെ ചെന്നൈയിലുള്ള സർക്കാർ സംവിധാനത്തിന്, ബഹുഭൂരിഭാഗവും ഇന്ന് കേരളത്തിൽ കിടക്കുന്ന പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ സാംസ്കാരിക ശേഷിപ്പിനെ കുറിച്ച് ഗൗരവമായി കാര്യവിചാരം നടത്താനായില്ല എന്നത് സ്വാഭാവികം. പത്മനാഭപുരം കൊട്ടാരത്തിന്റെ നിലവിലെ സ്ഥിതി മുൻനിർത്തി നോക്കിയാൽ കേരള സർക്കാർ ഈ കൊട്ടാരവും കാര്യഗൗരവത്തോടെ സംരക്ഷിച്ചേനേ എന്നു കരുതാമെങ്കിലും കേരള അതിർത്തിക്കുള്ളിൽ പൊടിഞ്ഞു നശിക്കുന്ന പൈതൃകരൂപങ്ങളുടെ ബാഹുല്യം മറിച്ചുചിന്തിക്കാനും അവസരം നൽകും.
2014 - ജനുവരിയിൽ ജയലളിത സർക്കാർ ഈ കൊട്ടാരത്തിന്റെ പുനരുദ്ധാരണത്തിനായി മൂന്നരക്കോടി രൂപ അനുവദിച്ചതായി വാർത്തകളുണ്ടായിരുന്നു. പക്ഷെ ആറേഴ് മാസങ്ങൾക്ക് ശേഷം ഞങ്ങൾ അവിടെ ചെല്ലുമ്പോഴും പരിസരം ഒരു പ്രേതബാധിത പ്രദേശം പോലെ ഉപേക്ഷിക്കപ്പെട്ട് കിടക്കുക തന്നെയായിരുന്നു.
മാത്രവുമല്ല, പുനരുദ്ധാരണം അസാധ്യമാക്കും വിധം ഇരണിയൽ കൊട്ടാരം നശിച്ചുകഴിഞ്ഞിരിക്കുന്നു. ഇനി ചെയ്യാനാവുക പുനർനിർമ്മാണമാണ്. ചരിത്രസ്മാരകങ്ങൾ ആവശ്യപ്പെടുന്നത് സംരക്ഷണവും പുനരുദ്ധാരണവുമാണ്. ചരിത്രം എന്ന കല്പനയ്ക്ക് എന്തെങ്കിലും അർത്ഥം നൽകുന്നത് അതാണ്. പുനർനിർമ്മാണം വ്യത്യസ്തവും ചരിത്രവുമായി ബന്ധമില്ലാത്തതുമാണ്. പലപ്പോഴും അത് ലോപവും പ്രതിലോമവും കൂടിയാണ്. ചരിത്രഗുണകാംക്ഷകൾക്കുപരിയായി അതിലേയ്ക്ക് നയിക്കുന്ന ആശയങ്ങൾ ബാഹ്യപ്രേരിതമായിരിക്കും. ഉദാഹരണത്തിന് ഗുജറാത്തിലെ സോമനാഥക്ഷേത്രത്തിന്റെ പരിപൂർണ്ണ പുനർനിർമ്മാണം ഓർക്കുക. അതൊരു പുതുപുത്തൻ നിർമ്മിതിയാണ്. ആ വാസ്തുനിർമ്മിതിയിൽ, എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടുപോയ ചരിത്രവാസ്തവികതകൾ വ്യാജമായി ഉൾച്ചേർക്കുകയാണ് ചെയ്യുന്നത്. പ്രസ്തുത പുനർനിർമ്മാണത്തിന്റെ അടിസ്ഥാനമായി വർത്തിച്ചതോ തീവ്രഹൈന്ദവ നിലപാടുകളും ഇസ്ലാം വിരോധവുമാണ്. ഇന്ത്യയുടെ സെക്യുലർ ബോധത്തിൽ കാര്യമായി നാശം ഉണ്ടാക്കിയ ബാബറി മസ്ജിദ് പൊളിക്കുന്നതിലേയ്ക്ക് നയിച്ച അദ്വാനിയുടെ രഥയാത്ര ആരംഭിക്കുന്നത് സോമനാഥക്ഷേത്രത്തിൽ നിന്നായിരുന്നു എന്നോർക്കണം. വ്യാജനിർമ്മിതികൾ - പ്രത്യേകിച്ച് ചരിത്രസംബന്ധിയായവ - സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.
നിലവിലുള്ള ചരിത്രശേഷിപ്പുകൾ ആവുംവിധം സംരക്ഷിച്ചുകൊണ്ട് ക്രിയാത്മകമായ പുനരുദ്ധാരണം ഇരണിയൽ കൊട്ടാരത്തിന്റെ കാര്യത്തിൽ ഉണ്ടാവട്ടെ എന്ന് ആശിക്കാം. അതിനപ്പുറം, ചരിത്രത്തിന്റെ പേരിൽ അവാസ്തവിക പ്രതിരൂപങ്ങൾ ഉയരുന്നതിനെക്കാൾ അഭികാമ്യം കാലത്തിന്റെ അനിവാര്യതയിൽ അവ പൊടിഞ്ഞുപോകുന്നതാവും, ഇരണിയൽ കൊട്ടാരമായാലും.
|
വേലുത്തമ്പി ദളവയുടെ ജന്മഭവനത്തിന് മുന്നിലുള്ള അദ്ദേഹത്തിന്റെ പ്രതിമ |
തിരുവനന്തപുരം നിവാസിയായതിനാൽ ചെറുപ്പം മുതൽ വേലുത്തമ്പി ദളവ ഒരു അബോധസാന്നിധ്യമാണ്. കാരണം സെക്രട്ടേറിയേറ്റിന് മുന്നിൽ അദ്ദേഹമിങ്ങനെ നിവർന്നുനിൽക്കാൻ തുടങ്ങിയ കാലത്തിന് എന്റെ ഓർമ്മയെക്കാൾ ദൂരമുണ്ടെന്നു തോന്നുന്നു. ആ പ്രതിമ, വലിപ്പത്തിലും രൂപത്തിലും, അതുപോലെ പകർത്തിവച്ച മറ്റൊരെണ്ണം തലക്കുളത്തെ അദ്ദേഹത്തിന്റെ ജന്മഗൃഹത്തിന് മുന്നിലായി കണ്ടത് ഈ യാത്രയിലാണ്.
ഇരണിയലിൽ നിന്നും അധികം ദൂരത്തല്ലാതുള്ള ഒരു ചെറിയ ഗ്രാമമാണ് തലക്കുളം (വേലുത്തമ്പിയുടെ കുടുംബനാമമായ തലക്കുളം പിൽകാലത്ത് സ്ഥലപ്പേരായി മാറി). തിരുവിതാംകൂറിന്റെ ആസ്ഥാനം ഇരണിയൽ ആയിരുന്നപ്പോൾ മുതൽ തന്നെ രാജകുടുംബവുമായി അടുത്തബന്ധം പുലർത്തിയിരുന്നു വേലുത്തമ്പിയുടെ കുടുംബം എന്ന് കരുതപ്പെടുന്നു. മാർത്താണ്ഡവർമ്മയുടെ കാലത്ത് ആ കുടുംബത്തിലെ അംഗങ്ങൾക്ക് ചെമ്പകരാമൻ എന്ന സ്ഥാനപ്പേര് നൽകി ബഹുമാനിക്കുകയും, അങ്ങനെ അവർ സാമൂഹിക ശ്രേണിയിൽ വളരെ ഉയരത്തായി സ്ഥാനപ്പെടുകയും ചെയ്തു.
|
വേലുത്തമ്പിയുടെ ജന്മവീടിലേയ്ക്കുള്ള പ്രവേശനഭാഗം. പുതിയതായി ഉയർത്തിയ പടിപ്പുരയുടെ വ്യക്തമായ അഭംഗി |
വേലുത്തമ്പിയുടെ കാലത്ത് പക്ഷേ, തിരുവിതാംകൂറിന്റെ ആസ്ഥാനം ഇരണിയലും പത്മനാഭപുരവുമൊക്കെ കടന്ന് തിരുവനന്തപുരത്ത് എത്തികഴിഞ്ഞിരുന്നു. മാർത്താണ്ഡവർമ്മയ്ക്ക് ശേഷം വന്ന കാർത്തികതിരുന്നാൾ (ധർമ്മരാജ) പിടിപ്പുള്ള രാജാവായിരുന്നുവെങ്കിലും അതിനുശേഷം വന്ന അവിട്ടംതിരുനാൾ തിരുവിതാംകൂറിലെ ഏറ്റവും ദുർബലനായ രാജാവായിരുന്നു എന്നാണ് കരുതപ്പെടുന്നത്. രാജാക്കന്മാരിൽ ചേർത്ത് വ്യവഹരിക്കുന്ന വ്യക്തിപരമായ സ്ഥൈര്യധൈര്യവും ദൗർബല്യലോപത്വവുമൊക്കെ വലിയൊരളവുവരെ സാമൂഹ്യസാഹചര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. മാർത്താണ്ഡവർമ്മ ഉണ്ടാക്കിയെടുത്ത സുശക്തമായ രാജ്യം, നിലവിലുണ്ടായിരുന്ന വ്യവസ്ഥയുടെ ഗുണബലം കൊണ്ടുതന്നെ ധർമ്മരാജാവിന്റെ കാലത്ത് അദ്ദേഹത്തിന്റെ സവിശേഷ മേൽനോട്ടമൊന്നുമില്ലെങ്കിൽ പോലും സ്വമേധയാ ഓടിപ്പോവുകയായിരുന്നു. ശക്തമായ സൈന്യവും, വിദേശിയും സാങ്കേതികനിപുണനുമായ പട്ടാളമേധാവിയും പ്രഗൽഭന്മാരായ ദിവാൻമാരുമൊക്കെ ധർമ്മരാജാവിന്റെ ചുറ്റും ഉണ്ടായിരുന്നു.
എന്നാൽ അത്തരത്തിൽ ശക്തവും സ്വതന്ത്രവുമായ ഒരു രാജ്യമല്ല ധർമ്മരാജാവ് അവിട്ടംതിരുന്നാളിന് ബാക്കിവച്ച് പോയത്. ഏത് ഉയർച്ചയ്ക്കും സ്വാഭാവികമായ ഒരു അവരോഹണം ഉണ്ടാവും. മൂന്നാം തലമുറ അതിന് കൃത്യമായി പാകപ്പെട്ട ദൂരവുമാണ്. എന്നാൽ ഇവിടെ ആ അവരോഹണം കുറച്ചുകൂടി മൂർത്തമായ കാരണങ്ങളാലായിരുന്നു. അതിൽ ഏറ്റവും പ്രധാനം ടിപ്പുവിന്റെ പടയോട്ടമാണ്. തിരുവിതാംകൂറിന്റെ സമ്പത്തും മനുഷ്യവിഭവവും ആയതിലേയ്ക്ക് ക്രമാതീതമായി ഉപയോഗിക്കപ്പെട്ട് ധനപരമായും ധാർമ്മികമായും രാജ്യം പാപ്പരായി എന്നതുകൂടാതെ വലിയൊരു നുകത്തെ അവിട്ടംതിരുന്നാളിന്റെ തോളിൽ വച്ചുകൊടുത്തിട്ടാണ് ധർമ്മരാജാവ് പോയത് - ബ്രിട്ടീഷുകാർ!
|
വേലുത്തമ്പിദളവയുടെ ജന്മഭവനം |
ഇത്തരത്തിൽ പലവിധ ആഭ്യന്തര പ്രശ്നങ്ങളാൽ കലുഷിതമായ തിരുവിതാംകൂറിന്റെ ഭൂമികയിലാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വേലുത്തമ്പി, ദളവയായി വരുന്നത്. വളരെ സങ്കീർണ്ണമായിരുന്നു അക്കാലത്തെ രാഷ്ട്രീയ പരിസരം. ബ്രിട്ടീഷുകാർക്കെതിരെ പൊരുതിയ ധീരദേശാഭിമാനിയായി ടിപ്പുസുൽത്താനെ അവരോധിക്കുമ്പോൾ തെക്കേ ഇന്ത്യയിലെ അക്കാല രാഷ്ട്രീയത്തിൽ ആ വിദേശശക്തിക്ക് ക്രമാതീതമായി ഇടപെടാനും പിൽക്കാലത്ത് പല ഭാഗങ്ങളിലും സ്വതന്ത്രമായി ഭരിക്കാനുമുള്ള വഴിയൊരുക്കിക്കൊടുത്തത് ഹൈദരലിയും ടിപ്പുവും ആണ് എന്നതുകൂടി സാന്ദർഭികമായി ഓർക്കേണ്ടിവരും. അവരുടെ പടയോട്ടങ്ങളെ ഭയന്നാണ് പല നാട്ടുരാജ്യങ്ങളും ബ്രിട്ടീഷുകാരുടെ സഹായവും സംരക്ഷണവും ആവശ്യപ്പെട്ടത്. അവസരം കളയാതെ, ഒരു നീരാളിയെപ്പോലെ ബ്രിട്ടീഷുകാർ ഈ രാജ്യങ്ങളുടെയെല്ലാം ഭരണം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ നേടിയെടുക്കുകയും നിയന്ത്രിക്കുകയും ചെയ്തു.
|
പൂമുഖം |
ബ്രിട്ടീഷുകാർ ഉൾപ്പെടുന്ന കൊളോണിയൽ അധിനിവേശങ്ങൾക്ക് എതിരെ നടന്നിട്ടുള്ള ചെറുതും വലുതുമായ എല്ലാ ചെറുത്തുനിൽപ്പുകളും ഇന്ത്യയുടെ ഇന്നത്തെ സ്വാതന്ത്ര്യത്തിലേയ്ക്ക് അനല്പമായി സംഭാവന ചെയ്തു എന്നതിന് തർക്കമൊന്നുമില്ല. എന്നാൽ പഴശ്ശിയുടെയോ വേലുത്തമ്പിയുടെയോ ഒക്കെ കലാപങ്ങൾ സ്കൂളിലെ ചരിത്രപഠനം നൽകിയ വിഭ്രംജിത ദേശീയബോധത്തിന്റെ ഏകമാനമായ വർണ്ണക്കുപ്പായത്തിന് പാകമാവില്ല. അവരുടെ പലരുടെയും വിപ്ലവം വളരെ സങ്കുചിതവും പ്രാദേശികവുമായ രാഷ്ട്രീയ, സാമൂഹ്യ പ്രശനങ്ങളെ പ്രതിയായിരുന്നു.
|
പരിസരത്ത് കണ്ട ഈ നിർമ്മിതി കുടുംബക്ഷേത്രത്തിന്റെ ശേഷിപ്പാണെന്ന് തോന്നുന്നു |
പഴശ്ശിയെപ്പോലെ വേലുത്തമ്പിയും ആദ്യകാലത്ത് ബ്രിട്ടീഷുകാരുടെ അടുത്ത സുഹൃത്തായിരുന്നു. അവരുമായുള്ള സഖ്യത്തിന്റെ അമിതവിശ്വാസത്തിലാണ് തിരുവിതാംകൂർ നായർപട്ടാളത്തെ അദ്ദേഹം ഏകദേശം പൂർണ്ണമായി തന്നെ പിരിച്ചുവിടുകയോ കാര്യരഹിതമാക്കി മാറ്റുകയോ ചെയ്തത്. സൈനികമായി തിരുവിതാംകൂറിനെ നിർജ്ജീവമാക്കുക ബ്രിട്ടീഷ് തന്ത്രമായിരുന്നിരിക്കാം - വേലുത്തമ്പി അതിന് നല്ല ഉപകരണമായി. പിന്നീട് ബ്രിട്ടീഷുകാരുമായി തെറ്റിയ കാലത്ത്, വേലുത്തമ്പിയെ സഹായിക്കാൻ നിലവിലുള്ള പട്ടാളം പോലും കാര്യമായി ശ്രമിച്ചില്ല. മാത്രവുമല്ല വേലുത്തമ്പിയെ പിടിക്കാൻ ഇംഗ്ലീഷ് സൈന്യം മുന്നേറുന്ന നേരത്ത് നായർപട്ടാളക്കാർ വീടുകളിലേയ്ക്ക് സ്വയം പിരിഞ്ഞുപോയി എന്നും പറയപ്പെടുന്നു.
വേലുത്തമ്പി ദളവയുടെ ജീവചരിത്രം ഒരു പൊതുബോധമായി മലയാളിയിൽ ഉള്ളതിനാൽ, വ്യത്യസ്തമായി മറ്റൊന്നും പറയാനില്ലാത്തതിനാലും, അതിലേയ്ക്ക് കടക്കുന്നില്ല...
|
വീട് - മറ്റൊരു ഭാഗത്ത് നിന്ന്... |
ഇരണിയൽ കൊട്ടാരം പോലെ ഉപേക്ഷിക്കപ്പെട്ടതല്ലെങ്കിലും ഞങ്ങൾ ചെല്ലുമ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ആ വീട് ഉച്ചവെയിലിന്റെ സുതാര്യതയിൽ ഏകാന്തമായി നിന്നു. ചില പുതിയ നിർമ്മിതികൾ ചുറ്റിനും കാണാം. വേലുത്തമ്പിയുടെ പൂർണ്ണകായ പ്രതിമ, അവിടെ തറയോടു പാകി ഒരു ചെറിയ മൈതാനം വണ്ടികൾക്ക് ഇടാനെന്ന രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. വീട്ടിലേയ്ക്കുള്ള പ്രവേശനഭാഗത്ത് തത്വദീക്ഷയില്ലാതെ, കമാനം പോലൊരു പടിപ്പുര കെട്ടിനിർത്തിയിരിക്കുന്നു. വീടിന്റെ പൂമുഖത്തേയ്ക്ക് മാത്രമേ കയറാനാവൂ. അകത്തേയ്ക്കുള്ള കതക് താഴിട്ട് പൂട്ടിയിരിക്കുന്നു. സൂക്ഷിപ്പുകാരനോ കാവൽക്കാരനോ, എന്തിന് ഒരു മനുഷ്യൻ പോലുമോ, ആ പരിസരത്തെങ്ങും ഇല്ലാതിരുന്നതുകൊണ്ട് താഴ് തുറന്നു അകത്തുകയറുക സാധ്യമായിരുന്നില്ല.
പഴമയുടെ വെയിൽമണം. ഇന്നത്തെ അളവുകൾ വച്ചുനോക്കുമ്പോൾ ഒരു പ്രഭുഗൃഹത്തിന്റെ മോടിയൊന്നുമില്ലാത്ത പരിസരം. ഒരിക്കൽ ഇവിടം ജനബഹുലമായിരുന്നിരിക്കും; സംഭവബഹുലമായിരുന്നിരിക്കും. കാലം എല്ലാം മാറ്റിമറിക്കുന്നു. ജനപദങ്ങൾ ഉയരുകയും നശിക്കുകയും ചെയ്യുന്നു. വേലുത്തമ്പിയോടെ ആ കുടുംബം അന്യംനിന്നു എന്ന് കരുതേണ്ടിവരും. ചരിത്രം പറയുന്നത് വേലുത്തമ്പിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ മാലിയിലേയ്ക്ക് നാടുകടത്താൻ കൊണ്ടുപോകും വഴി തൂത്തുകുടിയിൽ വച്ച് അവരിൽ അധികംപേരും ആത്മഹത്യചെയ്തു എന്നാണ്.
- തുടരും -