2017, മേയ് 2, ചൊവ്വാഴ്ച

ഭാദ്രപാദത്തിൽ, മറാത്തയെ തൊട്ടുതൊട്ട്... - രണ്ട്

"എന്താണ് ഇത്രയും താമസിച്ചത്?"
ഏതാണ്ട് ഒരു മണിക്കൂർ കാത്തിരിക്കേണ്ടി വന്നതിന്റെ നീരസം മറച്ചുവയ്ക്കാതെ ഞാൻ അയാളോട് ചോദിച്ചു.
"നിങ്ങളുടെ വിളിവരുമ്പോൾ ഞാൻ പാടത്ത് പണിയിലായിരുന്നു. ഒന്ന് കുളിച്ചു വസ്ത്രംമാറേണ്ട സമയമേ എടുത്തിട്ടുള്ളൂ. ഈ നേരത്ത് റോഡിൽ അല്പം തിരക്കും കൂടുതലാണ്."
"എന്താ പേര്?"
"മിസ്റ്റർ പട്ടേൽ"

മിസ്റ്റർ പട്ടേലിന്റെ കാറിലാണ് ഞങ്ങൾ ഇപ്പോൾ.

ഏതെങ്കിലും പ്രമുഖ നഗരത്തിലെ നല്ലൊരു ഹോട്ടലുമായി താരതമ്യപ്പെടുത്താൻ ആവില്ലെങ്കിലും കരാഡിലെ തരക്കേടില്ലാത്ത ഒരു ഹോട്ടലിലാണ് താമസം ഏർപ്പാടാക്കിയിരുന്നത്. പക്ഷേ, അത്രയൊന്നും വിനോദസഞ്ചാരികൾ എത്താത്ത സ്ഥലമായതിനാലാവാം, അതുമായി ബന്ധപ്പെട്ട സേവനങ്ങളൊന്നും ജീവനക്കാർക്ക് വേണ്ടത്ര പിടിയുള്ളതായി തോന്നിയില്ല. ഹോട്ടലിലെ താമസക്കാർക്ക് മാത്രമല്ലാതെ, സ്ഥലത്തെ പ്രമുഖരെത്തുന്ന, രണ്ട് ഭക്ഷണശാലകളും ഒരു മദ്യശാലയും ഒരു നീന്തൽക്കുളവും ഒരു വ്യായാമകേന്ദ്രവും അവിടെയുണ്ടായിരുന്നു. അവരുടെ ശ്രദ്ധ മുഴുവൻ അതിലേയ്ക്കായിരുന്നു.

വൈകുന്നേരമാണ് മുംബൈയിലേയ്ക്കുള്ള ബസ്. അതുവരേയ്ക്കുള്ള ചില യാത്രാപദ്ധതികളുമായി ഒരു വണ്ടിക്കു വേണ്ടി റിസപ്‌ഷനിൽ സംസാരിച്ചപ്പോൾ അവർ അശേഷം താല്പര്യം കാണിച്ചില്ലെന്ന് മാത്രമല്ല, നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ഹോട്ടലിൽ തന്നെയിരുന്ന് ഭോജനശാലയോ മദ്യശാലയോ ഉപയോഗപ്പെടുത്തുന്നതായിരിക്കും ഉചിതമെന്ന തോന്നലുളവാക്കും വിധമുള്ള അവരുടെ സംസാരം പക്ഷേ ഞങ്ങളുടെ വഴിയല്ലല്ലോ. പതിവ് ദൈനംദിനങ്ങളിൽ നിന്നും അകലെയെത്തപ്പെട്ട ഈ ദേശത്ത്, ഒരു പകൽ വളരെ വിലപ്പെട്ടതാണ്.

അങ്ങനെയാണ് മുംബൈയിലേയ്ക്കുള്ള ബസ് ടിക്കറ്റെടുത്ത ട്രാവൽസിൽ വീണ്ടും എത്തുന്നതും അവർ മിസ്റ്റർ പട്ടേലിനെയും അയാളുടെ വണ്ടിയേയും ഏർപ്പാടാക്കി തരുന്നതും,

മകളും ഭാര്യയും കാരാഡിലെ ഹോട്ടൽ മുറ്റത്ത്...
പടിഞ്ഞാറോട്ട് സഞ്ചരിക്കാം എന്നാണ് കരുതിയിരിക്കുന്നത്. പ്രത്യേകിച്ച് ഒരു സ്ഥലം ലക്‌ഷ്യംവച്ചുള്ള യാത്രയല്ല. കൊയ്‌നാനദിയുടെ കരയിലൂടെ, ലഭ്യമായ സമയം ഉപയോഗപ്പെടുത്തി, സഹ്യാദ്രിയെ നോക്കി നോക്കി കുറച്ചുദൂരം...

സത്യംപറയണമല്ലോ, കാരാഡിലേയ്ക്ക് വരാൻ തീരുമാനിക്കുന്നതു വരെ എനിക്ക് കൊയ്‌നാ എന്നൊരു നദിയെക്കുറിച്ച് അറിയുമായിരുന്നില്ല. അതിൽ അത്ഭുതപ്പെടാനില്ല എന്ന് തോന്നുന്നു. മഹാരാഷ്ട്രയിൽ ഉത്ഭവിച്ച് മഹാരാഷ്ട്രയിൽ വച്ചുതന്നെ കൃഷ്ണയിൽ ലയിക്കുന്ന ഈ നദി ആ സംസ്ഥാനത്തിന് പുറത്ത് അറിയപ്പെടാനുള്ള സാദ്ധ്യതകൾ സാധാരണ നിലയ്ക്ക് കുറവാണല്ലോ. അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ ഉത്ഭവിച്ച് കേരളത്തിൽ തന്നെ അവസാനിക്കുന്ന നമ്മുടെ ജീവവാഹിനികളായ ഭാരതപ്പുഴയും പെരിയാറും പമ്പയുമൊക്കെ, കേരളത്തിന് പുറത്ത് അറിയപ്പെടുന്നുണ്ടാവുമോ? അതിരപ്പിള്ളി വെള്ളച്ചാട്ടത്തെ അറിയുന്നവർക്കുപോലും ചാലക്കുടിപ്പുഴയെ അറിയണമെന്നില്ല...

കൃഷ്ണ-കൊയ്‌ന സംഗമത്തിന്റെ കരയിൽ ഉടലെടുത്ത ജനപദം വളർന്നതും വികസിച്ചതും കരാഡെന്ന പട്ടണമായി മാറിയതും കൊയ്‌നയുടെ കരയിലാണ്. കരാഡിൽ നിന്നും പടിഞ്ഞാറോട്ടുള്ള യാത്ര തുടരുമ്പോൾ, അധികം കഴിയുന്നതിനു മുൻപായി, ഇടതുവശത്തായി കൊയ്‌നാനദി കാഴ്ചയിലെത്താൻ തുടങ്ങും. ആ പ്രദേശങ്ങളൊക്കെ പച്ചപടർന്നിട്ടാണ്. നദീതീരത്തു നിന്നും പരന്നുപോകുന്ന കൃഷിയിടങ്ങൾ കാണാം. ഡെക്കാന്റെ നദീതടങ്ങളിൽ പൊതുവേ എന്നതുപോലെ ഈ ഭാഗത്തും നെല്ലും ചോളവും കരിമ്പും ഒക്കെ കൃഷിചെയ്യുന്നു. കാരാഡിനോട് ചേർന്നുള്ള ഭാഗങ്ങളിൽ കരിമ്പുകൃഷി കൂടുതലിടങ്ങളിൽ കാണുകയുണ്ടായി.

കാരാഡിൽ നിന്നും പടിഞ്ഞാറോട്ടുള്ള സഞ്ചാരം...
നദീപഥത്തിന്റെ അരികുചേർന്ന് സഹ്യന്റെ ഭാഗമായ മഹാബലേശ്വർ മലനിരകളെ തൊട്ടുതൊട്ട് ഞങ്ങൾ യാത്രചെയ്യാൻ തുടങ്ങി. മഹബലേശ്വറിന്റെ ഉത്തുംഗശിഖരങ്ങളിൽ എവിടെയോ ആണ് കൊയ്‌ന ഉത്ഭവിക്കുന്നത്. താഴെ, സമതലത്തിൽ, തന്റെ പ്രവാഹത്തിന്റെ ജലമോഹങ്ങളെ ഏറ്റെടുക്കാൻ അക്ഷമയോടെയെത്തുന്ന കൃഷ്‌ണയെത്തേടിയുള്ള ഹ്രസ്വസഞ്ചാരം...

ഒരു നദിയുടേയും പ്രഭവം കാണാൻ ഇതുവരെ സാധിച്ചിട്ടില്ല. ഗിരിശൃംഗങ്ങളുടെ വനവന്യതയിൽ ഉത്ഭവിക്കുന്ന, അല്ലെങ്കിൽ ഹിമപാളികളുടെ നിഗൂഢഗഹ്വരങ്ങളിൽ നിന്നും ആരംഭിക്കുന്ന നദികളുടെ ഉറവ കാണുക എളുപ്പമാവുമോ? സഹ്യാദ്രിയുടെ മലമുകളിൽ കൊടുംകാടുകളിലാവുമല്ലോ അവ ഉറവയെടുക്കുക. കാവേരിയുടെ ഉത്ഭവം എന്ന നിലയ്ക്ക് തലക്കാവേരിയിൽ ഒരു പ്രത്യേക സ്ഥലം ഉണ്ടെന്ന് കേട്ടിട്ടുണ്ട് - മതപരമായ വിശ്വാസത്തിന്റെ ഭാഗമാണോ, കാവേരിയുടെ യഥാർത്ഥത്തിലുള്ള ഉറവാസ്ഥാനമാണോ അതെന്ന് ഉറപ്പില്ല. കുടകിലൂടെ യാത്രചെയ്തപ്പോൾ തലക്കാവേരിയിൽ പോകാൻ പറ്റാതിരുന്നത് ഒരു മോഹഭംഗമായി മനസ്സിലുണ്ട്.

ഏതെങ്കിലുമൊരു നദിയുടെ പ്രഭവത്തിലെത്തിയത് വിവരിക്കുന്ന ഒരു സഞ്ചാരിയുടെയും കുറിപ്പുകൾ ഇതുവരെ വായിച്ചിട്ടില്ല. തെക്കേ ഇൻഡ്യയിലെ മലയായ മലയും കാടായ കാടുമൊക്കെ കയറിയിറങ്ങുന്ന എൻ. എ. നസീറിന്റെ എഴുത്തുകളിലെങ്കിലും ഒരു നദിയുടെ ഉറവയിൽ ചെന്നുനിൽക്കുന്നതിന്റെ വിവരണം പ്രതീക്ഷിച്ചു; ഒരുപക്ഷെ എന്റെ കണ്ണിൽ പെടാതെ പോയതുമാവാം...

കൊയ്‌നാതീരത്തെ കൃഷിയിടങ്ങൾ
അങ്ങനെ മലകയറി പോകുമ്പോൾ, ഒരു ഭാഗത്തുവച്ച്  മരങ്ങൾക്കിടയിലൂടെ അങ്ങകലെ കൊയ്‌നാ അണക്കെട്ടിന്റെ കുറച്ചുഭാഗം കാണാനായി. അണക്കെട്ടിൽ കയറുന്നത് നിരോധിച്ചിരിക്കുകയാണെന്ന് നേരത്തേ തന്നെ മനസ്സിലാക്കിയിരുന്നു. ഞങ്ങളുടെ യാത്ര മുടക്കാൻ നോക്കിയ ഹോട്ടലിലെ കാര്യക്കാർ പ്രധാനമായും പറഞ്ഞത് ഈ നിരോധനത്തെക്കുറിച്ചാണ്. അത് സാരമില്ല; ഇടുക്കി അണക്കെട്ടിൽ കയറാൻ പറ്റാത്തതുകൊണ്ട് ആരും ഇടുക്കിദേശത്ത് പോവാതിരിക്കുന്നില്ലല്ലോ...

മിസ്റ്റർ പട്ടേൽ അവിടെ കാറ് നിർത്തി. ആ വഴിയോരത്തിറങ്ങി, ആ വലിയ അണക്കെട്ടിന്റെ വിദൂരദൃശ്യം ഞങ്ങൾ നോക്കിനിന്നു. ഞാൻ അതിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്താൻ തുടങ്ങി...

അപ്പോൾ അതുവഴി കടന്നുപോവുകയായിരുന്ന ഒരു ജീപ്പ് ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു നിർത്തി. അണക്കെട്ടിലേയോ വൈദ്യതിയുൽപ്പാദന കേന്ദ്രത്തിലെയോ ജീവനക്കാരനാവാം ഒരാൾ കൃത്യമായി മനസിലാക്കാനാവാത്ത ഹിന്ദിയിലോ മറാത്തിയിലോ എന്നോട് കയർത്ത് സംസാരിക്കാൻ തുടങ്ങി. ഫോട്ടോ എടുക്കാൻ പാടില്ല എന്നതാണ് അയാളുടെ ആവശ്യം എന്ന് മനസ്സിലായി. എങ്കിലും അതിന്റെ യുക്തി പിടികിട്ടിയില്ല. വിജനമായ ഈ പൊതുവഴിയിൽ നിന്ന് ആരെങ്കിലും ചിത്രമെടുക്കുന്നത് ആർക്ക് തടയാനാവും. നിർഭാഗ്യവശാൽ, ഈ ഉദ്യോഗസ്ഥർ ഇപ്പോൾ ഇതുവഴി വന്നു എന്ന് മാത്രമേയുള്ളൂ. അതുമല്ല ചിത്രമെടുപ്പ് നിരോധിച്ചു കൊണ്ടുള്ള ഫലകങ്ങളൊന്നും കണ്ടിരുന്നുമില്ല (യാത്ര തുടരവേ, പല സ്ഥലങ്ങളിൽ വച്ചും പിന്നീട് അണക്കെട്ടിന്റെ ദൃശ്യം ലഭിക്കുകയും അവിടെയൊന്നും ചിത്രംപിടിക്കുന്നത് തടയാൻ ആരും ഉണ്ടായിരുന്നതുമില്ല.)

ഭാഷ മനസ്സിലാക്കാനാവാതെ അല്പം കുഴങ്ങിയ എന്നെ രക്ഷിക്കാൻ മിസ്റ്റർ പട്ടേൽ എത്തും എന്ന പ്രതീക്ഷയിൽ നോക്കുമ്പോൾ അദ്ദേഹം താൻ ഈ കൂട്ടത്തിൽപ്പെട്ട ആളല്ല എന്ന ഭാവത്തിൽ അകലെമാറി എതിർഭാഗത്തുള്ള കാടിന്റെ പ്രകൃതിഭംഗി ആസ്വദിച്ചു നിൽക്കുകയാണ്...

എന്തായാലും അണക്കെട്ടിന്റെ ഏതാനും ചിത്രങ്ങൾ കിട്ടിക്കഴിഞ്ഞിരുന്നതുകൊണ്ട് ക്യാമറ ബാഗിനുള്ളിലാക്കി ഞാൻ കാറിൽ കയറി. ചെന്നെത്തുന്ന സവിശേഷ ഇടങ്ങളിലെ നിലവിലുള്ള നിയമങ്ങൾ കൃത്യമായും പാലിക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്, വാസ്തവത്തിൽ നിയമങ്ങൾ ഇല്ലാത്ത ഇടങ്ങളിൽ പോലും. നൂറ്റാണ്ടുകൾ പഴക്കമുള്ള ശിലാചിത്രങ്ങളും കൊത്തുചിത്രങ്ങളും മറ്റുമുള്ള, യാതൊരു നിയന്ത്രണവുമില്ലാത്ത പലയിടങ്ങളിലും, വെളിച്ചം കുറവാണെങ്കിൽ പോലും, എനിക്ക് പറ്റുന്ന രീതിയിൽ ക്യാമറയുടെ സാങ്കേതികത ഉപയോഗപ്പെടുത്തി, ഫ്‌ളാഷ് പ്രവർത്തിപ്പിക്കാതെയാണ് ചിത്രങ്ങൾ എടുക്കാറ്. ക്യാമറ ഫ്‌ളാഷുകൾ ഇത്തരം റോക്ക് ആർട്ടുകളുടെ ഈടുനിൽപ്പിനെ ബാധിക്കും എന്ന സ്വയം ബോധത്തിൽ നിന്നാണ് അങ്ങനെ ചെയ്യാറ്.

കാറെടുക്കുമ്പോൾ മിസ്റ്റർ പട്ടേൽ "സാരമില്ല, ഇതൊക്കെ പതിവാണ്..." എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. അതുപറയുമ്പോൾ അയാളുടെ മുഖത്ത് വിടർന്ന ജാള്യഭാവം കണ്ട്, ഫലിതപൂർവ്വം അയാളെയൊന്ന് സമാശ്വസിപ്പിക്കാൻ പറ്റിയ കൊളോക്യൽ ഭാഷാജ്ഞാനം ഇല്ലാത്തതിന്റെ സാരക്കേട്‌ മാത്രമേ എനിക്കപ്പോഴുണ്ടായിരുന്നുള്ളു.

കൊയ്‌നാ അണക്കെട്ട്
കൊയ്‌ന, ഇന്ത്യയിലെ വലിയ ഡാമുകളിൽ ഒന്നാണ്. വൈദ്യതി ഉൽപാദനമാണ് ഈ അണക്കെട്ടിന്റെ പ്രധാന ധർമ്മം. ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണ് കൊയ്‌ന എന്നാണ് മിസ്റ്റർ പട്ടേൽ അവകാശപ്പെട്ടത്. ഈ വിവരം അത്രയ്ക്ക് കൃത്യമല്ലെങ്കിലും, പൂർണ്ണമായും ഉൽപാദനക്ഷമമായ ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയാണ് കൊയ്‌നയിലേത് എന്നത് വാസ്തവമാണ്. ഡാമിനേയും നദിയേയും വെള്ളച്ചാട്ടത്തേയും തടാകത്തേയും ഒക്കെ വലുത് എന്ന പരികല്പനയിൽ നിർത്തി വ്യവഹരിക്കുന്നത്, അവയുടെ വൈവിധ്യമാർന്നതും വിഘടിതവുമായ സ്വഭാവവും ഉപയുക്തതയും മുൻനിർത്തി അസ്ഥാനത്താവും. സംസ്ഥാനത്തിന് വേണ്ടി വളരെ വിപുലമായി വൈദ്യുതിയുൽപാദനം നടക്കുന്നതിനാൽ 'മഹാരാഷ്‌ട്രയുടെ ജീവനാഡി' എന്നത്രേ കൊയ്‌ന അറിയപ്പെടുന്നത്.

അതിവിപുലമാണ് കൊയ്‌നാ അണക്കെട്ടിന്റെ ജലസംഭരണിപ്രദേശം. ശിവസാഗർ തടാകം എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. മഹാബലേശ്വർ മലമടക്കിൽ പലഭാഗങ്ങളിലേയ്ക്ക് വളഞ്ഞും പിരിഞ്ഞും അതിവിസ്തൃതമായി കിടക്കുന്ന ഈ തടാകത്തിന് അൻപത്തിയൊന്ന്  കിലോമീറ്റർ നീളമുണ്ട്‌. ഏതൊരു അണക്കെട്ടും ചെയ്തതുപോലെ കൊയ്‌നയും ഈ പ്രദേശത്തെ കാടിന്റെ വലിയൊരു ഭാഗം ജലഗർഭത്തിലമർത്തിയാണ് ഈ തടാകത്തിന് പ്രഭവം നൽകിയിരിക്കുന്നത്. സ്വാഭാവികമായും ഇത്തരത്തിൽ മരിച്ചുപോകുന്ന കാടുകൾക്ക് പകരമായാണ് നമ്മുടെ ആധുനിക സൗകര്യങ്ങളുടെ അടിസ്ഥാനമായ വൈദ്യുതി ലഭ്യമാവുന്നത് എന്നതിനാൽ, സ്ഥാനത്തും അസ്ഥാനത്തും പരിസ്ഥിവാദിയാകുന്നതിൽ കുറച്ച് കാപട്യമുണ്ട് താനും.

ശിവസാഗർ തടാകം
വീണ്ടും മുകളിലേയ്ക്ക് വണ്ടിയോടിച്ച് പോകുമ്പോൾ ഒരു ഉദ്യാനം കാണാം. കാടിന് പുറത്തുള്ള അണക്കെട്ടുകളുടെ ക്യാച്ച് മെന്റ് ഏരിയയുടെ മറുപുറത്ത് ഉദ്യാനങ്ങൾ ഉണ്ടാക്കുക പൊതുവേ ഒരു നാട്ടുനടപ്പാണല്ലോ. ദക്ഷിണേൻഡ്യയിലെ ഏറ്റവും വലിയ ഉദ്യാനങ്ങളിൽ ഒന്നായ മൈസൂറിലെ വൃന്ദാവനം, കൃഷ്ണരാജസാഗർ അണക്കെട്ടിനോട് ചേർന്നാണല്ലോ. കേരളത്തിൽ മലമ്പുഴയും നെയ്യാറും ബാണാസുരാസാഗറും ഒക്കെ ഓർമ്മവരുന്നു. എന്നാൽ കൊയ്‌നയിലെ ഉദ്യാനം അണക്കെട്ടിനോട് ചേർന്നല്ല. ഏതാനും കിലോമീറ്ററുകൾ മാറി കുറച്ചുകൂടി മലമുകളിലേയ്ക്ക് കയറിപ്പോയാലാണ് ഈ ഉദ്യാനത്തിലെത്തുക.

ടിക്കറ്റൊക്കെ എടുത്തുവേണം അകത്തേയ്ക്ക് കയറേണ്ടതെങ്കിലും, ഇതിപ്പോൾ ഉപേക്ഷിക്കപ്പെട്ട പൂന്തോട്ടമാണ്. ഒരുകാലത്ത്, അണക്കെട്ട് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നപ്പോൾ, അനുബന്ധമായി ഈ ഉദ്യാനവും സഞ്ചാരികളാൽ സജീവമായിരുന്നിരിക്കാം. എന്നാൽ ഇന്നിവിടെ ഞങ്ങൾ മാത്രമേ സന്ദർശകരായി വന്നെത്തിയിട്ടുള്ളു. .

കളകയറിയ പരിസരം. വെട്ടിയൊതുക്കാതെ കുറ്റിച്ചെടിപ്പടർപ്പുകളായി മാറിയിരിക്കുന്ന അലങ്കാരസസ്യങ്ങൾ. നിറംപോയ, ചുമരടർന്ന ചില കെട്ടിടങ്ങളും അവിടവിടെ കാണാം. മനുഷ്യസ്പർശം നഷ്ട്ടമായതിന്റെ ആമോദത്തിൽ മരങ്ങൾ തോന്നുംപടി വളർന്ന് അവയുടെ സ്വാതന്ത്ര്യം ആഘോഷിക്കുന്നു...

ഉദ്യാനത്തിലെ കാഴ്ച
ഉദ്യാനത്തിന്റെ ഒരു ഭാഗത്ത് ചെന്നുനിൽക്കുമ്പോൾ അങ്ങകലെ കൊയ്‌നാ അണക്കെട്ട് കാണാം. വിദൂരമായ കാഴ്ചയാണത്. ലെൻസ് ആവുംവിധം സൂംചെയ്ത് ദൃശ്യം കുറച്ചുകൂടി അടുത്താക്കുമ്പോൾ അതിന്  മുകളിലൂടെ അൽപപ്രാണിയായി ഒരു മനുഷ്യൻ നടന്നുപോകുന്നത് കാണാമായിരുന്നു. ആ ദൃശ്യം ചേതനയെ ഒരല്പനേരത്തേയ്ക്ക് സൂക്ഷ്മമാകാൻ പ്രാപ്തമാക്കി.

സന്ദർശകരും ഉദ്യാനപാലകരും ഒഴിഞ്ഞുപോയ ലളിതഗാത്രിയായ അടവിയുടെ ഈ ഭാഗത്ത് ഇപ്പോൾ ഞാൻ മാത്രമേയുള്ളൂ. ഭാര്യയും മകളും മുന്നിൽനടന്ന് മറ്റേതോ ഭാഗത്തേയ്ക്ക് മറഞ്ഞുപോയിരിക്കുന്നു...

വിജനതയും പ്രകൃതിയും ധ്യാനസൂക്ഷ്മതയുടെ തൂവൽകൊണ്ട് ചില നേരങ്ങളിൽ ജീവനെ തൊടും. ഏതോ മരത്തിന്റെ മറവിൽ നിന്നും അപ്പോൾ ഞാനൊരു പക്ഷിയുടെ ചിലമ്പൽ കേട്ടു. അതിനകമ്പടിയായി ഹരിതപത്രങ്ങളിൽ കാറ്റിന്റെ മർമ്മരം. കളവളർന്ന പുൽക്കൊടികളുടെ ആഹ്ലാദമാവാം, തളിരിലകളുടെ നിശ്വാസവുമാവാം, ഹൃദ്യഗന്ധത്തിന്റെ നേർത്ത തലോടൽ...

ഉദ്യാനത്തിൽ നിന്നും അണക്കെട്ട് കാണുമ്പോൾ...
ഉദ്യാനത്തിൽ നിന്നും ഇറങ്ങി ഞങ്ങൾ വീണ്ടും മലമ്പാതയിലൂടെ മുകളിലേയ്ക്ക് പോയി. പശ്ചിമഘട്ടത്തിന്റെ ഭാഗമാണെങ്കിലും, മലയുടെ മുകളിലൂടെയുള്ള സഞ്ചാരമാണെങ്കിലും, എന്തുകൊണ്ടോ കേരളത്തിലെ ചില വനവഴികളുടെ വന്യത അനുഭവപ്പെട്ടില്ല. മാത്രമല്ല മലഞ്ചരിവുകളിൽ കാട് തെളിയിച്ചുള്ള ചെറിയ മനുഷ്യവാസപ്രദേശങ്ങളും അനുബന്ധമായ കൃഷിയിടങ്ങളും കാണാൻ സാധിച്ചു. കേരളത്തോളം ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളല്ല ഈ പർവതനിര കടന്നുപോകുന്ന മറ്റു പല ദേശങ്ങളുമെങ്കിലും, അവിടെയൊക്കെ ഈ മലയുടെയും അതിലെ വനത്തിന്റെയും മനുഷ്യചൂഷണം കേരളത്തെക്കാൾ അധികമാണെന്ന് പശ്ചിമഘട്ടത്തിലൂടെ യാത്രചെയ്യുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട്. കേരളത്തിൽ ഉണ്ടായിവന്നിട്ടുള്ള മാതിരി പാരിസ്ഥിതികമായ അവബോധം അവിടുങ്ങളിൽ ആയിട്ടില്ലെന്ന് തോന്നുന്നു. പ്രാദേശികമായും അല്ലാതെയും വളരെ ചലനാത്മകമായ പരിസ്ഥിതിസമരങ്ങൾ പൊതുവിടങ്ങളിൽ നിന്നും ഉയർന്നുവരുന്ന സജീവമായ പ്രശ്നമേഖല കേരളത്തിൽ ഉണ്ട് എന്നത് ആശാവഹം തന്നെയാണ്.

ഈ ഭാഗത്ത് കൊയ്‌നാ വന്യജീവിസങ്കേതമുണ്ട്. അതുപക്ഷേ ഞങ്ങൾ യാത്രചെയ്യുന്ന മലയുടെ ഈ ചരുവിലല്ല. മറുഭാഗത്തുള്ള മഹാബലേശ്വർ പട്ടണത്തിൽ നിന്നുവേണം അവിടേയ്ക്ക് എത്താനെന്ന് മനസ്സിലാക്കിയിട്ടുണ്ട്. അത് മറ്റൊരു വഴിയും മറ്റൊരു യാത്രയുമാണ്- കാര്യമായ സാംഗത്യമൊന്നുമില്ലെങ്കിലും, എല്ലാത്തവണയും മനസ്സിൽ കുറിക്കും; എന്നെങ്കിലുമൊരിക്കൽ...

തടാകഭാഗത്തു നിന്നും മറ്റൊരു കാഴ്ച...
ഇടയ്ക്കു കാർ നിർത്തി ശിവസാഗർ തടാകത്തിന്റെ ഒരുഭാഗത്തെ കരയിൽ ചെന്നുനിന്നു. ദൂരദൂരം പരന്നുകിടക്കുന്ന പച്ചജലത്തിന്റെ അലസശാന്തതയിൽ, അരികിലെ കാട്ടുമരങ്ങളും നീലാകാശവും അതിലെ ശുഭ്രമേഘങ്ങളും പ്രതിഫലിപ്പിക്കുന്ന അഭൗമചിത്രകാഴ്ച...!

അവിടെ ഏതാനും ബോട്ടുകൾ ഒരുപാട് കാലമായി ഉപയോഗിക്കപ്പെടാത്തതായി തോന്നുംവിധം കരയോട് ചേർന്നുകിടപ്പുണ്ട്. ഒരിക്കൽ തടാകത്തിലൂടെ സന്ദർശകരെയും കൊണ്ട് ആമോദത്തോടെ തുഴഞ്ഞിരുന്ന യാനപാത്രങ്ങളാവാം. സഞ്ചാരികളൊഴിഞ്ഞ തടാകക്കരയിൽ ടാർപ്പളിന്റെ വിഷാദാവരണങ്ങളിൽ പൊതിഞ്ഞ് അവ പൊടിഞ്ഞുതീരുകയാണെന്ന് തോന്നുന്നു.

പക്ഷേ ഉപേക്ഷിക്കപ്പെട്ട ഈ ജലവാഹനങ്ങൾ ഇവിടുത്തെ ലാവണ്യസാന്ദ്രമായ അന്തരീക്ഷത്തിന് പ്രാകൃത്യമായ ഒരു ചാരുത നല്കുന്നുണ്ടായിരുന്നു. ഇവ ഉപയുക്തമായിരുന്ന കാലത്ത് ഈ പ്രദേശത്തിന്റെ കാഴ്ച എന്തായിരുന്നിരിക്കാം എന്ന് സങ്കല്പിക്കുമ്പോൾ മൂന്നാറിലെ കുണ്ടളയാണ് പെട്ടെന്ന് ഓർമ്മവന്നത്. അവിടം മനസ്സ് മടുപ്പിക്കുന്ന ജനസാന്ദ്രമായ കാഴ്ചയാണ്. ഒരു പ്രദേശം വിനോദസഞ്ചാരത്തിൽ പ്രാമുഖ്യം നേടുമ്പോൾ എങ്ങനെ തികച്ചും പ്രതിലോമമായി മാറുന്നു എന്നതിന്റെ നല്ല ഉദാഹരണമാണ് മൂന്നാറും പരിസരങ്ങളും. ഒരു നല്ല പ്രകൃതിയാത്രികൻ ഇനി മൂന്നാറിന്റെ നാഗരിക പൊടിപടലങ്ങളിലേയ്ക്ക് പോകും എന്ന് കരുതാൻ വയ്യ...

തടാകതീരം
മിസ്റ്റർ പട്ടേലിന്റെ കാർ വീണ്ടും മുകളിലേയ്ക്ക് തന്നെയോടി, തടാകത്തെ താഴെയൊരു ദൂരക്കാഴ്ചയാക്കി മാറ്റിക്കൊണ്ട്. മറുഭാഗത്തെ മലനിരകളിൽ നിന്നും ചെറുവെള്ളച്ചാട്ടങ്ങൾ താഴേക്ക് നിപതിക്കുന്നു. ഒന്നിലധികം ജലപാതങ്ങൾ. അവ താഴേയ്ക്ക് ഒഴുകിവന്ന്, ഞങ്ങൾ നിൽക്കുന്ന നിരത്തിലെ കലുങ്കിനടിയുടെ നൂഴ്ന്നുകടന്ന് വീണ്ടും താഴേക്കൊഴുകി തടാകത്തിന്റെ വിശാലതയിൽ വിലയിക്കുന്നു...

പല ദേശങ്ങളിലെയും പല വലിയ വെള്ളച്ചട്ടങ്ങളും കണ്ടുകഴിഞ്ഞിട്ടുള്ളതിനാൽ ഈ ചെറിയ നീർച്ചാലുകൾക്ക് പൊലിമയില്ല എന്നത് അനുഭൂതിപരമായി ശരിയല്ല. പ്രകൃതിയുടെ സുന്ദരവിന്യാസങ്ങൾക്ക് എന്ത് വലിപ്പച്ചെറുപ്പം? ഓരോ കാഴ്ചയും അത്രയും വൈവിധ്യമായ അനുഭവങ്ങളാണ്. ഇവിടെ നോക്കു: താഴെ വിസ്തൃതമായ ഹരിതതടാകം, മുകളിൽ വനനിബിഢമായ മല, അതിന്റെ നിഗൂഢമായ പടർപ്പുകളിൽ എവിടെനിന്നോ യാത്രയാവുന്നു ഒരു ജലജ്വാല ഉന്മാദിനിയായ നർത്തകിയെപ്പോലെ താഴേക്കൊഴുകി വിലോലമായ തടാകത്തിന്റെ നീർകാമനകളിൽ അലിയുന്നു. ഇതിനിടയിലെവിടെയോ അണുമാത്ര രൂപികളായി, പ്രപഞ്ചകേളിയുടെ ഈ ഇന്ദ്രജാലത്തിൽ പുളകിതരായി പ്രേക്ഷകരായ ഞങ്ങളും...!

വഴിയരികിലെ ചെറു വെള്ളച്ചാട്ടം
മലമ്പാതയിലൂടെ നൂറു കിലോമീറ്ററിലധികം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. അത്രയും ദൂരം തിരിച്ചുപോകാനുള്ളതു കൊണ്ട് തന്നെ, ഇനി മടങ്ങുന്നതാണ് അഭികാമ്യമെന്നു തോന്നി. മുംബൈയിലേയ്ക്കുള്ള ബസ് നഷ്ടപ്പെടാൻ പാടില്ല.          

മടങ്ങുമ്പോൾ ഉച്ചഭക്ഷണത്തിനുള്ള സമയം കഴിഞ്ഞിരുന്നു. അതിനാൽ, വഴിക്കെവിടെയെങ്കിലും കഴിക്കാൻ നിർത്താം എന്ന് മിസ്റ്റർ പട്ടേലിനോട് ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിൽ നിന്നും കരാഡ് പട്ടണത്തിലേയ്ക്കും, കൃഷ്ണയിലേയ്ക്കും ഒഴുകിവരുന്ന കൊയ്‌നയുടെ തീരത്ത് തന്നെയുള്ള ഒരു ചെറുകിട തീൻശാലയിൽ അയാൾ വണ്ടിനിർത്തി. മാംസവിഭവങ്ങൾക്കും സസ്യവിഭവങ്ങൾക്കും അവിടെ വെവ്വേറെ കെട്ടിടങ്ങളും അടുക്കളയും ഉണ്ടെന്ന് മനസ്സിലായി. ഞങ്ങൾ മദ്ധ്യ-ഉത്തരേന്ത്യൻ പ്രദേശങ്ങളിലൂടെ അധികം സഞ്ചരിച്ചിട്ടില്ല. പക്ഷെ ഇങ്ങനെ കാണുമ്പോൾ, ഇവിടങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ മത/ജാതി സംബന്ധിയായ ഭക്ഷണശീലങ്ങൾ തീവ്രമായ ഒരു സാംസകാരിക ബോധമായി ജനങ്ങളിലുണ്ടെന്ന് തോന്നും. അതിന്റെ പേരിൽ നടക്കുന്ന സംഘർഷങ്ങളും കൊലപാതകങ്ങളും നമുക്ക് പെട്ടെന്ന് ദഹിക്കാതെ വരുന്നതിനുള്ള കാരണം ഇത്തരം പ്രദേശങ്ങളിലെ യാഥാർഥ്യങ്ങൾ നമ്മൾക്കറിയില്ല എന്നതിനാലും, കേരളത്തിൽ ആ സാംസ്കാരിക പരിസരം സ്വകാര്യമായ ഒരനുഭവത്തിന്റെ തലത്തിനപ്പുറം പ്രകടമല്ല എന്നതിനാലും ഒക്കെയാവണം.

താൻ സസ്യഭുക്കാണെന്നും പുറത്തുനിന്ന് കഴിക്കാൻ താല്പര്യപ്പെടുന്നില്ലെന്നും പറഞ്ഞ് പതിവുപോലെ മിസ്റ്റർ പട്ടേൽ ലജ്‌ജാലുവായി മാറിനിൽക്കാൻ ശ്രമിച്ചു. സസ്യഭക്ഷണശാലയുണ്ടല്ലോ അവിടെ നിന്ന് ചെറുതായെങ്കിലും എന്തെങ്കിലും കഴിക്കൂ എന്നുപറഞ്ഞ് ഞങ്ങൾ മാംസഭോജനശാലയിലേയ്ക്ക് പോയി...

അവിടെ ചൈനീസ്, തന്തൂരി വിഭവങ്ങൾ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും, അവയുടെ രുചിഭേദം അപരിചിതമായി അനുഭവപ്പെട്ടതുകൊണ്ട്, ഞങ്ങൾ വേഗം പരിപാടികഴിച്ച് പുറത്തിറങ്ങി. അപ്പുറത്ത്, തന്റെ ലജ്ജയൊക്കെ മാറ്റിവച്ച്, കസേരയിൽ ചമ്രംപിടിച്ചിരുന്ന്, മിസ്റ്റർ പട്ടേൽ വെജിറ്റേറിയൻ താലി ആസ്വദിക്കുന്നത് അലോസരപ്പെടുത്താതെ കൊയനയുടെ കരയിലേക്ക് ചെന്ന് പ്രകൃതിയുടെ ആനന്ദങ്ങളിൽ ഞങ്ങൾ ആമഗ്നരായി...

ഒരു വഴിക്കാഴ്ച...
അവിടെ കൊയ്‌നയെ നോക്കി നിൽക്കുമ്പോൾ ഞാൻ വിചാരിക്കുകയായിരുന്നു: വർഷകാലത്തിന്റെ പുളകങ്ങൾ നേരിട്ടേറ്റെടുക്കാൻ കെൽപ്പുള്ള നദിയല്ലോ കൊയ്‌നയെന്ന് - നമ്മുടെ ഒരു നദിക്കും ഇപ്പോൾ ആ സ്വാതന്ത്ര്യം ലഭ്യമല്ല. കൊയ്‌നാ അണക്കെട്ടിൽ നിന്നും മനുഷ്യൻ തുറന്നുവിടുന്ന ജലം മാത്രമേ ഈ കാണുന്ന നദിയിൽ എത്തുന്നുള്ളൂ. എങ്കിലും ആവുംവിധം സന്തോഷത്തോടെ, തന്റെ ഓരങ്ങളിൽ പച്ചവിതറി, നിർമമമാനസവുമായി കൊയ്‌ന ഒഴുകുന്നു...

അവിടെ നിൽക്കുമ്പോൾ ഞാൻ ചാലക്കുടിപ്പുഴയെ ഓർത്തു. ചാലക്കുടിപ്പുഴയെന്നാൽ വിനോദസഞ്ചാരികൾക്ക് അതിരപ്പിള്ളി വെള്ളച്ചാട്ടമാണ്. അതിരപ്പിള്ളി എന്നാൽ കേരളത്തിന്റെ പൊതുസമൂഹത്തിന് ഇപ്പോൾ ഒരു ജലവൈദ്യുതപദ്ധതിയുമായി, അണക്കെട്ടുമായി ബന്ധപ്പെട്ടുവരുന്ന സജീവമായ പ്രശ്നപ്രദേശമാണ്. സംവാദങ്ങളും ചർച്ചകളും കാണുമ്പോൾ തോന്നുക അനസ്യൂതം ഒഴുകിവരുന്ന ചാലക്കുടിപ്പുഴയിൽ ഒരു അണകെട്ടുന്നതിനെക്കുറിച്ചാണ് ഈ ബഹളങ്ങളെല്ലാമെന്നാണ്. അതിരപ്പിള്ളി വെള്ളച്ചട്ടത്തിലേയ്ക്ക് ചാലക്കുടിപ്പുഴ വെള്ളവുമായി എത്തണമെങ്കിൽ പെരിങ്ങൽക്കുത്ത് അണക്കെട്ട് മനുഷ്യൻ തുറന്നുകൊടുക്കണം. പെരിങ്ങൽക്കുത്തിലേയ്ക്ക് വെള്ളമെത്തണമെങ്കിൽ ലോവർ ഷോളയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയരണം. അതിനും മുകളിൽ അപ്പർ ഷോളയാർ അണക്കെട്ടുണ്ട്. ഈ ജലസ്ത്രോതസുകളോട് ബന്ധപ്പെട്ട് കിടക്കുന്നതാണ് പറമ്പിക്കുളം, ഇടമലയാർ അണക്കെട്ടുകളും. ചുരുക്കത്തിൽ മനുഷ്യനിർമ്മിതമായ, സങ്കീർണമായ ഒരുപാട് തടയണകളിലൂടെ കടന്നുവരുന്ന ജലമാണ് അതിരപ്പിള്ളിയിൽ എത്തുന്നത്. താരതമ്യേന വലിയ നദിയല്ലാത്ത ചാലക്കുടിപ്പുഴയെ ഇത്രയും ഭേദ്യങ്ങൾക്ക് വിധേയമാക്കിയിട്ടും മതിയാവാതെയാണ് ഇപ്പോൾ അതിരപ്പിള്ളി പദ്ധതിയുടെ നടത്തിപ്പിനുള്ള ഉത്സാഹം. യഥാർത്ഥത്തിൽ, ഈ ഭാഗത്ത് നിലവിലുള്ള ഏതെങ്കിലുമൊക്കെ അണക്കെട്ടുകൾ ഡീക്കമ്മീഷൻ ചെയ്ത്, ചാലക്കുടിപ്പുഴയെ മാത്രമല്ല, കേരളത്തിലെ ഏറ്റവും ജൈവവൈവിധ്യമുള്ള അവിടുത്തെ വനമേഖലയേയും  കുറച്ചുകൂടി സ്വാഭാവികമായി പരിപാലിക്കേണ്ടുന്നതിനെക്കുറിച്ച് ആലോചിക്കേണ്ട സമയമാണിപ്പോൾ.

ആ നിലയ്ക്ക് നോക്കുകയാണെങ്കിൽ കൊയ്‌ന കുറച്ചുകൂടി ഭാഗ്യമുള്ള നദിയാണെന്നു കരുതാം...

കൊയ്‌ന
കരാഡ് പട്ടണത്തിലെത്തുമ്പോൾ ഞങ്ങൾക്കുള്ള മുംബൈ ബസ് എത്താൻ കുറച്ചുകൂടി സമയം ബാക്കിയുണ്ടായിരുന്നു. ഒരു പകലിന്റെ സഹചാരിയായിരുന്ന മിസ്റ്റർ പട്ടേലിനോട് യാത്രപറഞ്ഞ്, ഹോട്ടലിൽ കയറി ഒന്ന് ഫ്രഷാവാനുള്ള സമയം കിട്ടി...

അർദ്ധരാത്രി രണ്ടുമണിയോടടുപ്പിച്ച് മുംബൈയിൽ തിരിച്ചെത്തുമ്പോൾ മകൻ ഞങ്ങൾക്കുള്ള അത്താഴവും വാങ്ങിവച്ച് കാത്തിരിപ്പുണ്ടായിരുന്നു. കലാലയത്തിലെ തിരക്കുകൾ കാരണം അവൻ ഞങ്ങളോടൊപ്പം കാരാഡിലേയ്ക്ക് വന്നിരുന്നില്ല. അന്നേരം വളരെ വ്യക്തിനിഷ്ഠമായ ഒരു കാര്യമാണ് എന്റെ ആലോചനയിലേയ്ക്ക് വന്നത്: കുട്ടികൾ രണ്ടുപേരും കൈക്കുഞ്ഞുങ്ങളായിരിക്കുമ്പോൾ തന്നെ, അതൊന്നും കാര്യമാക്കാതെ ഞങ്ങൾ അവരേയുംകൊണ്ട് യാത്രചെയ്തിരുന്നു. അന്ന് വലിയ യാത്രകൾ സാധ്യമായിരുന്നില്ല എന്നത് വേറേകാര്യം - പൊന്മുടി, കന്യാകുമാരി, വേളാങ്കണ്ണി, കൊഡൈക്കനാൽ, മൂന്നാർ..., അങ്ങനെയൊക്കെ. നേരം വെളുക്കുന്നതിന് മുൻപേ ആരംഭിക്കുന്ന യാത്രകളിൽ, കുട്ടികളെ വണ്ടിയുടെ പിറകിൽ എടുത്തിടും. അവർ അവിടെ കിടന്നുറങ്ങും. ഓർമ്മയുള്ള കാലം മുതൽ അവർ ഇത്തരം യാത്രകൾ പരിചയിച്ചിരിക്കുന്നു. നാലുപേരുമായുള്ള യാത്ര അങ്ങനെ ഞങ്ങൾ എല്ലാവർക്കും സ്ഥിരപരിചിതമായ ഒരു വ്യവഹാരമായി, ഈ നീണ്ട വർഷങ്ങളുടെ സഹവാസത്തിനിടയ്ക്ക്.

എന്നാൽ ഇന്ന് ചിത്രം മാറിയിരിക്കുന്നു. കുട്ടികൾ മുതിർന്നിരിക്കുന്നു. അവർക്ക് പലപ്പോഴും ഞങ്ങളോടൊപ്പം യാത്രചെയ്യാൻ സാധിക്കാത്ത വിധം സ്വന്തമായ കാര്യങ്ങൾ ആയിത്തുടങ്ങിയിരിക്കുന്നു. അതിലുപരി, അവർ ഒറ്റയ്‌ക്കോ അവരുടെ പ്രായത്തിലുള്ള കൂട്ടുകാരുമായോ യാത്രചെയ്യാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ യാത്രകളിൽ നിന്നും വ്യത്യസ്തമായ, കുറച്ചുകൂടി സാഹസികവും ചലനാത്മകവുമായ, യൗവ്വനത്തിന്റെ പ്രസരിപ്പുള്ള യാത്രകളിലേയ്ക്ക് അവർ കൂടുതൽ ആകൃഷ്ടരായിരിക്കുന്നു. അവർ യാത്രകളെ ആഗ്രഹിക്കുന്നു എന്നത് സന്തോഷകരം. അതേസമയം ആ യാത്രകൾ ഞങ്ങളുടെ യാത്രകൾ അല്ല എന്നത് ജീവിതത്തിന്റെ അനിവാര്യമായ ഗതിമാറ്റമായി, അല്പം വിഷാദത്തോടെ മനസ്സിലാക്കുന്നു.

- തുടരും -