2017, ഏപ്രിൽ 1, ശനിയാഴ്‌ച

ഭാദ്രപാദത്തിൽ, മറാത്തയെ തൊട്ടുതൊട്ട്... - ഒന്ന്

ഈ കൊച്ചുവെളുപ്പാൻ കാലത്ത്, മുംബൈയിലെ ഗോരെഗോൻ എന്ന സ്ഥലത്ത് തെക്കോട്ട് പോകാനുള്ള ഒരു ബസ് കാത്തുനിൽക്കുകയാണ് ഞങ്ങൾ...

ദീർഘദൂര ബസ് യാത്രകൾ നടത്തിയിട്ട് ഇപ്പോൾ പതിറ്റാണ്ടുകളാവുന്നു. ഞങ്ങൾ ബസ് യാത്രകളിൽ നിന്നും വിട്ടുപോയ വർഷങ്ങളുടെ ഇടവേളയിൽ ഗംഭീരമായ ലക്ഷ്വറി ബസുകൾ നമ്മുടെ നിരത്തുകളെ മുഖരിതമാക്കുന്നത് കാണുന്നുണ്ടായിരുന്നു. അത്തരം ഒന്നിൽ കയറി ഒരു ദീർഘദൂരയാത്ര പോകാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. എങ്കിലും പല കാരണങ്ങളാലും അത് നടക്കുകയുണ്ടായില്ല.

ഇടയ്ക്ക് ഇറങ്ങിപ്പുറപ്പെടാറുള്ളതുപോലെ, സ്ഥലങ്ങൾ കാണാനുള്ള ഒരു യാത്രയിലല്ല ഞങ്ങളിപ്പോൾ എന്നതാണ് വാസ്തവം. വീട്ടുസംബന്ധമായ  ചില കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. എങ്കിൽ തന്നെയും, കിട്ടുന്ന ഇടനേരങ്ങളിൽ ചെന്നെത്തുന്ന ഇടങ്ങളിലെ സവിശേഷമായ കാഴ്ചകളിലേക്ക് പോകണം എന്ന ആഗ്രഹവും ഇല്ലാതില്ല.

മഴപെയ്യുന്ന മുംബൈ പ്രഭാതത്തിൽ തെക്കോട്ടുള്ള ബസ്സും കാത്ത്...
വഴിവക്കിൽ അങ്ങനെ ബസ് കാത്തുനിൽക്കേ പെട്ടെന്ന് മഴപെയ്യാൻ തുടങ്ങി. പെരുമഴ തന്നെ...

മൂന്ന് വർഷങ്ങൾക്ക് മുൻപ് ഏതാനും ദിവസം നീളുന്ന മറാത്തായാത്രയ്ക്ക് പദ്ധതിയിട്ടു ഞങ്ങൾ മുംബയിൽ വന്നിറങ്ങിയിരുന്നു. അന്ന് വടക്കോട്ട്‌ ഔറംഗാബാദ് വരെ ഒരു റൗണ്ട് ട്രിപ്പ്, വഴിക്കുള്ള സ്ഥലങ്ങളൊക്കെ കണ്ട് കണ്ട്, എന്നാണ് ആഗ്രഹിച്ചിരുന്നത്. നിർഭാഗ്യവശാൽ വന്നിറങ്ങിയ അന്നുമുതൽ മഴ നിർത്താതെ കോരിച്ചൊരിഞ്ഞു. മഴയത്ത് മുംബയ് അസഹ്യമായി അനുഭവപ്പെട്ടു. ആ ചതുപ്പിൽ കാലുകുത്താതെ വന്നതുപോലെ മടങ്ങുകയാണുണ്ടായത്, അന്ന്.

ഇപ്പോൾ ഈ മഴയും ഞങ്ങളെ ഭയപ്പെടുത്തുന്നു. ചിങ്ങത്തിന്റെ അവസാന ദിവസങ്ങളാണ് - നാട്ടിൽ ഓണക്കാലം. വലിയ മഴയൊന്നും പ്രതീക്ഷക്കേണ്ടതില്ലാത്ത ഋതുവാണ്. പക്ഷേ മുംബയിൽ ചിങ്ങമെന്നൊരു മാസമില്ലല്ലോ, മഴക്കാലവും നാട്ടിലേതിൽ നിന്നും കുറച്ചു ദിവസം കഴിഞ്ഞിട്ടാണല്ലോ ഉണ്ടാവുക. മാത്രവുമല്ല, കാലാവസ്ഥയെ ആർക്ക് കൃത്യമായി പ്രവചിക്കാനാവും...!

ഹൈന്ദവവ്യവഹാരപ്രകാരം മറാത്തയിൽ ഇത് ഭാദ്രമാസമാണ് - ഗണേശോത്സവത്തിന്റെ കാലം...!

വീട്ടിൽ അലസമായിരിക്കുമ്പോൾ, മഴ കാല്പനികമാണ്, യാത്രചെയ്യുമ്പോൾ അല്ല. എന്തായാലും ആഗ്രഹിച്ചതുപോലെ മഴ പെട്ടെന്ന് തോർന്നു. തുടർന്നുള്ള ദിവസങ്ങളിലും മഴ അലോസരപ്പെടുത്തുകയുണ്ടായില്ല...

മേഘാവൃതമായ പ്രഭാതത്തിലൂടെ മഹാനഗരത്തിന്റെ പ്രാന്തത്തിലേയ്ക്ക്...
റിസർവേഷൻ സ്ലിപ്പിൽ 6.38 എന്നമാതിരി വളരെ കൃത്യവും വിചിത്രവുമായ സമയമാണ് ബസ് എത്തുന്ന നേരമായി കുറിച്ചിരിക്കുന്നത്. ബോറിവലി എന്ന സ്ഥലത്തു നിന്നാണ് ബസ് എത്താനുള്ളത്. അവിടെ നിന്നും മുംബയ് റോഡിന്റെ അത്രയും വിചിത്രമായ രീതികളിലൂടെ ഓടി, മിനിറ്റോട് മിനിറ്റ് കൃത്യമായി ബസ് ഇവിടെ എത്തുന്നതെങ്ങനെയെന്ന് ഞാൻ അത്ഭുതപ്പെട്ടു. എന്തായാലും, മഴയുടെ കുറ്റംകൊണ്ടാണെന്ന് തോന്നുന്നു, ബസ് എത്തിയത് അരമണിക്കൂർ താമസിച്ചാണ്.

ഏറ്റവും മുന്നിലുള്ള സീറ്റുകളാണ് റിസർവ് ചെയ്തിരുന്നത്. യാത്രയിലുടനീളം മുന്നിലേയ്ക്കുള്ള കാഴ്ചകൾ വൃത്തിയായി കണ്ടുപോകാമെല്ലോ എന്നുകരുതിയാണ് അങ്ങനെ ചെയ്തത്. അതുപക്ഷേ വളരെ നിർഭാഗ്യകരമായ ഒരു തീരുമാനമായിപ്പോയി. ഡ്രൈവറുടെ ക്യാബിൻ മറച്ചുകൊണ്ട് ഞങ്ങളുടെ തൊട്ടു മുന്നിൽ ഒരു കർട്ടൻ വലിച്ചുകെട്ടിയിരുന്നു. നേരെമുന്നിൽ നിവർന്നുകിടക്കുന്ന, എന്നോ കർട്ടൻ ആയിരുന്ന, ഒരു മുഷിഞ്ഞ തുണിക്കഷണത്തിൽ നോക്കി യാത്രചെയ്യേണ്ടിവന്നു ഏഴെട്ട് മണിക്കൂർ എന്ന് പറഞ്ഞാൽ മതിയല്ലോ. പ്രതീക്ഷിച്ചതുപോലുള്ള ആർഭാടമൊന്നും ശകടത്തിനുണ്ടായിരുന്നില്ല എന്നതും സൂചനാർഹം.

യാത്രാവാഹനത്തിനു മുന്നിൽ...
മുംബൈയിൽ നിന്നും ഏകദേശം 300 കിലോമീറ്റർ തെക്കുമാറിയുള്ള കരാഡ് എന്ന പട്ടണത്തിലേയ്ക്കാണ് യാത്ര. സത്താറാ ജില്ലയിൽപ്പെട്ട ചെറിയൊരു പട്ടണമാണത്. ഡൽഹിയിൽ നിന്നും മുംബൈ, ബെംഗളൂരു വഴി ചെന്നെയിലേയ്ക്കുള്ള ദേശീയപാത 48 - ന്റെ (പുതിയ നമ്പർ) മുംബൈ - ബെംഗളൂരു ഖണ്ഡത്തിലാണ് കരാഡ് സ്ഥിതിചെയ്യുന്നത്. മുംബൈയിൽ നിന്നും ലോണാവാല, പൂനെ, സത്താറാ എന്നീ പ്രമുഖ സ്ഥലങ്ങൾ താണ്ടിവേണം കരാഡിൽ എത്താൻ.

പലയിടത്തും റോഡ് വിപുലപ്പെടുത്തുന്നു ജോലികൾ നടന്നുകൊണ്ടിരിക്കുന്നു. ആറുവരി പാതയാണ്. എന്നാൽ സ്പീഡ് ട്രാക്ക്, ട്രക്കുകളുടെ കുത്തകയായി മാറിയിരിക്കുന്നു. അവ സഞ്ചരിക്കുന്നത് നാല്പത് കിലോമീറ്റർ വേഗതയിലും. റോഡെന്നത് ഒരു ഉപയോഗവസ്തു മാത്രമല്ല, ഒരു സംസ്കാരം കൂടിയാണെന്ന് നമ്മൾ മനസ്സിലാക്കാൻ കുറച്ചുകാലം കൂടി വേണ്ടിവരുമെന്ന് തോന്നുന്നു.

കേരളത്തിന്റെ ഭൂമിശാസ്ത്രവുമായി തട്ടിച്ചാൽ കുറച്ചുകൂടി സമുദ്രതീരത്തോട് ചേർന്നാണ്, വടക്കോട്ടു നീങ്ങുമ്പോൾ, മാറാത്തയിലും മറ്റും പശ്ചിമഘട്ടമലനിര ഉയരുക. അതിനാൽ മുംബൈയിൽ നിന്നും യാത്രയാരംഭിച്ച് അധികം കഴിയുന്നതിനു മുൻപുതന്നെ, ലോണാവാല പ്രദേശത്തിലൂടെ, സഹ്യാദ്രി കടന്ന് മറുഭാഗത്തെത്തി. നാട്ടിലെ ഹൈറേഞ്ച് പ്രദേശങ്ങളിലൂടെ സഞ്ചരിച്ചുട്ടുള്ളവർക്ക് ലോണാവാല പോലുള്ള സ്ഥലങ്ങൾ അധികം ആകർഷണീയമായ മലമുകൾ പ്രദേശങ്ങളായി തോന്നുകയില്ല. ബസ് കടന്നുപോയ വഴിക്ക് സവിശേഷതയുള്ള സ്ഥലങ്ങളൊന്നും കാണാനാവാത്തതുമാവാം.

പൂനെ തരക്കേടില്ലാത്ത പട്ടണമായി തോന്നി. നാഗരാസൂത്രണവും കാലാവസ്ഥയുമൊക്കെ ആ പട്ടണത്തെ യോഗ്യമായ വാസപ്രദേശമാക്കി മാറ്റിയിരിക്കുന്നു എന്ന് ഒറ്റനോട്ടത്തിൽ അനുഭവപ്പെട്ടു.

യാത്രാവഴി...
സഹ്യനിരകളുടെ പൂർവ്വഭാഗത്തുകൂടെ സഞ്ചരിക്കുക എന്നാൽ ഡെക്കാൻ പീഠഭൂമിയിലൂടെയുള്ള പോക്കാണ്. പശ്ചിമഘട്ടത്തിന്റെയും പൂർവ്വഘട്ടത്തിന്റെയും നടുവിലായി സമുദ്രസാമീപ്യം വിച്ഛേദിക്കപ്പെട്ട് കിടക്കുന്ന അർദ്ധ-വരണ്ട (semi-arid) ഭൂമിയാണ് ഡെക്കാന്റെ സമതലങ്ങൾ. ബസ് യാത്രയിൽ, അകലെ, പടിഞ്ഞാറായി, സഹ്യാദ്രിയുടെ ഉയർച്ചതാഴ്ചകൾ കാണാമെങ്കിലും സമതലഭൂമിക്ക് ഊഷരമായ പൊടിപാറുന്ന ചെമ്മൺ നിറമാണ്. മദ്ധ്യഡക്കാൻ പ്രദേശം അല്ലെങ്കിൽ കൂടി, കടന്നുപോകുന്ന സ്ഥലങ്ങൾ ശക്തമായ മഴ ലഭിക്കുന്ന ഇടങ്ങൾ അല്ലെന്ന് ഭൂപ്രകൃതിയിൽ നിന്ന് മനസ്സിലാക്കാനാവും.

ഇങ്ങനെയാണെങ്കിലും ഞങ്ങൾ സഞ്ചരിക്കുന്ന ദൂരത്തിനിടയിൽ തന്നെ, പശ്ചിമഘട്ടത്തിൽ നിന്നും ഉത്ഭവിക്കുന്ന നാലഞ്ച് വലിയ നദികൾ ഈ ഭൂപ്രദേശത്തിനു കുറുകേ ഒഴുകിപോകുന്നുണ്ട്. അവയെ ഉപലംഭിച്ചുകൊണ്ട് ഹരിതാഭമാകുന്ന കൃഷിഭൂമിയുടെ വിസ്തൃതി കുറവല്ല. ജലസാമീപ്യം ഊർവ്വരമാക്കിയിരിക്കുന്ന ഈ നദീതീരങ്ങൾ പച്ചവരകളായി, ഡെക്കാന്റെ ചുമപ്പുവിസ്തൃതിയിൽ, കൂറ്റൻ ഉരഗജന്മങ്ങളാവുന്നു.

ചില തുരങ്കപാതകളിലൂടെ...
ഉച്ചതിരിഞ്ഞ നേരത്ത് ഞങ്ങൾ കരാഡിൽ ചെന്നിറങ്ങി. ദേശീയപാതയുടെ ഓരത്ത് ഇറക്കിവിട്ട് ബസ് പോയി. കോലാപ്പൂർ വഴി ഗോവയ്ക്ക് പോകുന്ന ബസ്സാണ്. ഓട്ടോറിക്ഷയിൽ കയറി ഹോട്ടലിലെത്തി. ഒന്ന് കുളിച്ച് വേഷംമാറാനുള്ള സമയമേ ഉണ്ടായിരുന്നുള്ളൂ. ഉടനേ തന്നെ ചെയ്തുതീർക്കാൻ കുറച്ചു കാര്യങ്ങളുണ്ടായിരുന്നു...

അതെല്ലാം കഴിഞ്ഞ് വൈകുന്നേരമായപ്പോൾ ഞങ്ങൾ പ്രീതിസംഗമം കാണാൻ പോയി. പ്രീതിസംഗമം എന്നാൽ സ്നേഹസംഗമം എന്നുതന്നെയാണ് അർത്ഥം. കരാഡ് എന്ന ചെറിയ മറാത്താ പട്ടണത്തെ പ്രശസ്തമാക്കുന്നത് കൃഷ്ണാനദിയും കൊയ്‌നാനദിയും സംഗമിക്കുന്ന ഈ വിശാലനദീതടമാണ്.

ഒരു ഓട്ടോറിക്ഷാ പിടിച്ചാണ് ഞങ്ങൾ പ്രീതിസംഗമം കാണാനായി പോയത്. പട്ടണത്തിന്റെ ഓരത്തായി തന്നെയാണ് പ്രദേശവാസികളുടെ ഈ പുണ്യസ്ഥലം. കരാഡ് എന്ന പട്ടണം വികസിച്ചുവന്നത് ഈ നദീസംഗമതടത്തിൽ നിന്നാണ് എന്ന് മറ്റൊരുതരത്തിൽ പറയാം.

പട്ടണമമദ്ധ്യത്തിലൂടെ പ്രീതിസംഗമത്തിലേയ്ക്ക് വണ്ടിയോടുമ്പോൾ കാഴ്ചകൾ ഇന്ത്യയിലെ ഏതൊരു ചെറുപട്ടണത്തിലേയും പോലെ മടുപ്പിക്കുന്നതാണ്. പൊട്ടിപ്പൊളിഞ്ഞ, പൊടിപാറുന്ന റോഡുകൾ, അതിലൂടെ തോന്നുംപടി ഓടുന്ന വാഹനങ്ങൾ, നിരത്തിനിരുവശവും യാതൊരു തത്വദീക്ഷയുമില്ലാതെ കെട്ടിയുയർത്തിയിരിക്കുന്ന സൗന്ദര്യം ഒട്ടുമില്ലാത്ത കെട്ടിടങ്ങൾ...

ഓട്ടോറിക്ഷാ തുള്ളിച്ചാടി അതിവേഗം ഓടിക്കൊണ്ടിരുന്നു. ആ നേരം മുഴുവൻ അതിന്റെ ഏതെങ്കിലുമൊരു ചക്രം അന്തരീക്ഷത്തിലായിരുന്നു...

കരാഡിലെ ഒരു തെരുവ്...
പ്രീതിസംഗമത്തിലേയ്ക്ക് തിരിയുന്ന റോഡിലിറക്കി ഓട്ടോറിക്ഷ മടങ്ങി...

റോഡിന്റെ അങ്ങേയറ്റത്ത് ഒരു കമാനം കാണാം. അതാവണം പ്രീതിസംഗമത്തിലേയ്ക്കുള്ള പ്രവേശനഭാഗം. ആ കമാനത്തിലേയ്ക്ക് ഒരു ആൽമരത്തിന്റെ ശാഖികൾ ചാഞ്ഞിറങ്ങിയിരിക്കുന്നു....

ഈ പ്രവർത്തിദിവസത്തിന്റെ സായന്തനത്തിൽ പോലും, പ്രദേശവാസികളായ ആളുകളുടെ, അതിൽ ചിലരെങ്കിലും തീർത്ഥാടകരാണ്, ചെറിയ കൂട്ടത്തെ വഴിനീളെ കാണാനായി. അവരെ പ്രതീക്ഷിച്ചുള്ള വഴിയോരക്കച്ചവടക്കാരും സജീവം. മര്യാദക്കാരായ കച്ചവടക്കാർ. തങ്ങളിലേക്ക് വരുന്ന യാത്രക്കാരെ മാത്രം സേവിക്കുന്നവർ. ഏറ്റവും അസഹ്യമായി തോന്നിയിട്ടുള്ളത് തെക്കൻ കർണ്ണാടകത്തിലെ വഴിയോരക്കച്ചവടക്കാരുടെ പെരുമാറ്റമാണ്; കൊള്ളക്കാരെപ്പോലെ, പേടിപ്പെടുത്തും വിധം, സഞ്ചാരികളെ വളഞ്ഞുവച്ച് കച്ചവടംചെയ്യാൻ ശ്രമിക്കുന്നവർ. എന്തൊക്കെ സാമൂഹിക സാഹചര്യം മുൻനിർത്തി ന്യായീകരിക്കാൻ ശ്രമിച്ചാലും, വിനോദസഞ്ചാരമേഖലയിൽ ഇത്തരക്കാർ വല്ലാത്തൊരു ബാധ്യതയാണ്.

പ്രീതിസംഗമത്തിന്റെ പ്രവേശനഭാഗം
കമാനം കടക്കുമ്പോൾ എത്തുക സംഗമം കഴിഞ്ഞ് സംയോജപുളകിതമായി കുതിക്കുന്ന നദിയുടെ പടവുകളിലേയ്ക്കാണ്. യഥാർത്ഥ നദീസംഗമസ്ഥാനം കുറച്ചുകൂടി പടിഞ്ഞാറുമാറിയാണ്. അവിടേയ്ക്ക്, നദീതീരത്തുകൂടി ഒരുദ്യാനം നീണ്ടുകിടക്കുന്നു.

ഞങ്ങൾ പടവുകളിലൂടെ താഴേയ്ക്കിറങ്ങി. ഭാര്യയും മകളും, തിരക്കില്ലാത്ത പടവിൽ നദീസ്പർശമേറ്റെത്തുന്ന കുളിർകാറ്റിനഭിമുഖമായി ഇരുന്നു (പഠനസംബന്ധമായി ഒഴിവാക്കാനാവാത്ത കാര്യങ്ങളുണ്ടായിരുന്നതിനാൽ, മകന് മുംബൈയിൽ നിന്നും ഞങ്ങളോടൊപ്പം കാരാഡിലേയ്ക്ക് വരാൻ സാധിച്ചിരുന്നില്ല). ഞാൻ കുറച്ചുകൂടി താഴേയ്ക്കിറങ്ങി, ഏതാനും ചിത്രങ്ങൾ പകർത്തി...

പടവുകളുടെ ഒരു ഭാഗം കുറച്ചുമാറിയുള്ള കൃഷ്ണമായീക്ഷേത്രം വരെ നീളുന്നുണ്ട്. അത്ര വലിയ ക്ഷേത്രമൊന്നുമല്ല. എങ്കിലും തീർത്ഥസംഗമസ്ഥലിയിലെ പുണ്യക്ഷേത്രം എന്ന നിലയ്ക്ക് പ്രദേശത്തെ ഭക്തരുടെ ഒരു പ്രധാന സന്ദർശനസ്ഥലമാണെന്ന് മനസ്സിലാക്കുന്നു.

ആ ഭാഗത്ത്, ക്ഷേത്രദർശനം കഴിഞ്ഞെത്തിയവരാവാം, വർണ്ണസാരി ചുറ്റിയ ഏതാനും സ്ത്രീകൾ, പടവുകളിറങ്ങി, നദിയിൽ കാൽനനച്ച് നിൽക്കുന്നു...

കൃഷ്ണമായിക്ഷേത്രം
പിന്നെ ഉദ്യാനത്തിന്റെ നടവഴിയിലൂടെ ഞങ്ങൾ പ്രീതിസംഗമ മുനമ്പിലേയ്ക്ക് നടന്നെത്തി. അവിടെ കൃഷ്ണാനദിയും കൊയ്‌നാനദിയും സംഗമിക്കുന്ന വിശാലമായ ജലപ്പരപ്പിന്റെ കുഞ്ഞോളങ്ങളിൽ സായന്തനസൂര്യന്റെ ഭൂമിമോഹം വെള്ളിവെട്ടമായി തിളങ്ങുന്നു...

ഞങ്ങൾ നിൽക്കുന്ന ഭാഗത്തു നിന്നും നോക്കുമ്പോൾ നേരെ എതിർഭാഗത്തു നിന്നും ഒഴുകിവരുന്നത് കൃഷ്ണാനദിയാണ്. ഇടതുഭാഗത്ത് നിന്ന് കൊയ്‌നാ നദിയും. ഇവ രണ്ടും സംഗമിച്ച് കൃഷ്ണ എന്ന പേരിൽ തന്നെ വലതുഭാഗത്തേയ്ക്ക്, കൂടുതൽ ജലസാന്ദ്രമായി യാത്രതുടരുന്നു. സാങ്കേതികമായി പറഞ്ഞാൽ ഇവിടെ വച്ച് കൊയ്‌നാ നദി കൃഷ്ണയിൽ ലയിക്കുകയാണ്.

ഈ സംഗമത്തിന്റെ ഭൂമിശാസ്ത്രപരമായ ഒരു പ്രത്യേകത, കൃത്യമായും എതിർഭാഗങ്ങളിൽ നിന്നും ഒഴുകിവരുന്ന രണ്ടു നദികൾ കൂട്ടിമുട്ടുന്നു എന്നതാണ്. അതുകൊണ്ടു തന്നെ ഇംഗ്ലീഷ് അക്ഷരമാലയിലെ 'റ്റി'യുടെ ആകൃതിയാണ് സംയോജനഭാഗത്തെ നദീരൂപത്തിന്. പൊതുവേ, ഒരേ വശത്തു നിന്നും ഒഴുകിയെത്തി സൂച്യാകാരത്തിലാണ് ('വൈ' എന്ന ഇംഗ്ലീഷ് അക്ഷരരൂപം) നദികൾ സംഗമിക്കുക.     

പ്രീതിസംഗമം
ഉദ്യാനത്തിലെ ഇലച്ചെടികൾ അതിർത്തി തിരിക്കുന്ന തീരത്ത്, കായൽ പോലെ കിടക്കുന്ന മഹാനദികളുടെ ഹരിതഹൃദ്ത്തടത്തിലേയ്ക്ക് നോക്കിനിൽക്കുമ്പോൾ ഏതാനും വർഷങ്ങൾക്ക് മുൻപ് ചെന്നെത്തിയ ദക്ഷിണേന്ത്യയിലെ ഒരു വലിയ നദീസംഗമസ്ഥാനം ഓർമ്മവന്നു. കാവേരിയിൽ കബനി ലയിക്കുന്ന തിരുമകൂടൽ നരസിപുര. മൈസൂറിനടുത്തുള്ള ആ സ്ഥലത്തിനോട് ഇവിടം നേർത്ത സമാനതകൾ പ്രകടിപ്പിക്കുന്നുണ്ട്. നദീതീരത്തുള്ള ക്ഷേത്രമൊക്കെ പക്ഷേ ഇവിടെയുള്ളതിനെ അപേക്ഷിച്ച് വലുതും വാസ്തുരീതിപരമായി സവിശേഷതകൾ ഉള്ളതുമായിരുന്നു അവിടെ.

പ്രീതിസംഗമത്തിന്റെ മൂന്നു കരകളും ഹരിതാഭമാണ്, വന്യമല്ലെങ്കിൽ കൂടിയും. നദീതീരത്തെ, ഇപ്പോൾ ജലമൊഴിഞ്ഞു കാണപ്പെടുന്ന ചില ഭാഗങ്ങളിൽ ഏതോ കൃഷിക്കായി നിലമുഴുന്നതും കാണാം. വർഷകാലാനന്തരം, അടുത്ത മഴയെത്തി ജലനിരപ്പ് ഉയരുന്നതിന് മുൻപുള്ള ചെറിയ കാലയളവിൽ നട്ടുവളർത്തി വിളവെടുക്കാനാവുന്ന എന്തെങ്കിലും കൃഷിയാവണം.

ഇനിയൊരിക്കലും വന്നെത്താനിടയില്ലാത്ത ഈ നദീസംഗമ മുനമ്പിൽ, സവിശേഷമായ പ്രകൃതിജാലത്തിന്റെ ലാവണ്യകാഴ്ചകളും കണ്ട് ഞങ്ങളങ്ങനെ നിന്നു...

സംഗമശേഷം കൃഷ്ണാനദി യാത്രതുടരുന്നു... 
സഹ്യാദ്രിയുടെ മഹാബലേശ്വർ മലനിരകളിൽ, അധികം ദൂരത്തല്ലാതായാണ് കൃഷ്ണയും കൊയ്‌നയും ഉത്ഭവിക്കുന്നത്. എന്നാൽ മലയുടെ ഇരുപുറം ചരിവുകളിലൂടെ രണ്ടു ജലവഴികളായി, ഡെക്കാന്റെ സമതലഭൂമിയിലേയ്ക്ക് ഒഴുകിയിറങ്ങുന്ന അവ കരാഡിൽ വച്ച് ഒന്നാവുന്നു. കൊയ്‌നയുടെ ജീവിതം ഇവിടെ അവസാനിക്കുന്നു, കൃഷ്ണ തുടരുന്നു...

ഇന്ത്യയിലെ ഏറ്റവും വലിയ നദികളിലൊന്നാണ് കൃഷ്ണ. മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ തുടങ്ങി ഏതാണ്ട് 1400 കിലോമീറ്റർ ഒഴുകി ആന്ധ്രയുടെ തീരപ്രദേശത്ത് ഒരു ഉപദ്വീപുപോലെ ബംഗാൾ ഉൾക്കടലിലേയ്ക്ക് തള്ളിനിൽക്കുന്ന, കൃഷ്ണാ ജില്ലയിലെ ദിവിസീമ പ്രദേശത്തു വച്ച് കൃഷ്ണപ്രവാഹം കടലിൽ ചേരുന്നു. ഈ ദേശത്തിന്റെ പേരിൽ നിന്നാവണം നദിക്കും കൃഷ്ണ എന്ന പേര് ലഭിച്ചിരിക്കുക. നാല് സംസ്ഥാനങ്ങളിലൂടെ - മഹാരാഷ്ട്ര, കർണ്ണാടക, തെലങ്കാന, ആന്ധ്രാ - ഈ നദി കടന്നുപോകുന്നു.

ഉദ്യാനവൃക്ഷശാഖിയിലെ രാത്രിഞ്ചരന്മാർ
വലിയ നദീതീരങ്ങളിലൊന്നും ചെന്നുനിന്നിട്ടില്ലാത്ത, നദീപഥങ്ങളെ കുറിച്ചൊന്നും വലിയ പിടിപാടില്ലാതിരുന്ന കാലത്ത്, ചെറിയ ക്ളാസുകളിൽ, ഭാരതപ്പുഴയുടെ കൈവഴികൾ, പെരിയാറിന്റെ കൈവഴികൾ എന്നൊക്കെ പഠിക്കുമ്പോൾ ആ പരികല്പന മനസ്സിൽ പതിപ്പിച്ച ഒരു ചിത്രമുണ്ട്. ഒഴുകിവരുന്ന ഒരു വലിയ നദിയിൽ നിന്നും പലയിടങ്ങളിൽ വച്ച്, പല വഴിക്ക് പിരിഞ്ഞുപോകുന്ന ചെറുനദികൾ. "അങ്ങനെ ആ കുടുംബം പല കൈവഴികളായി പിരിഞ്ഞു" എന്നൊക്കെ എഴുതുമ്പോൾ/വായിക്കുമ്പോൾ  അത്തരത്തിലുള്ള പരികല്പനയാണ് പ്രകാശിപ്പിക്കപ്പെടുന്നത്. പക്ഷെ യഥാർത്ഥത്തിൽ അത്തരം ഒരു മനോചിത്രം നദികളുടെ കാര്യത്തിൽ കൃത്യമല്ലെന്ന്, പിൽക്കാലത്ത്, നദീപഥങ്ങളിലൂടെ നടക്കുമ്പോൾ മനസ്സിലായിട്ടുണ്ട്. പൊതുവേ, പല സ്ഥലങ്ങളിൽ ഉത്ഭവിക്കുന്ന ചെറിയ ജലപ്രവാഹങ്ങൾ പല വഴികളിലൂടെ ഒഴുകിവന്ന് ഒന്നായി ഒരു വലിയ നദിയാവുകയാണ് ചെയ്യുന്നത്. നദികളിൽ നിന്നും പിരിഞ്ഞുപോകുന്ന പ്രവാഹങ്ങളല്ല കൈവഴികൾ, അതിലേയ്ക്ക് വന്നുചേരുന്നവയാണ്. കടലിനോട് ചേരുന്ന അഴിമുഖപ്രദേശത്തെ നദീതടത്തിൽ വച്ച് പുഴകൾ പലതായി പിരിയാറുണ്ടെങ്കിലും അത്തരം ചിതറിയ പ്രവാഹങ്ങളെ കൈവഴികൾ എന്ന് വിളിക്കാറില്ല.

കൊയ്‌നയെപ്പോലെ പല നദികളും കൃഷ്ണയിലേയ്ക്ക് വന്നുചേരുന്നുണ്ടെങ്കിലും അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും, വായിച്ചും കേട്ടും പരിചയമുള്ളതും ആയ ഒരു നദി തുംഗഭദ്രയാണ്. എന്നാൽ കൃഷ്ണയുടെ ഏറ്റവും നീളമുള്ള കൈവഴി ഭീമാനദിയത്രേ. കൃഷ്ണയും അതിന്റെ കൈവഴികളും, പൊതുവേ വരണ്ട ഡെക്കാന്റെ വലിയൊരു ഭൂപ്രദേശത്തെയാകമാനം ഊർവ്വരമാക്കുന്നുണ്ട്. ഡെക്കാനും കൃഷ്ണയുമായുള്ള ബന്ധം മറ്റൊരു ഉപന്യാസത്തിനുള്ള സമഗ്രവിഷയമാവും.

നദീസംഗമം - മറ്റൊരു കാഴ്ച
പ്രീതിസംഗമ മുനമ്പിൽ കാഴ്ചകൾ കാണാനുള്ള തട്ടുപോലെ തോന്നിച്ച, ചുമന്ന ഓടുപാകിയ ഒരു തുറന്ന മണ്ഡപമുണ്ടായിരുന്നു. അതിലേയ്ക്ക് ചെരിപ്പിട്ട് കയറരുത് എന്നൊരു ഫലകം സ്ഥാപിച്ചിരുന്നു. സംഗമമുനമ്പിന്റെ പുണ്യഭാവം നിലനിർത്താനാവാം അത്തരമൊരു നിർദ്ദേശമെന്നു കരുതി. ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായിരുന്ന വൈ. ബി. ചവാന്റെ സ്മൃതിമണ്ഡപമായിരുന്നു അതെന്ന് മനസ്സിലാക്കിത്തരുന്ന സൂചനാഫലകങ്ങൾ ഒന്നും അവിടെയുണ്ടായിരുന്നില്ല. ഒരുപക്ഷെ മറ്റേതെങ്കിലും ഭാഗത്ത് മറഞ്ഞിരുന്നത് ഞങ്ങൾ കാണാതെ പോയതാണോ എന്നുമറിയില്ല. എന്തായാലും അവിടെ നിൽക്കുമ്പോൾ ആ മണ്ഡപം എന്തിന്റെ സ്മരണികയാണെന്ന് ഞങ്ങക്ക് മനസ്സിലായിരുന്നില്ല. അതിനാൽ തന്നെ നിർമ്മാണരീതിയിൽ പ്രത്യേകതയൊന്നും തോന്നാത്ത ഒരു പ്ലാറ്റ് ഫോമിന്റെ ചിത്രമെടുക്കുക എന്ന ആശയം അന്നേരം എന്റെ മനസ്സിൽ വന്നതുമില്ല.

കരാഡ് അഭിമാനത്തോടെയോർക്കുന്ന ആ ദേശത്തു നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വമാണ് മഹാരാഷ്ട്രയുടെ ആദ്യത്തെ മുഖ്യമന്ത്രിയും ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയും ഒക്കെ ആയിരുന്ന യശ്വന്ത് റാവു ബൽവന്ത് റാവു ചവാൻ. അക്കാലത്തെ പല നേതാക്കളെയും പോലെ, കോൺഗ്രസ്സ് പാർട്ടിയിലെ വലിയ നേതാവായിരുന്ന ചവാൻ, അടിയന്തരാവസ്ഥയെ തുടർന്ന് ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ്സ് വിട്ട് വിമതപക്ഷത്ത് നിലയുറപ്പിക്കുകയാണ് ചെയ്തത്. 1984 - ൽ മരിച്ച അദ്ദേഹത്തിന്റെ, സ്വദേശത്തെ സ്മൃതിമണ്ഡപത്തിലാണ്, അതെന്താണെന്നറിയാതെ ഞങ്ങൾ കയറിനടക്കുകയും ഇരിക്കുകയും ഒക്കെ ചെയ്തത് എന്ന വസ്തുത ക്ഷമാപണത്തോടെ സൂചിപ്പിച്ചുകൊള്ളട്ടെ.

സ്മൃതിമണ്ഡപഭാഗത്തു നിന്നുള്ള ഒരു കാഴ്ച...
പ്രീതിസംഗമത്തിൽ നിന്നും മടങ്ങുമ്പോൾ, പ്രവേശനഭാഗത്തെ ആൽമരത്തിന്റെ ചുവട്ടിലായി, സന്ദർശകരെ കാത്തുനിൽക്കുന്ന, മൂന്ന് വെള്ളക്കുതിരകളെ കണ്ടു. തൂവൽത്തലപ്പാവും കിന്നരിത്തൊങ്ങലുകളും ഒക്കെയായി അലങ്കരിച്ചു നിർത്തപ്പെട്ട കുതിരകൾ. മൂന്നാറിലും ഊട്ടിയിലും മറ്റും കാണുന്ന ചാവാലി കുതിരകളെക്കാൾ അല്പംകൂടി പുഷ്ഠിയുള്ളതുപോലെ തോന്നി ഇവയ്ക്ക്. യാത്രികർക്ക് സവാരി നൽകാൻ അലങ്കരിച്ചു നിർത്തപ്പെട്ട കുതിരകളെ ഇപ്പോൾ പല വിനോദസഞ്ചാരകേന്ദ്രങ്ങളിലും കാണാം. നമ്മുടെ ഭാഗത്ത് മാത്രമല്ല, സ്വിറ്റ്സർലാൻഡിലെ, മോട്ടോർവാഹനങ്ങൾ എത്താത്ത, സെർമാത്ത് എന്ന മലമുകൾ പട്ടണത്തിലും ഇത്തരത്തിലുള്ള കുതിരകളെയും കുതിരവണ്ടികളേയും കണ്ടിരുന്നു.

ഇവിടെയുള്ള മൂന്ന് വെള്ളക്കുതിരകളിൽ രണ്ടെണ്ണത്തിന്റെ കണ്ണുകൾ ഭാഗികമായി മൂടപ്പെട്ടിരുന്നു. ബാക്കിയുള്ള ഒന്നിന്റെ കണ്ണിലെ വിഷാദഭാവം ഒരുപക്ഷെ ഇന്ന് സവാരിക്ക് ആരെയും കിട്ടാത്തതിനാലാവാം. എന്നാൽ അതിനുമപ്പുറം, പൊതുവേ കുതിര എന്ന ജീവിഗണം ഇപ്പോൾ അവയുടെ പറുദീസാനഷ്ടത്തിന്റെ കാലഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നതിനാലുമാവാം.

ഏതാണ്ട് ആറായിരം വർഷങ്ങൾക്ക് മുൻപാണ് കുതിരകൾ മനുഷ്യനുമായി ഇണങ്ങുന്നത് എന്ന നിഗമനത്തിലാണ് ശാസ്‌ത്രകാരന്മാർ എത്തിയിട്ടുള്ളത്. അതിനുശേഷം പടിപടിയായി അവ മനുഷ്യജീവിതത്തിന്റെ അഭിഭാജ്യഘടകമായി മാറി. മാത്രവുമല്ല, നൂറ്റാണ്ടുകളോളം അവ സാധാരണ മനുഷ്യരെക്കാളും വലിയ സൗകര്യങ്ങൾ അനുഭവിക്കുകയും ചെയ്തു. യാത്രാവാഹനമായും, യുദ്ധങ്ങളിലെ വീരനായും, സാഹസിക വിനോദങ്ങളിലെ സന്തതസഹചാരിയായും ഒക്കെ കുതിരകൾ മനുഷ്യനുമായി ഉയർന്ന സാമൂഹിക നിലവാരങ്ങളിൽ അഭിരമിച്ചു. അത്തരത്തിൽ ശതസംവത്സരങ്ങൾ നീണ്ട സഹവർത്തിത്വത്തിന്റെ തുടർച്ചയിൽ, കുതിരകൾക്ക് അവയുടെ മൃഗഭാവങ്ങൾ ഏറെക്കൂറെ നഷ്ടപ്പെട്ടു. ഇന്ന് വന്യതയിൽ അവയുടെ ഒരു ഉപവർഗ്ഗം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതറിഞ്ഞാൽ, കുതിരയും മനുഷ്യനുമായുള്ള നൂറ്റാണ്ടുകൾ നീണ്ട സൗഹൃദത്തിന്റെ ആഴം മനസ്സിലാക്കാം - അത് കുതിരകളുടെ ജനിതകഘടനയിൽ തന്നെ മാറ്റംവരുത്തിക്കളഞ്ഞു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ യന്ത്രവാഹനങ്ങൾ വ്യാപകമാവാൻ തുടങ്ങിയതോടെയാണ് കുതിരകളുടെ പറുദീസാനഷ്ടം ആരംഭിക്കുന്നത്. നിത്യവാഹനമായും യുദ്ധവാഹനമായും ഉപയോഗിക്കപ്പെട്ടിരുന്ന കുതിരകൾ പെട്ടെന്ന് അപ്രസക്തമായി. മനുഷ്യരുടെ നിത്യജീവിതത്തിൽ നിന്നും കുതിരകൾ പൊതുവെ നിഷ്കാസിതരായി. ദൈനംദിനങ്ങളിൽ കുതിരകളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന മനുഷ്യസമൂഹങ്ങൾ ഇപ്പോഴുമുണ്ട്. അമേരിക്കൻ ഐക്യനാടുകളുടെ തെക്കുകിഴക്കൻ പ്രദേശങ്ങളിൽ വസിക്കുന്ന കൃഷീവല സമൂഹങ്ങൾ ഒരുദാഹരണമാണ് (കൗബോയ് എന്ന പേരിൽ ഹോളിവുഡ് സിനിമകളിൽ നമ്മൾ അവരെ ഏറെ കണ്ടിരിക്കുന്നു). എങ്കിലും ലോകത്താകമാനം തുടർന്നിരുന്ന സമഗ്രമായ ഉപയോഗത്തിൽ നിന്നും കുതിരകൾ വളരെയധികം പിന്നിലേയ്ക്ക് പോയി.

വീരയോദ്ധാക്കളെയുമേറ്റി ഗർവ്വോടെ പാഞ്ഞിരുന്ന അവ ഇപ്പോൾ ഇവിടെ ഞങ്ങൾക്ക് മുന്നിൽ വിനോദസഞ്ചാരികളെ പ്രതീക്ഷിച്ച് വിഷാദമഗ്നരായി തലകുനിച്ച് നിൽക്കുന്നു - ജോൺ മിൽട്ടന്റെ 'പറുദീസാനഷ്ടം' എന്ന കവിത അവർ വായിച്ചിട്ടില്ലെങ്കിലും...

സംഗമതീരത്തെ കുതിരകൾ
സംഗമതീരത്തു നിന്നും കുറച്ചകലെയാണ് പ്രധാനപാത. അവിടെ ചെന്നുവേണം മടങ്ങിപ്പോകാൻ ഒരു വണ്ടിപിടിക്കാൻ. ഞങ്ങൾ അങ്ങോട്ടേയ്ക്ക് നടന്നു...

പിറകിൽ കൃഷ്ണ-കൊയ്‌നയുടെ നദിയോളങ്ങളിൽ വെയിൽ ചായുകയാണ്. നടപ്പാതയിൽ പോക്കുവെയിൽ വരഞ്ഞിടുന്ന വലിയ നിഴൽച്ചിത്രങ്ങൾ. ഒരു ഭാഗത്ത് കൃഷ്ണമായീക്ഷേത്രം, എതിർഭാഗത്ത് കൂറ്റൻ അരയാലുകൾ വളരുന്ന ഉദ്യാനസീമ. മുന്നിൽ, അകലെ പെരുവഴിയിലൂടെ ഇടവിട്ട് കടന്നുപോകുന്ന വാഹങ്ങൾ...

അങ്ങനെ നടക്കേ ആത്മബോധത്തിന്റെ ഏതൊക്കെയോ അടരുകൾ പ്രജ്ഞയിൽ നിന്നും അറ്റുപോകുന്നതറിഞ്ഞു. ഇവിടേയ്ക്ക് നടന്നെത്തിയ വഴികൾ, ഇവിടെ നിന്നും സഞ്ചരിക്കേണ്ട പാതകൾ, ദിനരാത്രങ്ങളുടെ വിഹ്വലതകൾ, ജീവിതാമോദങ്ങൾ - ഒക്കെയും മാഞ്ഞുപോയി.

അജ്ഞാതമായ ദേശങ്ങളിൽ ചെന്നുനിൽക്കുമ്പോൾ ഇടയ്‌ക്കൊക്കെ, ഇത്തരം മാനസികാവസ്ഥ ഉണ്ടാവാറുണ്ട്. ഈ കാണുന്ന കാഴ്ചകൾ, ഈ ഭൂമിഗന്ധം, കടന്നുപോകുന്ന വഴിപോക്കരുടെ അവ്യക്തമായ ഭാഷണശബ്ദങ്ങൾ, ഈ കാറ്റിന്റെ കുളിര്... അവ മാത്രം, അവ മാത്രം ബോധത്തിൽ ബാക്കിയാവുന്നു...!

- തുടരും -