2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

അശോകവനം - രണ്ട്

ഒന്നാം ഭാഗം 

ഹക്ഗാല ഉദ്യാനം സന്ദര്‍ശിക്കുന്നതിനും തൊട്ടുമുന്‍പത്തെ ദിവസമാണ് ഞങ്ങള്‍ നുവാറഏലിയായില്‍ എത്തുന്നത്. മറ്റൊരു ദക്ഷിണ ശ്രീലങ്കന്‍ പട്ടണത്തില്‍ നിന്നും അതിരാവിലെ യാത്രയാരംഭിച്ച് കിതുല്‍ഗാല എന്ന അര്‍ദ്ധവനപ്രകൃതിയിലുള്ള സ്ഥലം വഴി വളരെനീണ്ട യാത്രക്ക് ശേഷമാണ് വൈകുന്നേരത്തോടെ ഞങ്ങള്‍ നുവാറഏലിയായില്‍ എത്തിയത്. കെലാനി നദിയുടെ കരയിലാണ് കിതുല്‍ഗാല. മധ്യമലനിരകളില്‍ ഉത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകി, കൊളംമ്പോയുടെ പ്രാന്തപ്രദേശത്തായാണ് ഇത് കടലില്‍വീഴുക. 145 കിലോമീറ്റര്‍ നീളമുള്ള കെലാനി ശ്രീലങ്കന്‍ ദ്വീപിലെ നാലാമത്തെ വലിയ നദിയാണ്. വലിപ്പത്തിന്റെ സ്ഥാനത്തില്‍ അല്‍പ്പം പിന്നിലേക്കാണെങ്കിലും കെലാനി  ശ്രീലങ്കയുടെ സമ്പദ്ഘടനയിലും ജനജീവിതത്തിലും സംസ്കാരത്തിലും വലിയ സ്വാധീനം ചെലുത്തന്ന ഒന്നാണ്. നാല് ജലവൈദ്യുതപദ്ധതികള്‍ കെലാനിയെ ആശ്രയിച്ചുനില്‍ക്കുന്നു. കൊളംമ്പോ നഗരത്തിന്റെ ജല ആവശ്യങ്ങളുടെ എണ്‍പത് ശതമാനവും നിറവേറ്റുന്നത് കെലാനിയാണ്. കേരളത്തിലെ നദികളില്‍ എന്നതുപോലെ കെലാനിയിലും പാരിസ്ഥികപ്രശ്നങ്ങള്‍ ഉണ്ടാക്കുംവിധം മണലൂറ്റ് വ്യാപകമത്രേ. എങ്കിലും കേരളത്തിന്റെ പരിതസ്ഥിതിയില്‍ നിന്നും ഇതിനു കാര്യമായ വ്യത്യാസമുണ്ട്. ഒന്നാമതായി കേരളത്തെപ്പോലെ ഒന്നടങ്കം എല്ലാ മേഖലകളിലും, പട്ടണ-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ സ്ഥലങ്ങളിലും, വന്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും ഇവിടെ നടക്കുന്നതായി കാണുന്നില്ല. രണ്ടാമത്, മണലൂറ്റിന്റെ പാരിസ്ഥിതിക വശത്തെകുറിച്ച് ഇവിടുത്തെ പൊതുസമൂഹം കേരളത്തിലെന്നപോലെ ബോധവാന്മാരാണെന്നും തോന്നുന്നില്ല. ആ നിലയ്ക്ക് ഇവിടം കേരളത്തില്‍ നിന്നും പത്തുമുപ്പതുവര്‍ഷം പിന്നിലാണ്.

കെലാനി നദി
കെലാനിയിലൂടെയുള്ള വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്ങിനു പേരുകേട്ട സ്ഥലമാണ് കിതുല്‍ഗാല. പക്ഷെ എന്നെ അവിടേയ്ക്ക് ആകര്‍ഷിച്ചത് അതായിരുന്നില്ല, 1957 ല്‍ നിര്‍മ്മിച്ച, ഏഴ് ഓസ്ക്കാര്‍ അവാര്‍ഡുകള്‍ നേടിയ 'ദി ബ്രിഡ്ജ് ഓണ്‍ ദി റിവര്‍ ക്വായി' എന്ന സിനിമയാണ്. കഥാപശ്ച്ചാത്തലം രണ്ടാം ലോകമഹായുദ്ധ കാലത്തെ തായ്‌ലാന്‍ഡും ബെര്‍മ്മയുമാണെങ്കിലും, സിനിമയുടെ മുഖ്യലൊക്കേഷന്‍ കിതുല്‍ഗാലയായിരുന്നു. കെലാനിയുടെ കുറുകേ സിനിമയ്ക്കുവേണ്ടി  കെട്ടിയുണ്ടാക്കിയ പാലമായിരുന്നു ശീര്‍ഷകം സൂചിപ്പിക്കുന്നതു പോലെ കഥയുടെ മുഖ്യ ആകര്‍ഷണതന്തു. പാലമുള്‍പ്പെടെയുള്ള ആ വലിയ ഹോളിവുഡ് സിനിമാസെറ്റിന്റെ അവശിഷ്ടങ്ങള്‍ അവിടെയുണ്ട് എന്ന ചില വെബ്സൈറ്റ് അറിവുകളാണ്, യാത്രപോലെ തന്നെ സിനിമയും പാഷനായ എന്നെ അങ്ങോട്ടേക്ക് കൊണ്ടുപോയത്. പലരും പറഞ്ഞു, സിനിമാനിര്‍മ്മാണം നടന്ന്‍ ഏതാണ്ട് ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇപ്പോള്‍ അവിടെ അവശിഷ്ടങ്ങള്‍ ഒന്നും ബാക്കിയില്ലെന്ന്. ഞാനത്  അവിശ്വസിച്ചു. കെലാനിയുടെ കരയില്‍ സിനിമാസെറ്റിരുന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്ററോളമുള്ള നാട്ടിടവഴിയിലൂടെ തിരിച്ചുനടക്കുമ്പോള്‍ ഭാര്യയും മക്കളും ഒന്നും മിണ്ടിയില്ല. എന്റെ യുക്തിക്കുനിരക്കാത്ത ചില നിര്‍ബന്ധങ്ങളെ അവര്‍ മൌനം കൊണ്ട് മറികടക്കാറുണ്ട്. ഒരു പരസ്യചിത്രത്തില്‍ പറയുന്നതുപോലെ, ആ സിനിമാസെറ്റിന്റെ പൊടിപോലും ഉണ്ടായിരുന്നില്ല അവിടെ കണ്ടുപിടിക്കാന്‍.

ഇവിടയത്രേ 'ദി  ബ്രിഡ്ജ്‌ ഓണ്‍ ദി റിവര്‍ ക്വായി' എന്ന സിനിമയിലെ പാലം നിന്നിരുന്നത്
കിതുല്‍ഗാല വഴിയുള്ള യാത്ര ഏതാണ്ട് അരദിവസമാണ് നഷ്ടപ്പെടുത്തിയത്. എങ്കിലും കെലാനിയുടെ കരയിലൂടെ ശ്രീലങ്കയുടെ ഉള്‍ഗ്രാമങ്ങള്‍ കണ്ടുള്ള യാത്ര തികച്ചും വിരസമായിരുന്നു എന്നുപറയാന്‍ വയ്യ. കേരളത്തിന്റെ ഇടനാടുകളിലൂടെ സഞ്ചരിക്കുന്നതു പോലെയാണ് ഈ യാത്ര അനുഭവപ്പെട്ടത്. ഭൂപ്രകൃതിയും കവലകളും കടകളും നാട്ടിടവഴികളും ഒക്കെ കേരളത്തിലെ പോലെ തന്നെ. ചെറിയൊരു വ്യത്യാസമായി തോന്നുക, കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ അഭാവമാണ്. കേരളത്തില്‍ ഏതു ഗ്രാമത്തിലും പടുകൂറ്റന്‍ കോണ്‍ക്രീറ്റ് വീടുകള്‍ മുഴച്ചുനില്‍ക്കുന്നത് ഒഴിവാക്കാനാവാത്ത കാഴ്ചയാണല്ലോ. പട്ടണങ്ങളില്‍ ഒഴിച്ച്, ശ്രീലങ്കയില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കുറവാണ്. പാരിസ്ഥിതികമായ വിഷയം എന്തായാലും, കേരളത്തിലെ വലിയ ഭവനങ്ങള്‍ ഒരു പ്രത്യേക ജീവിതനിലവാരത്തെ സൂചിപ്പിക്കുന്നുണ്ട്. ആ നിലവാരത്തിലേക്ക് ശ്രീലങ്കയിലെ സാധാരണ മനുഷ്യര്‍ എത്തിയിട്ടില്ല. ഒരു നല്ല കോണ്‍ക്രീറ്റ് ഭവനം ഉണ്ടാക്കുക എന്നത് സാധാരണ ശ്രീലങ്കക്കാരന് ഇന്നും ബാലികേറാമൂലയാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന തരത്തിലുള്ള സമ്പദ്നിലവാരം അവിടെ സംജാതമായിട്ടില്ല. ഒരു മുപ്പത്-നാല്‍പ്പത് കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള, ഓടിട്ടവീടുകള്‍ നിറഞ്ഞ കേരളഗ്രാമങ്ങളാണ് ഇന്നത്തെ ശ്രീലങ്ക ഓര്‍മ്മിപ്പിക്കുക. എന്നാല്‍ അത്തരം ചെറിയ വീടുകള്‍ വളരെ വൃത്തിയോടെയും മനോഹാരിതയോടെയും സംരക്ഷിക്കപ്പെടുന്നു എന്നുവേണം ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ .

ഒരു കവല
കെലാനിയുടെ തീരത്തേയ്ക്ക് ഇറങ്ങിനില്‍ക്കുന്ന ഒരു ഭക്ഷണശാലയില്‍ നിന്നാണ് ഉച്ചഭക്ഷണം കഴിച്ചത്. മനോഹരമായ സ്ഥലം. താഴെ നിറഞ്ഞൊഴുകുന്ന പുഴയും, അതിലൂടെ സാഹസികമായ റാഫ്റ്റിങ്ങ്  സഞ്ചാരം നടത്തുന്ന തുഴകാരെയുമൊക്കെ കണ്ട് ആഹാരം കഴിക്കാം. നദിയുടെ കരയിലേക്കുള്ള പടവുകളിലും പാറയിലും മദ്യഗ്ലാസുകളുമായി അലസമായിരിക്കുന്ന സഞ്ചാരികള്‍ . അവിടെവച്ച് ബംഗളൂരുവില്‍ നിന്നുള്ള കുറച്ച് ആള്‍ക്കാരെ പരിചയപ്പെട്ടു. സര്‍ക്കാരുദ്യോഗസ്ഥരെ പോലെ തോന്നിക്കുന്ന മദ്ധ്യവയസ്സിനോടടുപ്പിച്ച് പ്രായമുള്ള പുരുഷന്മാര്‍ . എല്ലാവരും നല്ലപോലെ മദ്യപിച്ച് ബോധംകെട്ടിരിക്കുന്നു. മദ്യപിച്ച് ബോധമില്ലാതെനടക്കാന്‍ വിമാനംപിടിച്ച് ഇത്രയുംദൂരം വരേണ്ടതുണ്ടോ.

കെലാനിയുടെ കരയിലെ ഭക്ഷണശാല
അങ്ങിനെ ചുറ്റിതിരിഞ്ഞ് വൈകുന്നേരത്തോടെയാണ് ഞങ്ങള്‍ 'ലിറ്റില്‍ ഇംഗ്ലണ്ട്' എന്ന്  അറിയപ്പെടുന്ന നുവാറഏലിയായില്‍ എത്തിയത്. കേരളത്തിലെ മൂന്നാര്‍ പോലെ തോന്നുന്ന ഒരു സ്ഥലമാണ് നുവാറഏലിയാ. ശ്രീലങ്കയുടെ സമ്പദ്ഘടനയില്‍ കാര്യമായ സംഭാവന നല്‍കുന്ന തേയിലത്തോട്ടങ്ങളുടെ നാട്. മലമുകളിലെ സ്ഥലമാണെങ്കിലും മൂന്നാറിലേക്ക് കയറുന്നത് പോലൊന്നും അനുഭവപ്പെടില്ല. അതിനുള്ള മുഖ്യകാരണങ്ങളിലൊന്ന് നല്ല ഒന്നാന്തരം വൃത്തിയും വെടിപ്പുമുള്ള റോഡാണ് എന്നതാണ്. നാലുവരിപാതയൊന്നുമല്ലെങ്കിലും കുണ്ടുംകുഴിയും തീരെയില്ലാത്ത, കൃത്യമായി റോഡ്‌സൈനുകള്‍ വരച്ച ഭംഗിയുള്ള നിരത്തുകള്‍ . എടുത്തുപറയേണ്ട മറ്റൊരു കാര്യം ഡ്രൈവിംഗില്‍ ശ്രീലങ്കക്കാര്‍ പുലര്‍ത്തുന്ന മര്യാദയാണ്. കൊച്ചിയിലെ പ്രൈവറ്റ്ബസ് ഡ്രൈവര്‍മാരെ ഒരു ശിക്ഷ എന്നനിലയ്ക്ക് ഇവിടെ വണ്ടിയോടിക്കാന്‍ കൊണ്ടുവിടുന്നത് നന്നായിരിക്കും. ട്രാഫിക്ക് പോലീസും കാര്യക്ഷമമാണ് - കാശുതട്ടാനുള്ള ശുഷ്ക്കാന്തിയാണെന്ന പരാതി ഡ്രൈവര്‍മാര്‍ക്കില്ലാതില്ല. 

വൃത്തിയുള്ള നിരത്തുകള്‍
വരുന്നവഴിയില്‍ ഒരു തേയില ഫാക്ടറി സന്ദര്‍ശിക്കുകയുണ്ടായി. തേയില സംസ്കരിക്കുക എന്നതിനോടൊപ്പം തന്നെ വിനോദസഞ്ചാരികളെ സ്വീകരിച്ച്, ഫാക്ടറിയുടെ പ്രവര്‍ത്തനരീതികളൊക്കെ വിശദീകരിച്ചുകൊടുക്കുക എന്നതും അവിടുത്തെ ജീവനക്കാരുടെ മുഖ്യതൊഴിലാണെന്നു തോന്നുന്നു. കാരണം അത്രയധികം വിനോദസഞ്ചാരികളെ അവിടെ കണ്ടു. മൂന്നാറില്‍ പോയിട്ടുണ്ടെങ്കിലും ഒരു തേയില ഫാക്ടറിയില്‍ ആദ്യമായി പ്രവേശിക്കുന്നത് ഇപ്പോഴാണ്. വളരെ ലളിതമായ സാങ്കേതികതയായാണ്‌ അവിടുത്തെ പ്രവര്‍ത്തനം അനുഭവപ്പെട്ടത്. ഫാക്ടറി മുഴുവന്‍ കണ്ടുകഴിഞ്ഞാല്‍ അവരുടെ തന്നെ ഒരു ഭോജനശാലയുണ്ട് - അവിടെ പോയിരുന്ന് തേയിലതോട്ടങ്ങളും കണ്ട്, ഗാര്‍ഡന്‍ഫ്രെഷ് ചായ കുടിക്കാം. ഭോജനശാലയോട് ചേര്‍ന്നുള്ള കടയില്‍ നിന്ന് ശ്രീലങ്കന്‍ ചായപ്പൊടിയും വാങ്ങാം. സത്യത്തില്‍ , തേയിലത്തോട്ടങ്ങളുടെ ലാന്‍ഡ്സ്കേപ് ഇപ്പോള്‍ ബോറടിയാണ്. കേരളത്തിന്റെ കിഴക്കനതിരുകളിലൂടെ ഏറെത്തവണ സഞ്ചരിച്ചതിനാല്‍ വന്നുപെട്ട വിപര്യയം. 

തേയില ഫാക്ടറി
ലോകത്തിലെ നാലാമത്തെ വലിയ ചായഉത്പാദന രാജ്യമാണ് ശ്രീലങ്ക, കയറ്റുമതിയില്‍ രണ്ടാമത്തേയും. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ബ്രിട്ടീഷുകാര്‍ ശ്രീലങ്കയില്‍ തേയിലത്തോട്ടങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ആരംഭിക്കുന്നത്. കേരളത്തിലെ ചായതോട്ടങ്ങളില്‍ സംഭവിച്ചതുപോലെ തന്നെ, ശ്രീലങ്കയിലും തോട്ടംതൊഴിലാളികളായി എത്തിയത് തമിഴരാണ്. അതില്‍ ഏകദേശം എണ്‍പത് ശതമാനത്തോളം സ്ത്രീകളായിരുന്നു. സിംഹളര്‍ തോട്ടംതൊഴിലുകള്‍ ചെയ്യാന്‍ സന്നദ്ധരായിരുന്നില്ല. വളരെ പരിതാപകരമായ ജീവിതാവസ്ഥയിലാണ് ഈ തൊഴിലാളികള്‍ ജീവിച്ചിരുന്നത്. ഇപ്പോഴും അവരുടെ ജീവിതനിലവാരത്തിന് മാറ്റംവന്നിട്ടില്ല എന്നതാണ് വാസ്തവം. നുവാറഏലിയായില്‍ സാമൂഹികഘടനയിലെ ഈ അന്തരം വളരെ വ്യക്തമായി അറിയാന്‍ സാധിക്കും. വൃത്തിയും വെടിപ്പും എന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ച അവസ്ഥ, സിംഹളരുടെ ജീവിതവുമായി ബന്ധപ്പെടുത്തി മാത്രമാണ്. തമിഴര്‍ വൃത്തിഹീനമായ പരിസരമുള്ള 'ലൈന്‍' വീടുകളില്‍ പരിമിതമായ ജീവിതാവസ്ഥകളില്‍ കഴിഞ്ഞുകൂടുന്നു. ഈ സാമൂഹികാസന്തുലിതാവസ്ഥ ശ്രീലങ്കയ്ക്കെതിരെയോ, സിംഹളര്‍ക്കെതിരെയോ ഒരു പരാതിയായി ഉന്നയിക്കാന്‍ മലയാളിയെന്ന നിലയ്ക്ക് മടിതോന്നും - മൂന്നാറിലെ ചായത്തോട്ടങ്ങളിലും മറ്റും പണിയെടുക്കുന്ന തമിഴരുടെ ജീവിതം ഒരു പാര്‍ശ്വനോട്ടം കണ്ടിട്ടുള്ളതിനാല്‍ തന്നെ.

തേയില ഫാക്ടറിയുടെ ഉള്‍ഭാഗം
ഒരു രാഷ്ട്രമെന്ന നിലയ്ക്ക്, ആശയപരമായി, ഇന്ത്യയിലെ സങ്കീര്‍ണമായ വംശീയ, ഭാഷാ വൈവിധ്യങ്ങളും 'നാനാത്വത്തിലെ ഏകത്വവും' അതിന്റെ സാങ്കേതികതയും ഒക്കെ അംഗീകരിക്കുന്നുണ്ടെങ്കിലും, വ്യക്തിപരമായി കേരളമെന്ന ഭാഷാദേശത്തിന് പുറത്തുള്ള ഒന്നിനോടും സാംസ്കാരികമോ സാമൂഹികമോ ആയ താദാത്മ്യം എനിക്കൊരിക്കലും തോന്നിയിട്ടില്ല. മറാത്തിയും ബംഗാളിയും പഞ്ചാബിയുമൊക്കെ എന്നെ സംബന്ധിച്ച് പോളിനേഷ്യക്കാരെപ്പോലെയോ പാപ്പാന്യൂഗിനിക്കാരെപ്പോലെയോ അകലത്തുള്ള അജ്ഞാതമായ ഇടങ്ങള്‍ തന്നെയാണ്. ദേശീയവും വംശീയവുമായ നിജപ്പെടുത്തലുകളില്‍ നിന്നും കുതറിമാറാന്‍ യത്നിക്കുമ്പോഴും ഉപാധികളില്ലാത്ത ഒരു മമതാബോധം അബോധമായിതന്നെ കേരളമെന്ന ഭാഷാദേശം എന്നില്‍ അലിയിപ്പിച്ചെടുത്തിരിക്കുന്നു. അതിനുപുറത്ത് എന്തെങ്കിലുമൊരു ഇഴയടുപ്പം തോന്നുക തമിഴനോട്‌ മാത്രമാണ്. മുല്ലപ്പെരിയാറില്‍ ഒലിച്ചുപോകുന്നതുമല്ല അത്.

ചായതോട്ടങ്ങള്‍ക്ക് നടുവിലെ തമിഴ് തൊഴിലാളികളുടെ വീടുകള്‍ 
നുവാറഏലിയായിലേക്കുള്ള വഴിയില്‍ പാനീയങ്ങള്‍ വാങ്ങാന്‍ ഒരു ചെറിയ കടയില്‍ നിര്‍ത്തി. തമിഴനായ കടക്കാരന് ആദ്യം ഞങ്ങള്‍ സിംഹളരെന്നോ സ്വദേശികളായ തമിഴരെന്നോ തോന്നിയിരിക്കണം. പിന്നീട് ഞങ്ങളുടെ സംസാരം കേട്ടപ്പോള്‍ എവിടെ നിന്നാണ് എന്നയാള്‍ തമിഴില്‍ തിരക്കി. ഇന്ത്യയില്‍ , കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ അയാളുടെ ഭാവംമാറി. കടയോട് ചേര്‍ന്നുതന്നെ പിന്നിലുള്ള വീട്ടിലേക്ക് നോക്കി അയാള്‍ ഭാര്യയെ വിളിച്ചു; അമ്മാ, ഇങ്കെ വന്ന്‍ പാര്, ഇവര് കേരളാവുന്ന് വന്തിരിക്ക്. അയാളുടെ പതിവില്‍ കവിഞ്ഞുള്ള സന്തോഷം എന്നെ കുറച്ച് ആശ്ചര്യപ്പെടുത്താതിരുന്നില്ല. പക്ഷെ ആ സന്തോഷത്തിലും ഒരുതരം ദയനീയതയുണ്ടായിരുന്നു. താന്‍ പൌരനായിരിക്കുന്ന രാഷ്ട്രം നല്‍ക്കുന്ന അരക്ഷിതമായ അന്യതാബോധമാണ് ഒരു മലയാളികുടുംബത്തെ കണ്ടപ്പോള്‍ അയാളില്‍ സന്തോഷമായി ബഹിര്‍സ്ഫുരണം തേടിയത് എന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല. 

വഴിയോരത്തെ ഒരു കട
മുന്‍പ് നക്സല്‍അനുഭാവിയായിരുന്ന, രാഷ്ട്രാധികാരത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ  ലോകത്തെവിടെ നടക്കുന്ന സമരങ്ങളും സസൂക്ഷ്മം പിന്തുടരുന്ന ഒരു കൂട്ടുകാരനുണ്ട്. തമിഴ് ഈലത്തിനു വേണ്ടിയുള്ള സമരങ്ങള്‍ പ്രഭാകരന്റെ മരണത്തോടെ അവസാനിച്ചു എന്നുകരുതാന്‍ നിവൃത്തിയില്ല എന്നാണ് അദ്ദേഹത്തിന്‍റെ വാദം. താമസംവിനാ അത് വീണ്ടും ശക്തിപ്രാപിക്കും എന്നദ്ദേഹം കരുതുന്നു. ആ പറഞ്ഞതില്‍ കാര്യമില്ലാതില്ല എന്ന് ശ്രീലങ്കയിലൂടെയുള്ള യാത്രയില്‍ എനിക്കും തോന്നാതിരുന്നില്ല. തേയിലതോട്ടങ്ങളിലെ പതിതമായ ജീവിതാവസ്ഥ ശ്രീലങ്കയിലെ ഈലം വിഘടനവാദത്തിന് കാരണമായി എന്ന് പറയാനാവില്ല. അതിന്റെ വേരുകള്‍ ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരപ്രദേശങ്ങളിലെ തമിഴരുടെ മറ്റുപല അവസ്ഥകളുമായി ആഴത്തില്‍ ബന്ധപെട്ടുകിടക്കുന്നു. എങ്കിലും യുദ്ധകാലത്ത് പുലികള്‍ ഒളിത്താവളങ്ങളായി നുവാറാഏലിയാ പോലുള്ള സ്ഥലങ്ങളിലെ തമിഴ് കോളനികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത്രേ. അതിന്റെ കയ്പ്പോടെയാണ് സിംഹളര്‍ ഇന്നും ഈ പ്രദേശത്തെ തമിഴരോട് പെരുമാറുന്നതെന്ന് ശ്രദ്ധിച്ചാല്‍ അനുഭവപ്പെടും. 

തോട്ടം തൊഴിലാളികളുടെ താമസസ്ഥലത്തോട് ചേര്‍ന്നുള്ള ഒരു ചെറിയ ഹിന്ദു അമ്പലം 
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ബ്രിട്ടീഷു കാര്‍ നുവാറാഏലിയ മലമുകളിലെത്തുന്നത്. സാമ്യൂല്‍ ബേക്കര്‍ എന്ന സായിപ്പത്രേ ഈ സ്ഥലം ആദ്യമായി കണ്ടെത്തുന്നത്. ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ ഇവിടുത്തെ കാടുകള്‍ തേയിലതോട്ടങ്ങളായി രൂപാന്തരംപ്രാപിച്ചതിനോടൊപ്പം സായിപ്പാന്മാരുടെ മൃഗയാവിനോദകേന്ദ്രം കൂടിയായി മാറി. കാന്‍ഡി - നുവാറാഏലിയാ റോഡില്‍ , ഏതാണ്ട് കാല്‍കിലോമീറ്റര്‍ നീളമുള്ള റാംബോഡാ ടണല്‍ കടക്കുമ്പോള്‍ നമ്മള്‍ നുവാറാഏലിയായിലേക്ക് പ്രവേശിക്കുകയാണ്. 2008 - ലാണ് ഈ തുരങ്കം വഴി ഗതാഗതം ആരംഭിച്ചത്. മൂന്നാറിലേക്കുള്ള യാത്രയില്‍ എന്നതുപോലെ തന്നെ ഇവിടെയും വഴിവക്കില്‍ , മുകളില്‍ നിന്നും തുള്ളിച്ചാടി വരുന്ന ചെറിയ ജലപാതങ്ങള്‍ ഇടയ്ക്കിടയ്ക്ക് കാണാം.


റാംബോഡാ ടണല്‍ 
കൊളോണിയല്‍ കാലത്തിന്റെ ശേഷിപ്പുകള്‍ ഈ പട്ടണം ഇന്നും സന്തോഷത്തോടെ പ്രദര്‍ശിപ്പിക്കുന്നു. പല പ്രധാന കെട്ടിടങ്ങളും കൊളോണിയല്‍ വാസ്തുരീതിയിലാണ്. അവയൊക്കെ അക്കാലത്ത് നിര്‍മ്മിച്ചവ തന്നെ ആയിരിക്കണം എന്നില്ലത്രേ. നുവാറാഏലിയായുടെ ഗതകാലഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ഇപ്പോഴുണ്ടാക്കുന്ന കെട്ടിടങ്ങള്‍ക്കും അധിനിവേശ വാസ്തുരീതി തന്നെ ഉപയോഗിക്കുന്നതും പതിവാണ്. സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും പേരുകളും ബ്രിട്ടനെ ഓര്‍മ്മിപ്പിക്കുന്നത് തന്നെ. 

ഗ്രിഗറി തടാകം
നുവാറാഏലിയാ പട്ടണത്തിലെ വലിയൊരു ലാന്‍ഡ്മാര്‍ക്കാണ് മനുഷ്യനിര്‍മ്മിതമായ ഗ്രിഗറി തടാകം. ബ്രിട്ടീഷ് ഗവര്‍ണര്‍ ആയിരുന്ന വില്ല്യം ഗ്രിഗറിയുടെ കാലത്ത്, 1873 - ല്‍ ഈ തടാകത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു. ഗ്രിഗറിതടാകത്തിന്റെ മേഘകാളിമ പടര്‍ന്ന ജലപ്രതലത്തില്‍ പുലര്‍കാലത്തെ കോടമഞ്ഞ്‌ തൊട്ടുതലോടി കടന്നുപോകുന്നത് നോക്കിനില്‍ക്കെ, ഊട്ടിതടാകത്തിന്റെ കരയില്‍ കലാലയകാലത്തെ സുന്ദരകാല്പനികതകളെ പ്രകൃതി അലിയിച്ചെടുക്കുന്ന വിചിത്രഉണര്‍ച്ചയുടെ ഓര്‍മ്മകളിലേക്ക് ഒരു നിമിഷം തെന്നിവീണു.


- തുടരും - 

2012, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

അശോകവനം - ഒന്ന്‍

ജീവിതത്തിലാദ്യമായി കേട്ട വിഷാദകാവ്യമേതാണെന്നു ചോദിച്ചാൽ, ബഹുഭൂരിപക്ഷം ഭാരതിയരും അത് ക്രൗഞ്ചപക്ഷികളിലൂടെ ചെന്നെത്തുന്ന സീതയുടെ കഥ എന്നായിരിക്കും ഉത്തരം തരുക. പരിത്യക്തയും എകാന്തയുമായ സീതയുടെ ദുരന്തങ്ങളിലൂടെ നമ്മുടെ ഓരോ ബാല്യവും വ്യഥയോടെ കടന്നുപോയിട്ടുണ്ട്. സ്കൂളിൽ ടീച്ചറുടെ ചിലമ്പിയ ശബ്ദത്തിലോ, മൂവന്തി കടന്നുപോകുന്ന നേരത്ത് മുത്തശ്ശി പറഞ്ഞുതന്നതായിട്ടോ, കർക്കിടമാസത്തിലെ രാമായണം വായനയിലോ ഒക്കെയായി  ആ സന്ദർഭം മുഖ്യധാരാസാഹിത്യത്തിന്റെ പൊതുവഴിയിൽ തന്നെ അനേക തവണ നമ്മൾ കണ്ടുമുട്ടിയിട്ടുണ്ട്.

ഹക്ഗാലാ ബോട്ടാണിക്കല്‍ ഗാര്‍ഡനിലേക്കുള്ള പ്രവേശനഭാഗം
ഭാരതസ്ത്രീയുടെ ഭാവശുദ്ധിയെ കുറിച്ചുള്ള പരികല്പന നമ്മുടെ സംസ്കൃതിയുടെ ഏറ്റവും നവീനമായ ധാരകളിലും അബോധമായെങ്കിലും ചാലകശക്തിയാവുന്നുണ്ട്. സദാചാരത്തെ പ്രതിയുള്ള അത്തരം കൃത്യതാബോധം ഉണ്ടാക്കിയത് കോളനിവത്കരണം കൊണ്ടുവന്ന ഒരുതരം പ്യൂരിറ്റൻ മനോഭാവത്തിന്റെ ഏറ്റെടുക്കലിലൂടെയാണെന്നും അതിനുമുൻപുള്ള സ്ത്രീ-പുരുഷ ബന്ധങ്ങൾ ഏറെക്കൂറെ വൈവിദ്ധ്യമുള്ളതായിരുന്നു എന്നുള്ള മറുവാദങ്ങളും ഇന്ന് ഉന്നയിക്കപ്പെടുന്നുണ്ട്. ഇത്തരം എല്ലാ വാദങ്ങളുടെയും, ബോധത്തിന്റെ പോലും മൂലകമായി വർത്തിക്കുന്നത് സീതയുടെ ജീവിതമാണ്. സീത എന്നൊരു അളവുകോൽ ഉണ്ടായിരുന്നില്ലെങ്കിൽ ഈ സംവാദങ്ങളിൽ നമ്മൾ നിരായുധരായി നിന്നേനെ.

സീതയുടെ ജീവിതം നടകിയ മുഹൂർത്തങ്ങളുടെ പരമ്പരയാണ്. ജീവിതാനുഭവങ്ങളുടെ വൈവിധ്യവും പൂർണ്ണതയും. സീത കടന്നുപോകാത്ത പ്രശ്നപ്രഹേളികകളില്ല, വിചിത്രാനുഭവങ്ങളില്ലാത്ത ദിനസരികളില്ല. സീതയുടെ ജീവിതഗതി നിർണ്ണയിക്കുന്നതിൽ, രാമായണ കഥയുടെയും, ആ നിലയ്ക്ക് ഇന്ത്യൻ മനോഘടനയുടെയും കൂടി ജാതകമെഴുതുന്നതിൽ, വലിയ പങ്കുവഹിച്ച കാരണങ്ങളിലൊന്ന് രാവണന്റെ സീതാപഹരണവും സീതയുടെ അശോകവനത്തിലെ വിഷാദപർവ്വവും ആണ്.

ഹക്ഗാല ബോട്ടാണിക്കല്‍ ഗാര്‍ഡന്‍
രാക്ഷസ രാജാവായിരുന്ന രാവണന്റെ ലങ്കാപുരിയിലെ മനോഹര ഉദ്യാനമാണല്ലോ അശോകവനം. എവിടെയാണീ ലങ്കാപുരിയും അശോകവനവുമൊക്കെ? നമ്മുടെ പോപ്പുലർ സംസ്കൃതിയിൽ അത് തീർച്ചയായും ശ്രീലങ്കയിലാണ്. എന്നാൽ ഇത് തീർത്തും തർക്കരഹിതമായ ചരിത്ര നിഗമനമല്ല്. എന്നുമാത്രമല്ല ലങ്കാപുരി ശ്രീലങ്കയാണെന്ന് നിജപ്പെടുത്താൻ ചരിത്രകാരന്മാരും ഭൂമിശാസ്ത്രവിദഗ്ദ്ധരും അധികം താല്പര്യപ്പെടുന്നില്ല എന്നതാണ് വാസ്തവം.

രാമായണത്തിൽ ലങ്കയുടെ സ്ഥാനത്തെക്കുറിച്ച് നേരിട്ടൊരു പരാമർശമുള്ളത് കരയിൽ നിന്നും നൂറു യോജനയോളം തെക്കുപടിഞ്ഞാറ് മാറി കിടക്കുന്ന ദ്വീപ് എന്നാണ്. നൂറ് യോജനയെന്നാൽ ഏകദേശം ആയിരത്തി മുന്നൂറ് കിലോമീറ്റർ വരും. ഇപ്പോഴത്തെ ഇന്ത്യയുടേയും ശ്രീലങ്കയുടെയും സ്ഥാനങ്ങൾ മുൻനിർത്തി നോക്കുമ്പോൾ ഭൂമിശാസ്ത്രപരമായി ഇത് തികച്ചും അസ്ഥാനത്തായി പോകും. ഈ ദൂരം കണക്കുകൂട്ടിയാൽ മാലദ്വീപ് സമൂഹത്തിനും അപ്പുറത്തായി സ്ഥിതിചെയ്യുന്ന സലമൊൻ, ഡീഗോഗാർഷ്യ തുടങ്ങിയ ബ്രിട്ടീഷ് ദ്വീപുകളോ മറ്റോ ആയി നിർണ്ണയിക്കേണ്ടി വരും ഈ സ്ഥലം. എന്നാൽ സേതുബന്ധന കഥയുമായി ചേർത്തു വായിക്കുമ്പോൾ ഈ ദൂരം ഒരുതരത്തിലും കൂട്ടിയോജിപ്പിക്കാൻ പറ്റാത്തതായും മാറും.

ഹക്ഗാലാ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ - മറ്റൊരുഭാഗം 
എന്നാൽ ഇതിന് വിപരീതമായ ഒരു വാദവും ചില ചരിത്രകാരന്മാർ ഉന്നയിക്കുന്നുണ്ട്‌. 'ദൂരെയുള്ള ഒരു സ്ഥലം' എന്ന് സൂചിപ്പിക്കാൻ വേണ്ടി അല്പം അതിശയോക്തിപരമായി നൂറു യോജന എന്ന് പൊതുവെ പറഞ്ഞുപോയതാവാം എന്നും, അതിനെ കൃത്യമായ ഒരു കണക്കായി എടുക്കേണ്ടതില്ല എന്നുമാണ് ആ വാദം. എന്നാൽ കോസലത്തിൽ നിന്നോ അതിന്റെ പരിസരങ്ങളിൽ നിന്നോ എത്തപ്പെടാൻ സാധിക്കുന്നതിനും വളരെ ദൂരെയാണ് ഇന്നത്തെ ശ്രീലങ്കയെന്നും, അക്കാലത്ത് നർമ്മദയുടെ നടുവിലുണ്ടായിരുന്ന ഏതോ ചെറിയ ദ്വീപ് / നാട്ടുരാജ്യമായിരുന്നിരിക്കണം ലങ്കാപുരിയെന്നുമാണ് മറ്റൊരു മതം.

പുഷ്പസമ്പുഷ്ടമാണ് ഉദ്യാത്തിന്റെ പല ഭാഗങ്ങളും
പക്ഷേ ഇതൊന്നും സാധാരണ യുക്തിക്ക് നിരക്കുന്നതല്ല. കോസലത്തിലും പരിസരങ്ങളിലും മാത്രമായല്ല രാമനും സീതയും ജീവിച്ചിരുന്നത് എന്നാണ് ഒരു സാംസ്കാരിക അവബോധമായി പൌരാണിക കൃതികളിലൂടെയും മറ്റും നമ്മൾ മനസ്സിലാക്കിയിരിക്കുന്നത്. വനവാസ കാലത്ത് രാമ ലക്ഷ്മണ ൻ മാരും സീതയും ദക്ഷിണേന്ത്യ മുഴുവൻ സഞ്ചരിച്ചു എന്നു വേണം കരുതാൻ. അതിനുള്ള തെളിവായി കിഷ്കിന്ദ ചൂണ്ടി കാട്ടുകയുമാവാം. വാനരവംശ രാജാവായ ബാലിയുടെ കിഷ്കിന്ദ യില്ലെങ്കിൽ രാമ-രാവണ യുദ്ധ കഥ യില്ലല്ലോ.

ഇന്നത്തെ വടക്കന്‍ കര്‍ണ്ണാടകയിലെ ഹംപി എന്ന പട്ടണമാണ് ത്രേതായുഗകാലത്തെ കിഷ്കിന്ദ എന്നാണു അനുമാനിക്കപ്പെടുന്നത്. ഹനുമാനും ബാലിപുത്രനായ അംഗദനും സീതയെ തിരക്കി ഇവിടെനിന്നും തെക്കോട്ടാണ് യാത്രപോകുന്നത് (സാറാ ജോസഫിന്റെ 'ഊര് കാവല്‍ ' എന്ന നോവല്‍ പെട്ടെന്ന് ഓര്‍മ്മവരും. ഹനുമാന്റെയും അംഗദന്റെയും ഈ യാത്രയാണല്ലോ ആ നോവലിന്റെ ഇതിവൃത്തം). പ്രാദേശികമായ വായ്‌ / വരമൊഴികളിലൂടെ നൂറ്റാണ്ടുകള്‍ തുടര്‍ന്നുവരുന്ന പൈതൃകകഥകള്‍ , അവയുടെ യുക്തി / അത്യുക്തികളെ കുറിച്ച് വലിയ തര്‍ക്കങ്ങള്‍ക്കൊന്നും പോകാതെ വിശ്വസിക്കുക എന്നതാവും അഭികാമ്യം. ധനുഷ്കോടിയില്‍ നിന്നും തലൈമന്നാറിലേക്ക് നീണ്ടുപോകുന്ന പാറക്കൂട്ടങ്ങളെ നോക്കി നില്‍ക്കുമ്പോള്‍ , സേതുബന്ധനകഥ ഓര്‍ത്തെടുക്കുന്നതിന്റെ മനോഹരമായ ആസ്വാദ്യത, അത് ശരിക്കും വാനരപ്പട നിര്‍മ്മിച്ച പാലം തന്നെയാണോ എന്ന് ഇഴകീറി പരിശോധിക്കുന്ന യുക്തിബോധത്തിനുണ്ടാവില്ല. യുക്തി സത്യത്തിന് പകരംവയ്ക്കാനാവുന്ന വാക്കോ അവസ്ഥയോ അല്ല. ചിലപ്പോഴെങ്കിലും യുക്ത്യാതീതമാണ് സത്യം. യുക്തിക്കപ്പുറത്തുള്ള വാസ്തവികതകളിലാണ് പുരാവൃത്തങ്ങള്‍ നില്‍ക്കുന്നത്. ശ്രീലങ്കയുടെ സാംസ്കാരികപുരാവൃത്തങ്ങളില്‍ സജീവമായ, സീതയുടെ വിഷാദപര്‍വ്വം അരങ്ങേറിയ അശോകവനത്തിലാണ് ഞങ്ങളിപ്പോള്‍ നില്‍ക്കുന്നത്.


ഹരിതാഭയുടെ മേളം
ശ്രീലങ്കയിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഏറ്റവും ആഗ്രഹിച്ചിരുന്നത് അശോകവനം കാണുക എന്നത് തന്നെയായിരുന്നു. കാരണം ശ്രീലങ്ക എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ കുട്ടിക്കാലം മുതല്‍ മനസ്സില്‍വരിക അശോകവനം എന്ന ബിംബമാണ്. ഒരുവേള, ശ്രീലങ്ക മുഴുവന്‍ ഒരു അശോകവനമായാണ് എന്റെ സങ്കല്‍പ്പത്തില്‍ അക്കാലങ്ങളില്‍ നിലനിന്നിരിക്കുക. ഇന്ന് അശോകവനത്തിന്റെ പേര് ഹക്ഗാല ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നാണ്. ശ്രീലങ്കയിലെ പ്രശസ്ത മലമുകള്‍ പട്ടണമായ നുവറഏലിയായുടെ പ്രാന്തപ്രദേശത്ത്, പട്ടണത്തില്‍ നിന്നും ഏതാണ്ട് പത്ത് കിലോമീറ്റര്‍ അകലെയായാണ് ഹക്ഗാല ഉദ്യാനം സ്ഥിതിചെയ്യുന്നത്. ഹക്ഗാലയോട് ചേര്‍ന്ന് തന്നെയാണ് സീതാഏലിയ എന്ന സ്ഥലവും പ്രശസ്തമായ സീതാക്ഷേത്രവും. ഇതെല്ലാം തന്നെ ഈ പ്രദേശത്തിന് സീതാകഥയുമായുള്ള ബന്ധം പരോക്ഷമായി സൂചിപ്പിക്കുന്ന കാരണങ്ങളായി കണ്ടെത്താം.

ഹക്ഗാലാ സംരക്ഷിത വനമേഖലയാണ് ഉദ്യാനത്തിന് പിന്നിലായ് 
ശ്രീലങ്കയിലെ മൂന്നു ബോട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ ഒന്നാണ് ഹക്ഗാലയില്‍ ഉള്ളത്. ഹക്ഗാല സംരക്ഷിതവനമേഖലയോട് ചേര്‍ന്നുകിടക്കുന്നു ഈ ഉദ്യാനം. കൊളോണിയല്‍ കാലഘട്ടത്തില്‍ പലപ്പോഴും പലതരത്തിലുള്ള നാണ്യവിളകളുടെ കൃഷി ഇവിടങ്ങളില്‍ നടന്നിട്ടുണ്ടെങ്കിലും, പിന്നീട് ഈ പ്രദേശത്തെ ജൈവവൈവിധ്യം മുന്‍നിര്‍ത്തി 1884 മുതല്‍ ഇവിടം ഏതാണ്ട് മുപ്പത് ഹെക്റ്റര്‍ വിസ്തീര്‍ണമുള്ള സര്‍ക്കാര്‍ ഉദ്യാനമായി സംരക്ഷിക്കപ്പെടുകയാണ്.   

ഉദ്യാനത്തിന്റെ മറ്റൊരു ഭാഗത്തെ പൂച്ചെടികള്‍
ഏതെങ്കിലും വിനോദസഞ്ചാരകേന്ദ്രത്തില്‍ , പ്രത്യേകിച്ച് ഉദ്യാനങ്ങളില്‍ , എത്ര രാവിലെ എത്തിയാലും അവിടെ സ്കൂള്‍കുട്ടികള്‍ ഉത്സാഹത്തോടെ സന്നിഹിതരായിരിക്കും, ലോകത്തെവിടെയാണെങ്കിലും. അതൊരു സന്തോഷം നല്‍കുന്ന കാഴ്ചയാണ്. ഒരുപാട് ഓര്‍മ്മകള്‍ , കൂട്ടുകാരുടെ കൈപിടിച്ച് അതികൌതുകത്തോടെ മൃഗശാലയും കാഴ്ചബംഗ്ലാവും ഒക്കെ കാണാന്‍പോയ സ്കൂള്‍ജീവിതകാലം പെട്ടെന്ന് മുന്നില്‍ തുറന്നുവരും. ഒരുപക്ഷെ, ജീവിതത്തിലിനി ഒരിക്കലും കാണാന്‍ പറ്റാത്ത തരത്തില്‍ , മുഖങ്ങള്‍ തന്നെ അവ്യക്തമായിപോയ ഒരുപാട് ബാല്യകാലസൌഹൃദങ്ങള്‍ ഒരുണര്‍ച്ചയായി മനസ്സിനെ കുതിച്ചുചാടിക്കും. പ്രായംമറന്ന് ആ കുട്ടികളുടെ ഉത്സാഹചടുലതകളിലേക്ക് അറിയാതെ കുറച്ചുനേരത്തേയ്ക്കെങ്കിലും നമ്മളും വഴുതിപ്പോകും. 


ഉദ്യാനം കാണാനെത്തിയ സ്കൂള്‍കുട്ടികള്‍ 
വളരെ സൂക്ഷമമായി കാഴ്ചകള്‍ കണ്ട് നടക്കാനാണെങ്കില്‍ ഒരു പകല്‍ എന്തായാലും വേണ്ടി വരും ഹക്ഗാല ഉദ്യാനത്തില്‍ . വളരെ വൃത്തിയോടെയും ഭംഗിയോടെയും നട്ടുപിടിപ്പിച്ചിരിക്കുന്ന ചെടികളും മരങ്ങളും. ഇതില്‍ ഏതു മരത്തിന്റെ തണലിലായിരിക്കാം സീത രാമന്റെ വരവുകാത്ത് ഇരുന്നിരിക്കുക? ശ്രീലങ്ക ഒരു വിനോദസഞ്ചാര രാജ്യമാണ്. എല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ടൂറിസ്റ്റുകള്‍ക്ക് വേണ്ടിയാണ് എന്ന് തോന്നുംവിധത്തിലാണ് പരിസരങ്ങളും കഥകളും ഒക്കെ വിന്യസിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഹക്ഗാലയെ സീതാപുരാവൃത്തവുമായി ബന്ധപ്പെടുത്തി വലിയൊരു വിനോദസഞ്ചാരകേന്ദ്രമാക്കാനുള്ള ശ്രമമൊന്നും വിനോദസഞ്ചാര വ്യവസായമേഖലയിലോ സര്‍ക്കാര്‍തലത്തിലോ കാണുന്നില്ല. വളരെ ഗോപ്യമായ ഒരു പരാമര്‍ശമായി മാത്രമേ ടൂറിസം ബ്രോഷ്വറുകളിലും മറ്റും സീതാകഥ കാണുന്നുള്ളൂ. ഹിന്ദുപുരാണത്തിലെ ഈ വലിയ പുരാവൃത്തത്തെ പൊലിപ്പിച്ചുകാണിക്കാന്‍ ശ്രീലങ്കയുടെ അബോധത്തില്‍ സന്നിഹിതമായ ഫണറ്റിക്കല്‍ ബുദ്ധിസം ഭയപ്പെടുന്നുണ്ട് എന്നുവേണം മനസ്സിലാക്കാന്‍ . അവരതിനെ മതപരമായ വിവക്ഷകളോടെയാണ് നോക്കികാണുന്നതെന്നുതോന്നുന്നു. ഇന്ത്യ അനുഭവിക്കുന്ന തരത്തിലുള്ള മതേതരമായ കാഴ്ചപ്പാടൊന്നും ശ്രീലങ്കയിലില്ല.

പന്നല്‍മരം
ശ്രീലങ്കയുടെ ജൈവസമ്പത്തിന്റെ വലിയൊരു ഭാഗം ഉള്‍ക്കൊള്ളുന്നത് ഹക്ഗാലയൊക്കെ പെടുന്ന മലമ്പ്രദേശങ്ങളാണ് . മധ്യശ്രീലങ്കയില്‍ ആരംഭിച്ച് തെക്കോട്ടേയ്ക്ക് ഒഴുകിയിറങ്ങുന്ന ഈ മലകളെ സഹ്യപര്‍വ്വതനിരകളുടെ ഒരു മിനിയേച്ചറായികാണാം. കേരളത്തിന്റെ കിഴക്കന്‍ ഭൂപ്രദേശങ്ങളുമായി അസാമാന്യസാദൃശ്യം അനുഭവപ്പെടും ഇവിടങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ . ഹക്ഗാലയില്‍ കാണുന്ന വലിയ പന്നല്‍മരങ്ങള്‍ ഇവിടുത്തെപോലെ തന്നെ സഹ്യനിരകളുടേയും തനതുവൃക്ഷമത്രേ. വീട്ടുമുറ്റത്തും മറ്റും പന്നല്‍ചെടികള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വലിയ പന്നല്‍മരങ്ങള്‍ (tree ferns - cyathea crinita) കാണുന്നത് ആദ്യമായിട്ടാണ്. സഹ്യമലനിരയുടെ ഭാഗമായ ഇടക്കാടുകളിലൂടെ വല്ലപ്പോഴുമൊക്കെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും അവിടെയെങ്ങും ഇങ്ങിനെയൊന്ന്‍ കണ്ടിട്ടില്ല. ഇതുപോലെയുള്ള ഒരുദ്യാനത്തില്‍  പ്രത്യേകമായി പരിരക്ഷിച്ചു വളര്‍ത്തിയില്ലെങ്കില്‍ , ഉള്‍ക്കാടുകളത്രെ അവയുടെ ആവാസവ്യവസ്ഥ. ജീപ്പുപോകുന്ന കാട്ടുവഴികളില്‍ അവയെ കണ്ടെന്നു വരില്ല. ജീപ്പുപോകാത്ത കാട്ടുവഴികളിലൂടെ ഞാനിതുവരെ സഞ്ചരിച്ചിട്ടുമില്ല.

പന്നല്‍മരം
ഹക്ഗാല ഉദ്യാനത്തിന്റെ പ്രവേശന കവാടത്തില്‍ നിന്നും ഏറെ ദൂരെയായല്ല സീതാഅമ്മന്‍ കോവില്‍ . ഒരു ചെറിയ നദിയുടെ കരയിലായാണ് ഈ ക്ഷേത്രം. സീത തന്റെ അശോകവനകാലത്ത് ധ്യാനത്തിനായി തിരഞ്ഞെടുത്തിരുന്നത് ഇപ്പോള്‍ ക്ഷേത്രമിരിക്കുന്ന സ്ഥലമാണെന്ന് ഇവിടുത്തെ ഹിന്ദുക്കള്‍ ചരിത്രമായി തന്നെ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നു. ഇതേ നദിയിലാണ് സീത സ്നാനം ചെയ്തിരുന്നതെന്നും, ഹനുമാന്‍ സീതയെ കണ്ടുമുട്ടിയത് ഇവിടെവച്ചാണെന്നും അവര്‍ വിശ്വസിക്കുന്നു. നദിയുടെ നടുവിലായി പാറയില്‍ കാണുന്ന ചില അടയാളങ്ങള്‍ ഹനുമാന്റെ പാദസ്പര്‍ശം കൊണ്ടുണ്ടായതത്രേ. 


സീതാ അമ്മന്‍ കോവില്‍
കഥ ഇങ്ങിനെയൊക്കെയാണെങ്കിലും അതിനുചേര്‍ന്ന ഒരു വലിയ ക്ഷേത്രമൊന്നുമല്ല ഇവിടെ കാണുക. റോഡിന്റെ  ഓരത്തായി നില്‍ക്കുന്ന ഈ ക്ഷേത്രത്തെ, അതിഗംഭീര ക്ഷേത്രസമുച്ചയങ്ങളുടെ ഇന്ത്യയില്‍ നിന്നും വരുന്നവര്‍ , അതിന്റെ പുരാവൃത്ത പ്രാധാന്യത്തെ കുറിച്ച് മുന്‍ധാരണയില്ലെങ്കില്‍ ,  ശ്രദ്ധിച്ചു എന്നുതന്നെ വരില്ല.  


ക്ഷേത്രഗോപുരത്തിലെ രാമായണ കഥാപാത്ര ശില്പങ്ങള്‍ 
പ്രതിഷ്ഠയും ആരാധനാലയവും നേരത്തെ ഉണ്ടായിരുന്നിരിക്കാം എങ്കിലും ഇപ്പോള്‍ കാണുന്ന ക്ഷേത്രത്തിന് അധികം കാലപ്പഴക്കം തോന്നില്ല. രാവണന്റെ കൊട്ടാരവും ഈ പ്രദേശത്തായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ക്രിസ്തുവിനും 2500 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രാവണന്‍ എന്ന ചരിത്രകഥാപാത്രം ജീവിച്ചിരുന്നതായി അനുമാനിക്കുന്നത്. സീതാഏലിയായുടെ പരിസരത്തെ മണലിന്, ചുറ്റുമുള്ള മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി കറുത്തനിറമത്രേ. ഹനുമാന്‍ ലങ്ക ദഹിപ്പിച്ചതിന്റെ ബാക്കിപത്രം. 


ഹാനുമാന്റെ പാദസ്പര്‍ശമേറ്റ പാറ
എന്തൊക്കെ വസ്തുപ്രതിരൂപങ്ങളിലൂടെ, വിശ്വാസങ്ങളിലൂടെ, വിശ്വാസനിരാസങ്ങളിലൂടെ ഒക്കെയാണ് ഓരോ പുരാവൃത്തവും ജൈവമായിനില്‍ക്കുന്നത് എന്ന്  ആലോചിക്കുമ്പോള്‍ അത്ഭുതംതോന്നും.

- തുടരും -