2012, സെപ്റ്റംബർ 25, ചൊവ്വാഴ്ച

പട്ടണത്തിന്റെ കാവൽക്കാരൻ ഈ കുന്ന്, പ്രണയത്തിന്റെയും...!

ഇന്ന് അതൊരു സ്വപ്നം പോലെയാണ് തോന്നുക. അവിചാരിതമായി മഴ പെയ്തുകൊണ്ടിരുന്ന ഒരു ക്രിസ്തുമസ് അവധിക്കാലത്താണ്‌ ഞാൻ ആ മലയോര പട്ടണത്തിലേയ്ക്ക് ആദ്യമായി യാത്ര ചെയ്യുന്നത്. കാലത്തിന്റെ അർദ്ധസുതാര്യ തിരശ്ശീലയ്ക്കപ്പുറം അവ്യക്തമായി കിടക്കുന്ന ഒരു കാല്പനികകിനാവ്‌. യൗവ്വനാരംഭത്തിൽ പ്രണയാതുരത വഴിനടത്തിച്ചു കൊണ്ടുപോയ ഒരു ബസ്സ്‌ യാത്ര.

ചുട്ടിപ്പാറ
മണ്ഡലകാലം. ബസ്സിൽ മുഴുവൻ തീർത്ഥാടകർ. ശരണംവിളികളാൽ മുഖരിതം. മഴയുടെ തണുപ്പും ഇരുട്ടും ബസ്സിനകത്ത്. ശരണംവിളികളാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷം. മനസ്സ് പ്രണയത്തിന്റെ നിറവിലും. എല്ലാം കൊണ്ടും അഭൗമമായ ഒരു യാത്ര. ചന്നംപിന്നം പെയ്യുന്ന മഴയിൽ, ആ സായാഹ്നത്തിൽ, പത്തനംതിട്ട ബസ്സ്‌സ്റ്റാൻഡിൽ ചെന്നിറങ്ങുമ്പോൾ, നിറഞ്ഞ ആകാശത്തിന്റെ കാളിമയിൽ, പെട്ടെന്ന് കണ്ണിൽപ്പെട്ടത് ബസ്സ്‌സ്റ്റാൻഡിന് തൊട്ടുപിറകിലെന്ന പോലെ കാണപ്പെട്ട ഏകാന്തമായി നിൽക്കുന്ന ആ പാറക്കുന്നാണ്.

ചുട്ടിപാറയിലേയ്ക്കുള്ള കയറ്റം
മഴ പെയ്തും തോർന്നും നിന്ന ആ ഇരുണ്ട സന്ധ്യയിൽ പട്ടണനിരത്തുകളിലൂടെ നടക്കുമ്പോൾ ഒക്കെയും, പട്ടണത്തിന്റെ കിഴക്കൻ അതിരായി ആ ഒറ്റയാൻ കുന്ന് കാഴ്ചയിൽ ഒഴിയാതെ കുടുങ്ങികിടന്നു. ആദ്യമായി എത്തുന്ന ആരും കുറച്ചുനേരം അതു നോക്കി നിന്നുപോകും. അന്ന് ആ കുന്നിന്റെ പേര് ചുട്ടിപ്പാറ എന്നറിയില്ലായിരുന്നു. അനിശ്ചിതമായ കാലമായിരുന്നു. സാഹസികമായ ദൈനംദിനങ്ങളായിരുന്നു. ഇനി ഒരിക്കൽകൂടി ഈ പട്ടണത്തിലേയ്ക്ക് വരുമോ എന്നും അറിയില്ലായിരുന്നു...

മൂവന്തിവെട്ടത്തിൽ പത്തനംതിട്ട പട്ടണം. ചുട്ടിപ്പാറയ്ക്ക് മുകളിൽ നിന്നുള്ള കാഴ്ച
എന്നാൽ കാലം കാത്തുവച്ചത് മറ്റെന്തോ ആയിരുന്നു. വീണ്ടും വീണ്ടും ആ പട്ടണത്തിലേയ്ക്ക് തിരിച്ചുപോയി. ഭാര്യയുടെ ജന്മനാട് എന്ന നിലയ്ക്ക് പത്തനംതിട്ടയും പരിസരങ്ങളും പിന്നീട് സുപരിചിതമായി. ജന്മനാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്ന പ്രദേശമായി. സമതലം മാത്രം പരിചയമുണ്ടായിരുന്ന ഭൂവറിവുകളിൽ മലയോരത്തിന്റെ വ്യതിരക്ത ഭൂപ്രകൃതിയും കടന്നുവന്നു. ആ ദേശത്തിന്റെ മുക്കിലും മൂലയിലുമൂടെ അനിവാര്യമായ സഞ്ചാരങ്ങൾ നടത്തി. പണ്ട് അത്ഭുതത്തോടെ നോക്കി നിന്ന ആ കുഞ്ഞുമല സ്ഥിരപരിചിതത്വം മൂലം കാഴ്ച്ചയുടെ കൂതുഹലങ്ങളിൽ നിന്നും പിന്നണിയിലേയ്ക്ക് മാറി.

ചുട്ടിപാറയ്ക്ക് മുകളിൽ നിന്നും അച്ചൻകോവിലാർ കാണുമ്പോൾ...
ഇക്കഴിഞ്ഞ അവധിക്കാലത്ത് ഭാര്യയുടെ കുടുംബവീട്ടിൽ, പല ഭാഗത്ത് നിന്നും വന്ന സഹോദരങ്ങൾ എല്ലാം ഒത്തുകൂടിയിരുന്നു. വല്ലപ്പോഴും പരസ്പരം കാണുന്ന കുട്ടികൾക്ക് ഒരു ഉത്സവകാലം... റംസാൻ ദിവസം കുട്ടികളെ കസിൻസിന്റെ കൂടെ അവരുടെ വഴിക്ക് വിട്ട്  ഞാനും ഭാര്യയും ചില വീട്ടുസാമാനങ്ങൾ വാങ്ങാനും ചില ഭവനസന്ദർശനങ്ങൾക്കുമായി പുറത്തേയ്ക്ക് ഇറങ്ങിയതായിരുന്നു. പട്ടണമധ്യത്തിൽ നിൽക്കുമ്പോൾ വീട്ടിൽ നിന്നും ഭാര്യാസഹോദരന്റെ വിളി: ഞങ്ങൾ കുട്ടികളുമായി ചുട്ടിപ്പാറ കയറാൻ പോകുന്നു. വരുന്നോ? ആദ്യമായി കണ്ടതിനു ശേഷം ഏതാണ്ട് രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞ് അങ്ങിനെ ഞാൻ ചുട്ടിപ്പാറ കയറാൻ തുടങ്ങി.

കുന്നിന് മുകളിൽ നിന്നും കുമ്പഴ ഭാഗത്തേയ്ക്കുള്ള കാഴ്ച
പട്ടണത്തിൽ നിന്നും കിഴക്കോട്ട്, കുമ്പഴയ്ക്കുള്ള റോഡിലൂടെ അല്പം ചെന്നാൽ വലതുവശത്തായി ഫയർസ്റ്റേഷൻ കാണാം. അവിടെ നിന്നാണ് ചുട്ടിപ്പാറയ്ക്ക് മുകളിലേയ്ക്കുള്ള നടപ്പാത ആരംഭിക്കുന്നത്. ആദ്യ കുറച്ചുഭാഗത്ത് പടവുകളും വ്യക്തമായ നടപ്പാതയും ഉണ്ട്. അതിനുശേഷം പുൽപ്പടർപ്പുകൾക്കിടയിലൂടെ ഉരുളൻ പാറകളിൽ ചവിട്ടി കയറണം. കുറച്ചുദൂരം വശങ്ങളിലായി ജനവാസകേന്ദ്രമാണ്. വീടുകളും മറ്റും കാണാം.

പട്ടണത്തിലെ പ്രൈവറ്റ് ബസ്സ്സ്റ്റാന്റ് പ്രദേശം മുകളിൽ നിന്ന് കാണുമ്പോൾ 
മുകളിലെത്തിക്കഴിഞ്ഞാൽ രണ്ട് വ്യത്യസ്ത പ്രതലങ്ങളായി വിശാലമായ പാറപ്പുറം. അവിടെ നിന്നാൽ നാല് ദിക്കുകളും വ്യക്തമായി കാണാം. കിഴക്കൻ പ്രദേശത്തു നിന്നും ഒഴുകിവന്ന് പട്ടണത്തെ തഴുകി കടന്നുപോകുന്ന അച്ചൻകോവിലാറ്. നദിയുടെ കരയിലുള്ള (തിട്ട) പട്ടണം (പത്തനം) എന്ന അർത്ഥത്തിലാണ് പത്തനംതിട്ട എന്ന പേരു വന്നത് എന്നൊരു വ്യാഖ്യാനം കേട്ടിട്ടുണ്ട്. പശ്ചിമഘട്ടത്തിന്റെ അച്ചൻകോവിൽ മലകളിൽ നിന്നും ഉത്ഭവിച്ച് മദ്ധ്യതിരുവിതാംകൂറിന്റെ ഹൃദയത്തിലൂടെ സഞ്ചരിച്ച് ഈ നദി കാരിച്ചാലിനടുത്ത് വിയ്യപുരം എന്ന ഗ്രാമത്തിൽ വച്ച് പമ്പയിൽ ലയിക്കുന്നു.

കാതോലിക്കേറ്റ് കോളേജ് ഭാഗത്തേയ്ക്കുള്ള കാഴ്ച
1982 - ലാണ് പത്തനംതിട്ട ജില്ല സ്ഥാപിതമാവുന്നത്. കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളുടെ കുറച്ചു ഭാഗങ്ങൾ വീതം അടർത്തിമാറ്റി സ്ഥാപിച്ച ഈ ജില്ലയുടെ ആസ്ഥാനം പത്തനംതിട്ട പട്ടണവുമായി നിജപ്പെടുത്തി. എങ്കിൽ തന്നെയും ഈ ജില്ലയിലെ ഏറ്റവും വലിയ പട്ടണം എം. സി. റോഡ്‌ കടന്നുപോകുന്ന തിരുവല്ലയായിരിക്കും. അമേരിക്കൻ / ഗൾഫ് സ്വാധീനമാവാം, വനപ്രദേശം ഒഴിച്ചുനിർത്തിയാൽ, ഈ ജില്ലയുടെ ഓരോ പത്തു കിലോമീറ്ററിലും തരക്കേടില്ലാത്ത ഒരു പട്ടണം കാണാനാവും.

താഴ് വാരത്തിലേയ്ക്ക് ഒരു നോട്ടം
ശബരിമലയത്രേ പത്തനംതിട്ടയുടെ തുറുപ്പുചീട്ട്. തെക്കേ ഇന്ത്യയിലെ വലിയ തീർത്ഥാടന സ്ഥലമായ ശബരിമലയ്ക്കടുത്തുള്ള പ്രധാനപട്ടണം എന്ന നിലയ്ക്ക് പത്തനംതിട്ടയുടെ ചലനവേഗങ്ങൾ വർദ്ധിതമായിരിക്കും, പ്രത്യേകിച്ച് മണ്ഡലകാല സമയത്ത്. എങ്കിലും മറ്റുള്ള നേരങ്ങളിൽ ശബരിമലയുടെ സാമീപ്യം പത്തനതിട്ട പട്ടണത്തിൽ ചെറിയ രീതിയിൽപ്പോലും ചലനം ഉണ്ടാക്കുന്നതായി എനിക്കനുഭവപ്പെട്ടിട്ടില്ല. യാത്രാസൗകര്യങ്ങളും മറ്റും ഏറെ മാറിക്കഴിഞ്ഞ ഇക്കാലത്ത് പത്തനംതിട്ട പട്ടണത്തിൽ വരാതെ തന്നെ പമ്പയിലെത്താൻ പല ഭാഗത്തു നിന്നും അനേകം വഴികളുണ്ട്.

മുത്തൂറ്റ് ആശുപത്രിയും 'മലയാള മനോരമ'യും മറ്റും...
കൃത്യമായി പറഞ്ഞാൽ 1992 - ൽ ഞാൻ ആദ്യമായി എത്തുമ്പോൾ പത്തനംതിട്ട ഒരു ചെറിയ പട്ടണമായിരുന്നു. വളരെ ചുരുങ്ങിയ ഒരു ചുറ്റളവിൽ പരിമിതപ്പെട്ടിരുന്ന സ്ഥലം. പത്തനംതിട്ട പട്ടണത്തിന്റെ സമഗ്രമായ മാറ്റത്തിന് കാരണമായത്‌ പിൽകാലത്ത് സാക്ഷാത്കരിക്കപ്പെട്ട റിംഗ്റോഡാണ്. അതിനോട് ബന്ധപ്പെട്ടാണ് പിന്നീട് പട്ടണം വളർന്നതും വിസ്തൃതമാക്കപ്പെട്ടതും. അബാൻ ജംഗ്ഷൻ പോലുള്ള കച്ചവടകേന്ദ്രങ്ങളും പുതിയ പ്രൈവറ്റ് ബസ്സ്‌സ്റ്റാന്റും മുത്തൂറ്റ് ആശുപത്രിയും മലയാള മനോരമ പത്രത്തിന്റെ പ്രാദേശിക കാര്യാലയവും അതുപോലുള്ള മറ്റു പല സ്ഥാപനങ്ങളും ഈ റോഡിന്റെ വശത്തായാണ് ഉയർന്നു വന്നിരിക്കുന്നത്.

അബാൻ ജംഗ്ഷൻ
ചുട്ടിപ്പാറയുടെ മുകളിലെത്തുമ്പോൾ മരത്തിന്റെ കീഴിലായി ഒരു ശിവലിംഗ പ്രതിഷ്ഠയും തീരെ ചെറിയ മറ്റു ചില ഭക്തനിർമ്മിതികളും കാണാം. ഇതൊരു ശിവക്ഷേത്രമത്രേ. കുറച്ചുനാളുകൾക്ക് മുൻപ് ജില്ലാ വിനോദസഞ്ചാര വകുപ്പ് ചുട്ടിപ്പാറയെ ഒരു ടൂറിസം മേഘലയായി വികസിപ്പിക്കാനുള്ള ആലോചനയിട്ടപ്പോൾ സ്ഥലത്തെ ഹിന്ദുസംഘടനകളും മറ്റും ഈ അമ്പലത്തിന്റെ കാര്യം മുന്നോട്ടുവച്ച് അത്തരമൊരു വികസനം അനുവദിച്ചില്ല. ഒരു ശിവലിംഗമോ കുരിശോ കൊണ്ട് നാട്ടിയതിന് ശേഷം അത്തരം പൊതുസ്ഥലങ്ങൾ വളച്ചെടുക്കുന്ന മതസംഘടനകൾക്ക് നാട്ടിൽ അല്ലെങ്കിലും കുറവൊന്നുമില്ലല്ലോ.

ശിവലിംഗ പ്രതിഷ്ഠ
വ്യക്തിപരമായി, ടൂറിസം വകുപ്പിന്റെ വികസനം നടക്കാതെ പോയതിൽ സന്തോഷമേയുള്ളൂ. മനുഷ്യന്റെ അനാവശ്യമായ ഇടപെടലുകൾ, അത് എന്തുതന്നെയായാലും, സ്വാഭാവികതയുടെ വക്രീകരണമാണ്. പ്രകൃതിയുടെ പ്രതിഭാസങ്ങൾ അങ്ങനെതന്നെ നിൽക്കട്ടെ. അതിനാണ് ചാരുത. പക്ഷെ ഞങ്ങൾ അവിടെ ചെല്ലുമ്പോൾ, ആ ശിവലിംഗ പ്രതിഷ്ഠയ്ക്ക് അടുത്തായി ചില നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള സാമഗ്രികളും തയ്യാറെടുപ്പുകളും കണ്ടു. ഇനിയൊരിക്കൽ ഇവിടെ വരികയാണെങ്കിൽ ഇന്നത്തെ സ്വാഭാവികത ഉണ്ടാവില്ലായിരിക്കും എന്ന് ന്യായമായും അനുമാനിക്കാം.

മൈലപ്ര ഭാഗത്തേയ്ക്കുള്ള കാഴ്ച
ചുട്ടിപ്പാറയുടെ ശൈലാഗ്രത്തിലിരുന്ന് ഞാൻ പത്തനംതിട്ട പട്ടണത്തിലേയ്ക്ക് നോക്കി. എന്തുമാത്രം അവിചാരിതങ്ങളുടെ ശേഷപത്രമാണ്‌ ഓരോ ജീവിതവും, ആ ജീവിതത്തിലെ ഓരോ നിമിഷവും. ഈ കുന്നുകയറുമെന്നോ, ജീവിതത്തിന്റെ ഗതിനിർണ്ണയിച്ച അവിചാരിതങ്ങളുടെ അരങ്ങായ ആ പട്ടണത്തിലേയ്ക്ക് ഇങ്ങനെയിരുന്ന് ഒരു അകാശകാഴ്ച സാധ്യമാവുമെന്നൊ ഏതാനും മണിക്കൂറുകൾക്കു മുൻപ് കരുതിയിരുന്നില്ലല്ലോ. അതുപോലെ, പിറകിലേയ്ക്ക് പിറകിലേയ്ക്ക്..., ആകസ്മികതകളുടെ കോർന്നുകിടക്കുന്ന വർണ്ണാഭവും നിറംമങ്ങിയതുമായ സമ്മിശ്രമുത്തുകളുടെ വിചിത്രമാല...

കുമ്പഴ ഭാഗത്തേയ്ക്കുള്ള കാഴ്ച
പത്തനംതിട്ട പട്ടണത്തിനു മുകളിലൂടെ സൂര്യൻ പടിഞ്ഞാറോട്ട് ചാഞ്ഞ്, മൂവന്തി, കുന്നിൻമുകളിലേയ്ക്ക് ഇറങ്ങി വരുന്നതുവരെ ഞങ്ങൾ അവിടെ കഴിഞ്ഞു. കൂട്ടത്തിലെ കൗമാരക്കാർക്ക് അസുലഭമായ ഒരു കളിയവസരമായി അത്. ഒരു പാറയിൽ നിന്നും അടുത്ത പാറമുകളിലേയ്ക്ക് ഓടിയും തിമിർത്തും അവധിക്കാലത്തിലെ അപൂർവ്വമായ ഈ ഏതാനും മണിക്കൂറുകളുടെ സാഹോദര്യം അവർ ആസ്വദിച്ചു.

യാത്രാസംഘത്തിലെ ഇളമുറക്കാർ പട്ടണം നോക്കി ഇരിക്കുന്നു..., കുന്നിനുമുകളിൽ
കുന്നിറങ്ങി താഴെ എത്തുമ്പോഴേയ്ക്കും നേരം ഇരുട്ടികഴിഞ്ഞിരുന്നു. വർഷങ്ങൾക്ക് മുൻപ് അതികാല്പനികതയുടെ പ്രായത്തിൽ പ്രണയാർദ്രമായി അനുഭവിച്ച ചുട്ടിപ്പാറയുടെ ആ വിദൂരക്കാഴ്ച ഇനി ഇല്ല. അവിടെ എന്താണെന്ന് ഇപ്പോൾ എനിക്കറിയാം. പക്ഷേ ഓരോ മലകയറ്റവും മുന്നിലേയ്ക്ക് വച്ചുതരുന്ന താഴ് വാരക്കാഴ്ചയുടെ അനുഭവം ഒന്നുണ്ട്: മനുഷ്യന്റെ നിസ്സാരതയും പ്രകൃതിയുടെ അപാരതയും!

- അവസാനിച്ചു -

2012, സെപ്റ്റംബർ 8, ശനിയാഴ്‌ച

കായലോളങ്ങളിലൂടെ സൗഹൃദത്തിന്റെ ബോട്ടിൽ...

സമയമുണ്ടായിരുന്നിട്ടല്ല. അവധി കഴിഞ്ഞു മടങ്ങാൻ ഏതാനും ദിവസങ്ങളെ ഉള്ളൂ, ചെയ്തു തീർക്കാനോ ഒരുപാട് കാര്യങ്ങളും. എങ്കിലും ഓണത്തിന് തൊട്ടുമുന്‍പ് ഒരു കൂട്ടുകാരന്‍റെ സ്നേഹപൂര്‍വ്വമുള്ള ക്ഷണംസ്വീകരിച്ചാണ് പൂവാറിലെ ഒരു റിസോർട്ടിൽ എത്തുന്നത്. പ്രാഥമികമായി സ്ഥലം കാണാനും അറിയാനുമുള്ള യാത്രയായിരുന്നില്ല ഇത്. കാല്‍നൂറ്റാണ്ടോളമായി നിലനിന്നു പോരുന്ന ഒരു കൂട്ടുകെട്ടിന്റെ ഓര്‍മ്മയില്‍, താമസിക്കുന്ന ദേശങ്ങള്‍ ഒരുപാട് ദൂരങ്ങളിലാണെങ്കിലും, സകുടുംബം ഒത്തുചേരാന്‍ അപൂര്‍വ്വമായി വീണുകിട്ടിയ അവസരം നല്‍കിയ സന്തോഷവും മനലാഘവത്വവും മാത്രമേ ഈ യാത്രയ്ക്ക് ഹേതുവായുണ്ടായിരുന്നുള്ളൂ.

പൂവാർ അഴിമുഖം - ഒരു പാർശ്വവീക്ഷണം
പണ്ട് തമ്പാനൂരില്‍ നില്‍ക്കുമ്പോള്‍ 'വിഴിഞ്ഞം-പൂവാര്‍ ' ബസ്സുകള്‍ പോകുന്നത് കണ്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ രണ്ട് കടലോരഗ്രാമങ്ങള്‍ എന്നതിനപ്പുറം അക്കാലത്ത് ഈ പേരുകള്‍ക്ക് മറ്റ് പ്രത്യേകതകള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിഴിഞ്ഞം വാര്‍ത്തകളിലുണ്ട് - ഒരു തുറമുഖപദ്ധതിയുടെ പേരില്‍. വിനോദസഞ്ചാരം കേരളത്തിൽ വലിയൊരു വ്യവസായമായി മാറാൻ തുടങ്ങിയപ്പോൾ പൂവാറും കടൽ/കായൽ ടൂറിസത്തിന്റെ ഭാഗമായി ഉയർന്നു വന്ന ഏതാനും റിസോർട്ടുകളുടെ പേരിൽ വിലാസ്സപ്പെടാൻ തുടങ്ങിയിരിക്കുന്നു.

റിസോർട്ടിന്റെ കായലിലെ കോട്ടേജുകൾ
അഗസ്ത്യകൂടത്തിന്റെ വനനിഗൂഡങ്ങളിലെവിടെയോ ഉത്ഭവിച്ച് സമതലത്തിലേയ്ക്ക് ഒഴുകിയിറങ്ങുന്ന നെയ്യാറിന്റെ സ്വാഭാവിക സഞ്ചാരം വഴിക്കുവച്ച് ഒരു അണക്കെട്ടിനാൽ തടയപ്പെടുന്നു. അവിടെനിന്നും മനുഷ്യന്റെ ആവശ്യാനുസരണം തുറന്നുവിടുന്ന ജലഭാഗം മാത്രമാണ് തുടർവഴികളിലൂടെ നദിയായി ഒഴുകുന്നതും ഒടുവിൽ പൂവാറിൽ വച്ച് അറേബ്യൻ സമുദ്രത്തിൽ ചേരുന്നതും.

കായലും കടലും ഒരു മണൽത്തിട്ടയ്ക്ക് അപ്പുറവും ഇപ്പുറവും
ഈവഴിക്ക് കോവളത്തിനപ്പുറത്തേയ്ക്ക് ഈയടുത്ത കാലത്തൊന്നും സഞ്ചരിച്ചിട്ടുണ്ടായിരുന്നില്ല. തിരുവനന്തപുരം പട്ടണത്തിൽ നിന്നും തെക്കോട്ട്‌ കോവളം വഴിയുള്ള തീരദേശ പാതയിലൂടെ ഏകദേശം മുപ്പതു കിലോമീറ്റർ സഞ്ചരിച്ചാലാണ് പൂവാറിലെത്തുക. ഈ റോഡ്‌ കഴക്കൂട്ടം - കളിയിക്കാവിള ബൈപ്പാസിന്റെ ഭാഗമാണ്. തല്ക്കാലം കഴക്കൂട്ടത്തു നിന്നും കോവളംവരയെ ഈ ബൈപ്പാസ് ഉള്ളൂ. അല്ലെങ്കിൽ തന്നെ മറ്റേതു നഗരനിരത്തിനെക്കാലും തിരക്കായി മാറികഴിഞ്ഞ ഈ വെറും രണ്ടുവരിപ്പാത എന്തുതരം ബൈപ്പാസാണോ ആവോ!

കായലോരത്തെ ചില ജലജീവിതങ്ങൾ
ഓണക്കാലമായതിനാലും മഴ ഇടവിട്ട് പെയ്തുകൊണ്ടിരുന്നതിനാലും റിസോര്‍ട്ടില്‍ തിരക്കുകുറവായിരിക്കും എന്നുകരുതിയത് തികച്ചും അസ്ഥാനത്തായിപോയി. ഒരു യുവ മലയാള സിനിമാനടിയും കുടുംബവും ഉള്‍പ്പെടെ അവിടം ജനബഹുലം. പലരും ഓണമാഘോഷിക്കാന്‍ വേണ്ടി റിസോര്‍ട്ടിലേക്ക് വന്നതാണെന്ന് മനസ്സിലായി. ഇത് മലയാളിയുടെ മാറിവരുന്ന ശീലമാണെന്നുതോന്നുന്നു. എവിടെയായിരുന്നാലും ഓണക്കാലത്ത് നാട്ടിലേക്കും വീട്ടിലേക്കും മടങ്ങിയെത്തുന്നവരായിരുന്നു പണ്ട് മലയാളികള്‍. എന്നാല്‍ ഏതവധി വന്നാലും വീടുവിട്ട് എങ്ങോട്ടേക്കെങ്കിലും യാത്രപോകുന്ന ചെറുതല്ലാത്ത ഒരു സമൂഹം ഇന്ന് കേരളത്തിലുണ്ട്.

റിസോർട്ട് - മറ്റൊരു കാഴ്ച
ഒരു പകലും രാത്രിയും ഞങ്ങൾ റിസോർട്ടിലും പരിസരങ്ങളിലുമായി കഴിഞ്ഞു. പൂവാർ കായലിന്റെ കരയിലായാണ് ഈ താമസസ്ഥലം. മുറ്റത്തേയ്ക്കിറങ്ങിയാൽ തെങ്ങിൻതോപ്പ്. അതിനപ്പുറം പൊഴിമുഖത്തെ കായൽ. അതിനുമപ്പുറം ഒരു ചെറിയ മണൽത്തിട്ട കഴിഞ്ഞാൽ കടൽ. അതിനുമപ്പുറം മടങ്ങിപോകുന്ന മണ്‍സൂണ്‍ മഴമേഘങ്ങളൊഴുകുന്ന ആകാശത്തിന്റെ ചരിവ്...

കായലോളങ്ങളിൽ...
റിസോട്ടിന്റെ തന്നെ ബോട്ടിൽ കയറി കായലിന്റെ മറുകരയിലെ മണൽ തിട്ടയിലേയ്ക്ക് പോകാം. പൊഴി മുറിഞ്ഞിട്ടില്ലാത്തതിനാൽ മണൽത്തിട്ട നീളത്തിൽ കിടക്കുന്നു.  അവിടെ നിന്നാൽ അഞ്ചാറടിയുടെ വിസ്തൃതിയിൽ ഒരു  വശത്ത്‌ കായലും മറുവശത്ത്‌ കടലും. രണ്ടിന്റെയും തീരങ്ങളിൽ മാറിമാറി ജലകേളികളിൽ ഏർപ്പെടാം. കുട്ടികൾ, മുതിർന്നവരും, അപകടങ്ങളിൽ ചെന്നുചാടാതെ ഒരല്പം സൂക്ഷിക്കണം എന്നുമാത്രം. കടൽ ലഗൂണല്ല, കായലിന്റെ തീരം മുഴുവൻ ആഴരഹിതവുമല്ല.

യാത്രാസംഘം കായലിൽ...
റിസോർട്ടിലേയ്ക്ക് വരുമ്പോഴും പരിസരങ്ങളിൽ അലസസഞ്ചാരം ചെയ്യുമ്പോളും ഒരുകാര്യം ശ്രദ്ധിക്കും. പ്രദേശത്തെ കായലിന്റെ കരയിൽ നിബിഡമായ കണ്ടൽകാടുകൾ റിസോർട്ടുകളുടെ നിർമ്മാണത്തിനും മറ്റുമായി കുറച്ചൊക്കെ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വികസനത്തിന്റെ ആദ്യ സമ്മർദ്ദം എപ്പോഴും ഏറ്റെടുക്കേണ്ടിവരുക പ്രകൃതിയ്ക്കാണ്. എങ്കിലും ഇനിയും നശിപ്പിക്കപ്പെടാത്തവ ഏറെയുണ്ട്. വിനോദസഞ്ചാരികൾക്ക് കായൽയാത്രയ്ക്ക് ഉതകും എന്ന നിലയ്ക്കെങ്കിലും ബാക്കിയുള്ളവ സംരക്ഷിക്കപ്പെടും എന്നു കരുതാം.

കണ്ടൽകാട്ടിലേയ്ക്ക്...
ഇടയ്ക്ക് ഞങ്ങളും ഒരു കായൽ സവാരിയ്ക്കിറങ്ങി. കുട്ടികൾ ബോട്ടിലും ആഹ്ളാദതിമിർപ്പിൽ. കൂട്ടുകാരൻ അവരോടൊപ്പം കളിമേളത്തിൽ... ഏതാണ്ട് കാൽ നൂറ്റാണ്ടിന് മുൻപ് ഒരു കലാലയത്തിനോട് ചേർന്നുള്ള ഹോസ്റ്റലിൽ ആദ്യമായി എത്തിയ ദിവസം. രാത്രി റാഗ്ഗ് ചെയ്യാൻ വന്ന മുതിർന്ന വിദ്യാർത്ഥികളുടെ നേതാവിനെ പോലെ തോന്നിച്ച കണ്ണടക്കാരൻ. പിൽക്കാലത്ത് ജീവിതത്തിന്റെ അടർത്തനാവാത്ത ഭാഗമായി മാറിയ പല ബന്ധങ്ങളുമായുള്ള ആദ്യ സമാഗമം എത്രമാത്രം കാര്യരഹിതമായിരുന്നു എന്ന് ആലോചിക്കാറുണ്ട്. പിരിയൻഗോവണി പോലെ ജീവിതം കടന്നുപോയ പതിറ്റാണ്ടുകൾ നീളുന്ന സങ്കീർണ്ണതകളിലും ഒരിക്കലും ഊഷ്മളത നഷ്ടമാവാതെ ആ സൗഹൃദത്തിന്റെ ബോട്ട് ഇപ്പോഴിതാ ഇവിടെ ഈ കായലോളങ്ങളിൽ...

ചെറിയ നീർക്കാക്ക  - കായൽ  സഞ്ചാരത്തിനിടയ്ക്ക് പകർത്തിയത്
ട്രോപ്പിക്കൽ കാലാവസ്ഥയുള്ള സ്ഥലങ്ങളിലെ അഴിമുഖങ്ങളുടെയും പൊഴിമുഖങ്ങളുടെയും സമീപത്തുള്ള കായൽത്തീരങ്ങൾ സ്വാഭാവികമായി കണ്ടൽകാടുകളാൽ നിബിഡമാണ്, മനുഷ്യൻ കയ്യേറി നശിപ്പിച്ചിട്ടില്ലെങ്കിൽ. അത്തരം പ്രദേശങ്ങളിൽ സംഭവിച്ചേക്കാവുന്ന പ്രകൃതിക്ഷോഭങ്ങൾക്ക് പ്രകൃതി തന്നെ നൽകിയിരിക്കുന്ന രക്ഷാകവചമാണ് കണ്ടൽകാടുകൾ. സ്വന്തം നിലയ്ക്ക് കണ്ടൽകാടുകൾ വലിയൊരു ആവാസവ്യവസ്ഥയുടെ വിളനിലവുമാണ്.

ബ്രാഹ്മിണി പരുന്ത് 
രണ്ട് അഴിമുഖങ്ങളുടേയും അവയോടു ചേര്‍ന്നുള്ള കായലുകളുടേയും പരിസരത്താണ് ജനിച്ചതും വളര്‍ന്നതുമെങ്കിലും, അവിടെങ്ങും കണ്ടല്‍കാടുകളില്ല. അവിടെ കായലിന്റെ തീരങ്ങളിലെല്ലാം ജനജീവിതത്തിന്റെ ബാഹുല്യമാണ്. കായലിന്റെ ഭാഗങ്ങള്‍ പോലും വരമ്പുകെട്ടി അതിര്‍ത്തിതിരിച്ച് തൊണ്ടഴുകാനിടാനും മറ്റും വാടകയ്ക്ക് കൊടുക്കുകയാണ് പതിവ്.

കണ്ടൽകാടിന്റെ ഉൾവഴികളിലൂടെ
കേരളത്തിലെ കായൽസഞ്ചാരങ്ങളിൽ ഉറപ്പായും കാണുന്ന പക്ഷിയാണ് നീർക്കാക്ക. അവയുടെ ഒരുപാട് വകഭേദങ്ങളിൽ ഒരു സാധാരണക്കാരന് എളുപ്പം വേർതിരിച്ചെടുക്കാനാവുന്നവയാണ് ചെറിയ നീർക്കാക്കയും വലിയ നീർക്കാക്കയും. ചെറിയ നീർക്കാക്ക, പേരിനെ അന്വർത്ഥമാക്കും വിധം കാഴ്ചയിൽ ഏതാണ്ട് കാക്കയെപ്പോലെ തന്നെയിരിക്കുമെങ്കിലും വലിയ നീർക്കാക്ക അങ്ങിനെയല്ല. തവിട്ടു നിറത്തിൽ കറുത്ത അരികുകളുള്ള തൂവലുകൾ ശരീരത്തിന് സവിശേഷ ഭംഗി നൽകുന്നു. എങ്കിലും ഏറ്റവും സുന്ദരം കടൽനീലക്കണ്ണുകളാണ്. കാക്ക എന്ന പേര് പൊതുവേ പ്രകാശിപ്പിക്കുന്ന സൗന്ദര്യരാഹിത്യമാവാം "നീർക്കാക്ക മിഴി പെണ്ണാളേ..." എന്നു പാടാൻ ഒരു കവിയേയും അനുവദിക്കാത്തത്.

വലിയ നീർക്കാക്ക
ബോട്ടുയാത്ര തുടരവേ കായലിന്റെ വിസ്തൃതമായ ജലാശയത്തിൽ നിന്നും സഞ്ചാരം കണ്ടൽകാടുകൾക്ക് ഇടയിലൂടെയുള്ള ഇടുങ്ങിയ ജലപാതകളിലൂടെയായി. ഇരുവശവും വള്ളികളും പടർപ്പുകളും കിളികളും കാട്ടുകനികളും ജലജീവികളും ഒക്കെയായി നിഗൂഡമായ മറ്റൊരു ലോകം. കുട്ടികളും ഇപ്പോൾ നിശബ്ദരായി. ഇത് അവർക്ക് തികച്ചും അപരിചിതമായ മറ്റൊരു ലോകമാണ്. പ്രകൃതിയുടെ ഒരു പച്ചത്തുണ്ട് സൂക്ഷ്മവന്യതയായി കയ്യെത്തി തൊടാൻ പറ്റുന്ന അകലത്തിൽ...

വെള്ളകൊക്ക്
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കേരളത്തിൽ ആത്മഹത്യകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2003 - ൽ ലക്ഷത്തിൽ 31 ആയിരുന്നത് 2010 ആവുമ്പോൾ ലക്ഷത്തിൽ 25 ആയി കുറഞ്ഞിട്ടുണ്ട്. ക്രമമായി കുറഞ്ഞുവരുന്നുണ്ട് എന്നുതന്നെയാണ് ഗ്രാഫ്. വളരെ ആശാവഹമായ കാര്യമാണെങ്കിലും ദേശിയ ശരാശരിയിൽ നിന്നും ഇത് ഇപ്പോഴും വളരെ ഉയരെയാണ് എന്ന വസ്തുത നിലനിൽക്കുന്നു. കുറച്ചുകാലം മുൻപുവരെ കേരളത്തിൽ ആത്മഹത്യക്കും ആത്മഹത്യാശ്രമങ്ങൾക്കും ഉപയോഗിച്ചിരുന്ന വസ്തു ഒതളങ്ങയാണ്. കണ്ടൽകാടിൽ ഒരുപാട് ഒതളങ്ങകൾ കായ്ച്ചുനിൽക്കുന്നത് കണ്ടപ്പോൾ ഇത്രയും ഓർത്തു. പ്രകൃതിയുടെ സംഹാരരൂപത്തിന് വളരെ ലളിതമായ ഉദാഹരണം. ഇത്രയും ഹരിതസുന്ദരമായ കനിയിൽ മരണം സുനിശ്ചിതമായിരിക്കുന്നു എന്ന് കരുതാൻ പ്രയാസം. ലോകത്തിൽ ഒതളം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കേരളത്തിൽ തന്നെയാണ്. അതിനാൽ തന്നെയാവും മലയാളത്തിലെ പേര് അതിന്റെ ശാസ്ത്രനാമത്തിലും കടന്നുകൂടിയത് - Cerebra Odollam.

ഒതളങ്ങ
കണ്ടൽ കാടിന്റെ ഇരുണ്ട ജലവഴികളിൾ നിന്നും കായലിന്റെ വിശാലതയിലേയ്ക്ക് ഇറങ്ങുമ്പോൾ നിഗൂഡമായ വിചിത്രലോകത്ത് നിന്നും പുറത്തുകടന്നതുപോലെ അനുഭവപ്പെട്ടു. സാന്ദ്രമായ ജൈവവൈവിധ്യങ്ങളുടെ കലവറയാണ് കണ്ടൽകാടുകൾ എന്നതിന് സംശയമില്ല. അപ്പോൾ ഞാൻ കല്ലേൻ പൊക്കുടനെ ഓർത്തു. കണ്ണൂരിന്റെ കായലരികുകളിൽ അനുധാവനതയോടെ വർഷങ്ങളോളം ഒരു പ്രതിഫലവുമില്ലാതെ, പ്രകൃതിയോടുള്ള സഹജമായ പ്രതിബദ്ധത കൊണ്ടുമാത്രം കണ്ടൽകാടുകൾ വച്ചുപിടിപ്പിച്ച മനുഷ്യൻ. എന്നെങ്കിലും കണ്ണൂരിൽ പോവുകയാണെങ്കിൽ ആ കണ്ടൽകാടുകൾ കാണണമെന്ന് ആഗ്രഹമുണ്ട്.

പൊന്മാൻ
കായലിന്റെ ജലപ്രതലത്തിൽ അവിടവിടെ പാറക്കൂട്ടങ്ങൾ എഴുന്നുനിൽക്കുന്നത് കാണാം. അതിലൊന്നിൽ മൈക്കലാഞ്ചെലോയുടെ പ്രശസ്തമായ 'പിയെത്താ'യെ അനുകരിച്ച് ഒരു വലിയ ശിൽപം ചെയ്തുവച്ചിരിക്കുന്നത് കാണാം. ഈ ഭാഗത്തുള്ള പൊഴിയൂർ എന്ന കടലോരഗ്രാമത്തിൽ കൂടുതലും ക്രിസ്തുമത വിശ്വാസികൾ ആയതിനാലാവും ഇവിടെ ഇത്തരത്തിലൊരു പ്രതിമ ഉയർന്നുവന്നത്. തീരദേശത്തുകൂടി വരുമ്പോൾ പൊഴിയൂരാണ് കേരളത്തിന്റെ അതിർത്തി - അതിനപ്പുറം തമിഴ്നാടിന്റെ കന്യാകുമാരി ജില്ല ആരംഭിക്കുന്നു.  

'പിയെത്താ'
ഒരു ദിവസം ഉച്ചയ്ക്ക് എത്തുകയും അടുത്ത ദിവസം ഉച്ചയ്ക്ക് അവിടെ നിന്ന് ഞങ്ങൾ യാത്രയാവുകയും ചെയ്തു. തിരുവനന്തപുരം പട്ടണത്തിലെത്തി രണ്ടു കുടുംബവും രണ്ടു വഴിക്ക് പിരിഞ്ഞു. ഏതാനും ദിവസങ്ങൾക്കകം അവധികഴിഞ്ഞ് രണ്ടു സംഘവും വ്യത്യസ്തമായ വിദേശരാജ്യങ്ങളിലേയ്ക്ക് പോകും. അവധിയാത്രയുടെ സമയവും കാലവുമൊക്കെ ഒത്തുവന്നാൽ ഒരുപക്ഷെ ഇനി അടുത്തവർഷം - ആർക്കറിയാം...!

- അവസാനിച്ചു -